Image

മലയാളി യൂറോളജിസ്റ്റിന്‌ അന്താരാഷ്‌ട്ര അംഗീകാരം

ജോയിച്ചന്‍ പുതുക്കുളം Published on 01 June, 2012
മലയാളി യൂറോളജിസ്റ്റിന്‌ അന്താരാഷ്‌ട്ര അംഗീകാരം
അറ്റ്‌ലാന്റാ: മെയ്‌ 19 മുതല്‍ 23 വരെ അറ്റ്‌ലാന്റയിലെ ജോര്‍ജിയാ വേള്‍ഡ്‌ സെന്ററില്‍ നടത്തപ്പെട്ട അമേരിക്കന്‍ യൂറോളജി അസോസിയേഷന്റെ 107-മത്‌ വാര്‍ഷിക സമ്മേളനത്തില്‍ മലയാളി ഡോക്‌ടറായ ജോര്‍ജ്‌ പി. ഏബ്രഹാമിന്‌ അപൂര്‍വ്വ ബഹുമതി. കൊച്ചി ലേക്ക്‌ഷോര്‍, പി.വി.എസ്‌ എന്നീ ഹോസ്‌പിറ്റലുകളിലെ യൂറോളജി വിഭാഗം മേധാവിയാണ്‌.

വൃക്ക രോഗ ചികിത്സാരംഗത്ത്‌ അന്താരാഷ്‌ട്ര തലത്തില്‍ കൈവരിച്ച നൂതന നേട്ടങ്ങളും, കണ്ടുപിടിത്തങ്ങളും, ഗവേഷണങ്ങളും, പഠനങ്ങളും പ്രദര്‍ശിപ്പിക്കുവാനും, ചര്‍ച്ച ചെയ്യപ്പെടാനുമായി സംഘടിപ്പിക്കുന്നതാണ്‌ അമേരിക്കന്‍ യൂറോളജി അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം. സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി ലഭിച്ച ആറായിരം പ്രസന്റേഷനുകളില്‍ നിന്ന്‌ തെരഞ്ഞെടുത്ത രണ്ടായിരം വീഡിയോ പ്രസന്റേഷനുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഡോ. ജോര്‍ജ്‌ പി. ഏബ്രഹാം സമര്‍പ്പിച്ച `ലാപ്രോസ്‌കോപ്പിക്‌ റീനല്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍' എന്ന വീഡിയോ പ്രസന്റേഷന്‌ അവയില്‍ മൂന്നാം സ്ഥാനം ലഭിച്ചു. വൃക്കരോഗ ചികിത്സാ വിഭാഗത്തിലെ അവാര്‍ഡുകളിലെ അവാര്‍ഡ്‌ എന്ന്‌ കരുതപ്പെടുന്ന ഈ ബഹുമതി ലഭിക്കുകയെന്നത്‌ ലോകത്തെമ്പാടുമുള്ള യൂറോജിസ്റ്റുകളുടെ സ്വപ്‌നമാണ്‌. സമ്മേളനത്തില്‍ `ലാപ്രോസ്‌കോപ്പിക്‌ അഡ്രനലക്‌ടമി' എന്ന കൊറിയയില്‍ നിന്നുമുള്ള ഡോ. ഹൂയൂന്‍ ഹ്വാന്‍ സംങിന്റെ വീഡിയോ പ്രസന്റേഷന്‌ ഒന്നാം സ്ഥാനവും, `പ്രോസ്റ്ററ്റിക്‌ അഡീനാമോസ്‌' എന്ന ഫ്രഞ്ച്‌ ഡോക്‌ടര്‍ മേരി എയ്‌മിയുടെ പ്രസന്റേഷന്‌ രണ്ടാം സ്ഥാനവും ലഭിച്ചു.

താക്കോല്‍ദ്വാര ശസ്‌ത്രക്രിയയിലൂടെ വിജയകരമായി വൃക്കമാറ്റിവെച്ച ഡോ. ജോര്‍ജ്‌ പി. ഏബ്രഹാമിന്റെ നേട്ടം അവയവമാറ്റ ശസ്‌ത്രക്രിയാ രംഗത്ത്‌ പുതിയൊരു കാല്‍വെയ്‌പായി സമ്മേളനത്തില്‍ വിലയിരുത്തപ്പെട്ടു. താക്കോല്‍ ദ്വാര ശസ്‌ത്രക്രിയയിലൂടെ ദാതാവിന്റെ വൃക്ക സമ്പാദിക്കല്‍ പ്രക്രിയ 2009-ല്‍ സ്‌പെയിനിലെ ബാഴ്‌സലോണിയയിലും 2010-ല്‍ ഇന്ത്യയിലെ അഹമ്മദാബാദിലും വിജയകരമായി നടത്തിയിട്ടുണ്ട്‌. ഈ മാര്‍ഗ്ഗം അനുകരിച്ച ഡോ. ജോര്‍ജ്‌ ഒരു ചുവടുകൂടി കടന്ന്‌ വൃക്ക സമ്പാദിക്കലിനും മാറ്റിവെച്ച്‌ ഘടിപ്പിക്കുന്നതിനും താക്കോല്‍ദ്വാര ശസ്‌ത്രക്രിയ പരീക്ഷിച്ച്‌ വിജയിച്ചു. ലാപ്രോസ്‌കോപ്പിയിലൂടെ വൃക്ക സമ്പാദിച്ച്‌ തത്‌ക്ഷണം മാറ്റിവെയ്‌ക്കുന്ന രീതിയാണ്‌ ഡോ. ജോര്‍ജ്‌ അവലംബിച്ചിട്ടുള്ളത്‌. ഇതിനോടകം എഴുനൂറില്‍പ്പരം ലാപ്രോസ്‌കോപിക്‌ വൃക്ക ശസ്‌ത്രക്രിയകള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തിന്‌ ഈ വിദ്യ ഉപയോഗിക്കുന്ന ഇന്ത്യന്‍ യൂറോളജിസ്റ്റുകള്‍ക്കിടയില്‍ പ്രമുഖ സ്ഥാനമാണുള്ളത്‌. വൃക്കരോഗ ചികിത്സാരംഗത്ത്‌ ഡോ. ജോര്‍ജ്‌ പി. ഏബ്രഹാം നല്‍കിയിട്ടുള്ള സംഭാവനകളെ മാനിച്ച്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ 2012-ല്‍ `ഭാരത്‌ ചികിത്സാരത്തന്‍ അവാര്‍ഡ്‌' നല്‍കി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

അമേരിക്കന്‍ യൂറോളജി അസോസിയേഷന്‍ സമ്മേളനത്തില്‍ വീഡിയോ പ്രസന്റേഷന്‍ നല്‍കുവാനും വിദഗ്‌ധരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കുവാനും ഡോ. ജോര്‍ജ്‌ പി. ഏബ്രഹാമിനൊപ്പം, ലേക്ക്‌ഷോര്‍ ആശുപത്രി യൂറോളജി വിഭാഗത്തിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ഡോ. കൃഷാനു ദാസ്‌, ഡോ. കൃഷ്‌ണമേനോന്‍ രാമസ്വാമി, ഡോ. ഡാട്‌സണ്‍ ജോര്‍ജ്‌, ഡോ. ജിഷാ ജെ. ഏബ്രഹാം, ഡോ. ഉപ്പൂരില്‍ എസ്‌ തമ്പാന്‍ എന്നിവരും സന്നിഹിതരായിരുന്നു. അവാര്‍ഡ്‌ സ്വീകരിച്ച്‌ ഷിക്കാഗോയിലുള്ള സുഹൃത്ത്‌ ഡോ. ജോര്‍ജ്‌ കുര്യനെ സന്ദര്‍ശിച്ച ഡോ. ജോര്‍ജും സംഘവും ഈ അവാര്‍ഡ്‌ ലഭിച്ചതില്‍ മലയാളിയും ഇന്ത്യക്കാരനെന്നതിലും ലേക്ക്‌ഷോര്‍ ആശുപത്രിയിലെ അംഗങ്ങള്‍ എന്ന നിലയിലും തങ്ങള്‍ക്ക്‌ ഏറെ അഭിമാനമുണ്ടെന്ന്‌ അറിയിച്ചു.

എറണാകുളം ബ്രഹ്‌മപുരം പളത്തുള്ളിയില്‍ പരേതനായ റവ. ഏബ്രഹാം കോര്‍എപ്പിസ്‌കോപ്പയുടേയും സാറാമ്മയുടേയും പുത്രനാണ്‌ ഡോ. ഏബ്രഹാം പി. ജോര്‍ജ്‌. ഭാര്യ: ഡെയ്‌സി ജോര്‍ജ്‌. ഏകമകന്‍ ഡോ. ഡാട്‌സണ്‍ ജോര്‍ജ്‌. 1976-ല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ എംബിബിഎസ്‌ പൂര്‍ത്തിയാക്കിയ ഡോ. ജോര്‍ജ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന്‌ എം.എസും, കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിന്ന്‌ എം.സി.എച്ച്‌ ബിരുദവും നേടിയിട്ടുണ്ട്‌.

ജോസ്‌ കല്ലിടുക്കില്‍ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.
മലയാളി യൂറോളജിസ്റ്റിന്‌ അന്താരാഷ്‌ട്ര അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക