Image

ലോക ആനദിനം: രവീന്ദ്രൻ എന്ന രവിക്കുട്ടൻ : ഡോ. കുഞ്ഞമ്മ ജോർജ്ജ്

Published on 12 August, 2020
ലോക ആനദിനം: രവീന്ദ്രൻ എന്ന രവിക്കുട്ടൻ  : ഡോ. കുഞ്ഞമ്മ ജോർജ്ജ്
ഇന്ന് ലോക ആനദിനം....!
പതിനൊന്നു മക്കളോടൊപ്പം അപ്പൻ സ്നേഹിച്ചു വളർത്തിയ രവീന്ദ്രൻ എന്നു പേരുള്ള ആനയെ ഡോ. കുഞ്ഞമ്മ ജോർജ്ജ് ഓർക്കുകയാണിവിടെ...

എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു. അതു സത്യമായും ബഷീർ ഇക്കായുടെ മാതിരി ഒരു കുഴിയാന അല്ലായിരുന്നു. പരമ്പരാഗത തടി കച്ചവടക്കാരായിരുന്നു വീട്ടുകാരിൽ പലരും. തടി പിടിപ്പിക്കുക, ഉത്സവങ്ങൾക്ക് വിടുക, ഇതിനു പറ്റിയ ഒരാനയെ ലേലത്തിൽ വാങ്ങുവാൻ മൂത്ത മകനേയും കൂട്ടി പോയ എന്റെ അപ്പൻ പക്ഷെ ആനക്കൊട്ടിലിൽ അമ്മയുടെ പാല് കുടിച്ചുല്ലസിച്ചു നടന്ന ഒരു ഒന്നര വയസുകാരനിൽ ആകൃഷ്ടനായി. വേണ്ടതിലധികം വില പേശി ഈ കുട്ടിയാനയെയും വാങ്ങി കോന്നിയിൽ നിന്നു പാലായിൽ വീട്ടിലെത്തുന്നു. 

ഒരു 55കൊല്ലം മുൻപാണ് സംഭവം. സ്കൂൾ വിട്ടു വീട്ടിൽ ചെല്ലുമ്പോൾ വീട് നിറയെ ആൾ കൂട്ടം. കുട്ടിയാനയെ ലോറിയിൽ നിന്നും ഇറക്കുന്നത് മുതൽ എല്ലാത്തിനും ഗ്രാമവാസികൾ സാക്ഷി. അന്ന് മുതൽ ഒരു ഗ്രാമത്തിന്റെ സംസ്കാരത്തിന്റെ കൂടി ഭാഗമാകുകയായിരുന്നു രവീന്ദ്രൻ എന്നു പേരുള്ള രവിക്കുട്ടൻ എന്ന ഓമനപേരുള്ള ഈ ആനക്കുട്ടി. ആദ്യത്തെ കാഴ്ചയിൽ ഒരു വലിയ പോത്തിനേക്കാൾ അല്പം കൂടി ഉയരം, കൊമ്പിന്റെ സ്ഥാനത്തു രണ്ട് മുല്ല മൊട്ടുകൾ പോലെ പുറത്തേക്കിറങ്ങാൻ വെമ്പുന്ന രണ്ട്  അഗ്രങ്ങൾ,  കുറുപ്പിനോടടുത്ത ബ്രൗൺ നിറം, നിറയെ രോമം. അതായിരുന്നു അവൻ.  അങ്ങിനെ ഞങ്ങൾ പതിനൊന്നു മക്കൾക്കൊപ്പം പന്ത്രണ്ടാമനായി ഇവനും. 

നാല്പതു വർഷത്തോളം വീട്ടിൽ ഉണ്ടായിരുന്ന രവിയുടെ നീണ്ട കഥ എഴുതുക ഇവിടെ അസാധ്യവും, എന്റെ ഉദ്ദേശവുമല്ല. ചില കാര്യങ്ങൾ സൂചിപ്പിക്കുക മാത്രമാണ് ഞാൻ.  

 ഒരാന വീട്ടിൽ ഉണ്ടാവുക അത്ര ആനക്കാര്യമല്ല. ആന വന്നാൽ ഇല്ലം മുടിയുമെന്നു പറയുന്നത് സത്യമായിട്ടാണ് എനിക്കു തോന്നുന്നത്. അതിനൊരു ഇരണ്ടകെട്ടോ, വയറിളക്കമോ വന്നാൽ അന്ത കാലത്ത് പത്തു പതിനായിരം രൂപ ചിലവാകും. നാലഞ്ചു പാപ്പാൻമാർക്കു പലപ്പോഴും വച്ചു വിളമ്പണം. ഇങ്ങിനെ ഒക്കെ ആണെങ്കിലും ഞങ്ങളുടെ വീട്ടിലെ എന്തു സാമ്പത്തിക നേട്ടങ്ങളും രവി പണിതുണ്ടാക്കിയതു കൊണ്ടാണെന്നു അപ്പൻ പറഞ്ഞു നടക്കുകയും ഞങ്ങളെ കൊണ്ടു പറയിപ്പിക്കുകയും ചെയ്യും. എന്റെ MBBS പഠന ചെലവ് പോലും ഈ അക്കൗണ്ടിൽ ആണ് ചേർത്തിരിക്കുന്നത്. രവിയുടെ പേരിൽ എനിക്കു കുറേ റാഗിംഗ് കൂടുതൽ കിട്ടിയതും എന്റെ പേരിന്റെ പിന്നിൽ ഒരാന കൂടി ചേർന്നതും ആണ് മിച്ചം 

ആനകൾക്കു നല്ല  ഓർമശക്തി ഉണ്ട്‌ കേട്ടോ. ഒരിക്കൽ വളരെ നാളുകൾക്കുശേഷം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്കുവന്ന ഞാനും രവിയും മുഖാമുഖം . രവികുട്ടന് എത്ര തല്ലു പാപ്പാൻ കൊടുത്തിട്ടും അവൻ എന്നെ തൊട്ടു തൊട്ടില്ല എന്നു ഒറ്റ നിൽപ്പും സ്നേഹപ്രകടനവും. കുട്ടൻ പൊക്കോ എന്നു പറഞ്ഞപ്പോൾ പാപ്പാന് കാര്യം പിടികിട്ടി. ഇതു വീട്ടിലുള്ള പലരുടേയും കാര്യത്തിൽ ശരിയായിരുന്നു. എന്റെ ആങ്ങളമാർക്കെല്ലാം രവി നല്ല ചട്ടമായിരിന്നു. 

വീട്ടുകാരുടെ നിര്യാണത്തിൽ അതറിയാനുള്ള കഴിവ് അവനുണ്ടായിരുന്നു. ഞങ്ങളുടെ മൂത്ത സഹോദരന്റെ മൂന്നര വയസുള്ള കുഞ്ഞു മരിച്ചു അകത്തു മുറിയിൽ കിടത്തിയിരുന്ന നേരം അവനും ചെറുതായിരുന്നു. എന്നിട്ടും അവൻ ആ മുറിയുടെ വാതിൽക്കൽ നിന്നു കണ്ണീരൊഴുക്കി., അവനു വച്ചു വച്ചിരുന്ന ചോറുണ്ണാൻ കൂടി കൂട്ടാക്കിയില്ല. അത്ര സ്നേഹമായിരുന്നു അവനു കുഞ്ഞിനോട്. 

ഞങ്ങൾ മക്കളെക്കാൾ അപ്പൻ സ്നേഹിച്ചിരുന്നത്  രവിയെ ആയിരുന്നു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. .. ചില ഉത്സവങ്ങൾക്കൊക്കെ രാത്രി ഉറക്കമിളച്ചു വന്നാൽ അവൻ തുമ്പികയ്യ് കൊണ്ടു  അപ്പന്റെ കൈ പിടിച്ചു കിടന്നൊരു ഉറക്കമുണ്ട്. അവരുടെ ഇടയിൽ വല്ലാത്തൊരു സ്നേഹ കെമിസ്ട്രി ഉണ്ടായിരുന്നു. അപ്പൻ മരിക്കുന്നതിന് തലേ ദിവസം രാത്രി എന്നോട് പറഞ്ഞു 'നാളെ രാവിലെ മേലുകാവിൽ പോയി രവിയെ കണ്ടിട്ടു വന്നിട്ടു നമുക്കു ഡോക്ടറെ കാണാൻ പോകാം.' ആ ആഗ്രഹം സാധിച്ചില്ല. 

വീട്ടിൽ വന്ന രവി വാരമുറിയുടെ വാതിൽക്കൽ എത്തി നിന്നു ചാച്ചനെക്കണ്ടു. പിന്നെ മുറ്റത്തു സാഷ്ടാംഗ പ്രണാമം ചെയ്തു ഉറക്കെ കരഞ്ഞു. കാണികളെല്ലാം വാവിട്ടു കരഞ്ഞു. കുറേ ദിവസം ആഹാരം കഴിക്കാതെ, പിന്നെ പിന്നെ depression ആയി. സഹോദരങ്ങൾ ലക്ഷങ്ങൾ മുടക്കി ചികിൽസിച്ചു, ഒരു വിധം രക്ഷ പെട്ടു. എന്തോ അവർ പിന്നെ രവിയെ കൊല്ലത്തു ഒരു അമ്പലത്തിനു കൈ മാറി എന്നു കേട്ടു. ഞാൻ കാണാൻ പോയില്ല. ഞങ്ങളുടെ കളിക്കൂട്ടുകാരൻ ആയിരുന്നില്ലേ. അമ്മയുടെ കയ്യിൽ നിന്നും ഒരുരുള ചോറ് അവന്റെ അവകാശമായിരുന്നു. അമ്മ എങ്ങിനെ സഹിച്ചോ എന്തോ. 

മൂന്നാമത്തെ സഹോദര പുത്രൻ ജോഷി ഒരു ആന ഭ്രാന്തൻ ആണ്. അവൻ പറയുന്നത് രവി ഇപ്പോൾ തിരുവനന്തപുരത്തു മറ്റൊരു ഉടമസ്ഥന്റെ പേരിൽ ഉണ്ട്‌ എന്നാണ്. ഞാൻ ചിലപ്പോൾ അവനോടു പറയും എനിക്കൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. ആന്റി വണ്ടി എടുത്തോ ദാ ഇപ്പോൾ നമുക്കു പോകാം. നടക്കുമോ എന്തോ. 

ഇന്നു ലോക ആന ദിവസമാണ്. ആനകളുടെ അവകാശങ്ങളെ ഓർമിപ്പിക്കാനുള്ള ഒരു ദിവസം. അവ കാട്ടിൽ തന്നെ വളരട്ടെ എന്നാണ് എന്റെ അഭിപ്രായം. വെറുതെ നാട്ടിലെ ചട്ടം പഠിക്കുക, മാറി മാറി വരുന്ന പാപ്പാന്മാരുടെ വടി അടി, തോട്ടി കൊണ്ടുള്ള വലി, കുന്തം കൊണ്ടുള്ള കുത്തു, അവയുടെ വയറിനു ചേരാത്ത non-veg അങ്ങാടി മരുന്നും ചേർത്തു കഴിപ്പിക്കുക, കൂച്ചുവിലങ്ങിടുക, ഏറെ ദൂരം നടത്തിക്കുക, ഉറക്കമിളച്ചു ഉത്സവത്തിൽ പങ്കെടുപ്പിക്കുക. എന്തിനാ പാവങ്ങളെ കൊണ്ടു ഈ ക്രൂരത അനുഭവിപ്പിക്കുന്നു. 

ചില ആന ഉടമസ്ഥർ നല്ലവരായിരിക്കും, ചില പാപ്പാൻ മാരും. അത്ര മാത്രം.  . രവിക്കുട്ടൻ വീട്ടിൽ വന്നത് കൊണ്ടു ഞങ്ങളുടെ ബാല്യം അധിക സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു. മാതംഗ ലീല എന്ന ആന ചികിത്സയിലെ ആധികാരിക ഗ്രൻഥം വായിച്ചിട്ടുണ്ട്. ലക്ഷണമൊത്ത ആനകളെ കണ്ടാൽ എനിക്കറിയാം.   പേരപ്പന്റെ വീട്ടിലുണ്ടായിരുന്ന സുലോചന എന്ന പെണ്ണാനയുടെ 'ആനയാട്ടം 'കണ്ടിട്ടുണ്ട്. അതൊരു വല്ലാത്ത അനുഭൂതിയാണ് കേട്ടോ. നീലക്കുറിഞ്ഞി പൂക്കുംപോലെ വല്ലപ്പോഴുമേ പിടിയാനകൾ ഇങ്ങിനെ ടൂ. .. എനിക്കാനകളോട് ഇപ്പോഴും വലിയ സ്നേഹം തന്നെ. 

സ്നേഹപൂർവ്വം എല്ലാ ആന പ്രേമികൾക്കും. 

ഡോ. കുഞ്ഞമ്മ ജോർജ്ജ്
ലോക ആനദിനം: രവീന്ദ്രൻ എന്ന രവിക്കുട്ടൻ  : ഡോ. കുഞ്ഞമ്മ ജോർജ്ജ്
Join WhatsApp News
Gita 2020-08-12 10:52:15
ഡോ .കുഞ്ഞമ്മയുടെ ഓർമയുടെ വഴിയിലൂടെ രവി ഇപ്പോൾ എന്റെയും നൊമ്പരമായിരിക്കുന്നു . ചാച്ചന്റെ മരണത്തിൽ സങ്കടപ്പെടുന്ന പന്ത്രണ്ടാമത്തെ പുത്രനായിരുന്നവൻ ഭാഗവത കഥകളിൽ ചിത്രകേതു എന്ന രാജാവിനോട് നാരദമുനി പറയുന്നുണ്ട് ആത്മാവിന്റെ കാര്യം കൈമാറ്റം ചെയ്യപ്പെടുന്ന മൃഗങ്ങളെപ്പോലെ യാണെന്ന് പുതിയ ഉടമ വരുമ്പോൾ അതിനു പുതിയ പേരായി ജീവിതമായി പക്ഷെ ആത്മാവ് ഓരോ ശരീരം വെടിയുമ്പോഴും അതെല്ലാം മറക്കും കൈമാറ്റം ചെയ്യപ്പെടുന്ന മൃഗമോ ഉടമയെ ഒന്നും മറക്കില്ല നല്ല എഴുത്ത്
2020-08-12 13:55:32
ആനദിനം കൊള്ളാം. അമേരിക്കയിലെ കടുത്ത ആനപ്രേമികളും, ആന ഫണ്ടമെന്റലിസ്‌റ്റുകളും, ആനപാപ്പാന്മാരും ഫോകാനക്കാർ തന്നെ. ചില ഫൊക്കാനകാർ 2 വർഷത്തേക്ക് ആനപ്പുറത്തേക്കു കയറ്റിവിട്ടാൽ പിന്നെ ഇറങ്ങുകില്ല. അവിടെ അള്ളിപിടിച്ചിരിപ്പാണ്. മറ്റു ചില സ്ഥിരം പാപ്പാന്മാർ അവരെ ചവിട്ടി പുറത്താക്കി കേറി കുത്തിയിരിപ്പു തുടങ്ങി എന്നും കേൾക്കുന്നു. പണ്ടു ആനക്കാരന്മാർ പരസ്പരം ഗുസ്തിപിടിച്ചു ചിലർ ആമയായി (ഫോമയായി) മാറി . ഇപ്പോൾ ആ ആമ വളർന്നു ആനയേക്കാൾ പത്തിരട്ടി വലുതായി. ചുമ്മാ ഈ കോവിട് കാലത്തു ആന പിണ്ഡം പരസ്‌പരം വാരി എറിഞ്ഞു കളിക്കാതെ മൂത്തതും ഇളയതുമായ ആന പിള്ളേരേ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക