Image

സിന്ദൂരം (കവിത: ഉമ പട്ടേരി)

Published on 17 July, 2020
സിന്ദൂരം (കവിത: ഉമ പട്ടേരി)
ഓര്മ്മക്കുറിപ്പിൽ
ഒരിക്കലും മാഞ്ഞു പോകാതെ
കാലം സൂക്ഷിച്ചു വെച്ചൊരേട്.
സ്നേഹത്തിന്റെയും
സംരക്ഷണത്തിന്റെയും
അവകാശ സൂചകമായ് നീയെന്റെ
നെറ്റിയിലണിയിച്ച സിന്ദൂരം.
തലയ്ക്കു മുകളിൽ വട്ടമിട്ടു
പറക്കുന്ന കഴുകൻ കണ്ണുകളിൽ
നിന്നും രക്ഷ നേടാനുള്ള
ഒരാഭരണമായിരുന്നില്ല
നീയണിയിച്ച താലിമാല.
നിന്റെ ഹൃദയത്തിന്റെ
താളവും തുടിപ്പും തിരിച്ചറിയാനായ്
നീയെനിക്കു നൽകിയ സമ്മാനം.
കാലത്തിന്റെ കുത്തൊഴുക്കിൽ
ഒരിക്കലും മാഞ്ഞു പോകാതെ
ഞാനെന്നും നെഞ്ചോടു ചേർത്തത്
എപ്പോഴാ... എവിടെയാ...
നമുക്ക് ചുവടുകൾ പിഴച്ചത്..
വിഷ സർപ്പങ്ങൾ നമുക്കിടയിൽ
ഫണം വിടർത്തിയാടാൻ
തുടങ്ങിയതെന്ന് മുതലായിരുന്നു.
അടക്കിപ്പിടിച്ച തേങ്ങലുകൾ
പൊട്ടിത്തെറിയും ആക്രോശവുമായി
മാറിയതെന്ന് മുതലായിരുന്നു.
ഞാൻ കാത്തു സൂക്ഷിച്ച
എന്റെ പാതിവ്രത്യത്തിൽ
നിന്റെ ചിന്തകളാൽ മായം
കലർത്തിയപ്പോഴോ...
ഒന്നു നീ ഓർക്കുക...
നിന്റെ പെണ്ണ് എന്നെങ്കിലും
പിഴച്ചു പോയിട്ടുണ്ടെങ്കിൽ
മനസ്സു കൊണ്ടെങ്കിലും വ്യഭിചരിച്ചിട്ടുണ്ടെങ്കിൽ
അത് നീ വേശ്യയെന്നു
ഒരു തവണയെങ്കിലും
മുദ്ര കുത്തിയതിനു ശേഷമായിരിക്കും.
സിന്ദൂരം (കവിത: ഉമ പട്ടേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക