Image

ഒരു ട്രെയിന്‍ദുരന്തം (കഥ: സാം നിലമ്പള്ളില്‍)

Published on 17 July, 2020
ഒരു ട്രെയിന്‍ദുരന്തം (കഥ: സാം നിലമ്പള്ളില്‍)
ഷൊര്‍ണ്ണൂരിലുള്ള  യുവസാഹിതി എന്ന സംഘടനക്ക് പതിനായിരം രൂപാകൊടുത്ത് സംഘടിപ്പിച്ച അവര്‍ഡ് സ്വീകരിക്കാനാണ് ഞാന്‍ കൊല്ലത്തുനിന്ന് യാത്രതിരിച്ചത്. ഒരിക്കല്‍ കൊല്ലംമുതല്‍ കോഴിക്കോടുവരെ നിന്ന് യാത്രചെയ്യേണ്ടിവന്ന അനുഭവം ഉണ്ടായിരുന്നതിനാല്‍ ഒരു ഇരിപ്പിടംകിട്ടുമോ എന്ന ശങ്കയോടുകൂടിയാണ് വേണാട് എക്‌സ്പ്രസ്സില്‍ ഇടിച്ചുകയറിയത്. ഭാഗ്യത്തിന് എന്റെയൊരു പരിചയക്കാരന്‍ സീറ്റ് ഒഴിഞ്ഞുതന്നതിനാല്‍ കയറിയ ഉടനെതന്നെ ഇരിപ്പിടംകിട്ടി.. അയാള്‍ അടുത്തസ്റ്റോപ്പില്‍ ഇറങ്ങുകയാണെന്ന് പറഞ്ഞു. സീറ്റൊഴിഞ്ഞുതന്നതിനുള്ള നന്ദിപ്രകടനം എന്നനിലക്ക് '"സാര്‍ എവിടെപ്പോയിട്ട് വരുന്നു?’ എന്ന് കുശലംചോദിച്ചു. ഇറങ്ങാനുള്ള തത്രപ്പാടിനിടയില്‍ "തിരുവനന്തപുരത്തുനിന്ന്’എന്ന മറുപടികിട്ടിയപ്പോള്‍ സന്തോഷത്തോടെ അയാള്‍ ഒഴിഞ്ഞുതന്ന സീറ്റില്‍ ഞാന്‍ ആസനസ്ഥനായി. ഇനിയിപ്പോള്‍ ഷൊര്‍ണ്ണൂര്‍ എത്തുന്നതുവരെ ഈസീറ്റ് എന്റേതുമാത്രമാണ്. റയില്‍വേ മന്ത്രിക്കുപോലും എന്നോട് അവിടെനിന്ന് എഴുന്നേല്‍ക്കാന്‍ പറയാന്‍ സാധ്യമല്ല.

ഇരിപ്പിടം ഉറപ്പിച്ചതിനുശേഷമാണ് ചുറ്റും ഇരിക്കുന്നവരെ ശ്രദ്ധിച്ചത്, പ്രത്യേകിച്ചും എതിര്‍വശത്തിരിക്കുന്ന സ്ത്രീയെ. കപ്പലണ്ടി തിന്നുകൊണ്ടിരുന്ന അവരോട് ആദ്യനോട്ടത്തില്‍തന്നെ എനിക്ക്  അനിഷ്ടമാണ് തോന്നിയത്. കപ്പലണ്ടിയുടെ തൊലി പറന്നുവന്ന് എന്റെ നല്ലപാന്റ്‌സില്‍ വീണുകൊണ്ടിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. ട്രെയിനില്‍ കപ്പലണ്ടി തിന്നുന്നതിന് നിരോധനം ഇല്ലാത്തതിനാല്‍ അത് തിന്നരുതെന്ന്  പറയാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ടുമാത്രമല്ല എനിക്ക് അവരോട് വിരോധമുണ്ടായത്. മുന്‍ജന്മത്തില്‍പോലും കണ്ടിട്ടില്ലാത്ത സ്ത്രീയോട് ഇത്രയധികം വെറുപ്പ് തോന്നാനുള്ള കാരണമെന്താണെന്ന് ഞാന്‍ പലതവണ ആലോചിച്ചു. അവരുടെ രൂപവും ഭാവവുമൊന്നും എനിക്ക് ഇഷ്ടപ്പെട്ടതായിരുന്നില്ല. പിന്നീടാണ് അവരുടെ അടുത്തിരിക്കുന്ന മനുഷ്യനെ നോക്കിയത്. അയാള്‍ എന്നെനോക്കി ചിരിക്കുകയായിരുന്നു. അയാള്‍ ചിരിച്ചസ്ഥിതിക്ക് തിരിച്ചൊരു ചിരിസമ്മാച്ചില്ലെങ്കില്‍ മര്യാദകേടല്ലേയെന്ന് വിചാരിച്ച് ഞാനും പല്ല് പുറത്തുകാണിച്ചു.

“സാറിനെ എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നുന്നു.” അയാള്‍ പറഞ്ഞു.

“വാരിക—യൊക്കെ വായിക്കാറുണ്ടോ? അതില്‍വരുന്ന കഥകളും.” ഞാന്‍ ചോദിച്ചു.

“ഉവ്വ്. ഇപ്പം മനസിലായി. “ഒരു ട്രെയിന്‍ദുരന്തം’ എഴുതിയ നിലമ്പള്ളില്‍ സാറല്ലേ?” അയാള്‍ എന്നെ മനസിലാക്കയതിലുള്ള അഭിമാനംകൊണ്ട് ചുറ്റും ഇരിക്കുന്നരെ അല്‍പം ഗമയോടെ നോക്കി. അവര്‍ അതൊന്നും കാര്യമാക്കുന്നില്ല എന്നഭാവത്തോടെ ഇരിക്കുന്നത് കണ്ടപ്പോള്‍ നിരാശയോടെ പിന്‍തിരിഞ്ഞ് അയാളുമായിട്ടുള്ള സംഭാഷണം തുടര്‍ന്നു. ഷൊര്‍ണൂരിലുള്ള യുവസാഹിതി എന്ന സാഹിത്യവേദി പ്രഖ്യാപിച്ചിട്ടുളള അവര്‍ഡ് സ്വീകരിക്കാന്‍ പോവുകയാണെന്ന് അയാള്‍ ചോദിക്കാതെതന്നെ അങ്ങോട്ടുകയറി പറഞ്ഞു. ക്‌ളബ്ബ് ഭാരവാഹികള്‍ക്ക് പതിനായിരം രൂപാകൊടുത്ത് തട്ടിക്കൂട്ടിയ അവര്‍ഡാണെന്നുമാത്രം പറഞ്ഞില്ല. അല്ലെങ്കില്‍തന്നെ അതൊക്കെ അയാളോട് എന്തിനുപറയണം?

അവാര്‍ഡൊക്കെ ഇപ്പോള്‍ ഓരോരുത്തര് കാശുകൊടുത്ത് വാങ്ങുന്നതാണെന്ന് അയാള്‍ പറഞ്ഞപ്പോള്‍ എന്റെ ബലൂണിന്റെ കാറ്റുപോയതുപോലെയാണ് തോന്നിയത്. വിഷയം മാറ്റാന്‍വേണ്ടി അടുത്തിരിക്കുന്ന സ്ത്രീ ഭാര്യയാണോയെന്ന് ചോദിച്ചു. ആ സ്ത്രീക്ക് ഞങ്ങടെ സംഭാഷണത്തില്‍ താല്‍പര്യമില്ലാത്തതുപോലെ കപ്പലണ്ടിയില്‍മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് അതിനെ ഉന്മൂലനംചെയ്ത് രസിക്കുകയായിരുന്നു. അന്‍പത് രൂപാകൊടുത്ത് ട്രൈക്‌ളീന്‍ ചെയ്ത പാന്റ്‌സിലേക്ക് നോക്കിയപ്പോള്‍ ഹൃദയം തകരുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ഒരായിരം കപ്പലണ്ടിത്തൊലികൊണ്ട് അലംകൃതമായിരുന്നു എന്റെ വെള്ളപാന്റ്‌സ്. അത് തട്ടിക്കളഞ്ഞാല്‍ അവളുടെ ഭര്‍ത്താവായ എന്റെ ആരാധകന് അനിഷ്ട്ടം തോന്നിയെങ്കിലോ എന്നുകരുതി ഞാന്‍ നിഷ്ക്രിയനായി ഇരുന്നതേയുള്ളു. ഷൊര്‍ണൂര് ചെന്നിട്ടായാലും തട്ടിക്കളയാമല്ലോയെന്ന് സമാധാനിച്ചു.

എന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ തന്റെപേര് ശങ്കര്‍ എന്നാണെന്നും തൃശ്ശൂരിലുള്ള മകളുടെ വീട്ടില്‍ പോവുകയാണെന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ തൃശ്ശൂരെത്തുമ്പോള്‍ കപ്പലണ്ടിത്തൊലി തട്ടിക്കളയാമല്ലോയെന്ന് ആശ്വസിച്ച് എന്റെ പാന്റ്‌സ് വൃത്തികേടാക്കിയ സ്ത്രീയെ ക്രൂരമായി നിരീക്ഷിച്ചുകൊണ്ട് ഞാനിരുന്നു. മദ്ധ്യവയസ്കയായ അവരുടെ മുഖത്തിന് വൈരൂപ്യമൊന്നും ഇല്ലായിരുന്നു. പക്ഷേ, ശരീരം മുഖത്തിന് ചേര്‍ന്നതായിരുന്നില്ല. ഒരു ചക്കയുടെ മുകളില്‍ ചെറുനാരങ്ങ എടുത്തുവെച്ചാല്‍ എങ്ങനെയിരിക്കും; അങ്ങനെ ഉപമിക്കാനാണ് എനിക്കുതോന്നിയത്. ചെറുനാരങ്ങ അവരുടെ മുഖം, ചക്ക ശരീരവും. കഴുത്തിലും കൈകളിലും നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍; ഉടുത്തിരിക്കുന്നത് വിലകൂടിയ പട്ടുസാരി. ഒരുവഴിയാത്ര ചെയ്യുമ്പോള്‍ ഇതിന്റെയൊക്കെ ആവശ്യമുണ്ടോയെന്ന് ചോദിക്കണമെന്ന് എനിക്കുതോന്നി.

 നീണ്ടുമെലിഞ്ഞ ഭര്‍ത്താവും അവരുംതമ്മില്‍ യാതൊരു ചേര്‍ച്ചയും ഇല്ലായിരുന്നു. രണ്ടുപേരുംകൂടി നടന്നുപോയാല്‍ എങ്ങനെയിരിക്കുമെന്ന് ഞാന്‍ സങ്കല്‍പിച്ചു. പത്ത് എന്ന അക്കങ്ങള്‍ക്ക് മനുഷ്യരൂപം നല്‍കിയാല്‍ എങ്ങനെയിരിക്കുമെന്ന ആലോചിച്ചപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. ശങ്കറിന്റെ ഭാര്യ കപ്പലണ്ടിതീറ്റി മതിയാക്കി ബാഗില്‍നിന്നും ഒരു ഓറഞ്ചെടുത്ത് പൊളിക്കാന്‍ തുടങ്ങി. ഇനി ഓറഞ്ചിന്റെ തൊലിയും എന്റെ പാന്റ്‌സിലേക്ക് ഇടുമോയെന്ന് ഭയപ്പെട്ട് ഞാന്‍ കാലുകള്‍ എത്രത്തോളം പിന്നിലേക്ക് വലിക്കാമോ അത്രത്തോളം അടുപ്പിച്ചു; ബാഗെടുത്ത് മടിയിലും വെച്ചു. മിസസ്സ്. ശങ്കര്‍ ഓറഞ്ച് പൊളിച്ചുകഴിഞ്ഞിരുന്നു. അതിന്റെ പകുതി ഭര്‍ത്താവിന് കൊടുത്തിട്ട് ബാക്കിയുള്ളത് മുഴുവനോടെ അവര്‍ വിഴുങ്ങുന്നത് അത്ഭുതത്തോടെ ഞാന്‍നോക്കിയിരുന്നു. ഓറഞ്ച് അയാള്‍ക്ക് അലര്‍ജിയാണെന്ന് തോന്നുന്നു, ഒരല്ലിതിന്നിട്ട് ബാക്കി എന്റെനേരെ നീട്ടി. ഓറഞ്ച് എനിക്ക് ഇഷ്ടപ്പെട്ട ആഹാരമാണെങ്കിലും അയാള്‍തിന്നതിന്റെ ശേഷിപ്പ് കഴിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് ഓഫര്‍ നന്ദിപൂര്‍വ്വം നിരസിച്ചു.

“എന്താ ഓറഞ്ച് ഇഷ്ടമല്ലേ?” ശങ്കര്‍ ചോദിച്ചു.
“അല്ല. ഓറഞ്ച് തിന്നാല്‍ ഞാന്‍ ഛര്‍ദ്ദിക്കും.”

അതുകേട്ട് ക്യാബിനിലുള്ള മറ്റുയാത്രക്കാര്‍ അത്ഭുതത്തോടെ എന്നെനോക്കി. ഓറഞ്ചുതിന്നാല്‍ ഛര്‍ദ്ദിക്കുന്ന മനുഷ്യനെ അവര്‍ ആദ്യമായി കാണുകയായിരുന്നു. അവരുടെ നോട്ടത്തില്‍നിന്ന് രക്ഷപെടാന്‍വേണ്ടി ഞാന്‍ വെളിയിലെ കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നു. പൂരിമസാലയുമായി വില്‍പനക്കാരന്‍ വന്നപ്പോഴാണ് എതിര്‍വശത്തിരിക്കുന്ന സ്ത്രീ മരണവെപ്രാളം കാണിച്ചത്. അവള്‍ കൈഉയര്‍ത്തി അയാളെ വിളിക്കുകയും ഭഎടോ’ എന്നൊരു പുരുഷശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. എന്നിട്ട് ബാഗുതുറന്ന് രൂപാനോട്ടുകള്‍ വലിച്ചെടുത്തു. വീട്ടിലെ ട്രഷറി ഭാര്യയായതിനാല്‍ ഭര്‍ത്താവ് താനീനാട്ടുകാരനല്ല എന്നഭാവത്തില്‍ ഇരിക്കുകയായിരുന്നു. രഹസ്യം ഞാന്‍ മനസിലാക്കിയയിലുള്ള ചളിപ്പോടെ ഒളികണ്ണാല്‍ എന്നെ നോക്കുകയും ചെയ്തു. അവര്‍ രണ്ട് പൂരിമസാല വാങ്ങിച്ചു. എനിക്ക് നല്ല വിശപ്പുണ്ടാരുന്നെങ്കിലും, ഒരെണ്ണം വാങ്ങിക്കഴിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, മിസ്സ്‌സ് ശങ്കറിന്റെ തീറ്റക്കൊതി കണ്ടപ്പോള്‍ വേണ്ടെന്നുവെയ്ക്കുകയാണ് ചെയ്തത്.

രാവിലെ ഭാര്യ ഉണ്ടാക്കിത്തന്ന ഒരു കട്ടന്‍കാപ്പിയും കുടിച്ചിട്ട് വന്നവനാണ് ഞാന്‍.  മുന്‍പിലിരുന്ന് മറ്റുള്ളവര്‍ വിശേഷപ്പെട്ട ആഹാരം ആര്‍ത്തിയോടെ കഴിക്കുന്നത് കാണുമ്പോള്‍ വിശന്നിരിക്കുന്നവന്റെ അവസ്ഥ എന്താണെന്ന് അനുഭവിച്ചിട്ടുള്ളവര്‍ക്ക് മനസിലാകും. എന്നാല്‍ ഇപ്പോള്‍ എനിക്ക് അത്തരം വികരങ്ങളല്ല ഉണ്ടായിരുന്നത്; അവര്‍ എത്രയുംവേഗം അത് തിന്നുതീര്‍ക്കണമേയെന്ന ചിന്തയായിരുന്നു. അവളുടെ ഭര്‍ത്താവെന്നുപറയുന്ന മനുഷ്യന്‍ പൊതിയും തുറന്നുവെച്ചുകൊണ്ട് വെറുതേ നോക്കിയിരിക്കുന്നതാണ് കണ്ടത്. അയാള്‍ക്ക് പൂരിമസാല ഇഷ്ടമില്ലാത്തുകൊണ്ടോ,  ദഹനശേഷി ഇല്ലാത്തുകൊണ്ടോ, ഒരുകഷണം മുറിച്ചുതിന്നിട്ട് എന്നെനോക്കി. തിന്നതിന്റെബാക്കി എന്റെനേരെ നീട്ടുമോ എന്നഭയംകൊണ്ട് ഞാന്‍
തലതിരിച്ചപ്പോള്‍ “വേണ്ടേ?” എന്നുചോദിച്ച് ഭാര്യ അയാളുടേതുംവാങ്ങിത്തിന്നു. എനിക്ക് അവരോടുള്ള വെറുപ്പ് അനുനിമിഷം വര്‍ധിച്ചുവരികയായിരുന്നു. കോട്ടയം അടുക്കാറായപ്പോള്‍, വണ്ടി തുരങ്കത്തില്‍കൂടി കടന്നുപോയപ്പോള്‍, അവരെ കഴുത്തുഞെരിച്ച് കൊന്നാലോയെന്ന് ആലോചിച്ചു. അങ്ങനെ ചെയ്താല്‍ അവരുടെ ഭര്‍ത്താവെന്നുപറയുന്ന സാധുജീവിയോട് ചെയ്യുന്ന വലിയൊരു ഔദാര്യമായിരിക്കുമെന്ന് എന്റെ മനസുപറഞ്ഞു. പക്ഷേ, ഇന്നേവരെ ഒരു ഈച്ചയെപ്പോലും മനഃപൂര്‍വ്വം കൊന്നിട്ടില്ലാത്ത ഞാന്‍ എങ്ങനെ ഒരു മനുഷ്യജീവിയെ കൊല്ലും?

വണ്ടി കോട്ടയം റയില്‍വേ സ്റ്റേഷനില്‍ വന്നുനിന്നപ്പോള്‍ പൂരിതിന്നപാത്രവും കടലാസും അവര്‍ പ്‌ളാറ്റ്‌ഫോമിലേക്ക് എറിഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ മൗനംപാലിക്കുകയാണ് ചെയ്തത്. ആ സ്ത്രീ ജനല്‍കമ്പികള്‍ക്ക് ഇടയില്‍ക്കൂടി തലവെളിയില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു.  കമ്പികളുടെ വിടവില്‍കൂടി അവള്‍ വെളിയിലേക്ക് ചാടാനുളള ശ്രമമാണോയെന്ന് ഞാന്‍ ശങ്കിച്ചു.

സര്‍ക്കസ്സിലെ പെണ്‍കുട്ടികള്‍ ചെറിയ വളയങ്ങളില്‍കൂടി ശരീരം കടത്തുന്നതുപോലെ കമ്പകളുടെ വിടവില്‍കൂടി ഇത്രയും വലിയ ശരീരം എങ്ങനെ കടത്തുമെന്ന് അത്ഭുതപ്പെട്ടിരുന്നപ്പോള്‍ ബോട്ടില്‍വാട്ടര്‍ വില്‍കാന്‍ വന്നവനെ അവര്‍  അലറിവിളിച്ചു.പൂരിമസാല തൊണ്ടയില്‍ തടഞ്ഞിരിക്കുയാണെന്നുള്ള സത്യം അന്നേരമാണ് ഞാന്‍ മനസിലാക്കിയത്. അവരുടെ വായില്‍നിന്നും ഉരുളന്‍കിഴങ്ങിന്റെ ഒരു ചെറിയകഷണം മിസൈലുപോലെ പറന്നുവന്ന് എന്റെ പാന്റ്‌സില്‍ പതിക്കുന്നത് സങ്കടത്തോടെ ഞാന്‍കണ്ടു. അത് തട്ടിക്കളയാതിരിക്കാന്‍ എനിക്ക് ആകുമായിരുന്നില്ല. ഞാനത് തട്ടുന്നത് അവരും എന്റെ ആരാധകനായ മി. ശങ്കറും കണ്ടു. എന്നിട്ടും യാതൊരു ഭാവഭേദവും ഇല്ലാതെ കുപ്പിവെള്ളം മോന്തിക്കൊണ്ടിരുന്ന സ്ത്രീയെ ഒരു ചവിട്ടുകൊടുത്താലോയെന്ന്  സത്യമായിട്ടും ഞാന്‍ ആഗ്രഹിച്ചുപോയി. കുടിച്ചതിന്റെ ബാക്കിവന്ന വെള്ളംകൊണ്ട് കൈവെളിയിലേക്ക്‌നീട്ടി കഴുകിയിട്ട് കുപ്പി പ്‌ളാറ്റ്‌ഫോമില്‍തന്നെ നിക്ഷേപിച്ചു. മി.ശങ്കര്‍ പൂരിയുടെ ഒരുകഷണം മാത്രമേ തിന്നിട്ടുണ്ടായിരുന്നുള്ളു. വിരലുകളില്‍ പറ്റിയിരിക്കുന്ന എണ്ണമയം ഭാര്യയുടെ സാരിയുടെ അറ്റത്ത് അവര്‍കാണാതെ തുടക്കുന്നത് കണ്ടെങ്കിലും കണ്ടില്ലെന്ന് ഞാന്‍ ഭാവിച്ചു. ഉരുളന്‍കിഴങ്ങ് വന്നുപതിച്ച എന്റെ പാന്റ്‌സില്‍ ഒരു മഞ്ഞനിറം പറ്റിപ്പിടിച്ചിരുന്നത് കൈകൊണ്ട് പലവട്ടം തുടച്ചിട്ടും വ്യാപിച്ചതല്ലാതെ പോയില്ല.

വണ്ടി ഏറ്റുമാനൂരും കഴിഞ്ഞപ്പോഴാണ് എന്റെ ജീവിതത്തിലെ അത്യാഹിതങ്ങളിലൊന്ന് സംഭവിച്ചത്. ട്രെയിന്‍ അതിവേഗം പാഞ്ഞുകൊണ്ടിരിക്കയായിരുന്നു. കാപ്പിവില്‍പനക്കാരന്‍ വന്നപ്പോള്‍ എല്ലാവരും വാങ്ങിയകൂട്ടത്തില്‍ ഒരെണ്ണം ഞാനും വാങ്ങി. കാപ്പികുടിച്ചെങ്കിലും വിശപ്പടക്കാമല്ലോയെന്നാണ് വിചാരിച്ചത്. അത് വലിയൊരു അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ഞാന്‍ വിചാരിച്ചതേയില്ല. വീട്ടിലെ കാപ്പിയും ട്രെയിനിലെ കാപ്പിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഞാന്‍ അതുവരെ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. വീട്ടില്‍ ഭാര്യ ഉണ്ടാക്കുന്ന കാപ്പി പാകത്തിന് മധുരവും കടുപ്പവുമുള്ളതും അനുയോജ്യമായ ചൂടും ഉള്ളതാണ്. ആ ഒരു വിചാരത്തോടെയാണ് ഒരുകവിള്‍ ഞാന്‍ അകത്താക്കിയത്. അത് അഗ്നിപര്‍വ്വതത്തിന്റെ മുകളില്‍വെച്ച് ഉരുക്കിയെടുത്ത കാപ്പിയാണെന്ന് ഞാനെങ്ങനെ ഊഹിക്കാനാണ്? വായ്ക്കുള്ളില്‍ അകപ്പെട്ടിരിക്കുന്ന ഒരുതുടംലാവ എന്തുചെയ്യണമെന്ന് ആലോചിക്കാന്‍ ഒരു സെക്കന്‍ഡിന്റെ നൂറിലൊന്ന് സമയമേ എനിക്ക് കിട്ടിയുള്ളു. കുടിച്ചിറക്കാന്‍ പറ്റാത്തതിനാല്‍ എന്റെ അന്തഃരംഗം പറഞ്ഞതനുസരിച്ച്  തിളച്ചകാപ്പി ഞാന്‍ വെളിയിലേക്കുതള്ളി. അത് ചെന്നുവീണത് എന്റെ എതിര്‍വശത്തിരുന്ന സ്ത്രീയുടെ മടിയിലേക്കായിരുന്നു. ഇടിവെട്ടേറ്റതുപോലെയാണ് അവര്‍ ചാടിയെണീറ്റത്. സാരി വൃത്തികേടായതുകൂടതെ അവരുടെ അസ്ഥാനത്തെവിടെയോ പൊള്ളലും അനുഭവപ്പെട്ടുകാണണം.

“ഛി! തെമ്മാടി, നീയെന്താ ഈ കാണിച്ചത്?” അവര്‍ അട്ടഹസിച്ചു. എന്റെനേരെ നീട്ടാന്‍ ശ്രമിച്ച അവരുടെ കൈ മി.ശങ്കര്‍ തടഞ്ഞു.

“പോട്ടെ, ഒരബദ്ധം പറ്റിയതല്ലേ.” അയാള്‍ ഭാര്യയെ ആശ്വസിപ്പിച്ചു.

“എന്തു പോട്ടെന്ന്; ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറുന്നത്?” അവരുടെ ക്ഷോഭം അടങ്ങന്നില്ലെന്ന് കണ്ടപ്പോള്‍ ക്ഷമാപണം പറഞ്ഞുകൊണ്ട് ഞാന്‍ അവിടെനിന്ന് എഴുന്നേറ്റു.  ഷൊര്‍ണൂര്‍ എത്തുന്നതുവരെ നിന്നുകൊണ്ടാണ് പിന്നെ യാത്രചെയ്തത്.
യുവസാഹിതിയുടെ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോഴും എന്റെ ഹൃദയമിടിപ്പ് മാറിയിരുന്നില്ല.


സാം നിലമ്പള്ളില്‍.
samnilampallil@gmail.com


Join WhatsApp News
അവാർഡ് കുട്ടിച്ചൻ 2020-07-18 21:05:09
അമേരിക്കയിലും നാട്ടിലും ഒക്കെ അവാർഡുകൾ കാശു കൊടുത്തു വാങ്ങുന്നവർ ഒത്തിരിയുണ്ട് . ചിലർ അവാര്ഡുകിട്ടിയതായി വാർത്തകൾ ഫോട്ടോകൾ ചുമ്മാ ഉണ്ടാക്കി പത്രങ്ങളിൽ കൊടുക്കുന്നു. ഈ കഥയിലും ഇത്തരം ഒരുകാര്യം സരസമായി വിവരിച്ചിരിക്കുന്നു . നന്നായി , അനുമോദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക