Image

ആരാവും `കര'കയറുന്നത്‌

Published on 30 May, 2012
ആരാവും `കര'കയറുന്നത്‌
ഇനി എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്‌ നെയ്യാറ്റിന്‍കരയിലേക്കായിരിക്കും. നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ അവരുടെ വിധി എഴുതുന്നതിന്‌ അധികം സമയം ബാക്കിയില്ലെന്ന്‌ വരുമ്പോള്‍, കഴിഞ്ഞു പോയ പിറവം തിരഞ്ഞെടുപ്പിനേക്കാള്‍ പ്രസക്തി വന്നിരിക്കുന്നു നെയ്യാറ്റിന്‍കരക്ക്‌. നെയ്യാറ്റികര ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന തീരുമാനം കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം എന്നതുപോലെ തന്നെയായിരിക്കും.

ഇരുമുന്നണികളും ബിജെപിയും ആത്മവിശ്വാസത്തോടെ തന്നെ നേരിടുന്ന ഈ തിരഞ്ഞെടുപ്പില്‍ പുറമെ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം ഏതെങ്കിലും മുന്നണിക്കോ, പാര്‍ട്ടിക്കോ ഉള്ളിലുണ്ടോ എന്നതാണ്‌ സംശയിക്കേണ്ടത്‌. ചരിത്രം പരിശോധിച്ചാല്‍ രണ്ടു മുന്നണികളെയും നെയ്യാറ്റിന്‍കര ഒരു പോലെ വിജയിപ്പിച്ചിട്ടുണ്ട്‌. സമുദായ സമവാക്യങ്ങളെ കൂടെ നിര്‍ത്തിയാല്‍ ഇരുമുന്നണികള്‍ക്കും വിജയ സാധ്യത ഒരുപോലെയാണ്‌. 1993 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കോണ്‍ഗ്രസിലെ തമ്പാനൂര്‍ രവി വിജയിച്ച മണ്‌ഡലമാണ്‌ നെയ്യാറ്റിന്‍കര. അതിനു മുമ്പും യു.ഡി.എഫും എല്‍.ഡി.എഫും മാറി മാറി വിജയം നേടിയ ചരിത്രമാണ്‌ നെയ്യാറ്റിന്‍കരക്ക്‌ 2006ല്‍ സി.പി.എമ്മിലെ വി.ജെ തങ്കപ്പന്‍ തമ്പാനൂര്‍ രവിയെ പരാജയപ്പെടുത്തി നെയ്യാറ്റികര ഇടതുപക്ഷത്തിനു വേണ്ടി തിരിച്ചു പിടിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സെല്‍വരാജ്‌ വീണ്ടും തമ്പാനൂര്‍ രവിയെ പരാജയപ്പെടുത്തി നെയ്യാറ്റിന്‍കരയെ ഇടതുപക്ഷത്തിനൊപ്പം നിര്‍ത്തി.

സി.പി.എം വിഭാഗീയതില്‍ വി.എസിനൊപ്പം നിന്ന സെല്‍വരാജിനെ പരാജയപ്പെടുത്താന്‍ വേണ്ടിയാണ്‌ ഔദ്യോഗികപക്ഷം നെയ്യാറ്റിന്‍കരയില്‍ നിര്‍ത്തിയത്‌ എന്നും കരുതുന്നവരുണ്ട്‌. പക്ഷെ സമുദായിക പിന്‍ബലമുള്ള സെല്‍വരാജ്‌ 6,702 വോട്ടിനാണ്‌ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്‌. സെല്‍വരാജിന്‌ ലഭിക്കുന്ന സാമുദായിക പിന്‍ബലം തന്നെയാണ്‌ അദ്ദേഹത്തെ വലതുപക്ഷ സ്ഥാനാര്‍ഥിയായി എത്തിക്കാനുള്ള കോണ്‍ഗ്രസ്‌ തീരുമാനത്തിന്‌ പിന്നിലെ പ്രധാന ഘടകം.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും, പിന്നെ വന്ന പിറവം തിരഞ്ഞെടുപ്പിലും കണ്ടിട്ടില്ലാത്ത രാഷ്‌ട്രീയ കോലാഹലങ്ങളായിരുന്നു അടുത്തിടെയായി അരങ്ങേറിയത്‌. എന്നാല്‍ രാഷ്‌ട്രീയ നാടകങ്ങള്‍ ഒരു സ്ഥിരം നേരംപോക്കായി കണ്ടു രസിച്ചിരുന്ന ജനം ശരിക്കും ഞെട്ടിയത്‌ ആര്‍എംപി നേതാവ്‌ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയായിരുന്നു. അക്ഷരാര്‍ഥത്തില്‍ കേരളീയ സമൂഹത്തെ നടുക്കിയ ഒരു രാഷ്‌ട്രീയ കൊലപാതകം. അതിനു ശേഷമുണ്ടായ നാണിപ്പിക്കുന്ന രാഷ്‌ട്രീയ പ്രതിരോധങ്ങളും, മുതലെടുപ്പുകളും. എല്ലാം വ്യക്തമായി സമൂഹം മനസിലാക്കുന്നുവെങ്കില്‍ നെയ്യാറ്റികരയിലെ വിധി പ്രവചനാതീതം തന്നെയാകും എന്നാണ്‌ മനസിലാക്കേണ്ടത്‌.

സെല്‍വരാജിന്റെ രാജിയില്‍ തുടങ്ങുന്നു നെയ്യാറ്റികര ഉപതിരഞ്ഞെടുപ്പിന്‌ മുമ്പുള്ള വിവാദങ്ങളുടെ ലിസ്റ്റ്‌. പൊടുന്നനെ സംഭവിച്ച സെല്‍വരാജിന്റെ രാജി എല്‍.ഡി.എഫിനെയും സി.പി.എമ്മിനെയും വല്ലാതെ ഞെട്ടിച്ചിരുന്നു. എന്നാല്‍ യു.ഡി.എഫിലേക്ക്‌ പോകുന്നത്‌ ആത്മഹത്യപരമാണെന്ന്‌ പറഞ്ഞ സെല്‍വരാജ്‌ ദിവസങ്ങള്‍ക്കുള്ളില്‍ പറഞ്ഞത്‌ വിഴുങ്ങി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായപ്പോള്‍ സമീപകാല കേരള രാഷ്‌ട്രീയം അമ്പരന്നു പോയിരിക്കണം.

സെല്‍വരാജാണ്‌ സ്ഥാനാര്‍ഥിയെങ്കില്‍ നെയ്യാറ്റിന്‍കരയില്‍ ഇടതുപക്ഷത്തിന്‌ മുന്‍തൂക്കം ലഭിക്കുമെന്ന്‌ എല്‍.ഡി.എഫ്‌ കണക്കുകൂട്ടുകയും ചെയ്‌തിരുന്നു. സെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വവും അഞ്ചാം മന്ത്രി വിവാദവും യു.എഡിഎഫിനെ വല്ലാതെ പ്രതിരോധത്തിലാക്കുകയും ചെയ്‌തു. സാമുദായി പിന്‍ബലം നോക്കി എഫ്‌.ലോറന്‍സിനെ ഇടതുപക്ഷം സ്ഥാനാര്‍ഥിയാക്കിയത്‌ വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച സെല്‍വരാജ്‌ 54,711 വോട്ട്‌ നേടിയിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ പ്രതിരോധത്തില്‍ നില്‍ക്കുന്ന യു.ഡി.എഫിന്‌ മേല്‍ ഇതിലും വലിയ വിജയം നേടാമെന്ന്‌ സി.പി.എം കരുതുകയും ചെയ്‌തു. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ്‌ കഴിയുമ്പോള്‍ ഭരണമാറ്റം സംഭവിക്കുമെന്നു പോലും പിണറായി വിജയന്‍ പ്രസംഗിച്ചു നടന്നു.

എന്നാല്‍ എല്ലാം കീല്‍മേഴ്‌ മറിഞ്ഞത്‌ ഒറ്റ ദിവസം കൊണ്ടായിരുന്നു. ആര്‍.എം.പി നേതാവ്‌ ടി.പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകം ജനമനസുകളില്‍ രാഷ്‌ട്രീയ സമവാക്യങ്ങള്‍ തിരുത്തിയെഴുതി തുടങ്ങി. തങ്ങള്‍ക്ക്‌ പങ്കില്ലെന്ന്‌ സി.പി.എം നേതാക്കള്‍ ആണയിടുമ്പോഴും ദിനം തോറും സി.പി.എം പ്രവര്‍ത്തകര്‍ പോലീസ്‌ പിടിയിലാകുന്നത്‌ ഇടതുപക്ഷത്തെ വല്ലാതെ പ്രതിരോധത്തിലാക്കി.

എന്നാല്‍ ചന്ദ്രശേഖരന്റെ കൊലപാതകം യു.ഡി.എഫ്‌ രാഷ്‌ട്രീയ ആയുധമാക്കിമാറ്റുന്നു എന്ന പ്രചരണം സാധ്യമാക്കിയെടുക്കാന്‍ സി.പി.എമ്മിന്‌ കഴിഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പിയും ഇതേ പ്രചരണമാണ്‌ നടത്തിയത്‌. കേസ്‌ അന്വേഷണം ദ്രുതഗതിയില്‍ നടത്താതെ ഇലക്ഷന്‍ തന്ത്രമായി മനുഷ്യമനസാക്ഷിയെ നടുക്കിയ ഒരു കൊലപാതകത്തെ മാറ്റിയെടുത്തിരിക്കുന്നു എന്ന ആക്ഷേപം യു.ഡി.എഫിനെ അല്‌പമൊന്ന്‌ ഉലയ്‌ക്കാതെയുമിരുന്നില്ല.

ജനവികാരം തങ്ങള്‍ക്കെതിരെയാവാതിരിക്കാന്‍ സി.പി.എം എല്ലാ ജില്ലകളിലും കേന്ദ്രീകരിച്ച്‌ പ്രചരണ യോഗങ്ങളും തുടങ്ങി. എന്നാല്‍ ഇതു തന്നെയാണ്‌ സി.പി.എമ്മിന്‌ തിരിച്ചടിയായത്‌. തൊടുപുഴയില്‍ സി.പി.എം നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തിലാണ്‌ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി സി.പി.എം കൊന്ന കണക്കുകള്‍ വെട്ടിത്തുറന്ന്‌ പറഞ്ഞത്‌. ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിനുള്ളില്‍ നിന്ന സംഭവമായിരുന്നെങ്കില്‍ മണിയുടെ കൊലവിളി ദേശിയ മാധ്യമങ്ങളില്‍ വരെ വന്‍ പ്രധാന്യം നേടി. അക്ഷരാര്‍ഥത്തില്‍ സി.പി.എമ്മിനെയും ഇടതുപക്ഷത്തിനെയും വെട്ടില്‍ വീഴ്‌ത്തുകയായിരുന്നു എം.എം മണി. പിണറായി വിജയന്‍ തന്നെ മണിയെ തള്ളിപ്പറഞ്ഞെങ്കിലും ഇതോടെ നെയ്യാറ്റിന്‍കരയില്‍ ഇനി ജയിച്ചു കയറാന്‍ വലിയ പ്രയാസമാണെന്ന തോന്നല്‍ ഇടതു ക്യാംപുകളില്‍ പോലുമുണ്ട്‌. അവസാന വട്ട പ്രചരണം കൊഴുപ്പിക്കാന്‍ നെയ്യാറ്റിന്‍കരയില്‍ വി.എസ്‌ എത്തിയപ്പോള്‍ അത്ര വലിയ ആവേശമൊന്നും അദ്ദേഹവും പ്രകടിപ്പിച്ചു കണ്ടില്ല. മറുഭാഗത്ത്‌ യു.ഡി.എഫ്‌ തികഞ്ഞ ആവേശത്തില്‍ തന്നെയാണ്‌. പക്ഷെ കാലുമാറിയ സെല്‍വരാജ്‌ വീണ്ടും വോട്ടുചോദിക്കുമ്പോഴുണ്ടാകുന്ന പ്രാദേശികമായ ജനവികാരം യുഡിഎഫിന്‌ എതിരാകുമെന്നതില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ്‌ എല്‍.ഡി.എഫ്‌.

പൊതുസമൂഹത്തിന്റെ വികാരത്തിനും അപ്പുറം സമുദായിക സമവാക്യങ്ങളില്‍ തന്നെയാണ്‌ ആത്യന്തികമായി എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും അഭയം നേടുന്നത്‌. അതിനായുള്ള അവസാനവട്ട പ്രീണനങ്ങളും തകൃതിയായി അണിയറയില്‍ നടക്കുന്നുണ്ട്‌. എന്തായാലും നെയ്യാറ്റികര പോളിംഗ്‌ ബൂത്തിലേക്ക്‌ പോകാന്‍ തയാറെടുത്തു കഴിഞ്ഞു. വിധി ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.
ആരാവും `കര'കയറുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക