Image

ശ്രീമദ് വാല്മീകി രാമായണം പതിനൊന്നാം ദിനം (ദുര്‍ഗ മനോജ്‌)

ദുര്‍ഗ മനോജ്‌ Published on 26 July, 2020
ശ്രീമദ് വാല്മീകി രാമായണം പതിനൊന്നാം ദിനം (ദുര്‍ഗ മനോജ്‌)
അയോധ്യാകാണ്ഡം, തൊണ്ണൂറ്റി ആറാം മുതൽ നൂറ്റിപ്പതിനഞ്ചാം സർഗം വരെ.

ഭരതൻ ചിത്രകൂടത്തിലെത്തി സീതാരാമലക്ഷ്മണന്മാരെ കാണുന്നതാണ് ഇന്നത്തെ പ്രതിപാദ്യം.

ചിത്രകൂടത്തിൽ വാസമാരംഭിച്ച രാമനും സീതയും ലക്ഷ്മണനും ആ കാനനഭംഗിയിൽ മുഗ്ദരായി.ഗിരിപ്രിയനായ രാമൻ, സീതയുടെ പ്രിയത്തിനും തൻ്റെ സന്തോഷത്തിനുമായി മനോഹരമായ ചിത്രകൂടത്തെ സീതയ്ക്കു പരിചയപ്പെടുത്തി. പർവ്വതത്തെ അയോധ്യയെന്നും, ജന്തുക്കളെ പൗരജനങ്ങളെന്നും, മന്ദാകിനീ നദിയെ സരയുവെന്നും കരുതുക.നിന്നോടും എന്നെ അനുസരിക്കുന്ന ലക്ഷ്മണനോടൊപ്പവും കഴിയുന്ന ഞാൻ രാജ്യഭരണമോ അയോധ്യയേയോ ആശിക്കുന്നില്ല. ഇങ്ങനെ പറഞ്ഞു രഘുരാമൻ സീതാസമേതനായി ചിത്രകൂടത്തിൽ ചുറ്റി നടന്നു.

അങ്ങനേയിരിക്കേ വനത്തിൽ അസ്വാഭാവികമായ ചിലതു സംഭവിക്കുന്ന സൂചനകൾ ഉണ്ടാകാൻ തുടങ്ങി. കാളിന്ദി നദി  തരണം ചെയ്ത ഭരതസേനയുടെ ആരവവും പൊടിയും മാനംമുട്ടെ പൊങ്ങി. വന്യ ജന്തുജാലം പരക്കം പായുന്ന ശബ്ദം കേട്ടു.ഇതു ശ്രദ്ധിച്ച രാമൻ ലക്ഷ്മണനോടു പറഞ്ഞു, ഇടിവെട്ടും പോലെ കോലാഹലം കേൾക്കുന്നു. എന്താണു കാരണമെന്നറിഞ്ഞു വരുക.

ലക്ഷ്മണൻ വേഗമൊരു  പൂത്ത സാലമരത്തിൽ കയറി ചുറ്റും നോക്കി. അപ്പോൾ കണ്ടു, വടക്കു ദിക്കു നിന്നും പെരുംപടയുടെ വരവ്.
ലക്ഷ്മണൻ വിളിച്ചു പറഞ്ഞു, ജേഷ്ഠാ, തീയ്കെടുത്തൂ. സീത ഗുഹയ്ക്കുള്ളിൽ പ്രവേശിക്കട്ടെ, അങ്ങ് ചട്ടയിട്ട് വില്ലു കുലച്ച് അമ്പും തൊടുത്തു നിലയുറപ്പിക്കുക. കൈകേയിയുടെ മകനായ ഭരതൻ, നമ്മെ ഇരുവരേയും കൊല്ലാൻ വരുകയാണ്.
ലക്ഷ്മണൻ, ഭരതൻ പോരിനു വന്നാൽ ഭരതനെ നിഗ്രഹിച്ച്, പടയെത്തുരത്തി കൈകേയിയുടെ അഹങ്കാരത്തിനു ശമനമുണ്ടാക്കുമെന്നു നിശ്ചയിച്ചു.എന്നാൽ അതു കേട്ടു രാമൻ ലക്ഷ്മണനോടു താഴെയിറങ്ങുവാനും, ഇന്നുവരെ ഒരപ്രിയം പോലും നമ്മളോട് പ്രവർത്തിക്കാത്ത ഭരതൻ ഒരിക്കലും ദുഷ്ചിന്തയോടെ ആകില്ല വരുന്നതെന്നും, ഒരു പക്ഷേ ദശരഥമഹാരാജാവ് സ്വയം പടയുമൊത്ത് എഴുന്നെള്ളി, സീതയെ തിരികെ കൊണ്ടു പോകുവാൻ വരുന്നതുമാകാം എന്നു പറഞ്ഞു.മാത്രവുമല്ല, ഭരതനെ ഇല്ലാതാക്കിയിട്ട് ഒരു രാജ്യം തനിക്കാവശ്യമില്ലെന്നും രാമൻ അറിയിച്ചു.
രാമോപദേശത്താൽ ലക്ഷ്മണൻ ലജ്ജയാൽ ചൂളിപ്പോയി.

ചിത്രകൂടവനത്തിൽ സേന പ്രവേശിച്ചതോടെ, രാമനെ കണ്ടെത്തുവാനായി ഭരതൻ പല ദിക്കുകളിലേക്കായി പടയാളികളെ അയച്ചു. പിന്നെ ആകാംക്ഷ സഹിക്കാതെ സ്വയമൊരു സാലമരത്തിനു മുകളിൽ കയറി ദൂരെ പുക ഉയരുന്നതു കണ്ടെത്തി.
സേനയെ അവിടെ നിർത്തി, ശത്രുഘ്നനൊപ്പം മുന്നിൽ നടന്നു ഭരതൻ.വസിഷ്ഠനോടു അമ്മമാരെ കൂട്ടി പിന്നാലെ വരുവാനും അപേക്ഷിച്ചു.കാട്ടിലൂടെ നടക്കുമ്പോൾ, അടയാളങ്ങളായി, ചീരങ്ങളും മരവുരികളും,  തണുപ്പകറ്റുവാനായി ശേഖരിച്ച ഉണക്കിയ ചാണകവും കണ്ടു.  ഒടുവിൽ, പുണ്യവും മനോഹരവുമായ പർണ്ണശാല കണ്ടു.  അവിടെ കൃഷ്ണാജിനം ധരിച്ചു മരത്തോലുടുത്ത്, അഗ്നിയാൽ ചൂഴപ്പെട്ടവനെപ്പോലുള്ള രാമനെ കണ്ടു.മഹാ ബാഹുവായ രാമൻ സീതാലക്ഷ്മണ സമേതം ദർഭ വിരിച്ച നിലത്തു ബ്രഹ്മാവിനെപ്പോലെ ഇരുന്നരുളുന്നു.

രാമനെ ഈ വിധം കണ്ടതും ഭരതൻ അടക്കാനാത്ത സങ്കടത്താൽ ഓടി വന്നു രാമപാദത്തിൽ  പതിച്ചു. ശത്രുഘ്നനും രാമപാദം വണങ്ങി.  വാത്സല്യത്തോടെ രാമൻ രണ്ടുപേരേയും കെട്ടിപ്പിടിച്ചു.പിന്നെ കൊട്ടാര വിശേഷങ്ങൾ ചോദിച്ചു തുടങ്ങി. അച്ഛനെവിടെ എന്ന ചോദ്യത്തിന് ഭരതൻ അച്ഛൻ്റെ വിയോഗ വാർത്ത അറിയിച്ചു.അതു കേട്ട് ആർത്തനായി രാമൻ സീതയോടും ലക്ഷ്മണനോടും ആ വാർത്ത പറയുവാൻ ചെന്നു തളർന്നുവീണു.
അപ്പോഴേക്കും അമ്മമാരുമായി വസിഷ്ഠൻ അവിടെ എത്തി.  മകനെക്കണ്ട അമ്മ കൗസല്യയുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായ് ഒഴുക്കി, പിന്നെ സീതയെ ചേർത്തു പിടിച്ചു തലയിൽ തലോടി എൻ്റെ കുഞ്ഞേ എന്നു വീണ്ടും വിലപിച്ചു. ഒടുവിൽ പരസ്പരം കണ്ട ആശ്വാസത്തിലും, എന്നാൽ വന്നു പെട്ട ദുരന്തങ്ങളോർത്തും ദീനരായ്കരഞ്ഞും ഒരു രാവുകടന്നു പോയി. പിറ്റേന്നു മന്ദാകിനിയിൽ അച്ഛനു വേണ്ട ക്രിയകൾ ചെയ്തു കഴിഞ്ഞ  രാമനോടു ഭരതൻ  രാജ്യഭാരമേൽക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ രാമനത് അംഗീകരിച്ചില്ല. അച്ഛൻ്റെ കടം വീടേണ്ടതു ധർമ്മമാണെന്നും അതിൽ നിന്നും വ്യതിചലിക്കുവാനാവില്ലെന്നും പറഞ്ഞു.ജബാലി എന്ന ബ്രാഹ്മണനും രാമനെ മനംമാറ്റുവാൻ ശ്രമിച്ചു പരാജയപ്പെട്ടു.ഈ സമയം വസിഷ്ഠൻ ഇടപെട്ടു. അദ്ദേഹത്തിനും പക്ഷേ, രാമൻ്റെ മനം മാറ്റുവാനായില്ല.ഒടുവിൽ ഋഷിഗണങ്ങൾ ഭരതനോടു രാമവാക്യം അനുസരിക്കുക എന്നു പറഞ്ഞു.രാമൻ അച്ഛൻ്റെ കടം വീട്ടിയതിനാൽ അദ്ദേഹത്തിനു സ്വർഗ്ഗം ലഭിച്ചുവെന്നും അറിയിച്ചു.അങ്ങനെ ഭരതൻ, രാമൻ്റെ കാലടികൾ പതിഞ്ഞ പൊൻ പാദുകം ഏറ്റുവാങ്ങി. എന്നിട്ടു പറഞ്ഞു, പതിനാലു വർഷം ജടാചീരധാരനായി, ഫലമൂലാശനനായി, നഗരത്തിനു പുറത്ത് അങ്ങയുടെ വരവും കാത്തു, രാജ്യ കാര്യങ്ങൾ അങ്ങയുടെ പാദുകങ്ങളിൽ അർപ്പിച്ചു ജീവിക്കും.പതിനാലു വർഷം കഴിഞ്ഞു പിറ്റേന്ന് അങ്ങയെ കാണാത്ത പക്ഷം ഞാൻ അഗ്നിപ്രവേശം ചെയ്യും."
അത് രാമനും അംഗീകരിച്ചു.പിന്നെ ഏവരും അയോധ്യയിലേക്കു മടങ്ങി.

ഇന്നത്തെ രാമായണ വായന വ്യത്യസ്തമാകുന്നത് രാമൻ ലക്ഷ്മണനോടും ഭരതനോടും നടത്തുന്ന സംഭാഷണങ്ങളാലാണ്.
പടയുമായി വനത്തിൽ വരുന്നത് ആരാണെന്നറിയും മുൻപു ലക്ഷ്മണൻ മുൻവിധിയിൽ വരുന്നത് ഭരതനാണെന്നും, ഉദ്ദേശ്യം ആക്രമിക്കുവാനാണെന്നും പെട്ടന്നു തന്നെ ഉറപ്പിക്കുന്നുമുണ്ട്. എന്നാൽ മറ്റുള്ള ഒരാൾ പോലും സംശയിച്ചതു പോലെ രാമൻ ഭരതനെ സംശയിക്കുന്നില്ല. രാമൻ ചോദിക്കുന്നത്, ഇതിനു മുൻപ് എപ്പോഴെങ്കിലും ഭരതൻ എന്തെങ്കിലും അപ്രിയം പ്രവർത്തിച്ചിട്ടുണ്ടോ എന്നാണ്. അവിടെയാണ് കാലങ്ങൾ എത്ര കടന്നുവെന്നാലും മനുഷ്യമനസ് ചില കാര്യങ്ങളിൽ പുലർത്തുന്ന അനാവശ്യ സംശയങ്ങളെക്കുറിച്ചു നമുക്കു ബോധ്യപ്പെടുക.
ഭരതൻ ഒരിക്കൽപ്പോലും രാമനോടോ സോദരന്മാരോടോ അപ്രിയം പ്രവർത്തിച്ചിട്ടില്ല. മാത്രമല്ല, നാലുപേർക്കും പരസ്പരം അത്രമേൽ സ്നേഹവുമാണ്. കൈകേയി പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ അതൊന്നും ഭരതനറിയുന്നതേയില്ല. അമ്മയിൽ നിന്നുണ്ടായ ഇത്തരം പ്രശ്നങ്ങൾ ഭരതനു നേരെ ചൂണ്ടപ്പെടുന്നത് അനീതിയായിരുന്നു.അത് തിരിച്ചറിയുന്നതു രാമൻ മാത്രം.

ഇനി ഭരതനുമായി നടത്തുന്ന ദീർഘഭാഷണത്തിൽ ഒരു ഭരണാധികാരി എപ്രകാരമായിരിക്കണം രാജ്യഭരണം നടത്തേണ്ടത് എന്നു വിശദമാക്കുന്നു. ഓരോ ചെറു കാര്യങ്ങളും ചോദിച്ചു വിശകലനം ചെയ്യുന്ന രാമനിൽ, അനുജനോടുള്ള വാത്സല്യവും രാജ്യത്തോടുള്ള കരുതലും കാണാം.
രാമരാജ്യമെന്താകണം എന്ന ചോദ്യത്തിനുത്തരം ആ വാചകങ്ങളിൽ വിശദമാക്കുന്നുണ്ട്.




Join WhatsApp News
ShajiNedumangad 2020-07-26 09:46:47
സ്വന്തം നാടിൻ്റെ സാംസ്കാ രിക പൈതൃകത്തെ മനസ്സിലാക്കുകയും അതിൻ്റെ തുടർച്ചയെന്ന നിലയിൽ മാർക്സിസം പ്രയോഗിക്കാനായി പഠിക്കുകയും ചെയ്യുന്നതുകൊണ്ടേ ഗുണമുള്ളു. മധ്യേഷ്യയിൽ നിന്ന് ആര്യൻമാർ ഇവിടേക്ക് കടന്നു കയറുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പുതന്നെ ഇവിടെ മഹത്തായ ഒരു സംസ്കാരം നിലനിന്നിരുന്നു. അതിൻ്റെ തുടക്കമായി നമുക്ക് ഹാരപ്പൻ സംസ്കാരത്തെ കാണാം. ആ സംസ്കാരത്തിൻ്റെ തുടർച്ചയായി ബുദ്ധ , ജൈന , ശ്രമണ മതങ്ങളെ കാണാം. ഈ മതങ്ങളുടെ പ്രത്യേക ത അവ ദൈവമെന്ന സങ്കല്പത്തെ അംഗീകരിക്കുന്നില്ല. കൂടാതെ അവ ജാതി വ്യവസ്ഥയെ നിഷേധിക്കുന്നു ' എന്നാൽ മധ്യേഷ്യയിൽ നിന്ന് കടന്നു വന്ന ആര്യന്മാരുടെ ഇന്ത്യൻ version ആണ് ബ്രാഹ്മണമതം. ഇവരുടെ പൂർവ്വികർ മധ്യേഷ്യയിൽ സ്ഥാപിച്ച സെമെറ്റിക് മതങ്ങളാണ് ജൂത, ക്രൈസ്തവ , ഇസ്ലാം മതങ്ങൾ . ഈ സെമെറ്റിക്ക് മതങ്ങൾക്കൊപ്പമാണ് ബ്രാഹ്മണമതത്തിൻ്റെയും സ്ഥാനം. ഭാരതീയ സംസ്കാരത്തിന് ബ്രാഹ്മണിക്ക് മതം ഒരു സംഭാവനയും നൽകിയിട്ടില്ല. മാത്രമല്ല ജാതി വ്യവസ്ഥ അടിച്ചേല്പിക്കുക വഴി ഭാരതീയ സംസ്കാരത്തെ മലീമസമാക്കുകയും ചെയ്തു. ക്രൈസ്തവ , ഇസ്ലാമിക ദർശനങ്ങൾ മാത്രമാണ് ഇവിടെ കടന്നു വരുന്നത്. എന്നാൽ ക്രിസ്തുമതവും ഇസ്ലാം മതവും സ്വീകരിച്ചത് മഹത്തായ ഭാരതീയ പാരമ്പര്യം ഉൾകൊള്ളുന്ന ഇവിടത്തെ ജനതയാണ്. അതുകൊണ്ടാണ് അവർ ഇന്നും നിലവിളക്ക് കൊളുത്തുന്നത് , സ്വന്തം മക്കളെ എഴുത്തിനിരുത്തുന്നത്. കല്യാണത്തിന് താലി ചാർത്തുന്നത്. നി ലവിളക്ക് കൊളുത്തുന്നതും എഴുത്തിനിരുത്തുന്നതും താലിചാർത്തുന്നതും ബ്രാമാണിക് അല്ല. ഭാരതീയ സംസ്കാരത്തിൻ്റെ സംഭാവനയാണ് യോഗ.യോഗയക്ക് കൂടുതൽ പ്രാധാന്യം കൈവരുന്നത് ബുദ്ധൻ്റെ കാലത്താണ്. ബ്രാഹ്മണിക് മതം ഭാരതീയ സംസ്കാരത്തിന് ഒരു സംഭാവനയും നൽകിയിട്ടില്ല. അത് ജാതി വ്യവസ്ഥ കൊണ്ടുവന്ന് മഹത്തായ ഭാരതീയ സംസ്കാരത്തെ മലീമസമാക്കുകയാണ് ചെയ്തത് അതിനാൽ ഭാരതീയ സംസ്കാരത്തിൻ്റെ തുടർച്ചയുടെ വേരുകൾ കിടക്കുന്നത് ഹാര പ്പൻ സംസ്കാരത്തിലാണ്. ഇപ്പോഴും നാം വീട് പണിയുമ്പോൾ അതിൻ്റെ ചുറ്റിലുമായി മുറ്റം നിർമിക്കുന്നതും ഹാരപ്പൻ സംസ്കാരത്തിൻ്റെ സ്വാധീനമാണ്. അതിനാൽ ഭാരതീയ സംസ്കാരത്തെ ബ്രാഹ്മണിക് മതത്തിൽ നിന്ന് വേറിട്ട് കാണാൻ കഴിയുമ്പോൾ മാത്രമേ ജാതിമതങ്ങൾക്ക് അതീതമായ ഭാരതീയം എന്ന സ്വത്വത്തെ നമുക്ക് ഉൾകൊള്ളാൻ കഴിയൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക