Image

കോവിഡ് വാക്സിന്‍ പരീക്ഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുന്നതായി യുഎസ്

Published on 30 July, 2020
കോവിഡ് വാക്സിന്‍ പരീക്ഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുന്നതായി യുഎസ്

വാഷിങ്ടന്‍ : ചൈനക്കെതിരെ വീണ്ടുംരൂക്ഷ ആരോപണവുമായി യുഎസ്. യുഎസ് സര്‍വകലാശാലയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിക്കുന്നതായിട്ടാണ് ഇത്തവണത്തെ ആരോപണം. 


ഹൂസ്റ്റനിലെ ചൈനീസ് കോണ്‍സുലേറ്റിനെ പ്രതിക്കൂട്ടിലാക്കി യുഎസ് തൊടുത്ത ആരോപണത്തിന്റെ വിവരങ്ങള്‍ തേടി എഫ്ബിഐ വാക്സിന്‍ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്സസുമായി ബന്ധപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


കോവിഡ് വാക്സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് 'ബൗദ്ധിക സ്വത്ത്' മോഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് ചൈനീസ് ഹാക്കര്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചൈനീസ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ആരോപണം യുഎസ് നേരത്തേ തന്നെ ഉന്നയിച്ചിരുന്നു.


കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണ വിവരങ്ങള്‍ ഉള്‍പ്പെടെ യുഎസ് സര്‍വകലാശാലകളിലെ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി ടെക്സസ് സര്‍വകലാശാലയുടെതായി പുറത്തു വന്ന ഇമെയില്‍ സന്ദേശത്തില്‍ ആരോപിക്കുന്നു. 


എഫ്ബിഐ അന്വേഷണത്തെ കുറിച്ച്‌ സര്‍വകലാശാല ഫാക്കല്‍റ്റികള്‍ക്കും ഗവേഷകര്‍ക്കും അയച്ച ഇമെയില്‍ സന്ദേശമാണ് പുറത്തായത്.


വാക്സിന്‍ പരീക്ഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ആരെയാണ് ബന്ധപ്പെട്ടതെന്നോ എന്താണു ചര്‍ച്ച ചെയ്തതെന്നോ അറിയില്ലെന്നും ഗവേഷണ വിവരങ്ങള്‍ എഫ്ബിഐയ്ക്കും നല്‍കിയിട്ടില്ലെന്നും ടെക്സസ് സര്‍വകലാശാല ഇമെയിലില്‍ വ്യക്തമാക്കി.


ചൈനയും അമേരിക്കയും പരസ്പരം കോണ്‍സുലേറ്റുകള്‍ അടയ്ക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റിനെ ലക്ഷ്യമിട്ട് യുഎസ് ആരോപണം എന്നതു ശ്രദ്ധേയമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക