Image

സ്വപ്ന മറ്റൊരു സരിത, ഉന്നത ബന്ധങ്ങള്‍ സ്വര്‍ണ കള്ളക്കടത്തിന് ഉപയോഗിച്ചു (ശ്രീനി)

Published on 06 July, 2020
സ്വപ്ന മറ്റൊരു സരിത, ഉന്നത ബന്ധങ്ങള്‍ സ്വര്‍ണ കള്ളക്കടത്തിന് ഉപയോഗിച്ചു (ശ്രീനി)
കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രക സംസ്ഥാന ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയാണെന്നറിയുമ്പോള്‍ പ്രമാദമായ സോളാര്‍ കേസിലെ സരിത എസ് നായരെയാണ് ഓര്‍മ്മ വരുന്നത്. സരിതയെപ്പോലെ, ഈ സ്വര്‍ണ്ണ കള്ളക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സ്വപ്ന സുരേഷിന് സെക്രട്ടേറിയറ്റിലും രാഷ്ട്രീയത്തിന്റെ ഇടനാഴികളിലും വിപുലമായ ബന്ധങ്ങളുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സരിത തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സോളാര്‍ തട്ടിപ്പ് നടത്തിയതെങ്കില്‍ സ്വപ്ന സുരേഷും അതേ രീതിയിലാണ് സ്വര്‍ണ്ണ കള്ളക്കടത്ത് പ്ലാന്‍ ചെയ്തത്. എയര്‍ കസ്റ്റംസ് അധികൃതര്‍ കള്ളക്കടത്ത് പൊളിച്ചതോടെ ഒളിവില്‍ പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തിയ ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ടയാണ് ജൂലായ് അഞ്ചാം തീയതി തിരുവനന്തപുരത്ത് എയര്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയത്. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഭക്ഷ്യസാധനമെന്ന പേരില്‍ എത്തിച്ച ഡിപ്ലോമാറ്റിക് ബാഗേജില്‍ 30 കിലോ സ്വര്‍ണ്ണമാണ് ഒളിപ്പിച്ചു വച്ചിരുന്നത്. ഒരു രാജ്യം മറ്റൊരു രാജ്യത്തേക്കുള്ള തങ്ങളുടെ എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ അയക്കുന്ന ഡിപ്ലോമാറ്റിക് ബാഗിന് ലഭിക്കുന്ന പരിരക്ഷയാണ് സ്വപ്ന സുരേഷും കൂട്ടാളികളും സ്വര്‍ണ്ണ കള്ളക്കടത്തിന് തന്ത്രപരമായി ഉപയോഗിച്ചത്.

ഡിപ്ലോമാറ്റിക് ബാഗ് എന്നു പറയുന്നത് പെട്ടികളോ കാര്‍ട്ടണുകളോ ബ്രീഫ്‌കെയ്‌സുകളോ സഞ്ചികളോ കണ്ടെയ്‌നറുകളോ ഒക്കെ ആകാം. നയതന്ത്ര പ്രതിനിധികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന സുരക്ഷയും അവകാശങ്ങളും ഇത്തരും ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്ക് ഉണ്ട്. ലഗേജില്‍ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. എന്നാല്‍ സംശയം തോന്നിയാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ വേണം പരിശോധന നടത്താന്‍.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ നടത്തിയ പരിശോധനയിലാണ് 15 കോടിയോളം രൂപ വരുന്ന സ്വര്‍ണ്ണം കണ്ടെത്തിയത്. ജൂണ്‍ 30ന് തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്‌സ് കാര്‍ഗോ വിമാനത്തിലായിരുന്നു ഡിപ്ലോമാറ്റിക് ബാഗേജ്. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ പേരിലായിരുന്നു ബാഗേജ്. രഹസ്യ വിവരം സ്ഥിരീകരിച്ച എയര്‍ കസ്റ്റംസ് അധികൃതര്‍ അവശ്യമായ അനുമതിയോടെ എക്‌സ്‌റേ പരിശോധന നടത്തുകയും പെട്ടികള്‍ തുറക്കുകയും ചെയ്തപ്പോള്‍ പൈപ്പിനുള്ളിലും മറ്റും പല രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു.

അതേ സമയം യു.എ.ഇ കോണ്‍സുലേറ്റിലേക്ക് എന്ന പേരില്‍ എത്തിയ ബാഗേജിന് യു.എ.ഇയ്ക്ക് ബന്ധമോ അറിവോ ഇല്ലെന്ന് യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് റഹ്മാന്‍ അല്‍ ബന്ന അറിയിച്ചു. ഏതായാലും കേരളത്തില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ടയാണിത്. സംഭവത്തില്‍ കോണ്‍സുലേറ്റിലെ പി.ആര്‍.ഒ എന്നറിയപ്പെടുന്ന സരിത്തിനെ കസ്റ്റംസ് അധികൃതര്‍ കൈയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയെ കുറിച്ചുള്ള വിവരം ലഭിച്ചത്. സരിത്തും സ്വപ്നയും തമ്മിലുള്ള ബന്ധം ഏതു തരത്തിലാണെന്ന് അറിയുമ്പോള്‍ സ്വര്‍ണ്ണ കള്ളക്കടത്തു സംബന്ധിച്ച ചിത്രം വ്യക്തമാകും.

യു.എ. യുടെ തിരുവനന്തപുരം കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു സ്വപ്ന സുരേഷ്. അവിടെ ജോലി ചെയ്യുമ്പോള്‍ സരിത്തും സ്വപ്നയും ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റിയ ശേഷവും ഇവര്‍ കള്ളക്കടത്ത് തുടരുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ ബാഗ് എത്തിയാല്‍ ക്ലിയറിങ്ങ് ഏജന്റിനു മുന്നില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് കാണിച്ച് അവ ഏറ്റുവാങ്ങുകയാണ് പതിവ്. തട്ടിപ്പിനെ പറ്റി ഏജന്റുമാര്‍ക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഡിപ്ലോമാറ്റിക് ബാഗാണ് എന്നതിനുള്ള അറ്റാഷെ ഒപ്പിട്ട കത്തും ഇവര്‍ ഹാജരാക്കുമായിരുന്നു. അതിനാല്‍ കോണ്‍സുലേറ്റിലെ ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു.

യു.എ.ഇ യുടെ തിരുവനന്തപുരം കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്ത് ചില ക്രമക്കേടുകളെ തുടര്‍ന്ന് അവിടെ നിന്നും പുറത്താക്കപ്പെട്ട സ്വപ്ന കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് മുഖേന കേരള സര്‍ക്കാരിന്റെ ഐ.ടി വകുപ്പിനു കീഴില്‍ ജോലി തരപ്പെടുത്തുകയാണുണ്ടായത്. സ്‌പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിങ് ലൈസണ്‍ ഓഫീസറായാണ് ജോലിക്ക് കയറിയത്. സംശയാസ്പദമായ സാഹചര്യത്തിലുള്ള ഒരു വ്യക്തിക്ക് ഐ.ടി വകുപ്പില്‍ എങ്ങിനെ ജോലി ലഭിക്കുമെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ജോലി ലഭിക്കുന്നതിനായി സ്വപ്ന തന്റെ ഉന്നതതല ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവണം. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണ് ഐ.ടി വകുപ്പ്.

സ്വര്‍ണ്ണ കള്ളക്കടത്തില്‍ യു.എ.ഇയിലെ ചില മലയാളികള്‍ക്കും പങ്കുണ്ടെന്ന് കസ്റ്റസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ താമസിയാതെ പിടിയിലാവും. കമ്മീഷന്‍ വ്യവസ്ഥയിലാണ് സ്വപ്നയും സംഘവും സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തുന്നത്. ഒരു തവണ സ്വര്‍ണ്ണം കടത്തിയാല്‍ ലഭിക്കുന്ന തുക 25 ലക്ഷം രൂപയാണ്. ഈ കൊറോണ കാലത്ത് മൂന്നു തവണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ വഴി സ്വര്‍ണ്ണം കടത്തിയിട്ടുണ്ടത്രെ. ആ നിലയ്ക്ക് ഇതിനു മുമ്പും ഇത്തരത്തില്‍ കള്ളക്കടത്ത് നടന്നിട്ടുണ്ടാവുമെന്നതില്‍ തര്‍ക്കമില്ല.

തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിലെ ജോലിക്കു മുമ്പ് സ്വപ്ന എയര്‍ ഇന്ത്യ സാറ്റ്‌സ് എന്ന കമ്പനിയിലെ ജീവനക്കാരിയായിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ ഒരു ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയത് സംബന്ധിച്ച് സ്വപ്നയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നായിരുന്നു സ്വപ്നയുടെ പരാതി. അതോടെ ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനിലായി. പിന്നീട് അദ്ദേഹം നടത്തിയ നിയമ പോരാട്ടത്തില്‍ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഒപ്പിട്ടതും പരാതി തയ്യാറാക്കി കൊടുത്തതും എല്ലാം സ്വപ്ന സുരേഷ് ആണെന്ന് തെളിഞ്ഞു.

ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവയുടെ പേരില്‍ സ്വപ്നയെ പ്രതി ചേര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം തയ്യാറെടുത്തിരിക്കെയാണ് സ്വര്‍ണ്ണ കള്ളക്കടത്ത് പുറത്താവുകയും സ്വപ്ന ഒളിവില്‍ പോവുകയും ചെയ്തത്. സ്വപ്ന സുരേഷിന്റെ ഒരു ബന്ധു ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസു നല്‍കിയിരുന്നു. ഇങ്ങനെ പലതരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്വപ്നയെ കുറിച്ച് ക്രൈം ബ്രാഞ്ച് കൂടുതലായി അന്വേഷിച്ചപ്പോള്‍ ഉന്നത തലങ്ങളില്‍ ഇവര്‍ക്കുള്ള വഴിവിട്ട ബന്ധങ്ങളും ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്.

ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ നിത്യ സന്ദര്‍ശകയായ സ്വപ്നയ്ക്ക് ഐ.ടി വകുപ്പില്‍ വലിയ സ്വാധീനം ഉണ്ടത്രെ. ഇതു സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളും ആരോപങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. തട്ടിപ്പിന് പിന്നിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ബന്ധങ്ങള്‍, കോണ്‍സുലേറ്റ് ജീവനക്കാരുടെ പങ്ക്, പുറത്ത് എത്തിക്കുന്ന സ്വര്‍ണ്ണം ആര്‍ക്കെല്ലാം നല്‍കി എന്നിങ്ങനെ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അതിന് സ്വപ്ന സുരേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും വേണം.

തിരുവനന്തപുരത്ത് അമ്പലമുക്കിലുള്ള ഫ്‌ളാറ്റിന്റെ ആറാം നിലയിലാണ് സ്വപ്ന സുരേഷ് താമസിക്കുന്നത്. ഇവിടെ കസ്റ്റംസ് റെയ്ഡ് നടത്തുകയുണ്ടായി. റെയ്ഡില്‍, സ്വര്‍ണ കള്ളക്കടത്തിന് യു.എ.ഇ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് സ്ഥിരീകരിക്കുന്ന ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. അതേസമയം സ്വപ്ന സുരേഷ് കഴിഞ്ഞ നാലാംതീയതിയാണ് അവസാനമായി ഫ്‌ളാറ്റില്‍ നിന്നും പോയത്. ഇതുസംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. 
Join WhatsApp News
josecheripuram 2020-07-06 20:57:03
When ever such a high scale smuggling happens, there will be lots of people in high levels are involved.They escape using the "Lizard tail Technic".Loosing a tip of tail is nothing for the Lizard,the tail will grow back.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക