Image

കോവിഡ്കാലത്തെ രാഷ്ട്രീയം (ജെ.എസ്.അടൂർ)

Published on 13 July, 2020
കോവിഡ്കാലത്തെ രാഷ്ട്രീയം (ജെ.എസ്.അടൂർ)
എവിടെയൊക്കെ മനുഷ്യരും അവരുടെ സംഘടനകളും അധികാര വിനിമയങ്ങളും ഉണ്ട് അവിടെ രാഷ്ട്രീയമുണ്ട്.  ഇന്നത്തെ ദേശ രാഷ്ട്രങ്ങളിലെ ഏറ്റവും വ്യവസ്ഥാപിത സംഘടിത അധികാരമാണ് സർക്കാർ.

ജനായത്ത വ്യവസ്ഥയിൽ സർക്കാർ ജനങ്ങൾക്കു വേണ്ടി അവർ തിരെഞ്ഞെടുക്കുന്നവർ ഭരിക്കുന്ന ഏർപ്പാട് ആണ്. അത് കൊണ്ടാണ് സർക്കാർ എല്ലാ ജനങ്ങളുടെത് എന്ന് പറയുന്നത് . ആ കാരണം കൊണ്ടാണ് ജനങ്ങൾ സർക്കാരിന് നികുതി കൊടുക്കുന്നത് .

അങ്ങനെയുള്ള സർക്കാർ സുതാര്യവും നീതിയുക്തവും പാർട്ടി ജാതി മത ലിംഗ ഭേദമന്യേ എല്ലാ ജനങ്ങളോടും ഉത്തരവാദിത്ത ബാധ്യത ഉള്ളവരായിരിക്കണം.
ഇങ്ങനെയൊക്കെയാണ് വെപ്പ്. യഥാർത്ഥത്തിൽ തിരെഞ്ഞെടുപ്പ് മധുവിധു കഴിഞ്ഞാൽ സർക്കാർ എന്ന് പറയുന്നത്  മന്ത്രി -ഉദ്യോഗസ്ഥ വരേണ്യർ ജനങളുടെ പേരിൽ ആധിപത്യ സ്ഥാപിക്കുന്ന മുകളിൽ നിന്ന് താഴോട്ട് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഒരു കേന്ദ്രീകൃത അധികാര സംവിധാനമാണ്.

 ജനങ്ങളുടെ കോടി കണക്കിന് രൂപ പ്രധാന മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും  മുഖം അച്ചടിച്ചും അല്ലാതെയും വിവിധ മാധ്യമങ്ങളിലൂടെ പരസ്യപെടുത്തി  ജനങ്ങളുടെ മേൽ ആധിപത്യം ഉറപ്പിച്ചിട്ടു അതാണ്  ജന -ആധിപത്യം എന്ന് പറയും  
അങ്ങനെയാണ് ജനായത്തം വരേണ്യ  ജന -ആധിപത്യം ആകുന്നത്  
ഭരണ പക്ഷ പാർട്ടി നേതാക്കളും പ്രതി പക്ഷ പാർട്ടി നേതാക്കളും സർക്കാർ ഭരണ അധികാര സംവിധാനം ഉപയോഗിച്ച് മേലാളന്മാരായി എങ്ങനെ ജനങ്ങളുടെ പേരിൽ ആധിപത്യം സ്ഥാപിക്കണം എന്ന മത്സരയടിയിലാണ്.

ഭരണ പക്ഷത്തിനു അധികര വാഹനങ്ങളിൽ നിന്നു ഇറങ്ങാൻ പ്രയാസം . പ്രതിപക്ഷത്തിനു അധികാര വണ്ടിയിൽ കയറാൻ മോഹം.

ഇവർ രണ്ടു കൂട്ടരുടെയും പാർട്ടി അനുയായികൾക്ക് വോട്ട് പ്രചരണം വോട്ട് കൊടുക്കുക എന്നതിൽ കവിഞ്ഞു ഒരു റോളും ഇല്ല. കാരണം ഭരണം ഉറച്ചു കഴിഞ്ഞാൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ -സാമ്പത്തിക വരേണ്യർ ആണ് യഥാർത്ഥത്തിൽ അധികാരം കൈയ്യാളുന്നത്.

പോലീസും പട്ടളാവും നിയമങ്ങളും എല്ലാം അവർക്കു വേണ്ടി അവർ നടത്തു ഏർപ്പാടാണ് . പക്ഷെ സർക്കാർ സോഷ്യൽ കോൺട്രാക്റ്റിന്റ ഭാഗമായി ജനങ്ങൾക്ക്  സുരക്ഷയും,  തുല്യമായ നിയമ പരിരക്ഷയും  ആവശ്യ സേവനങ്ങളും ഉറപ്പാക്കാൻ  ബാധ്യതപ്പെട്ടിരിക്കുന്നു . അതിനാണ് ജനങ്ങൾ അനുദിനം നികുതികൾ പല പേരിൽ സർക്കാരിന് നൽകുന്നത്.

നമ്മൾ പഞ്ചായത്തു രാജ്‌ അടിസ്ഥാന ജനായത്തം എന്നൊക്കപറഞ്ഞാലും ഫലത്തിൽ അവർ സർക്കാർ കൊടുക്കുന്ന ബജറ്റ് കൊണ്ടു കാര്യങ്ങൾ നടത്തുന്ന നടത്തിപ്പു കാരാണ് . കാരണം ഭരണഅധികാരവും നിയമ വ്യവസ്ഥയും ബജറ്റും എല്ലാം നിയന്ത്രിക്കുന്നത് മുകളിൽ ഉള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ -സാമ്പത്തിക വരേണ്യരാണ്. പിന്നെ അതിനുള്ളിൽ വളരുന്ന അതാതു സമയങ്ങളിൽ വളരുന്ന അധികാര. ഇത്തിൾ കണ്ണികളും ആശ്രിത ഗുണ ഭോക്ത സ്തുതി പാഠക വൃന്ദവുമാണ്  

കോവിഡ് രാഷ്ട്രീയം. 

തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തിരെഞ്ഞെടുപ്പ് അടുത്തു വരുമ്പോഴാണ്  മുകളിൽ നിന്നും താഴോട്ട് രാഷ്ട്രീയ പാർട്ടികൾ സജീവമാകുന്നത്  .

പണ്ട് ജനായത്ത പാർട്ടികൾ പ്രവർത്തിച്ചത് താഴെ നിന്നു മേലോട്ട് ആയിരുന്നു . പാർട്ടി ചിലവിനു പൈസയും താഴെ നിന്നു ജനങ്ങളിൽ നിന്ന് പിരിച്ചു മേലോട്ട് പോയി. എന്നാൽ ഇപ്പോൾ നേരെ തിരിച്ചാണ്..

ഇപ്പോൾ പാർട്ടികൾ പ്രവർത്തിക്കുന്നത് മുകളിൽ നിന്ന് താഴോട്ടാണ് . പണവും മുകളിൽ നിന്ന് താഴോട്ട്. അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന പാർട്ടിപ്രവർത്തകർ  മുകളിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുക എന്നതിൽ കവിഞ്ഞു റോൾ ഒന്നും ഇല്ല.  അതുകൊണ്ടാണ് അവർക്കു പഞ്ചായത്ത് ഭരണം  മാത്രം വിട്ടു കൊടുത്തിരിക്കുന്നത്. 

കേരളത്തിലെ കോവിഡ് രാഷ്ട്രീയം 

കേരളത്തിൽ പഞ്ചായത്ത്‌ -അസംബ്ലി തിരെഞ്ഞെടുപ്പ് വരുന്നു. പക്ഷെ ഭരണ പക്ഷവും പ്രതിപക്ഷവും അതിനുള്ള  തയ്യാറെടുപ്പ്  നടത്തണ്ടത് അനുദിനം ഉള്ള ചക്ലാത്തിപോരിലല്ല.
എങ്ങനെയും അധികാരം മാത്രം രാഷ്ട്രീയ ഉദ്ദേശമാകുമ്പോൾ സംഗതി സ്ഥിരം പല്ലവിയാണ് . ഭരണപക്ഷ പാർട്ടികളുടെ ആളുകളും ആശ്രിതരും ഉത്സാഹ കമ്മറ്റിക്കാരും പറയും കേരളത്തിൽ ഇത് വരെയുള്ള മികച്ച ഭരണം എന്ന് . അതിനു  കണക്കും കവിടിയും നിരത്തും. പ്രതിപക്ഷം പറയും ഇതുപോലെ ഇത്രയും പരാജയപ്പെട്ടു സർക്കാർ ഇല്ലെന്നു. ഇതു രണ്ടും എല്ലാം നാലാം കൊല്ലം മുതൽ സ്ഥിരം ആവർത്തന വിരസതയാണ്  
സ്ഥിരം  ചാനൽ വാഗ്വാദങ്ങൾക്കും പഴി ചാരലുകൾക്കും അപ്പുറം കേരളത്തിലെ ജനങ്ങളെ ഏത്ര മാത്രം ഇവിടുത്തെ സംഘടിത പാർട്ടികൾ വിശ്വാസത്തിൽ എടുക്കുന്നു എന്നതാണ് പ്രധാനം

അടിസ്ഥാന തലത്തിൽ ജനങ്ങളുടെ ഇടക്ക് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഉത്തരവാദിത്ത ബോധം എല്ലാവര്ക്കും ഉണ്ടോ എന്ന് സംശയമാണ്. 

എന്തായിരിക്കണണം  കോവിഡ് അനന്തര രാഷ്ട്രീയം? 

ഭരണ പക്ഷവും പ്രതിപക്ഷം മനസ്സിലാക്കണ്ടത് കോവിഡിന് മുൻമ്പേയുണ്ടായോരുന്ന രാഷ്ട്രീയ വ്യവഹാര മോഡൽ കോവിഡ് അനന്തര കാലത്തു പലപ്പോഴും പ്രതീക്ഷിക്കുന്നതിന് വിപരീത ഫലമായിരിക്കും ഉണ്ടാക്കുന്നത്.

കാരണം സാധരണ ഗതിയിൽ ഉള്ള സാധാരണ സമൂഹമല്ല കോവിഡ് കാലത്തേത്. .കോവിഡ് വ്യാപനവും ലോക്ഡൌൺ സമൂഹ സാമ്പത്തികവും എല്ലാം കൂടി സമൂഹത്തെ ആശങ്കപൂരിതമാക്കിയിരിക്കുന്നു. ഭയ ആശങ്കകൾ അനുദിനം കൂടി വരുന്ന ഒരു സമൂഹത്തിൽ പഴയ സ്ഥിരം പരസ്പരം വിഴുപ്പലക്കൽ പഴിചാരൽ രാഷ്ട്രീയം പഴയത് പോലെ ഫലപ്രദമാക്കണമെന്നില്ല.

.ജോലിയില്ലാതെ ആശങ്കപെടുന്നവർ, ആഭരണങ്ങൾ പണയം വച്ചു കടം എടുത്തു ജീവിക്കുന്നവർ, സ്വന്തം ആളുകൾ വിദേശത്തും സ്വദേശത്തും മരിച്ചു പോയ സങ്കടത്തിൽ ജീവിക്കുന്നവർ,  സ്‌കൂളിലോ കോളെജിലോ എന്നു പോകാൻ സാധിക്കും എന്നറിയാത്തവർ.  എല്ലായിടത്തും അനുദിനം ആശങ്കയിൽ കഴിയുന്ന ജനങ്ങളാണ്.

അവരിൽ പലരോടും സംസാരിച്ചപ്പോൾ അനുദിനം ചക്ലാത്തിപ്പോരിൽ അവർ വളരെ അലോസരത്തിലാണ്. ഭരണ പക്ഷ അവകാശ വാദങ്ങളും പ്രതി പക്ഷ ആരോപണങ്ങളും ജനങ്ങളുടെ മനസ്ഥിതി അറിയുന്നുണ്ടോ എന്ന് സംശയം
പ്രതിപക്ഷം മനസ്സിലാക്കണ്ടത് വേണ്ടിടത്തും വേണ്ടാത്തിടത്തും ഒരു പോലെ ആവശ്യത്തിനും അനാവശ്യത്തിനും അനുദിനം പ്രതികരിച്ചാൽ അതു വിപരീത ഫലം ഉണ്ടാക്കും. ഇതു ഞാൻ പറയുന്നത് അല്ല. പ്രതിപക്ഷപാർട്ടികൾക്ക് സ്ഥിരം വോട്ടു തരുന്നവർ പറയുന്നതാണ്.

ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറോ മമതയോ ഇല്ലാത്ത 86 വയസുള്ള ള്ള എന്റെ അമ്മയും 16വയസ്സുള്ള മകളും ഒരുപോലെ പ്രതിപക്ഷത്തിന്റ അനുദിന പഴി ചാരലിൽ കാര്യം ഇല്ല എന്നു പറയണം എങ്കിൽ അതു പ്രതിപക്ഷം ഗൗരവമായി എടുക്കണം . എന്റെ വീട്ടിലും ബന്ധു വീട്ടിലും ഓഫിസുകളിലും ഉള്ള സ്ത്രീകകളും പുരുഷൻമാരു.പ്രതിപക്ഷത്തെ ഒരു പ്രധാന നേതാവ് ആവേശത്തിൽ പറഞ്ഞതിനെ  ഒരിക്കലും ഖേദം പ്രകടിപ്പിക്കില്ല എന്ന് പറഞ്ഞു വീണ്ടും ന്യായീകരിച്ചത്  വല്ലാത്ത നെഗറ്റീവ് പ്രതികരണമാണ് ഉണ്ടാക്കിയത്.  എന്റെ മകൾ പറഞ്ഞത് ' Look,  how arrogant is he  ? How can these people call themselves Gandhian '?

പതിനാറു വയസ്സുള്ള സാമാന്യ വിവരമുള്ള  നല്ലതു പോലെ വായിക്കുന്ന, സ്ഥിരം പത്രം വായിക്കുന്ന വല്ലപ്പോഴും മാത്രം മലയാളം ന്യൂസ് കാണുന്ന ഒരു കുട്ടിയുടെ പ്രതീകരണം മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ പ്രതിപക്ഷത്തിന്റ കമ്മ്യുണിക്കേഷനിൽ കാര്യമായ തകരാറുണ്ട്. അത് പോലെ ഒരുപാടു പേര് പറഞ്ഞാൽ അത് ഗൗരവമായി വീണ്ടു വിചാരം ചെയ്തില്ലങ്കിൽ കൂടെയുണ്ട് എന്ന് കരുതിയ ജനങ്ങൾപോലും കൂടെകാണില്ല.

സർക്കാരിന്റെ വീഴ്ചകൾ,  തെറ്റുകൾ,  സ്വജന പക്ഷപാതം, പിന്നാമ്പുറത്തെ അഴിമതികൾ എല്ലാം ചൂണ്ടിക്കാട്ടി വിമര്ശിക്കേണ്ടത് ഒരു ജനായത്ത വ്യവസ്ഥയിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തമാണ് . സർക്കാരിനെ നിരന്തരം വിമർശന വിധേയമാക്കുന്നത് ജനായത്ത അകൗണ്ടബിലിറ്റിക്ക് അത്യാവശ്യം . 

കാരണം സർക്കാർ ജനങ്ങളുടെതാണ് . സർക്കാർ ജനങ്ങളാണ്. അതു മന്ത്രിമാരുടെയോ കുറെ ഐ എ എസ്സ് ഉദ്യോഗസ്ഥരുടെതോ, അല്ലെങ്കിൽ ഭരണ പക്ഷ പാർട്ടികളുടെ നേതാക്കളുടെയോ അല്ല .

പക്ഷെ പ്രതിപക്ഷം എങ്ങനെ എപ്പോൾ എവിടെ ആരോട് എത്ര മാത്രം ഏകോപനത്തോടെ പ്രതികരിക്കണം എന്ന് ആലോചിച്ചില്ലെങ്കിൽ ഫലം വിപരീതമാകും.

പല പബ്ലിക് കമ്മ്യൂണിക്കേഷന്റെയും പ്രശ്നം നിങ്ങൾ പറയുന്നത് ആയിരിക്കണം എന്നതായിരിക്കില്ല. ജനം കേൾക്കുന്നത്. നിങ്ങൾ ഉദ്ദേശിച്ചതിന് നേർ വിപരീതമായിട്ടായിരിക്കും ജനം മനസ്സിലാക്കുന്നത്.

സർക്കാരിനെ വിമർശന വിധയമാക്കി തെറ്റുകൾ തിരുത്താൻ പറയാൻ എല്ലാ സ്വതന്ത്ര പൗരനും ധാർമ്മിക ഉത്തരവാദിത്തവും അവകാശവും ഉണ്ട്  
പ്രതിപക്ഷമില്ലാത്ത ജനായത്തം ജനായത്തമല്ല.

ജനങ്ങളോട് ഉത്തരവാദിത്ത ബോധമുള്ള ഭരണപക്ഷവും പ്രതിപക്ഷവുമാണ് ജനായത്ത സംസ്കാര സമൂഹത്തിന്റെ അടയാളം.

കോവിഡ് സാധാരണ പൊതുരംഗം എന്ന ധാരണകൾ തന്നെ മാറ്റിയിരിക്കുന്നു  public sphere എന്ന  രാഷ്ട്രീയ വ്യവഹാര ധാരണകൾ മാറ്റിയിരിക്കുന്നു. സാധാരണ ഗതിയിൽ ഉള്ള ആൾക്കൂട്ട രാഷ്ട്രീയ വ്യവഹാരം മാറി മറിഞ്ഞു.

പഴയ രാഷ്ട്രീയ പ്രകടനപര മോഡലുകൾ മാറിയിരിക്കുന്നു.
ഇപ്പോൾ ടി വി ക്യാമറകൾക്ക് മുമ്പിൽ ഒരു പെർഫോമൻസ് പോലെയുള്ള പ്രതിഷേധ രാഷ്ട്രീയം പോലും ഭൂരിപക്ഷം ജനങ്ങളുടെ മനസ്ഥിതിയെ ബാധിക്കില്ല.
കോവിഡ് കാലത്ത് മനസ്സ് നിറയെ ഭയ ആശങ്കകൾ ഉള്ള ബഹു ഭൂരിപക്ഷം ജനങ്ങൾക്ക് അറിയേണ്ടത് സർക്കാരിനും പ്രതിപക്ഷത്തിനും കൃത്യമായി എന്ത് ചെയ്യാൻ കഴിയും എന്നതാണ്.

ജനങ്ങൾക്കു ആവശ്യം ഇപ്പോൾ പോസിറ്റീവ് എനർജിയാണ് . പ്രശ്ന. പരിഹാര രാഷ്ട്രീയമാണ് . വാഗ്ദാനങ്ങൾക്കും അവകാശ വാദങ്ങള്ക്കും ആരോപണങ്ങൾക്കും അപ്പുറം ഉള്ള  സകാരാത്മക രാഷ്ട്രീയമാണ് .

ലോകത്തിൽ പല പത്രമാധ്യമങ്ങളും പുകഴ്ത്തിയത് കൊണ്ടു ഞങ്ങളുടെ സർക്കാർ കേരള ചരിത്രത്തിലെ ഏറ്റവും നല്ല സർക്കാർ എന്ന അവകാശവാദം പോലെ തന്നെ പരിഹാസ്യമാണ് ഇഷ്ട്ടമില്ലാത്ത സർക്കാർ ചെയ്യുന്നത്  എല്ലാം കുറ്റമാണ് എന്നതും..
അത് പോലെ  ഒരു വെളിവും തെളിവും ഇല്ലാതെ പ്രതിപക്ഷമാണ് കോവിഡ് പരത്തുന്നത് എന്നപോലെ ശുദ്ധ അസംബന്ധങ്ങളും ആളുകൾക്ക് പെട്ടന്ന് മനസ്സിലാകും.

പരസ്പരം പഴി ചാരി ആരോപണ പ്രത്യാരോപണങ്ങൾക്ക് ഉപരി ആരൊക്ക കഷ്ട്ടകാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു അവരുടെ കഷ്ട്ടങ്ങളിൽ തുണയായി എന്നതായിരിക്കും അടുത്ത തിരെഞ്ഞെടുപ്പിൽ സാധാരണക്കാർ ചോദിക്കുന്ന ചോദ്യം.

എല്ലാവരും ഒരു കാര്യം ഓർത്താൽ നല്ലതു സങ്കട കടലിന്റ തീരത്തു പ്രതീക്ഷയുടെ പ്രകാശങ്ങൾക്കായി നോക്കിയിരിക്കുന്ന ഒരുപാടു ആളുകളുണ്ടിവിടെ.
The changing modes of communications  change the modes and choices  of politics too.
If you can't read the writing on the wall and continue  take people for granted,  a rude shock may be be waiting around the corner 
Join WhatsApp News
Ravichandran. G. {KY} 2020-07-15 05:34:23
ഒരു വാനനിരീക്ഷകൻ ദിവസവും ആകാശത്തു നോക്കി, നക്ഷത്രങ്ങളേക്കുറിച്ചു പഠിച്ച്, കണ്ടെത്തലുകൾ എഴുതി വന്നിരുന്നു! ഒരു ദിവസം, തൻ്റെ പതിവു വാന നിരീക്ഷണത്തിനിടെ, കാൽതെറ്റി അദ്ദേഹം കുഴിയിൽ വീണു! നിലവിളി കേട്ടെത്തിയ വഴിപോക്കൻ, അദ്ദേഹത്തെ പിടിച്ചു കയറ്റിയിട്ടു ചോദിച്ചു: "താങ്കൾ എങ്ങനെയാണു കുഴിയിൽ വീണതു്?" "ഞാർ വാനനിരീക്ഷണത്തിൽ മുഴുകിയിരുന്നതിനാൽ, കുഴി കണ്ടേതേയില്ല!", അയാൾ പറഞ്ഞു. കുറച്ചു ദേഷ്യത്തോടെ വഴിപോക്കൻ ചോദിച്ചു: "സ്വന്തം കാൽച്ചുവട്ടിലെ കാര്യങ്ങൾ കാണാത്ത താങ്കൾ, എങ്ങനെയാണു നക്ഷത്രങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ കണ്ടെത്തുന്നതു്- ട്രംപിന്റെ പുറകെ നടക്കുന്ന മലഅളികളും ഇതുപോലെ തന്നെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക