Image

ഹൂസ്റ്റന്‍ സെന്റ് ബേസില്‍ ഇടവകക്ക് സ്വപ്‌ന സാഫല്യം

ജോര്‍ജ് കറുത്തേടത്ത് Published on 03 July, 2020
ഹൂസ്റ്റന്‍ സെന്റ്  ബേസില്‍ ഇടവകക്ക് സ്വപ്‌ന സാഫല്യം
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഹൂസ്റ്റന്‍ സെന്റ് ബേസില്‍ സിറിയക്ക് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങളുടെ സ്വന്തമായ ഒരു ദേവാലയം എന്ന ചിരകാല സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുന്നു.

ഹൂസ്റ്റന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ അര്‍ക്കോള സിറ്റിയില്‍ പോസ്റ്റ് റോഡില്‍ ഹൈവേ 6നും, ഹൈവേ 288 നും 5 മിനിറ്റില്‍ കുറഞ്ഞ ദൂരത്തായി, മലയാളികള്‍ തിങ്ങിപാര്‍ക്കുന്ന മിസ്സോറി സിറ്റിയുടേയും, പിയര്‍ലാന്റിന്റേയും അടുത്തായി സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ രണ്ടര ഏക്കറോളം വരുന്ന ഭൂമിയാണ് ദേവാലയ നിര്‍മ്മിതിക്കായി വാങ്ങിയിട്ടുള്ളത്.

2015 ല്‍ 'ഹൂസ്റ്റന്‍ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്' എന്ന പേരില്‍ റവ.ഫാ.ഷിനോജ് ജോസഫ് വികാരിയായി, വളരെ ചുരുക്കം അംഗങ്ങളുമായി തുടക്കം കുറിച്ച ഈ ആരാധനാലയം, 2019 ല്‍ ഇടവകാംഗങ്ങളുടെ താല്‍പര്യത്തെ മുന്‍നിര്‍ത്തി, സത്യ വിശ്വാസ സംരക്ഷണത്തിനായി ഭാത്തമണ്ണില്‍ എഴുന്നള്ളി, കോതമംഗലത്ത് കബറടങ്ങിയ മഹാ പരിശുദ്ധനായ യല്‍ദൊ മോര്‍ ബസ്സേലിയോസ് ബാവായുടെ നാമത്തില്‍, അഭിവന്ദ്യ ഇടവക മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് പുനര്‍നാമകരണം ചെയ്യുകയുണ്ടായി.  കഴിഞ്ഞ കാലങ്ങളില്‍ സ്റ്റാഫോര്‍ഡിലുള്ള വാടക കെട്ടിടത്തിലാണ് വി.ആരാധനയും, സണ്ടേ സ്‌ക്കൂള്‍ ക്ലാസ്സുകളും, മറ്റു പ്രവര്‍ത്തനങ്ങളും നടത്തി വന്നിരുന്നത്.

 സീനിയര്‍ വൈദീകന്‍ വെരി.റവ.ഇട്ടി തോമസ് കോര്‍ എപ്പിസ്‌ക്കോപ്പയുടെയും, വികാരി.റവ.ഫാ.ഷിനോജ് ജോസഫിന്റേയും നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ ഒത്തൊരുമയിലും, അശ്രാന്ത പരിശ്രമത്തിലും, സമീപ ഇടവകാംഗങ്ങളുടെ സഹകരണത്തിലുമായി, അനുദിനം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടി, 'സ്വന്തമായി ഒരു ദേവാലയം' എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന്റെ തുടക്കം കുറിക്കുവാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പള്ളി ഭരണസമിതി.

ജൂണ്‍ 16(ചൊവ്വ) ഇടവകയെ പ്രതിനിധീകരിച്ച് പ്രസിഡന്റും വികാരിയുമായ റവ.ഫാ.ഷിനോജ് ജോസഫ്, വൈസ് പ്രസിഡന്റ് സിമി ജോസഫ്, സെക്രട്ടറി യല്‍ദോസ് അലക്‌സ് പട്ടളാട്ട്, ട്രസ്റ്റി ജോണി ടി. വര്‍ഗീസ് എന്നിവര്‍, ഈ പരിശുദ്ധ ദേവാലയത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു നാഴിക കല്ലായി എന്നെന്നും സ്മരിക്കപ്പെടുന്ന ധന്യ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് രേഖകള്‍ ഒപ്പിട്ട് പ്രമാണങ്ങള്‍ ഏറ്റുവാങ്ങി. വൈകീട്ട് 7 മണിക്ക് ഒട്ടനവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ വികാരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും, റവ.ഫാ.ബിജൊ മാത്യുവിന്റെ(ഹൂസ്റ്റന്‍ സെന്റ് മേരീസ് പള്ളി വികാരി), സഹകാര്‍മ്മികത്വത്തിലും പ്രാര്‍ത്ഥനാപൂര്‍വം വി. സ്ലീബാ നിര്‍ദിഷ്ട ദേവാലയ ഭൂമിയില്‍ പ്രതിഷ്ഠിക്കുകയുണ്ടായി. ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ അനുഗ്രഹാശംസകള്‍ തദവസരത്തില്‍ വികാരി വിശ്വാസികളെ അറിയിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ സ്വന്തമായി ഒരു സ്ഥലം കരസ്ഥമാക്കുവാന്‍  അശ്രാന്ത പരിശ്രമം നടത്തിയ എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും, കഴിവതും വേഗം പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ഇടയാകട്ടെയെന്ന് ആശംസിക്കുന്നതായും അഭിവന്ദ്യ തിരുമേനി അറിയിച്ചു. സ്‌തോത്ര പ്രാര്‍ത്ഥനക്കു ശേഷം പാച്ചോര്‍ നേര്‍ച്ചയോടുകൂടി വി.സ്ലീബാ പ്രതിഷ്ഠാ ശുശ്രൂഷ സമാപിച്ചു.

ഇടവകയുടെ റിലേറ്റര്‍ ആയി പ്രവര്‍ത്തിച്ച ശ്രീ.ജോര്‍ജ് പൈലിയുടെ സാന്നിദ്ധ്യത്തിനും സഹകരണത്തിനും, ഇടവകയുടെ പേരില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി വികാരി അറിയിച്ചു. ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന യല്‍ദൊ മാര്‍ ബസ്സേലിയോസ് ബാവായുടെ ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച്, പണി പൂര്‍ത്തീകരിച്ച് പള്ളിയില്‍ വി.ആരാധന നടത്തുന്നതിനായി പ്രത്യാശിക്കുന്നതായും നാളിതുവരെ നല്‍കിയ സഹകരണത്തിന് എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടര്‍ന്നും ഏവരുടേയും ആത്മാര്‍ത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നതായും പള്ളി ഭരണസമിതി അറിയിച്ചു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

ഹൂസ്റ്റന്‍ സെന്റ്  ബേസില്‍ ഇടവകക്ക് സ്വപ്‌ന സാഫല്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക