അടച്ചു പൂട്ടിയ ടിക് ടോക് വാതിലുകൾ: ആൻസി സാജൻ
EMALAYALEE SPECIAL
01-Jul-2020
EMALAYALEE SPECIAL
01-Jul-2020

ഒറ്റ രാത്രി കൊണ്ടു സൗഭാഗ്യ വെങ്കടേഷ് ഗുഡ് ബൈ പറഞ്ഞത് ഏറ്റവും പ്രിയപ്പെട്ട 15 ലക്ഷം ഫോളോവേഴ്സിനെയാണെന്ന് അവർ പറയുന്നു.അമ്മ താരാ കല്ല്യാണിന്റെ വക 5 ലക്ഷം പേർ, ഭർത്താവിന്റെ അനുയാത്രികർ 20,000, മുത്തശ്ശി സുബ്ബലക്ഷ്മിക്കും ആരാധകർ ഏറെ..
മൊത്തത്തിൽ 20 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇവരുടെ കുടുംബത്തെ വിടാതെ പിൻതുടർന്നിരുന്നത്.
ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്ന് മണിക്കൂറുകൾക്കുള്ളിൽ സൗഭാഗ്യയും കുടുംബവും 20 ലക്ഷത്തിലധികം പേരെയും ഉപേക്ഷിച്ചു.
ഇത്രയധികം അനുയായികൾ ഉള്ളത് കൊണ്ട് ടിക് ടോക്ക് വഴി ബ്രാൻഡഡ് പരസ്യങ്ങളും അതുവഴി വലിയ വരുമാനവുമുണ്ടായിരുന്നതും വേണ്ടന്ന് വയ്ക്കാൻ സൗഭാഗ്യയ്ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. രാജ്യസ്നേഹമാണ് എല്ലാറ്റിലും വലുതെന്ന് അവർ പറയുന്നു.
ഇതു പോലെ എത്രയെത്ര ടിക് ടോക്ക് താരങ്ങളാണ് നിരാശിതരായത്. നൃത്തനൃത്യങ്ങളുടെയും മറ്റു നാനാതരം പ്രകടനങ്ങളുടെയും വലിയ വേദിയായിരുന്നു ടിക് ടോക്.
അതുപോലെ, ചൈനീസ് ഉൽപ്പന്നങ്ങളെല്ലാം ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങളും കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചായി. സ്വദേശി വികാരങ്ങൾ നല്ലതു തന്നെ.
എന്നാൽ നമ്മളെയാകെയൊന്നു നോക്കിയാൽ സ്വന്തമായിട്ട് എന്തൊക്കെയാണ് നമുക്കുള്ളത്..
നോക്കുക.
ചൈനയിൽ 70 ലക്ഷത്തിലധികം ആളുകൾ ഇന്ത്യയെക്കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് മറ്റൊരിടത്ത് കണ്ടു. അവർക്ക് തിരിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും എന്നാൽ നോക്കിയിട്ട് ഒന്നും കാണുന്നില്ല എന്നുമാണ് നമ്മെ അപഹസിക്കുന്നതെന്നാണ് കേട്ടത്.
കുറെ ദിവസമായി നെറ്റ് വഴിക്ക് പുതിയൊരു മൊബൈൽ ഫോൺ വാങ്ങാൻ മകൻ ശ്രമം നടത്തുന്നു.ഓരോ ദിവസവും പറഞ്ഞ സമയത്ത് ശ്രമം തുടങ്ങി പത്തു മിനിട്ടിനകം അത് വിൽപ്പന കഴിയുകയാണെന്ന് പറയുന്നു. ഇന്നും കഥയാവർത്തിച്ചു. ഫോൺ കിട്ടിയില്ല.
എത്രയധികം ആൾക്കാരാണ് ചൈനയുടെ ആ ഫോൺ കൈക്കലാക്കാൻ കാത്തിരിക്കുന്നതിവിടെ.
പറഞ്ഞു വരുന്നത് എന്തെന്നാൽ ഇത്രയധികം ജനശേഷിയുള്ള നമ്മുടെ രാജ്യത്ത് ഇവ്വിധമുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്താത്തതെന്ത് എന്നുള്ളതാണ്.''
'മേക്ക് ഇൻ ഇന്ത്യ ' ഒക്കെ എവിടെയും ആയതായി കാണുന്നില്ല. വളർന്നു പെരുകുന്ന മനുഷ്യശേഷിയുള്ള രാജ്യം അന്യ രാജ്യങ്ങൾക്കു നേർക്കു നോക്കിയിരിക്കുന്ന അവസ്ഥ മാറേണ്ടതല്ലേ..!
അതോ അതിനൊന്നും സമയമായില്ലേ...
കൊറോണ മൂലം വിദേശങ്ങളിൽ നിന്നൊക്കെ മടങ്ങി വരുന്നവർ ഇവിടെ എന്തു ചെയ്യാനാണ് ..?
ആരാണ് അവർക്കൊക്കെ തൊഴിൽ നൽകുന്നത്..?
എന്തു തൊഴിലാണ് ഇവിടെയുള്ളത് ..?
വൈറസ് കാലം കഴിയുമ്പോൾ തങ്ങൾക്ക് അന്നവും ജീവിതവും നൽകിയ നാടുകളിലേക്ക് തന്നെ മടങ്ങാനേ പ്രവാസികൾ ആഗ്രഹിക്കൂ ...
അതുപോലെ, പറക്കമുറ്റും വരെ ഈ നാട്ടിൽ നിന്നിട്ട് പച്ച പിടിക്കാൻ വേറെ ഇടങ്ങൾ തേടേണ്ടി വരും ഇനിയും ഇവിടുത്തെ യുവ ജനത. അതുപോലെ ഇരു രാജ്യങ്ങളിലുമായി പരസ്പര ഉടമ്പടികളിൽ ഏർപ്പെട്ടിരിക്കുന്ന എത്രയെത്ര വൻകിട കമ്പനികളുണ്ട്; ഒറ്റയടിക്ക് ഇതൊക്കെ നിർത്തലാക്കാൻ സാധിക്കുമോ..?
എന്തിന്, ഒരു കറി വയ്ക്കാൻ, തലയിൽ പൂ ചൂടാൻ, ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ ഒക്കെ അയൽപക്കങ്ങളിലെ മഴയെയും കാറ്റിനെയും കാലാവസ്ഥാ മാറ്റങ്ങളെയും കാത്ത് നിൽക്കേണ്ടവരല്ലേ നമ്മൾ മലയാളികൾ...
ഉണ്ണാനും ഉടുക്കാനും യാത്ര ചെയ്യാനും വാർത്താ കൈമാറ്റങ്ങൾക്കും അങ്ങനെ എന്തിനു മേതിനും മറ്റുള്ളവരുടെ ബുദ്ധിയും അധ്വാനവും നോക്കിയിരിക്കുന്ന വലിയ ജനക്കൂട്ടമായിത്തന്നെ നിലനിൽക്കണോ ഈ ഭാരതം.
രാഷ്ട്രീയക്കാരുടെ വാഗ് വിലാസങ്ങൾ കേട്ടിരിക്കാനാണ് നമുക്കിഷ്ടം. ഓരോ ദിവസവും എടുത്താൽ പൊങ്ങാത്തത്ര പരിപാടികളാണ് ആവിഷ്കരിക്കുന്നത്. ജനത്തിന് അത് കേട്ടാൽ മതി.. ഓരോ ദിനവും ഓരോന്നിറക്കും അവരൊക്കെ.വല്ലതും നടപ്പാകുന്നുണ്ടോ എന്ന് അന്വേഷിക്കാൻ നമുക്കെവിടെ സമയം...?
ഏതായാലും സൗഭാഗ്യ ലക്ഷ്മിയുടെ ടിക് ടോക് വീഡിയോകൾ അതിഗംഭീരം തന്നെയാണ്.അതു പോലെ അനേകം താരങ്ങൾ വേറെയും.
എന്തായാലും ഈ പൂട്ടിയിടപ്പെട്ട കാലത്ത് മൊബൈൽ ഫോണിന്റെ ലീലാവിലാസങ്ങളില്ലായിരുന്നെങ്കിൽ നമ്മുടെ അതിജീവനം എത്ര ക്രൂരവും ഭീബൽസവുമായി മാറിയേനേ...
എന്നാലും
ചൈനയ്ക്ക് ഇനി അടിമപ്പെടാൻ
നമ്മളെയൊന്നും കിട്ടൂല...
NB :- എത്രയെത്ര നയവും തന്ത്രങ്ങളും കൊണ്ടാണ് നാം സാധാരണ ജീവിതം പോലും നയിക്കുന്നത്. അപ്പോൾ രാഷ്ട്രങ്ങൾ തമ്മിലും അതൊക്കെ വേണ്ടി വരില്ലേ ...
കാത്തിരിക്കാം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments