Image

വെറും സ്വപ്നമാവരുത് ഈ 'ഡ്രീം കേരള' (ജെയിംസ് കൂടല്‍)

Published on 06 July, 2020
വെറും സ്വപ്നമാവരുത് ഈ 'ഡ്രീം കേരള'  (ജെയിംസ് കൂടല്‍)
പ്രവാസി മലയാളികളെ വാനോളം പുകഴ്ത്തുകയും എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ അവരെ മൃഗീയമായി പീഡിപ്പിക്കുകയും ചെയ്യുന്ന ക്രൂരമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ സമീപനം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. സംരംഭകരായി എത്തുന്നവരെ, പാലും തേനുമൊഴുക്കാമെന്ന് പറഞ്ഞ് പ്രലേഭിപ്പിച്ച് പരമാവധി പിഴിഞ്ഞ ശേഷം അവരുടെ പ്രോജക്ടുകള്‍ക്ക് തുരങ്കം വയ്ക്കുന്ന, കൊടിയ വഞ്ചനയുടെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. പ്രവാസിയായ ആന്തൂരിലെ സാജന്‍ പാറയിലിന്റെ ആത്മഹത്യ നമ്മെ ഞെട്ടിപ്പിച്ചിരുന്നു. അദ്ദേഹം നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭ അധികൃതര്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അനുമതി നിഷേധിച്ചതില്‍ മനം നൊന്താണ് സാജന്‍ ജീവനൊടുക്കിയത്.

തികച്ചും നിര്‍ഭാഗ്യകരവും തീര്‍ത്തും അപലപനീയവുമായ ഇത്തരം സംഭവങ്ങള്‍ ഇനിമേല്‍ ഉണ്ടാവാതിരിക്കട്ടെ എന്നാണ് ഓരോ പ്രവാസി മലയാളിയുടെയും മുട്ടിപ്പായ പ്രാര്‍ത്ഥന. ഈ കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ നാട്ടിലേക്ക് പ്രവഹിക്കുകയാണ്. അക്കൂട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ് ഏറിയ പങ്കും. ജൂലായ് രണ്ടാം തീയതിയിലെ കണക്കനുസരിച്ച് 1,43,147 പ്രവാസികള്‍ കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവരില്‍ 52 ശതമാനവും ജോലി നഷ്ടപ്പെട്ടവരാണ്. നിലവിലെ കണക്കനുസരിച്ച് അഞ്ചു ലക്ഷത്തോളം മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തും. അതില്‍ കുറേപ്പേര്‍ കോവിഡിനു ശേഷം മടങ്ങിപ്പോകാന്‍ താത്പര്യമുള്ളവരാണ്.

വിദേശ മലയാളികള്‍ കൂട്ടത്തോടെ നാടണയുമ്പോള്‍ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന ആശങ്ക അസ്ഥാനത്തല്ല. എന്നാല്‍ മടങ്ങി വരുന്നവരെ അവരുടെ തൊഴില്‍പരമായ കഴിവും പരിചയവും വൈദഗ്ധ്യവും കണക്കിലെടുത്ത് അതാതു മേഖലകളില്‍ വിന്യസിച്ചാല്‍ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. ഇത്തരത്തില്‍ പ്രവാസി മലയാളികളെ പുനരധിവസിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് 'ഡ്രീം കേരള'. വിദേശ മലയാളികളുടെ പുനരധിവാസത്തോടൊപ്പം സംസ്ഥാനത്തിന്റെ വികസനവും കൂടി ലക്ഷ്യമിടുന്ന ഈ സംരംഭം ഒരു സ്വപ്ന പദ്ധതിയായി കടലാസിലല്‍ അവശേഷിക്കാതിരിക്കട്ടെ.

ഡ്രീം കേരള പദ്ധതി നൂറ് ദിവസം കൊണ്ട് നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു മുമ്പ് കാസര്‍ക്കോട്ട് ആരംഭിച്ച ആശുപത്രി സമുച്ചയത്തിന്റെ നിര്‍മാണം വേഗത്തിലായതും കാര്‍ഷിക രംഗത്ത് ഉണര്‍വ്വുണ്ടാക്കുന്ന സുഭിക്ഷ കേരളം പദ്ധതി ആശാവഹമായി മുന്നേറുന്നതും അഭിനന്ദനാര്‍ഹമാണ്. അതിനാല്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടെങ്കില്‍ ഡ്രീം കേരള പദ്ധതിയും സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കുമെന്നതില്‍ സംശയമില്ല.

വിദേശ മലയാളികള്‍ പല മേഖലകളിലും വൈദഗ്ധ്യമുള്ളവരാണ്. പ്രഫഷനലുകള്‍, ബിസിനസ്സുകാര്‍, വ്യവസായ സംരംഭകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ വൈദഗ്ധ്യം കണ്ടെത്തി അതിനനുസൃതമായ രംഗങ്ങളില്‍ അവരെ പുനരധിവസിപ്പിക്കുക എന്നതാണ് ഡ്രീം കേരള പദ്ധതിയുടെ പരമമായ ലക്ഷ്യം. മടങ്ങിയെത്തുന്ന വിദേശ മലയാളികളുടെ അറിവും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസികള്‍ ഏതൊക്കെ മേഖലകളില്‍ ജോലി ചെയ്തു എന്ന് കൃത്യമായ വിവരശേഖരണം നടത്തുകയും കേരളത്തില്‍ അതിനു സമാനമായ ജോലി കണ്ടെത്തുകയും വേണം.

പ്രഗത്ഭരായ വ്യക്തികളില്‍ നിന്ന് ആശയങ്ങള്‍ ക്ഷണിക്കുകയും ഒരു മാസത്തിനുള്ളില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വിദഗ്ധ സംഘം ഗവേഷണ ബുദ്ധിയോടെ പഠിക്കുകയും അതാതു വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുക എന്നതാണ് ഡ്രീം കേരള പദ്ധതിയുടെ ആദ്യ ഘട്ടം. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ വരുന്ന ഓഗസ്റ്റ് 14-ാം തീയതി ചേരുന്ന വിര്‍ച്വല്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും നൂറു ദിവസത്തിനുള്ളില്‍ സാക്ഷാത്ക്കരിക്കുകയും ചെയ്യുമെന്നാണ് പ്രഖ്യാപനം.

ലോകമെമ്പാടും മികച്ച സംരംഭങ്ങള്‍ ആരംഭിച്ച് അന്താരാഷ്ട്രതലത്തില്‍ അംഗീകാരങ്ങള്‍ക്ക് പാത്രീഭൂതരായ മലയാളികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിദഗ്ധ സമിതിയും മുഖ്യമന്ത്രി ചെയര്‍മാനും മന്ത്രിമാരും പ്രതിപക്ഷ നേതാവുമെല്ലാം ഉള്‍പ്പെട്ട സ്റ്റിയറിംഗ് കമ്മറ്റിയുമാണ് ഡ്രീം കേരള പദ്ധതി നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. അതേസമയം പ്രവാസികള്‍ വലിയ പ്രതിസന്ധിയെ നേരിടുന്ന കാലമാണിത്. അവരുടെ ബുദ്ധിമുട്ടുകള്‍ സംസ്ഥാനങ്ങളുടേതു മാത്രമല്ല രാജ്യത്തിന്റെ തന്നെ നീറുന്ന പ്രശ്‌നമാണ്. ഇന്ത്യയില്‍ പ്രവാസികളുടെ പ്രതിവര്‍ഷ സംഭാവന മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാല് ശതമാനത്തിലേറെ വരും.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലു തന്നെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്. 2018ലെ സര്‍വേ അനുസരിച്ച് ഒരു വര്‍ഷം വിദേശ മലയാളികള്‍ കേരളത്തിലേക്ക് അയക്കുന്ന തുക 85,000 കോടി രൂപ വരും. കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷപം 1,69,944 കോടി രൂപയാണ്. നൂറ്റാണ്ടു കണ്ട രണ്ട് മഹാപ്രള ദുരന്തങ്ങള്‍ ഉള്‍പ്പെടെ കേരളം പ്രതിസന്ധിയിലായപ്പോഴെല്ലാം നമുക്കു താങ്ങായി നിന്നത് വിദേശ മലയാളികളാണ്. ഇന്ന് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചും അവര്‍ നാട്ടിലേക്കെത്തുമ്പോള്‍ പുനരധിവാസം അത്യന്താപേക്ഷിതമാണ്. അതാകട്ടെ ഔദാര്യമല്ല, മറിച്ച് പ്രവാസികളുടെ എക്കാലത്തെയും അവകാശമാണ്.

കേരളത്തില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട തുടക്ക നാളുകളില്‍ പ്രവാസി മലയാളികളുടെ വീടിനു മുമ്പില്‍ നോട്ടീസ് പതിക്കുന്ന അപരിഷ്‌കൃത നടപടി നാം നേരിട്ട് കാണുകയുണ്ടായി. ഏതു പകര്‍ച്ചവ്യാധിയുടെ പേരിലാണെങ്കിലും ഇത്തരം നടപടികള്‍ മനുഷ്യത്വരഹിതമാണ്, ഹീനമാണ്. സ്വന്തം സഹോദരങ്ങളെ പടിക്കുപുറത്ത് നിര്‍ത്തുന്നത് കേരള സംസ്‌കാരത്തിന് യോജിച്ചതല്ല. വിദേശ മലയാളികള്‍ കൂട്ടത്തോടെ എത്തിയതു മൂലം കേരളത്തില്‍ രോഗവ്യാപനം കൂടുതലുണ്ടായി എന്നത് ഒരു വസ്തുതയാണ്. അതിന് അവരെ ക്രൂശിക്കേണ്ടതില്ല. ജന്മനാടിന്റെ കരുതലിലേക്കാണ് പ്രവാസികള്‍ പറന്നിറങ്ങുന്നത്. അവരുടെ വിയര്‍പ്പാണ് കേരളം കരസ്ഥമാക്കിയ പുരോഗതിയുടെ വളം.

ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് എല്ലാ പ്രവാസി മലയാളികളെയും വിശ്വാസത്തിലെടുത്തുകൊണ്ടു വേണം ഡ്രീം കേരള പദ്ധതി നടപ്പാക്കേണ്ടത്. തൊഴിലില്ലായ്മ മൂലം പട്ടിണി കിട്ടക്കേണ്ട അവസ്ഥയില്‍ ഒരു പ്രവാസി മലയാളിയുടെയും കണ്ണീര്‍ കേരളത്തിന്റെ മണ്ണില്‍ വീഴാന്‍ പാടില്ല. നമ്മുടെ വ്യവസ്ഥിതിയുടെ നിത്യശാപമായ ചുവപ്പുനാടയില്‍ കുരുങ്ങി വിദേശമലയാളികളുടെ ചെറുതോ വലുതോ ആയ സംരംഭങ്ങള്‍ ശ്വാസം മുട്ടി മരിക്കരുത്. ഈ കോവിഡ് കാലം എല്ലാ ശാപങ്ങളുടെയും മോക്ഷകാലമാകട്ടെ എന്നു പ്രത്യാശിക്കാം.

കൊറോണ വൈറസിന്റെ വ്യാപനം അടുത്തെങ്ങും അവസാനിക്കാന്‍ പോകുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഈ വൈറസ് ഉയര്‍ത്തുന്ന കടുത്ത ഭീഷണിയെ കാര്യക്ഷമമായി നേരിടാന്‍ പുതിയ ചിന്തയിലൂന്നിയ പദ്ധതികളും പരസ്പര ബഹുമാനത്തോടും വിശ്വാസത്തോടും കൂടിയുള്ള കൂട്ടായ്മകളും അനിവാര്യമാണ്. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നമായി കണ്ടുകൊണ്ട്, പോയകാല അരുതായ്കകള്‍ മറന്നുകൊണ്ട് ശുഭാപ്തിവിശ്വാസത്തോടെ ഡ്രീം കേരള പദ്ധതി പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍, ശാരീരിക അകലവും സാമൂഹിക അടുപ്പവും പാലിച്ച് ഒരുമയോടെ മുന്നേറേണ്ടിയിരിക്കുന്നു. 
Join WhatsApp News
josecheripuram 2020-07-06 20:34:41
When any one starts any project however small it is,even if only one employee is there,at least one family has food to eat because of some one invested some thing.The Government&Politicians instead of supporting the person who ventured to give at least one person a job,they make him close the business causing two family to starve."Dream Kerala"will be a Dream for ever.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക