Image

ഒമാനില്‍ വീണ്ടും സ്വദേശിവത്കരണം, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടി

Published on 05 July, 2020
ഒമാനില്‍ വീണ്ടും സ്വദേശിവത്കരണം, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടി
മസ്കറ്റ്: കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണവുമായി ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം. 11 മേഖലകള്‍ കൂടി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി മന്ത്രാലയം ഉത്തരവിറക്കി. മലയാളികള്‍ ഉള്‍പ്പടെ വിദേശികള്‍ ഏറെ തൊഴിലെടുക്കുന്ന തസ്തികകളിലാണ് സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സൈക്കോളജിസ്റ്റ്, ഇന്റെര്‍നല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സോഷ്യോളജി സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ സര്‍വീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്, സൈക്കൊളജിസ്റ്റ്, ജനറല്‍ സോഷ്യല്‍ വര്‍ക്കര്‍, സ്റ്റുഡന്റ് ആക്ടിവിറ്റീസ് സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്‌നിഷ്യന്‍, സോഷ്യല്‍ സര്‍വീസ് ടെക്‌നിഷ്യന്‍, അസിസ്റ്റന്റ് സോഷ്യല്‍ സര്‍വീസ് ടെക്‌നിഷ്യന്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലകളില്‍ ഇനി സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം.

ഇതിനിടെ, ഫിഷറീസ്, ഖനന മേഖലകളില്‍ സ്വദേശിവത്കരണ തോത് നിശ്ചയിച്ച് കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. 2024 ആകുമ്പോഴേക്ക് രണ്ട് മേഖലകളിലും 35 ശതമാനം സ്വദേശി തൊഴിലാളികള്‍ മാത്രമാകുമെന്ന് മാനവ വിഭവശേഷി മന്ത്രി ഷെയ്ഖ് അബ്ദുല്ല അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ഡോ. അഹമദ് അല്‍ ഫുതൈസി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സ്വദേശിവത്കരണം കൊണ്ടുവരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക