Image

രാമായണം: അമ്മമനസ്സുകളുടെ അയനം (രാമായണ ചിന്തകൾ -32- മിനി വിശ്വനാഥൻ)

Published on 15 August, 2020
രാമായണം: അമ്മമനസ്സുകളുടെ അയനം (രാമായണ ചിന്തകൾ -32- മിനി വിശ്വനാഥൻ)
കർക്കിടകമാസം അവസാനിക്കുന്നത് രാമായണ പാരായണത്തോടൊപ്പം ശ്രീരാമ പട്ടാഭിഷേകത്തോടു കൂടിയുമാണ്. പഞ്ഞക്കർക്കിടകത്തിന്റെ വറുതികൾക്ക്
ഇടയിൽ രാമായണ കഥ എല്ലാ മനസ്സുകളിലും ഒരു ഉണർത്തു മന്ത്രമായി അവശേഷിക്കുകയും ചെയ്യും. അടുത്ത ഒരു വർഷത്തേക്കുള്ള  ഊർജ്ജ സംഭരണം കൂടിയാണീക്കാലം.

വീരവും, രൗദ്രവും ശാന്തവും, ഭക്തിയും , പ്രണയവും , വിരഹവും നിറഞ്ഞു നിൽക്കുന്ന രാമായണത്തിൽ പുത്രവാൽസല്യത്തിന്റെ പ്രതിരൂപങ്ങളായ അമ്മമാരെ മറന്നു കൊണ്ടുള്ള ചിന്തകളും വ്യാഖ്യാനങ്ങളും അപൂർണ്ണമാവും.

അനപത്യതാദു:ഖത്താൽ വലഞ്ഞ ദശരഥനും സഹധർമ്മിണിമാരും പ്രതീക്ഷകൾ ഈശ്വരനിലവസാനിപ്പിച്ചു കൊണ്ടാണ് പുത്രകാമേഷ്ടി യാഗത്തിനൊരുങ്ങുന്നത്. യാഗാന്ത്യത്തിൽ അഗ്നിദേവൻ സമ്മാനിക്കുന്ന പായസം  കൈകേയിയും കൗസല്യയും സപത്നിയായ സുമിത്രക്കും സ്നേഹപൂർവ്വം പങ്കു വെക്കുകയും മൂവരും ഗർഭവതികളാവുന്നു.

അനുക്രമമായ ഗർഭാവസ്ഥകൾക്കും ശുശ്രൂഷകൾക്കും ശേഷം
പഞ്ചഗ്രഹങ്ങളും ഉച്ചാവസ്ഥയിൽ നിൽക്കുന്ന ശുഭ മുഹൂർത്തത്തിൽ ശ്രീരാമനും, അടുത്ത ദിവസങ്ങളിലെ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ഭരതനും ലക്ഷ്മണ ശത്രുഘ്ൻമാരും ഭൂജാതരാവുകയും ചെയ്യുന്നു.

സാക്ഷാൽ നാരായണൻ തന്നെയാണ് തനിക്ക് പുത്രനായി പിറന്നതെന്ന് തിരിച്ചറിഞ്ഞ കൗസല്യ തികഞ്ഞ ഭക്തിപാരവശ്യത്തോടെ രാമസ്തുതി ചെയ്യുകയും തൊട്ടടുത്ത നിമിഷം നാരായണൻ ബാലഭാവം വീണ്ടെടുത്ത് അമ്മയുടെ വാത്സല്യാമൃതം നുകരുന്നുമുണ്ട്.
ബാലകൻമാരായിരിക്കെ തന്നെ ആയുധാഭ്യാസങ്ങൾ പൂർത്തീകരിച്ച് താടകാവധം മുതലായ അവതാരദൗത്യം പൂർത്തീകരിച്ചതിനു ശേഷമാണ് ശ്രീരാമൻ അഭിഷേകത്തിനൊരുങ്ങുന്നത്. എന്നിട്ടും
അഭിഷേക വിഘ്നമറിഞ്ഞതിനു ശേഷം വാടിയ മുഖത്തോടെ അമ്മയെ സന്ദർശിക്കുന്ന രാമനെ മടിയിൽച്ചേർത്തിരുത്തി സുമിത്ര ചോദിക്കുന്നത്

"എന്തെന്മകനേ മുഖാംബുജം വാടുവാൻ
  ബന്ധമുണ്ടായതു പാരം വിശക്കയോ "?

എന്നാണ്. രാജ്യാഭിഷേകത്തിനൊരുങ്ങി നിൽക്കുന്ന തന്റെ പുത്രൻ ഈശ്വരാംശമാണെന്ന് ബോധ്യമുണ്ടായിട്ടു പോലും ആ അമ്മയും മറ്റേതരൊമ്മയേയും പോലെ തന്നെ എന്നും തന്റെ മകൻ ബാലനാണെന്നു തന്നെ ചിന്തിക്കുന്നു.

ഭരതമാതാവായ കൈകേയിയുടെ കാര്യം എടുത്താലും ഇത് തന്നെ കാണാം. ശ്രീരാമന്റെ രാജ്യാഭിഷേകം പൂർണ്ണ മനസ്സോടു കൂടി ഉൾക്കൊണ്ടിരുന്ന കൈകേയിയെ മന്ഥര ഉപദേശിക്കുമ്പോഴും

"അത്രയുമല്ല ഭരതനേക്കാൾ മമ:
പുത്രനാം രാമനെ സ്നേഹമെനിക്കേറ്റം
രാമനും കൗസല്യദേവിയേക്കാളേറെ
പ്രേമമേറും നൂനമതിനില്ല സംശയം "

എന്നാണ് മറുപടി പറയുന്നത്. സ്വാർത്ഥത ഒട്ടുമില്ലാത്ത അമ്മമനസ്സിനു മാത്രമെ ഇങ്ങിനെ പറയാൻ പറ്റൂ. ഒടുവിൽ മന്ഥരയുടെ വാക്കുകൾക്ക് മുന്നിൽ അടി പതറുന്നതിന് കാരണവും സ്വപുത്രവാത്സല്യം തന്നെ.

രാമന്റെ അവതാരോദ്ദേശം നടപ്പിലാവാൻ കൈകേയി ഒരു കാരണമായെന്നു മാത്രമേയുള്ളൂ. രാമായണം  ആരംഭിക്കുന്നിടത്ത് കൈകേയിയെ പരിചയ പ്പെടുത്തുന്നത് തന്നെ "ഭർത്തൃശുശ്രൂഷയ്ക് ഏറ്റവും കൗശല്യമേറിടുന്നവൾ " എന്നാണ്. അത്തരമൊരു സ്ത്രീ രത്‌നം സ്വയമറിഞ്ഞു കൊണ്ട് ഭർത്തൃനാശത്തിന് കാരണമാവില്ല എന്ന് ഊഹിക്കാവുന്നതാണ്.  ദശരഥന് പൂർവ്വ കർമ്മങ്ങളുടെ ഫലം അനുഭവിക്കാൻ കൈകേയി ഒരു കാരണമാവുന്നു എന്ന് മാത്രം.

രാമനെ അനുഗമിച്ച് വനവാസത്തിന് തയ്യാറായി നിൽക്കുന്ന ലക്ഷ്മണനോടും അമ്മയായ സുമിത്രക്ക് ഉപദേശിക്കാൻ ഇതേയുള്ളു..

"രാമനെ നിത്യം ദശരഥനെന്നുള്ളി
ലാമാദമോടു  നിരൂപിച്ചു കൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചു കൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ"

ഇതില്പരമൊരനുഗ്രഹം വേറെ വേണോ ഒരു പുത്രന് ?! നഷ്ടബോധമൊന്നുമില്ലാതെ കാനനവാസകാലം കടന്നുപോവാനുള്ള ശക്തി പകരുന്ന ഈ വാക്കുകൾക്കപ്പുറം മറ്റൊരനുഗ്രഹമില്ലതന്നെ.
 
എന്നെ സംബന്ധിച്ച് രാമായണം വായിച്ചവസാനിപ്പിക്കുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന വരികളും സന്ദർഭവും ഇതു തന്നെയാണ്. രാമായനങ്ങൾക്കും സീതായനങ്ങൾക്കും ഉപരിയായി ഇതൊരു അമ്മയുടെ അയനം കൂടിയാണ്. സീതാരാമ ലക്ഷ്മണൻമാർക്കൊപ്പം മനസ്സ് കൊണ്ട് യാത്ര ചെയ്യുന്ന അമ്മമനസ്സുകളുടെ അയനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക