Image

കര്‍ഷക മരണംവനംവകുപ്പ് ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം: വി.സി.സെബാസ്റ്റ്യന്‍

അഡ്വ.ബിനോയ് തോമസ്‌ കണ്‍വീനര്‍ (രാഷ്ട്രീയ കിസാന്‍ മഹാസംഘ്) Published on 30 July, 2020
കര്‍ഷക മരണംവനംവകുപ്പ് ഉദ്യോഗസ്ഥരെ   ജയിലിലടയ്ക്കണം: വി.സി.സെബാസ്റ്റ്യന്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ ചിറ്റാറിനടുത്ത് കുടപ്പനയില്‍ കര്‍ഷകനായ സി.പി.മത്തായിയുടെ മരണത്തിനുത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും ദുരൂഹതകള്‍ വെളിച്ചത്തു കൊണ്ടുവരണമെന്നും കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

വന്യമൃഗങ്ങളുടെ മാത്രമല്ല മനുഷ്യമൃഗങ്ങളായി അവതരിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പീഢനം മൂലവും  കര്‍ഷകര്‍ കൊലചെയ്യപ്പെടുന്ന ക്രൂരസ്ഥിതിവിശേഷം എതിര്‍ക്കപ്പെടേണ്ടതാണ്. കോവിഡ് 19ന്റെ ഭീതിയില്‍ ജനങ്ങള്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ കര്‍ഷകവേട്ട അരങ്ങേറിയതെന്നുള്ളത് പ്രശ്‌നം ഗുരുതരമാക്കുന്നു. വന്യമൃഗങ്ങളുടെ നിരന്തരശല്യംകൊണ്ട് കര്‍ഷകരുള്‍പ്പെടെ ജനവിഭാഗങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ നടമാടിയ ഉദ്യോഗസ്ഥ അരാജകത്വത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വനംവകുപ്പ് മന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല.  

അടിമുടി ദുരൂഹതകളാണ് മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടുള്ളത്. രാജ്യത്തെ നിയമവ്യവസ്ഥയെപ്പോലും വെല്ലുവിളിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ല. വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിന്നീട് മത്തായിയുടെ മൃതദേഹം കിണറ്റിലുണ്ടെന്ന് വിളിച്ചുപറയുമ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തിലെ പങ്ക് വളരെ വ്യക്തമാണ്. 75,000 രൂപ മത്തായിയുടെ ഭാര്യയോട് ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയും ആസൂത്രിത കൊലപാതകത്തിന്റെ തെളിവാണ്. കേസ് രജിസ്റ്റര്‍ ചെയ്യാതെ, അറസ്റ്റ് ചെയ്തതിന് രേഖകളില്ലാതെ, സാക്ഷികളില്ലാതെ, സേര്‍ച്ച് വാറണ്ടില്ലാതെ വനംവകുപ്പ് നടത്തിയ കൊടുംപാതകം 7 ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി വകുപ്പുതല അന്വേഷണം നടത്തിയുള്ള പ്രഹസനത്തിലൊതുക്കി ജനങ്ങളെ വിഢികളാക്കാമെന്ന് സര്‍ക്കാര്‍ കരുതണ്ട. കര്‍ഷകരെ കൊന്ന് കുഴിച്ചുമൂടിയാല്‍ ആരും ചോദിക്കാനില്ലാത്ത അവസ്ഥയുണ്ടായാല്‍ സംസ്ഥാനത്തുടനീളം വനംവകുപ്പിന്റെ കര്‍ഷകപീഢനങ്ങള്‍ തുടരുമെന്ന് തിരിച്ചറിഞ്ഞ് കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് നീങ്ങണം. ഇല്ലാത്ത നിയമങ്ങള്‍ കൈയിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന തേര്‍വാഴ്ചയ്ക്ക് അന്ത്യമുണ്ടാകുന്നില്ലെങ്കില്‍ ജനങ്ങള്‍ ജീവിക്കാന്‍വേണ്ടി നിയമം കൈയിലെടുക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുമെന്നും അതിനായി രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ വരുംനാളില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക