Image

പ്രതികളുടെ ഭാര്യമാരില്‍ നിന്ന് നിര്‍ണായക മൊഴി; സ്വര്‍ണ കടത്ത് തുടരുന്നു

Published on 12 July, 2020
 പ്രതികളുടെ ഭാര്യമാരില്‍ നിന്ന് നിര്‍ണായക മൊഴി; സ്വര്‍ണ കടത്ത് തുടരുന്നു

നിര്‍ണായക മൊഴികള്‍ ലഭിച്ചതു രണ്ടു പ്രതികളുടെ ഭാര്യമാരില്‍നിന്ന്.

ഒന്നാം പ്രതി പി.എസ്. സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരാണ് സംഭവവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസ് സംഘത്തിനു നല്‍കിയത്. പ്രതികളുമായി ബന്ധപ്പെട്ട് ഇതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന ചിലരുടെ പേരുകള്‍ ഇവരുടെ മൊഴിയില്‍ ഉണ്ട്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

തീവ്രവാദം ഉള്‍പ്പടെയുള്ള പശ്ചാത്തലം ചിലര്‍ക്കുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വര്‍ണക്കടത്തു വഴി കിട്ടുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നുണ്ടെന്നതു നേരത്തെ തന്നെയുള്ള ആരോപണമാണ്. പേരുകളുടെ ഗൗരവം കണക്കിലെടുത്ത് ഇവരുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തും. അതുപോലെ ഇവര്‍ക്കു പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തും.

സ്വര്‍ണ കടത്ത് തുടരുന്നു

ദിനം പ്രതി സ്വര്‍ണക്കടത്തിനു നിരവധി പേര്‍ പിടിയിലാകുന്നുണ്ടെങ്കിലും ഒരു കുറവുമില്ലാതെ ഇതു തുടരുന്നത് ഇതിനു പിന്നിലുള്ള സംഘങ്ങളുടെ സ്വാധീനവും ശക്തിയും സന്നാഹവുമാണ് വ്യക്തമാക്കുന്നത്. ഇന്നലെ പോലും സ്വര്‍ണക്കടത്ത് പിടിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍നിന്നു എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഒന്നരക്കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഇത്രയും വിവാദം കത്തിനില്‍ക്കുമ്പോഴും സ്വര്‍ണക്കടത്തിനു തയാറാകുന്നു എന്നത് ഈ സംഘങ്ങളുടെ ധൈര്യവും സ്വാധീനവും വ്യക്തമാക്കുന്നതാണ്. പിടിയിലാകുന്നവര്‍ ചെറുമീനുകള്‍ മാത്രമാണെന്നതാണ് സത്യം. വന്പന്‍ സ്രാവുകള്‍ കളത്തിനു പുറത്താണ്.

സ്വപ്നയും സന്ദീപുമൊക്കെ ഇടനിലക്കാര്‍ മാത്രമാണ്. സ്വര്‍ണം കയറ്റിവിടുന്ന വന്പന്‍ സ്രാവുകളെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല.

സ്വര്‍ണം ആര്‍ക്കായിട്ടാണ് എത്തുന്നതെന്ന് കണ്ടുപിടിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വിചിത്രം. രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ ഇത്തരക്കാര്‍ക്കുള്ള സ്വാധീനമാണ് അന്വേഷണങ്ങള്‍ വഴിമുട്ടാന്‍ കാരണമെന്നാണ് ആരോപണം.

വ്യാജ സര്‍ട്ടിഫിക്കറ്റ്

വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി സ്വപ്ന സുരേഷ് ജോലി നേടിയ സംഭവത്തില്‍ പൊലീസിനു നിയമോപദേശം നല്‍കി എജി. സ്വപ്ന സുരേഷിനെതിരെ സ്‌പേസ് പാര്‍ക്ക് പരാതി നല്‍കിയാല്‍ മാത്രമേ കേസെടുക്കാവൂ എന്നാണ് നിയമോപദേശം. സ്വപ്ന സുരേഷ് ജോലി നോക്കിയിരുന്ന കമ്പനിയാണ് സ്‌പേസ് പാര്‍ക്ക്.

ഇക്കാര്യത്തില്‍ കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് വ്യക്തത തേടി പൊലീസ് എജിയെ സമീപിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക