Image

പാടുന്നു പാഴ്മുളം തണ്ടു പോലെ ! (അനുഭവക്കുറിപ്പുകൾ- 96: ജയൻ വർഗീസ്)

Published on 24 July, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ ! (അനുഭവക്കുറിപ്പുകൾ- 96: ജയൻ വർഗീസ്)
നാട്ടിൽ നിന്ന് തിരിച്ചെത്തിയപ്പോൾ  വല്ലാത്ത ഒരവസ്ഥ. കുട്ടികൾക്ക് മാത്രമല്ലാ, മകനും, മകളും വരെ രോഗികൾആയിരിക്കുന്നു. എല്ലാവരും ജലദോഷവും, പനിയും, ചുമയും, തുമ്മലുമായി വിഷമിക്കുന്നു. ഡിലനാണെങ്കിൽമേലാകെ ചുവന്നു തിണർത്ത പാടുകൾ.

ഇണങ്ങിയും, പിണങ്ങിയും ഇഴ ചേരുന്ന ചരട് പോലെ സ്വസ്ഥമായി നീളുകയായിരുന്ന കുടുംബ അന്തരീക്ഷത്തിൽനിന്ന് ഞങ്ങൾ അകന്നു പോയപ്പോൾ കുട്ടികൾക്ക് ഉണ്ടായ മാനസിക അസ്വാരസ്യങ്ങളാവാം ഈ സ്ഥിതിവിശേഷം ക്രയേറ്റു ചെയ്തതെന്ന് എനിക്കു തോന്നിപ്പോയി. ഏതായാലും ഞങ്ങൾ വന്ന് ഏതാനുംദിവസങ്ങൾക്കുള്ളിൽ തന്നെ എല്ലാവരും ആരോഗ്യം വീണ്ടെടുക്കുകയും, കുണുങ്ങിയൊഴുകുന്ന ഒരരുവിയുടെതാളത്തിൽ ജീവിതം ഒഴുകിത്തുടങ്ങുകയും ചെയ്‌തെങ്കിലും, വേർപെടുവാനായി ഒന്നിക്കുന്ന ജീവിത സമസ്യയുടെഅപൂർവമായ ഈ പൂരണങ്ങൾ എത്ര കാലം ഇത് പോലെ നിലനിർത്താനാവും എന്ന സ്വാഭാവിക ആധിയിൽആയിരുന്നു ഞാൻ.

പുതുതായി വാങ്ങിയ വീടിന്റെ ക്ളോസിങ്ങിനായി ഞങ്ങൾ വരാൻ കാത്തിരിക്കുകയായിരുന്നു മകൻ. വീടിന്റെഇൻസ്‌പെക്ഷന് വേണ്ടി അവൻ ഏർപ്പെടുത്തിയ ഇൻസ്‌പെക്ടർ ഒട്ടേറെ പോരായ്‌മകൾ കണ്ടെത്തി റിപ്പോർട്ട്തന്നിരുന്നു. അവയെല്ലാം വീട്ടുടമ തന്നെ പരിഹരിച്ചിട്ടേ ക്ളോസിങ് നടത്തുകയുള്ളു എന്നതായിരുന്നു അവന്റെനിലപാട്. കുറച്ചൊക്കെ ആരെയോ വിളിച്ച് അവർ ശരിയാക്കിയിരുന്നു. ഇനിയും ധാരാളം കാര്യങ്ങൾ ഫിക്‌സ്ചെയ്‌യാനുണ്ടെങ്കിലും, അതൊക്കെ ഞാൻ ഫിക്സ് ചെയ്തു കൊള്ളാം എന്ന് ഞാനവനോട് പറഞ്ഞു. എങ്കിൽഅതിനുള്ള പൈസ കുറച്ചു കിട്ടണമെന്ന് അവൻ പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. അവസാന കാലത്ത് വീട്വിറ്റൊഴിയുന്ന ആ വൃദ്ധരോട് നമ്മൾ കാണിക്കേണ്ടത് കരുണയാണ് എന്ന എന്റെ നിർദ്ദേശം അംഗീകരിച്ചുകൊണ്ട് അവൻ സമ്മതിച്ചു. മേസ്സീസിൽ നിന്ന് ഞാൻ വാങ്ങിക്കൊണ്ടു വന്ന ഭേദപ്പെട്ട ഓരോ സ്വെറ്ററും ഒക്കെസമ്മാനമായി കൊടുത്ത് അവരെ ആവുന്നത്ര സന്തോഷോപ്പിച്ചു കൊണ്ടാണ് ക്ളോസിങ് നടത്തിയത്. ( ഒരാളിൽനിന്ന് ഒരു സാധനം വാങ്ങുന്പോൾ അതോടൊപ്പം അയാളുടെ  മനസ് കൂടി വാങ്ങാൻ കഴിയണം എന്ന എന്റെ ( മണ്ടൻ ) ചിന്ത ഇക്കാലത്ത് ആരും അംഗീകരിക്കും എന്ന് തോന്നുന്നില്ല )

വീടിന്റെ ക്ലോസിങ് കഴിഞ്ഞ അന്ന് തന്നെ അവർ വീടൊഴിഞ്ഞു പോയി. വലിയ നിലയിൽ ജീവിക്കുന്ന മക്കളിൽആരുടെയോ കൂടെ അവർ താമസം ആക്കിയിരിക്കണം. അവരുടെ പഴഞ്ചൻ സാധനങ്ങൾ വാരിക്കളയുന്നതിനുള്ളചുമതലയും നമ്മുടെ തലയിൽ വന്നു പെട്ടു. അതിനുള്ള പണം അവരിൽ നിന്നും ഈടാക്കണം എന്ന മകന്റെനിർദ്ദേശവും ഞാൻ അവഗണിച്ചത് കൊണ്ട് അവൻ സമ്മതിച്ചുവെങ്കിലും, അവരുടെ ഗാർബേജ് ചുമന്ന്ഞങ്ങളുടെ നടുവൊടിഞ്ഞു എന്ന് പറയുന്നതാവും ശരി. ' പപ്പ കൂടുതൽ സോഫ്റ്റ് ആവുന്നതാണ് എല്ലാറ്റിനുംകാരണം ' എന്ന മകന്റെ കുറ്റപ്പെടുത്തൽ ഏറ്റു വാങ്ങുന്നതിനും ഇത് ഇടയാക്കി.

മുകളിലത്തെ നില സാമാന്യം ഭേദപ്പെട്ട നിലയിൽ ആയിരുന്നു. എങ്കിലും സന്പൂർണ്ണമായ ഒരു ക്ളീനിംഗും, പെയിന്റിങ്ങും വേണ്ടി വന്നു. ഫാനുകൾ ഉൾപ്പടെയുള്ള ചില ഇലക്ട്രിക് ഉപകരണങ്ങൾ മാറ്റി പുതിയവ പിടിപ്പിച്ചു. വുഡൻ ഫ്ലോറും, ബാത്‌റൂമും പുറത്തു നിന്നുള്ളവരെ വിളിച്ചു ശരിയാക്കിച്ചു.

മുകളിലത്തെ നിലയിൽ ഒരു മലയാളികുടുംബം താമസം ആരംഭിച്ചു. നാട്ടിൽ തൊടുപുഴക്കാരായ അപ്പനുമമ്മയും, രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബം. താഴത്തെ നിലയുടെ പണി നടക്കുന്പോൾ  ഉണ്ടാവുന്ന തട്ടും, മുട്ടുംശബ്ദങ്ങൾ സഹിച്ചു കൊള്ളാം എന്ന് സമ്മതിച്ചു കൊണ്ടാണ് അവർ വന്നത്.

താഴത്തെ നിലയുടെ പുതുക്കൽ പ്രിക്രിയ ആരംഭിച്ചു. കിച്ചൻ, ബാത്ത്‌റൂം, ഫ്ലോർ, ഇലക്ട്രിക്കൽ, പ്ലംബിംഗ്  ഉൾപ്പടെഎല്ലാ ഏരിയകളിലും പുതുക്കിപ്പണി വേണ്ടി വന്നു. പുറത്തു നിന്ന് ആരെയും വിളിക്കാതെ ഞാൻ തന്നെയാണ്മിക്കവാറും പണികൾ നടത്തിയത്. വീക്കെന്റുകളിൽ മകനും എന്നോടൊപ്പം പണികളിൽ സഹകരിച്ചു. ഓൺലൈൻ പാഠങ്ങളുടെ സഹായത്തോടെ അവനും മിക്കവാറും പണികൾ ചെയ്‌യുന്നതിനുള്ള കഴിവ്നേടിയിരിക്കുന്നു. ഓരോ ഏരിയായിലും അവന്റേതായ ഒരു പുത്തൻ ടച്ചപ്പ് കൊണ്ട് വരുന്നതിൽ അവൻഎന്നെക്കാൾ സമർത്ഥനാണെന്നു ഞാൻ തിരിച്ചറിഞ്ഞു.

ഒരിക്കൽക്കൂടി ഹൃദയം പണി മുടക്കിയേക്കുമോ എന്ന ഭയം ഉണ്ടായിരുന്നത് കൊണ്ട് വളരെ ശ്രദ്ധിച്ച് സാവധാനംആണ് പണികൾ നടത്തിക്കൊണ്ടിരുന്നത്. റിട്ടയർമെന്റിനു ശേഷം വീട്ടിൽ കുത്തിയിരിക്കുന്ന എനിക്ക്ക്രിയാത്മകമായി സമയം കളയുന്നതിനുള്ള നല്ലൊരു അവസരമായിരുന്നു വീട് പണി. അത് കൊണ്ട് തന്നെ ഓരോഏരിയായിലും മികച്ച മെറ്റിരിയൽസ് ഉപയോഗിച്ച് ആവുന്നത്ര ഉയർന്ന ക്വാളിറ്റിയിൽ ആണ് പണി നടന്നുകൊണ്ടിരുന്നത്.

അപ്പോളാണ്, തികച്ചും അപ്രതീക്ഷിതമായി ലോകത്താകമാനമുള്ള മനുഷ്യ രാശിയുടെ മനസ്സിൽ മരണഭയത്തിന്റെ ചങ്ങല അണിയിച്ചു കൊണ്ട് കൊറോണ എന്ന കുഞ്ഞൻ വൈറസിന്റെ കാൽ വരവ്. പ്രളയവും, പ്രകൃതി ക്ഷോഭങ്ങളും, മഹാ മാരികളും ഇതിനു മുൻപും എത്രയോ തവണ സംഭവിക്കുകയും, എത്രയോ മനുഷ്യജീവിതങ്ങൾ നക്കിയെടുക്കുകയും ചെയ്തിരിക്കുന്നു ! ഒരു സ്ഥലത്തോ, പ്രിവിശ്യയിലോ, രാജ്യത്തോ, ഭൂഖണ്ഡത്തിലോ മാത്രമായി അന്നൊക്കെ ആ ദുരന്തങ്ങൾ അതിരിട്ടു നിന്നിരുന്നു. എന്നാൽ ഇന്നിപ്പോൾലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ ' കോവിഡ്  19 'എന്ന് ശാസ്ത്ര നാമമുള്ള ഈ മഹാമാരിയെ പേടിച്ചരണ്ടാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്.

മനുഷ്യർ കൂട്ടമായി എത്തിയിരുന്ന എല്ലാ മേഖലകളിലും അടച്ചു പൂട്ടൽ നിലവിൽ വന്നു. '  സാമൂഹ്യ അകലം ' എന്ന നിബന്ധനയോടെ മനുഷ്യർക്കിടയിൽ അജ്ഞാത മതിലുകൾ ഉയർന്നു നിന്നു. മാസ്ക്കും  കൈയുറകളുംധരിച്ചു കൊണ്ട് മാത്രമേ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാവൂ എന്ന നിയമം വന്നു. തൊട്ടു കൂടായ്‌മയും, തീണ്ടിക്കൂടായ്‌മയും എന്തെന്ന് ലോക ജനത അനുഭവിച്ചറിഞ്ഞു. ലോകത്തിന്റെ മുക്കിലും, മൂലയിലും ' കൊറോണാ ' എന്ന ഈ കുഞ്ഞൻ വൈറസ് ഭീഷണി ഉയർത്തി നിന്നു. ലക്ഷോപലക്ഷം മനുഷ്യർ രോഗ ബാധക്ക്വിധേയരാവുകയും, അവരിൽ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീഴുകയും ചെയ്‌തപ്പോൾ ചരിത്രംരേഖപ്പെടുത്തിയ  ഏറ്റവും വലിയ ഞെട്ടലിൽ മനുഷ്യ രാശി മരവിച്ചു നിന്നു.

പള്ളികളിലും, ക്ഷേത്രങ്ങളിലും നിന്ന് കാതടപ്പിക്കുന്ന പ്രഘോഷണങ്ങൾ  അവസാനിച്ചു.  ആചാരങ്ങളുടെകുടുക്കിൽ മൂക്ക് കയറിട്ട് അംഗങ്ങളെ നിയന്ത്രിച്ചിരുന്ന പുരോഹിതന്മാർക്ക് അവരുടെ ആടുകളുടെ നിയന്ത്രണംവിട്ടു പോയി. ആറടി അകലം പാലിച്ചില്ലെങ്കിൽ തങ്ങളേയും കൊറോണാ പിടികൂടുമോ എന്ന ഭയം മൂലമാകാം, ആരും ഓടിപ്പിടിച്ച് പള്ളിയിലേക്ക് അഥവാ ക്ഷേത്രത്തിലേക്ക് വരേണ്ടതില്ല എന്ന പുതിയ ഉപദേശം വന്നു. കൂദാശകളായി ( നിർബന്ധിത അനുഷ്ഠാനങ്ങൾ ) അംഗീകരിച്ചിട്ടുള്ള കുമ്പസാരവും, കുർബാനയപ്പവും ഒന്നുംസ്വീകരിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് വന്നു. പണ്ടാണെങ്കിൽ ഇതൊക്കെ സ്വീകരിക്കാത്തവനെ മഹാപാപിയായി പരിഗണിച്ചിരുന്നയിടത്ത് ഇന്നവർ പുണ്യാളന്മാരായി രൂപം മാറിയിരിക്കുന്നു.( ഒന്നുമില്ലെങ്കിക്കുംരോഗം പടർത്താനായി അവർ പള്ളിയിലേക്കും, ക്ഷേത്രത്തിലേക്കും വരുന്നില്ലല്ലോ ? )

ഓൺലൈൻ പ്രാർത്ഥനകളിലൂടെയും, പൂജാ കർമ്മങ്ങളിലൂടെയും ഭക്തരെ പൊഴിഞ്ഞു പോകാതെ പിടിച്ചുനിർത്തുന്നതിനുള്ള തീവ്ര ശ്രമങ്ങൾ പുരോഹിത വർഗ്ഗം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും അതൊന്നും അത്രക്കങ്ങ്ക്ലച്ചു പിടിക്കുന്നുമില്ല. രാഷ്ട്രീയക്കാരുടെയും, സാംസ്കാരികക്കാരുടെയും തൊള്ള തുറപ്പൻ ജൽപ്പനങ്ങൾ നിലച്ചു. സിനിമാക്കാരുടെയും, സെലിബ്രിറ്റികളുടെയും സ്വയം പ്രദർശന മാമാങ്കങ്ങൾക്ക് അറുതി വന്നു. പരസ്യവായാടികളുടെ സഹായത്തോടെ പൊങ്ങച്ച ഉൽപ്പന്നങ്ങൾ വിറ്റഴിച്ചു കോടികൾ കൊയ്‌യുന്നവരുടെ കൊള്ള മാത്രംഅവസാനിച്ചില്ല. തങ്ങളുടെ ‘ കാലൻ ‘ ബ്രാൻഡുകൾ കൊറോണക്ക് വേണ്ടി കൂടിയും പ്രത്യേകം ഡിസൈൻചെയ്തിട്ടുള്ളതാണ് എന്ന് സുന്ദരിമാരെക്കൊണ്ട് പറയിപ്പിച്ചു കൊണ്ടാണ് ഇപ്പോഴത്തെ കൊള്ള. ഉൽപ്പാദനഅവയവങ്ങൾ നാവിൽ കൊണ്ട് നടക്കുന്ന ചില ചാനൽ അവതാരകർ  ഇത്തരക്കാരെ മഹാത്മാക്കളായിചിത്രീകരിച്ചു കൊണ്ട് അവരുടെ പരസ്യത്തിന്റെ പങ്കു പറ്റുന്നു. അടിച്ചു പൊളിച്ച് ആള് കളിച്ച്പേക്കുറുക്കന്മാരെപ്പോലെ കൂവി നടന്നവർ പേടിച്ചു വിറച്ച് കുടുംബത്തിൽ ഇരുന്നു. ' അച്ചായൻ ബിസ്സി ' യായതിനാൽ കാണാൻ കിട്ടാത്ത വീട്ടുകാരനെ ഭാര്യക്കും, കുട്ടികൾക്കും എപ്പോഴും കാണാം എന്ന നില വന്നു.

ചുമ്മാ വീട്ടിൽ കുത്തിയിരിക്കുന്ന ഈ കാലയളവിൽ സ്വന്തം വീട്ടു മുറ്റത്തെ പുല്ല്  പറിക്കുകയും, കാടും,പടലുംനിറഞ്ഞ പരിസരങ്ങൾ വൃത്തിയാക്കി അവിടെ ഏതെങ്കിലും പഴവർഗ്ഗ ചെടികൾ നട്ട് പരിചരിക്കുകയും കൂടിചെയ്തിരുന്നെങ്കിൽ വരുവാനുള്ള നാളെകൾക്കും, തലമുറകൾക്കും അൽപ്പം മധുരിക്കുന്ന ഓർമ്മകൾസമ്മാനിക്കാൻ ഈ കൊറോണാക്കാലത്തിന് സാധിക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. അല്ലെങ്കിൽത്തന്നെ 'അമ്മ പ്രകൃതിയുടെ നൈസർഗ്ഗിക സുരക്ഷിത കരവലയത്തിൽ നിന്ന് കുതറി മാറിനാഗരികതയുടെ നക്ഷത്ര വിസ്മയം തീർക്കുന്ന കൃത്രിമത്വത്തിന് കീഴടങ്ങിയതായിരിക്കാം, മനുഷ്യരാശിനേരിടുന്ന മിക്ക ദുരന്തങ്ങൾക്കും കാരണമായിത്തീരുന്നത് എന്ന് പ്രകൃതി ചികിത്സ പഠിച്ച ഞാൻ ചിന്തിച്ചുപോയി.

ലോകത്താകമാനം മരിച്ചു വീഴുകയും, മരണത്തിലേക്ക് നടന്നടുക്കുകയും ചെയ്യുന്ന നിസ്സഹായരായ മനുഷ്യരെഓർത്ത് വേദനിക്കുന്നു ;  അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഏതൊരു ദുരന്തത്തിലുംരക്തസാക്ഷിയാകാൻ കുറേപ്പേർ ഉണ്ടാവണമല്ലോ ? ഇന്നത് അവരാണെങ്കിൽ നാളെയത് നമ്മളാവാംഎന്നേയുള്ളു.  ഒന്ന് ചീയുന്പോൾ മറ്റേതിന് വളമാകുന്നത് പോലെ മനുഷ്യ രാശിയുടെ ഗുണകരമായമാറ്റത്തിനുള്ള മൂല ഹേതുക്കളായിട്ടാണ് ഈ രക്ത സാക്ഷികൾ അരങ്ങൊഴിഞ്ഞത് എന്ന് ചിന്തിക്കാൻസാധിച്ചാൽ  വ്യക്തി പരമായ അവരുടെ നഷ്ടങ്ങൾ വർഗ്ഗ പരമായ നേട്ടങ്ങൾക്കാണ് കാരണമായിത്തീർന്നത് എന്ന്ആശ്വസിക്കാനേ നമുക്ക് കഴിയുന്നുള്ളു.

യുദ്ധാനന്തര യൂറോപ്പിന്റെ ഭഗ്ന മോഹങ്ങളിൽ നിന്ന് പിറവിയെടുത്ത ‘ എൻജോയ് ദി ലൈഫ് ‘ ന്റെ പടക്കുതിരപടിഞ്ഞാറൻ നാടുകളുടെ  ഭൗതിക സമ്പന്നതയുടെ ഒറ്റത്തുരുത്തുകളിൽ അതി കഠിനമായ ആസ്‌തിത്വവേദനയിൽ അടി പിണഞ്ഞ് ഗതികിട്ടാ പ്രേതത്തെപ്പോലെ അലഞ്ഞു നടക്കുന്പോൾ, മൂന്നാം ലോകരാഷ്ട്രങ്ങളിലെ ദരിദ്ര ജന കോടികൾ ‘ അടിപൊളി ‘ എന്ന ഓമനപ്പേരും ചാർത്തിച്ച് അതിനെ നെഞ്ചിലേറ്റിഅർമ്മാദിക്കുകയായിരുന്നെങ്കിലും, ‘ കൊറോണാ ‘ യെന്ന കുഞ്ഞൻ വൈറസ്, തന്റെ വരവോടെ ‘ മൂഷിക സ്ത്രീപിന്നെയും മൂഷിക സ്ത്രീയായ് വന്നു ’ എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് ഏവരെയും അടങ്ങിയൊതുങ്ങിജീവിക്കാൻ ശീലിപ്പിക്കുക വഴി ഒരു വലിയ കാര്യമാണ് സാധിച്ചെടുത്തത്.

താഴത്തെ നിലയിൽ ഒറ്റയ്ക്ക് ജോലി ചെയ്യുകയായിരുന്ന എനിക്ക് കൊറോണയെ പേടിക്കാതെ വീട്പണിതുടരുവാൻ സാധിച്ചു. വീക്കെന്റുകളിൽ മകൻ സഹായത്തിനെത്തുകയും, മെറ്റീരിയലുകൾ അവൻ തന്നെ വാങ്ങിസ്ഥലത്ത് എത്തിക്കുകയും ചെയ്തിരുന്നത് കൊണ്ട് അധികം പുറത്തു പോകാതെയും, ആളുകളോട്ഇടപഴകാതെയും ആണ് വീട് പണി ഞാൻ പൂർത്തിയാക്കിയത്. പണി പൂർത്തിയായി ഒരു മാസം തികയുന്നതിനുമുൻപ് തന്നെ അപ്പനുമമ്മയും മകനും ഉൾക്കൊള്ളുന്ന മറ്റൊരു മലയാളികുടുംബം അവിടെ താമസത്തിനുഎത്തുകയും, മൂന്നു മാസത്തോളം നീണ്ട കമ്മിറ്റ്മെൻറ് അവസാനിപ്പിച്ച ഞാൻ വീണ്ടും വീട്ടിൽ വിശ്രമത്തിൽആവുകയും ചെയ്തു.

അപ്പോഴേക്കും കൊറോണാ അതിന്റെ മൂർദ്ധന്യത്തിൽ എത്തി സംഹാരം തുടരുകയായിരുന്നു. ഒരു ദിവസംരണ്ടായിരത്തിലേറെപ്പേർ ന്യൂ യോർക്കിൽ മാത്രം മരണമടയുന്ന ഒരു നില വന്നു. യൂറോപ്പിലും മധ്യ പൗരസ്ത്യദേശങ്ങളിലും മാത്രമല്ലാ, ഇന്ത്യയിലും, നമ്മുടെ കൊച്ചു കേരളത്തിലും കൊറോണാ അതിന്റെ സംഹാര താണ്ഡവംതുടർന്നുവെങ്കിലും, ഇടതുപക്ഷ ഗവർമെന്റിന്റെ സമർത്ഥമായ ഇടപെടലുകൾമൂലം ഒരു പരിധി വരെ കൊറോണവ്യാപനം തടഞ്ഞു നിർത്താൻ ദൈവത്തിന്റെ സ്വന്തം നാടിനു സാധിച്ചു എന്നത് അഭിമാനത്തോടെ നാം കണ്ണ്തുറന്നു കാണേണ്ടതുണ്ട്.

 തങ്ങൾ എല്ലാം കണ്ടെത്തിക്കഴിഞ്ഞു എന്ന് നെഞ്ചു വിരിച്ചു നിന്ന് പ്രഖ്യാപിക്കുന്ന മാനവിക വിജ്ഞാന ശാഖഅപരനെ ആക്രമിച്ചു കൊല്ലാൻ വേണ്ടി അതി ശക്തമായ ആണവത്തലപ്പുകൾ ഘടിപ്പിച്ച ഭീമൻ ഭൂഖണ്ഡാന്തരമിസൈലുകൾ കരയിലും, കടലിലും, ആകാശത്തിലും അതി സമർത്ഥമായി വിന്യസിച്ച് പരസ്‌പ്പരം കാത്തിരിക്കുന്പോഴും, ഒന്നുമേയല്ലെന്ന് നമ്മൾ വിലയിരുത്തുന്ന എത്രയോ കുഞ്ഞു കുഞ്ഞൻ വൈറസുകളുടെആക്രമണത്തിൽ അടി പിണയുന്ന മനുഷ്യ രാശി ഇന്നും ലോകത്താകമാനം മരിച്ചു വീണു കൊണ്ടിരിക്കുകയാണ്. ഈ വൈരുദ്ധ്യം നമ്മെ ഓർമ്മപ്പെടുത്തുന്നത്, ഒരിക്കലും നമുക്ക് മനസിലാക്കാനാവാത്ത ഒരായിരം സത്യങ്ങളുടെഅക്ഷയ ഖനിയാണ് നാം ജീവിക്കുന്ന ഈ മഹാ പ്രപഞ്ചം എന്ന വസ്തു നിഷ്ഠമായ യാഥാർഥ്യമാണ്.!

പ്രകൃതി ജീവന സിദ്ധാന്തത്തിന്റെ അടിസ്ഥാസനത്തിൽ ചിന്തിക്കുന്പോൾ സ്വാഭാവികമായ ആവാസവ്യവസ്ഥയുടെ ഭാഗം മാത്രമാണ് ഈ വൈറസുകൾ. ഇവ ഇന്നലെ പെട്ടെന്ന് പൊട്ടി മുളച്ച വിഷ വിത്തുകളല്ലെന്നും, മനുഷ്യൻ ഉൾപ്പടെയുള്ള  കോടാനുകോടി വരുന്ന വൈവിധ്യമാർന്ന ജൈവ പ്രതിഭാസങ്ങളിൽകേവലമായ ഒന്ന്  മാത്രമാണെന്നും, പ്രപഞ്ചത്തിലെ ഓരോ കണികകളും പരസ്പരം സഹകരിച്ചു നിലനിൽക്കുന്നതിനുള്ള സൈദ്ധാന്തിക സംവിധാനത്തിലാണ് ഈ മഹാ പ്രപഞ്ചം സൃഷിക്കപ്പെട്ടിട്ടുള്ളത് എന്നും  ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ സംവിധാനത്തിന്റെ പ്രായോഗിക പ്രകടനത്തിന്റെമഹത്തായ പ്രവാഹത്തെയാണ് മലയാളത്തിൽ സ്നേഹം എന്ന് നാം അടയാളപ്പെടുത്തുന്നത്. സ്നേഹത്തിൽപ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, സ്നേഹത്തിൽ പ്രപഞ്ചം സംരക്ഷിക്കപ്പെട്ടിരിക്കുന്നു, സ്നേഹത്തിൽ പ്രപഞ്ചംനില നിർത്തപ്പെട്ടിരിക്കുന്നു.

പരമമയ ഈ സ്നേഹത്തിന്റെ സമൂർത്ത സത്യം എന്തെന്ന് കണ്ടെത്തുവാനും, തിരിച്ചറിയുവാനും സാധിച്ചത്കൊണ്ടാണ്, യുഗ പ്രഭാവനായ യേശു അത്യപൂർവമായ തന്റെ പ്രതിഭാ വിലാസത്തിന്റെ നേർക്കാഴ്ചയുടെ  വാങ്മയ നിർവചനമായി " ദൈവം സ്നേഹമാകുന്നു " എന്ന സത്യ സന്ധവും,  സാര ഗർഭവുമായ സൂത്ര വാക്യംപുറത്തേക്ക് പ്രസരിപ്പിച്ചത്.

എന്നാൽ ഈ  സത്യം അംഗീകരിക്കുന്നതിന് പകരം സ്വയം കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടിൽ തന്ത്ര പൂർവം മുഖംഒളിപ്പിച്ചു  രക്ഷപ്പെടുവാനാണ് ആധുനിക ലോകത്തിലെ അറിവ് കൊണ്ട് സമ്പന്നരായ പരിഷ്ക്കാരികൾശ്രമിക്കുന്നത്. ശാസ്ത്രമാണ് പരമമായ സത്യമെന്നു വിശ്വസിക്കുകയും അത് സ്ഥാപിച്ചെടുക്കുന്നതിനായി ഏതുകള്ളവും യാതൊരു ഉളുപ്പില്ലാതെ തട്ടി വിടുകയും ചെയ്യുന്നവരുടെ ഒരു വലിയ നിര തന്നെ ഇവർരൂപപ്പെടുത്തിയിട്ടുണ്ട്. ചാനൽ ചർച്ചകൾക്കായി വീറോടെ വാദിക്കാനെത്തുന്ന ഇവരുടെ പ്രതിനിധികൾ തങ്ങൾശാസ്ത്രം പഠിച്ച് സർട്ടിഫിക്കേറ്റ് നേടിയിട്ടുള്ളവരാണെന്നും, തങ്ങൾ പറയുന്നതിന് അപ്പുറം വേറെയാർക്കും ഒന്നുംപറയാനില്ലെന്നും പ്രഖ്യാപിക്കുകയും, അമൂല്യമായ ആയുർവേദം പോലും അബദ്ധമാണെന്ന് ചിത്രീകരിച്ച് കൊണ്ട്അങ്ങനെ പറയുന്നവരെ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റവാളികളാക്കി  അകത്താക്കുകയുംചെയ്യുന്നതോടെ തിരു വായ്ക്ക് എതിർ വായില്ല എന്നറിഞ്ഞു ജനം നിശ്ശബ്ദരാവുന്നു.  

ഇന്നലെ വരെ തങ്ങളാണ് എല്ലാവരേക്കാളും മിടുക്കർ എന്ന് കൊട്ടി ഘോഷിക്കുകയും, തെളിയിക്കപ്പെട്ട സത്യമാണ്തങ്ങളുടേതെന്ന് വീറോടെ വാദിക്കുകയും ചെയ്തിരുന്ന ശാസ്ത്ര ലോക വിശാരദന്മാർ ; തങ്ങൾതെളിയിക്കാത്തതൊന്നും സത്യമല്ല എന്ന് പ്രചരിപ്പിച്ചിരുന്ന അവർക്കുള്ള ഒരു പാഠവും, മുന്നറിയിപ്പുമാണ് ഈമഹാമാരിക്കാലം. മനുഷ്യ കോശങ്ങളിൽ നിന്ന് ഡി. എൻ. എ. വേർതിരിക്കുകയും, വിദൂര ഗ്രഹങ്ങളിൽ നിന്ന്ഉപരിതല സാന്പിളുകൾ ശേഖരിച്ചു പരിശോധിക്കുകയും ചെയ്യുന്ന ഇവരുടെ നേട്ടങ്ങൾ ആദരവുകളോടെഅംഗീകരിക്കുന്പോൾ തന്നെ സഖാക്കളേ, നിങ്ങൾക്ക് അറിയുവാനോ, കണ്ടെത്തുവാനോ ആവാത്തആയിരമായിരം സാധ്യതകളുടെ ആകെത്തുകയാണ് നിങ്ങൾ കൂടി ഉൾക്കൊള്ളുന്ന ഈ മഹാ പ്രപഞ്ചം എന്നസത്യം ഇനിയെങ്കിലും തിരിച്ചറിയുവാനുള്ള ഒരു സുവർണ്ണ അവസരം തന്നെയാവട്ടെ ഈ കൊറോണാക്കാലം.

കൊറോണാ വൈറസിനെതിരെയുള്ള മരുന്നിനും, പ്രതിരോധ വാക്‌സിനുമായി ലബോറട്ടറികളിൽഉറക്കമൊഴിക്കുന്ന നിങ്ങൾക്ക് ഇന്നല്ലെങ്കിൽ നാളെ അത് കരഗതമാവട്ടെ എന്നാശംസിക്കുന്നു. അത്കയ്യെത്തിക്കഴിയുന്പോളും അസാമാന്യമായ ആത്മ വിശ്വാസത്തോടെ നിങ്ങൾ അഹങ്കരിച്ചു പുളക്കരുത് എന്നേഇവിടെ അപേക്ഷയുള്ളു. നമുക്കും, നമ്മുടെ ചിന്തകൾക്കും അതീതമായ എന്തൊക്കെയോ കൂടി നമ്മുടെപിന്നിലുണ്ട് എന്ന യാഥാർഥ്യം തിരിച്ചറിയുവാനുള്ള ഒരു നിമിത്തമാവട്ടെ ഇതെന്നേ അർത്ഥമാക്കുന്നുള്ളു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക