Image

പിണറായി വിജയന്റെ രാജിക്കായുള്ള മുറവിളി പാഴായിപ്പോകുമ്പോള്‍...(ശ്രീനി)

Published on 18 July, 2020
പിണറായി വിജയന്റെ രാജിക്കായുള്ള മുറവിളി പാഴായിപ്പോകുമ്പോള്‍...(ശ്രീനി)

സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കുമോ..? (ഉത്തരം ഈ ലേഖനത്തിന്റെ അവസാനമുണ്ട്) ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയ ഇടനാഴികളില്‍ ഉയര്‍ന്നു കേട്ട ചോദ്യമാണിത്. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ അത്യപൂര്‍വ്വമായ ഈ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നില്ല. സ്വര്‍ണ്ണ കടത്തിലെ പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രി നേരിട്ടു നിയന്ത്രിക്കുന്ന ഐ.റ്റി വകുപ്പിനു കീഴില്‍ ജോലി ചെയ്തിരുന്ന വ്യക്തി ആയിരുന്നതു കൊണ്ടും ഐ.റ്റി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന് സ്വപ്നയുമായി ബന്ധമുള്ളതിനാലും ആണ് മുഖ്യമന്ത്രിക്കു നേരെ പ്രതിപക്ഷം വാളെടുക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഘടക കക്ഷി നേതാക്കളും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനുള്ള തന്ത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി മെനഞ്ഞുകൊണ്ടിരിക്കുന്നു. രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടു വന്ന സ്പ്രിംഗ്‌ളര്‍ അഴിമതി ആരോപണം വേണ്ടത്ര ഏശിയില്ല. സ്പ്രിംഗ്‌ളര്‍ ആറിത്തണുത്തുറഞ്ഞു പോയ ഘട്ടത്തിലാണ് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിനെ പ്രഹരിക്കാനുള്ള ആയുധമായി സ്വര്‍ണ്ണ കടത്ത് വീണുകിട്ടിയത്. രമേശ് ചെന്നിത്തല ഇന്നലെ വെടി പൊട്ടിച്ചെങ്കിലും പിണറായി വിജയന്‍ കുലുങ്ങിയില്ല.

ഇന്നലെ നടന്ന മൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാം. രമേശ് ചെന്നിത്തലയുടെ വിശദമായ വാര്‍ത്താ സമ്മേളനമായിരുന്നു ആദ്യത്തേത്. അദ്ദേഹം മുഖ്യമന്ത്രിക്കു നേരെയും മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയും കത്തിക്കയറി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമായിരുന്നു രണ്ടാമത്തേത്. പൊതുജന ക്ഷേമവും കാര്യക്ഷമമായ ഭരണവും ഉറപ്പാക്കി മുന്നോട്ടു പോയ സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് സ്വര്‍ണ്ണ കടത്തു കേസിന് പിന്നാലെ വന്ന ആരോപണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇത് മുഖ്യമന്ത്രിയുടെ വീഴ്ച അല്ലെങ്കിലും ഉദ്യോഗസ്ഥരുടെ സമീപനം രാഷ്ട്രീയ തിരിച്ചടി ആവാതിരിക്കാനുള്ള ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ഇത് സര്‍ക്കാരിനുള്ള പാഠമാണെന്നും യോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു.

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും അതേ നാണയത്തില്‍ മറുപടി കൊടുത്തുകൊണ്ടുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താ സമ്മേളനമാണ് മറ്റൊന്ന്. സ്വര്‍ണ്ണ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കുന്നത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആസൂത്രിത നീക്കമാണെന്നും കോടിയേരി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. കുറ്റാരോപിതര്‍ക്കെതിരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ഒരു സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നതിന്റെ മാതൃകയാണെന്ന് കോടിയേരി പറഞ്ഞു.

തുടര്‍ന്നു വൈകിട്ട് ആറ് മണിക്ക് പതിവുള്ള കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ചൂടുള്ള പ്രതികരണം ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ക്ക്, താന്‍ എല്ലാം ഇന്നലെ തന്നെ വിശദമാക്കിയിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്ന സാഹചര്യത്തിന്റെ ഗൗരവം കുറഞ്ഞുപോയി.

എന്നാല്‍ ഐ.റ്റി സെക്രട്ടറിയും തന്റെ വിശ്വസ്ത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറെ മുഖ്യമന്ത്രി കൈ ഒഴിയുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ഇത്രയും ദിവസം നടപടികളൊന്നുമെടുക്കാതെ ശിവശങ്കറിനു വേണ്ടി പ്രതിരോധം തീര്‍ത്ത മുഖ്യമന്ത്രി ഒടുവില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡു ചെയ്ത ഉത്തരവില്‍ ഒപ്പുവച്ചു. ശിവശങ്കര്‍ ഐ.റ്റി വകുപ്പില്‍ സെക്രട്ടറി ആയിരിക്കെ പ്രസ്തുത വകുപ്പിലും അനുബന്ധ സ്ഥാപനങ്ങളിലുമായി നടത്തിയ മുഴുവന്‍ നിയമനങ്ങളും ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കും. അതേസമയം ശിവശങ്കറെ എന്‍.ഐ.എ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ കവചം ഇല്ലാതായതോടെ ശിവശങ്കര്‍ വിയര്‍ക്കുന്ന ദിനങ്ങളാണ് ഇനി വരാനുള്ളത്.

സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ പഴുതടച്ചുള്ള അന്വേഷണമാണ് എന്‍.ഐ.എയും കസ്റ്റംസും നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക കുറ്റ കൃത്യവും നടന്നിട്ടുള്ളതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കൂടി അന്വേഷണത്തില്‍ പങ്കാളികളാവുമ്പോള്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നു തന്നെയാണ് നിലവില്‍ പൊതുജനങ്ങളും പ്രതീക്ഷിക്കുന്നത്. രാജ്യസുരക്ഷ അപകടത്തിലാക്കുന്ന ശൃംഘല സ്വര്‍ണ്ണക്കടത്തിനു പിന്നിലുണ്ടെന്നാണ് കസ്റ്റംസിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് എന്‍.ഐ.എയുടെ അന്വേഷണം സുഗമമാക്കും. ഏറ്റവും ഒടുവില്‍ എല്ലാ അന്വേഷണഏജന്‍സികളും ചെന്നെത്തുന്നത് തീവ്രവാദ സംഘടനകളിലേക്കായിരിക്കും എന്നാണ് നിലവിലുള്ള സൂചന.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരണമെങ്കില്‍ ഇപ്പോള്‍ ദുബായിലുള്ള ഫൈസല്‍ ഫരീദ് പിടിയിലാകണം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് നിഷ്‌ക്കളങ്ക ഭാവത്തോടെ സംസാരിച്ച ഫൈസല്‍ ഫരീദ് ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ അഭ്യര്‍ത്ഥന അനുസരിച്ച് ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം യു.എ.ഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്തു നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഫൈസല്‍ ഫരീദ് ഒളിവില്‍ പോയെന്നാണ് ദുബായില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇതിനിടെ സ്വര്‍ണ്ണ കടത്തുകേസില്‍ മൂന്നാം പ്രതി ആയി ചേര്‍ത്തിട്ടുള്ള ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ കമ്പ്യൂട്ടറും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തു. ഫൈസലിനെ താമസിയാതെ പിടികൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ ശുഭപ്രതീക്ഷ. ഇപ്പോള്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സരിത്തിനെയും സന്ദീപ് നായരെയും സ്വപ്നയേയും തിരുവനന്തപുരത്തെ വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുക്കുന്ന പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതികള്‍ കസ്റ്റഡിയിലുള്ള സമയം ഒട്ടും പാഴാക്കാതെ നിര്‍ണ്ണായക രേഖകളും തെളിവുകളും ശേഖരിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് എന്‍.ഐ.എയും കസ്റ്റംസും. അങ്ങനെ കേസന്വേഷണം അതിന്റെ വഴിക്ക് ഊര്‍ജ്ജ്വസ്വലമായിത്തന്നെ നടക്കുന്നുണ്ട്.

കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണ കള്ളക്കടത്തു കേസുകളിലൊന്നാണ് നയതന്ത്ര ബാഗിന്റെ പരിരക്ഷയില്‍ നടന്നത്. അതാകട്ടെ രാജ്യസുരക്ഷയെ ബാധിക്കുന്ന തീവ്രവാദ ബന്ധങ്ങളുള്ള ഗുരുതര സ്വഭാവമുള്ള കേസായി മാറിയിരിക്കുകയുമാണ്. കേസന്വേഷണത്തിന്റെ പര്യവസാനം നമ്മെ ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ ഉണ്ടായേക്കാം. ഇവിടെ കേവലമായ രാഷ്ട്രീയ താത്പര്യങ്ങളെക്കാള്‍ സുപ്രധാനം രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു പ്രമാദമായ കേസിന്റെ ചുരുളുകള്‍ അഴിച്ച് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നതാണ്.

ആ നിലയ്ക്കുള്ള കൃത്യമായ അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. മുഖ്യമന്ത്രി രാജി വയ്ക്കുക എന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ താത്പര്യം മാത്രമാണ്. എന്നാല്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയ സര്‍ക്കാരാണിത്. ആ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി നിലവില്‍ രാജി വയ്‌ക്കേണ്ട ഒരു സാഹചര്യവുമില്ല. രാജിവച്ച് എന്തിന് മാളത്തിലൊളിക്കണം. അത് ഭീരുത്വവുമാണ്. തൊട്ടതിനു പിടിച്ചതിനും രാജിവച്ച് താന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ തന്നെ വില കളഞ്ഞ പല രാഷ്ട്രീയക്കാരും നമ്മുടെ മുന്നിലുണ്ട്. ആ നിലയിലേക്ക് പിണറായി വിജയനും നിലവാരം ഇടിഞ്ഞ് താഴ്ന്നു പോകേണ്ടതില്ല. മുഖ്യമന്ത്രിക്കസേരയിലിരുന്നുകൊണ്ടുതന്നെ ഈ കേസ് തെളിയിക്കണം. അത് ഒരു വെല്ലുവിളിയായിത്തന്നെയല്ലേ എടുക്കേണ്ടത്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക