Image

അനുബന്ധനം (രാമായണ ചിന്തകൾ-16: ശ്രീദവി മധു)

Published on 30 July, 2020
അനുബന്ധനം (രാമായണ ചിന്തകൾ-16: ശ്രീദവി മധു)
ഭാര്യാ ഭർത്താക്കന്മാർ പരസ്പരം ആത്മാക്കളത്രെ...!
അപ്പോൾപ്പിന്നെ 14 വർഷത്തെ വനവാസത്തിനൊരുങ്ങുന്ന രാമനെ സീത അനുഗമിക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല.
തന്നെയുമല്ല രാമനില്ലാത്ത അയോധ്യാ പുരി സീതയ്ക്ക് ശൂന്യമാണ്... ആ കൊട്ടാരജീവിതം അടിമത്തവും.
എന്നാൽ ഈ നീതിശാസ്ത്ര ചിത്രത്തിനു പുറത്തായിപ്പോയ ഒരുവളുണ്ട് നമ്മുടെ രാമായണത്തിൽ...
ജനനം തന്നെ ഒരനുബന്ധമായിപ്പോയവൾ... ഊർമിള.
എന്നും സീതയുടെ നിഴലായി മാത്രം ജീവിക്കേണ്ടി വന്നവൾ...
സീതയെന്ന ദിവ്യപ്രഭയിൽ തൻ്റെ ഇത്തിരിവെട്ടം നിഷ്ഫലമായി ജ്വലിപ്പിക്കേണ്ടി വന്നവൾ..
ജനകപുത്രിയായിട്ടും ജാനകി എന്നു വിളിക്കപ്പെടാൻ വിധിയില്ലാതെ പോയവൾ..
ലക്ഷ്മണൻ്റെ ധർമ്മപത്നി...
അംഗദൻ്റെയും ചന്ദ്ര കേതുവിൻ്റെയും അമ്മ... ഊർമിള
പറയാനുണ്ടാവില്ലേ ഇവൾക്കും...?
സീതാവചനങ്ങളോളം കൊട്ടിഘോഷിച്ചില്ലെങ്കിലും ഒന്നു കാതോർക്കാം നമുക്കീ മൃദുസ്വരത്തിന്..
പ്രിയപ്പെട്ടതെന്തോ കൈവന്ന കൊച്ചു ബാലകനെപ്പോലെ ലക്ഷ്മണൻ തുള്ളിച്ചാടി, വനത്തിലേക്ക് രാമനെ അനുഗമിക്കാൻ അനുവാദം കിട്ടിയപ്പോൾ..
ലക്ഷ്മണൻ്റെ യാത്രാവേളയിൽ ഒരു തവണ പോലും ഊർമിളയുടെ നാമം പരാമർശിക്കപ്പെട്ടില്ല..
സീതയാൽ പോലും !
കൗസല്യ എന്ന പട്ടമഹിഷിയുടെയും കൈകേയി എന്ന സൗന്ദര്യ ധാമത്തിൻ്റെയും അനുബന്ധമായി ജീവിച്ച സുമിത്ര പോലും..!!
ഒരു പിൻതിരിഞ്ഞുനോട്ടത്തിൻ്റെ പരിഗണനയും കൊടുക്കാതെ ലക്ഷ്മണൻ കയറിയ തേരും മറഞ്ഞപ്പോൾ അന്ത:പുരത്തിൽ പ്രതീക്ഷയോടെ മന്ദമിളകിക്കൊണ്ടു നിന്ന ഒരു ജാലകത്തിരശ്ശീല ക്രമേണ നിശ്ചലമായി...
അയോധ്യയിലെ അന്ത:പുരം എന്നും കാത്തിരിപ്പിൻ്റേതായി ഊർമിളയ്ക്ക്.
പൂർവ നിശ്ചിതങ്ങളായതിനെയെല്ലാം തൻ്റെ സ്വപ്നങ്ങളാക്കേണ്ടി വന്നു ഊർമിളയ്ക്ക്..
രണ്ട് അനുബന്ധങ്ങൾ ചേർന്ന് പൂർത്തിയായ ഒരു സമവാക്യമായിരുന്നു ലക്ഷ്മണ - ഊർമിള സംയോഗം. സമത്തിനിപ്പുറവും വിയോഗവിധിക്കിടം കിട്ടിയ ഒരു സമവാക്യം.
സ്വന്തം മാംഗല്യ ദിനത്തിലും രണ്ടാമൂഴക്കാരിയായി ഊർമിള.
തനിക്കിടമില്ലാത്ത ലോകത്ത് ജീവിക്കേണ്ടി വന്നവൾ.
കേട്ട് കേട്ട്, ചോദിച്ച് ചോദിച്ച് കാര്യങ്ങൾ അറിയേണ്ടി വന്നവൾ...
കൊട്ടാരഭിത്തികളിൽ നിന്നും തോഴിമാരുടെ മൊഴികളിൽ നിന്നും തൻ്റെ ജീവിതഗതികൾ അറിയേണ്ടിവന്നു.. ഊർമിളയ്ക്ക്.
ലക്ഷ്മണ മൗനങ്ങൾക്കു മുന്നിൽ കരുത്തു ചോർന്നവൾ...
എന്നും ശ്രീരാമൻ്റെ അനുചരനായ ലക്ഷ്മണൻ്റെ വിദൂരസ്ഥയായ അനുചര..
സത്തെടുത്ത സുരയെന്നപോൽ ജീവിതം തീർത്തവൾ...
ഒറ്റ ദ്വീപ്...
എന്നും അനുചരയായ ഊർമിളയ്ക്ക് ആ അനുചരത്വം ഒരു ജന്മത്തിൻ്റെ പ്രാബല്യമുള്ളൊരു വിധി തീർപ്പായിരുന്നു.
ജീവിതത്തിൻ്റെ പ്രധാന വീഥികളിലേക്കെത്തി നോക്കാൻ മാത്രം വിധിക്കപ്പെട്ട് ഇടനാഴികളിലൊതുങ്ങേണ്ടി വന്ന സ്ത്രീ ജന്മം..
ലക്ഷ്മണനില്ലാത്ത അയോധ്യയിൽ ഊർമിള അറിയുകയായിരുന്നു, ശ്രുത കീർത്തിക്കുള്ള സ്ഥാനവും തനിക്കില്ലെന്ന്...
ലക്ഷ്മണ സ്മരണകൾ മാത്രം കൂട്ടായുള്ള ഊർമിള.
ഒറ്റയായ കിളികളുടെ ആർത്തലയ്ക്കുന്ന വിലാപങ്ങൾ അവളെപ്പൊതിഞ്ഞ് മുഴങ്ങി.
സരയൂ തീരം എന്നും വിജനമായി ഊർമിളയ്ക്കു മുന്നിൽ...
അവളെ കാണുന്ന മാത്രയിൽ ആ തീരത്തെ മന്ദമാരുതൻ വാടിയ പൂക്കളുടെ ഗന്ധം പരത്തി..
വേനലിൽ വെള്ളം വറ്റിയ ജലാശയത്തിൽ ഒരു ജലജീവിയായി പിടഞ്ഞു  ലക്ഷ്മണനില്ലാത്ത അയോധ്യയിൽ ഊർമിള.
പക്ഷേ ഇതിഹാസകാരനും ക്രൗഞ്ചമിഥുനങ്ങളും ഈ പിടച്ചിൽ കണ്ടില്ലെന്നു നടിച്ചു...
നോവു കൊണ്ടു നിറഞ്ഞ അന്തപുരത്തിലെ മാറ്റമില്ലാത്തതുടർച്ചകളായി ഊർമിളയുടെ ദിനരാത്രങ്ങൾ..
സുവാർത്തകളെത്തിക്കുന്നതോഴിമാർക്ക് അന്തപുരറാണിമാർ വാരിക്കോരി പാരിതോഷികങ്ങൾ നൽകുമെന്നതിനാൽ അതിനായി തിക്കിത്തിരക്കുന്ന തോഴിമാർ പക്ഷേ, ഒരിക്കലും ഊർമിളാ ദേവിയുടെ അന്തപുരവാതിലിൽ കൂട്ടം കൂടിയില്ല...
അതിനൊരവസരവും അവർക്ക് കിട്ടിയില്ല..!

അവിടെ, ഉറങ്ങാതെ വെളുത്തു പോയ രാവുകളായിരുന്നു ഊർമിളയ്ക്ക്
ശൂന്യതയിലേക്കുണർന്ന് ശൂന്യതയിലേക്കുറങ്ങിയ ദിനങ്ങൾ...
നിലാവിൻ്റെ ചന്ദനപ്പുഴ നീന്തി ഏകാകിയായ് വന്ന് അകത്തു കയറുന്ന നാഥനെ സ്വപ്നം കണ്ട് കാത്തിരുന്ന് രാത്രികളെ തീർത്തു, അവൾ..
ഉടൽ കോരിത്തരിച്ച്,
മാറിടം ത്രസിച്ച്....
നീലക്കണ്ണാടിയിൽ സ്വയം കണ്ട്...
മഴക്കേളികളിൽ തളർന്ന മഴക്കാല പുഷ്പങ്ങളുടെ പോലും സഹതാപം ഏറ്റുവാങ്ങി.. അവൾ.
എത്രയോ ഋതുക്കളിലൂടെ ഏകാന്ത സഞ്ചാരം നടത്തിയവൾ... ഊർമിള
താനറിയാതെ തൻ്റെ മുന്നിലൂടെ ഒഴുകിയ ജീവിതത്തെ, അനുബന്ധമെന്ന വിധി തീർപ്പിനെ ഒടുവിൽ സരയുവിന് കൈക്കൊള്ളാൻ സ്വയം സമർപ്പിച്ചു... എന്നും സീതയെന്ന അഗ്രജയുടെ അനുജത്തി മാത്രമായിരുന്ന ഊർമിള.
ഇനിയുമൊരു ജന്മമെങ്കിൽ തനിക്കു സ്വന്തമായി തൻ്റെ ആര്യപുത്രനെ ലഭിക്കണേ എന്ന മൗനമന്ത്രണത്തോടെ....


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക