Image

ഒരേ സമയം (കഥ: നാരായണൻ രാമൻ)

Published on 20 June, 2020
ഒരേ സമയം  (കഥ: നാരായണൻ രാമൻ)
രാവിലെ തന്നെ മൊബൈലിന്റെ തുടരെ തുടരെയുള്ള തുകിലുണത്തു പാട്ടുകേട്ടാണു് ഞാനുണർന്നത്.   ഉയർന്നു താഴുന്ന ശ്വാസനിശ്വാസങ്ങൾ കൊണ്ട് തടസ്സപ്പെട്ടെങ്കിലും വിലാപം പോലെ കേട്ട സ്വരം ഞാൻ തിരിച്ചറിഞ്ഞു. വന്ദ്യവയോധികനായ അമ്മാമനാണു്.  78 കാരിയായ അമ്മായി ഒന്നു വീണു. ആശുപ ത്രിയിലാക്കിയിരിക്കുന്നു. പണ്ടേ ദുർബ്ബല ശരീരിണി. കടുത്ത ആസ്മ. ശ്വാസകോശമൊക്കെ ചട്ടപ്പടി സമരത്തിലായിട്ട് കാലം കുറേയായി. കഷ്ടപ്പെട്ട് വലിച്ചെടുക്കുന്ന ശ്വാസവായുവിൽ ഓക്സിജൻ മതിയാവുന്നില്ല എന്നതാണു് ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണം. സമയാസമയത്ത് മരുന്നും മന്ത്രവുമായി ഒരു വ്യാഴവട്ടക്കാലമായി കണ്ണിലെണ്ണയൊഴിച്ച്  ശുശ്രൂഷിക്കുന്നത് 87 കാരനായ അമ്മാമൻ.

ICU വിനു് പുറത്തെ ഇരുമ്പ് കസാലയിലെ ഇരുപ്പ് രണ്ടാം ദിവസമായപ്പോഴേക്കും അടുത്ത ഫോണുമെത്തി. അമ്മാമനും കിടപ്പിലായിരിക്കുന്നു. കൈകാൽ മരവിപ്പ്, രക്തച്ഛവിയോടെ ഡിസൻട്രി, നിർജ്ജലീകരണം. പ്രോ സ്റ്റേറ്റ് വീക്കം. മൂത്രതടസ്സം. അമ്മായിയുടെ ശുശ്രൂഷക്ക് പിന്നിൽ തൃണവൽഗണിച്ചിരുന്ന സ്വന്തം വ്യാധികൾ മൂപ്പത്യാരെ കൊണ്ടുവന്നതുകൊണ്ടുള്ള ആധിയുമായി ചേർന്നതിന്റെ പരിണിത ഫലം.

പ്രത്യേകാനുമതി വാങ്ങി രണ്ടാളേയും ഒരു മുറിയിലാക്കിക്കഴിഞ്ഞപ്പോൾ മുതൽ അമ്മാമൻ ശ്വാസം നേരെയെടുത്തു തുടങ്ങി. സ്വന്തം കൈത്തണ്ടയിലൂടെ ഡ്രിപ്പും മരുന്നുമൊക്കെ കയറ്റിക്കൊണ്ടിരിക്കുമ്പോഴും ശ്രദ്ധ മുഴുവൻ അടുത്ത കട്ടിലിൽ കിടക്കുന്ന പ്രിയതമയുടെ മേലാണു്.

എടാ, അമ്മായീടെ  ഇൻജക്ഷൻ കുപ്പിയിൽ നിന്നു് ഇറ്റിറ്റു വീഴുന്നില്ല.
  എടാ ഓക്സിജൻ സിലിണ്ടറിലെ കുമിളകൾ കാണുന്നില്ല.
 എടാ അമ്മായി ഇന്നു് രണ്ടു ഗ്ളാസ് വെള്ളമേ കുടിച്ചിട്ടുള്ളൂ.
 എടാ അമ്മായിയിന്നു് ഒറ്റ പ്രാവശ്യമേ മൂത്രം ഒഴിച്ചിട്ടുള്ളൂ.
എടാ അമ്മായിക്ക് കാപ്പിയാണിഷ്ടം.

അമ്മായിയുടെ പ്രഷർ എത്ര, ഷുഗർ എത്ര, ഓക്സിജൻ എത്ര, ESR എത്ര ഇതൊക്കെയേ മൂപ്പരുടെ ചിന്താമണ്ഡലത്തിലുള്ളൂ.

ഡോക്ടർ വന്നാൽ സ്വന്തം കാര്യമൊന്നും കാര്യമായി പറയാനില്ല. അഴുക്കുപുരണ്ട പണ്ടെങ്ങോ എടുത്ത ഒരു ECG ചുരുളും ഗ്രാമത്തിലെ പള്ളിയാശുപത്രിൽ രണ്ടു മൂന്നു വർഷം മുമ്പെടുത്ത രക്ത പരിശോധനയുടെ ഒരു ലാബ് റിപോർട്ടുമാണു് സ്വന്തം ശാരീരികാവശത ക ളുടെ സാക്ഷ്യപത്രങ്ങളായി കൈവശമുള്ളത്. എന്നാൽ അടുത്ത ബെഡ്ഡിലെ കാഞ്ചനമാലയുടെ സർവ്വ അവശതകളും കഴിഞ്ഞ 15 വർഷത്തെ ചികിത്സാവിവരങ്ങളും  തീയതി വച്ച് ഫയൽ ചെയ്ത റിപ്പോർട്ടുകളുടെ പിൻബലത്തോടെയാണു് കണിശമായ ഓർമ്മ ശക്തിയോടെ വിവരിക്കുന്നതു. പിന്നെ ഇപ്പോഴത്തെ  അവസ്ഥയെ ന്തെന്നു് തിരക്കുന്നു. ആശങ്കകൾ പങ്കുവയ്ക്കുന്നു. ഇടയ്ക്കു പോയി തൊട്ടു നോക്കുന്നു. തടവിക്കൊടുക്കുന്നു. ആശ്വാസവാക്കുകളുമായി പയ്യാരം പറയുന്നു!! വൈകുന്നേരം കൊണ്ടുവന്ന കാപ്പി അൽപ്പമൊന്നു സ്വയം രുചിച്ചു നോക്കി ചുടു പാകമാക്കി ഇടം കൈ കൊണ്ട്  ഭാര്യയെ ചാരിയിരുത്തി തല നേരെ പിടിച്ച് വലം കൈ കൊണ്ട് വായിൽ ഒഴിച്ചു കൊടുക്കുന്നു. മക്കളേയും മരുമക്കളേയും മുന്നിലുള്ള ഈ സ്നേഹപ്രകടനങ്ങളിൽ തെല്ലു ലജ്ജാവിവശയായിട്ടാണെങ്കിലും ഇടം കണ്ണിട്ടു നോക്കി അമ്മായിയും ആസ്വദിക്കുക തന്നെയാണു്.

മൂന്നു ദിവസം  കഴിഞ്ഞ് അമ്മാമനെ ഡിസ്ചാർജ് ചെയ്തു. പക്ഷെ പോകാൻ വേറെ ആളെ നോക്കണം. പിന്നെ മൊയ്തീൻ കാഞ്ചന മാലയുടെ മുഴുവൻ സമയ ശുശ്രൂഷകനായി ചാർജെടുത്തു വെന്ന ഫലമാണുണ്ടായത്.

52 വർഷത്തെ ദാമ്പത്യം. വിവാഹിതരായി ഓരോ സ്ഥലങ്ങളിൽ കഴിയുന്ന അമ്മയെ നോക്കാൻ മത്സരിക്കുന്ന 3 പെൺമക്കൾ. പക്ഷെ അച്ഛൻ അടുത്തു നിന്നുമാറിയിട്ടു വേണ്ടേ അവർക്കൊരവസരം കിട്ടാൻ!!

ഇതെല്ലാം ഒരാഴ്ചയായി കണ്ടു നിന്ന എന്റെ മുന്നിൽ  ആരോഗ്യനികേതനത്തിലെ ജീവൻ മശായുടെ സ്ഥൂല ശരീരവും വീതിയേറിയ നെറ്റിയും പിംഗള കേശിനിയായ മൃത്യു ദേവതയെ ദർശിക്കാൻ കഴിയുന്ന ജീവസ്സുറ്റ മിഴികളും തെളിഞ്ഞു വന്നു. അദ്ദേഹത്തോടൊപ്പം ഞാനും ധ്യാനനിമഗ്ദനായി.

അല്ലയോ പിംഗള കേശിനിയായ മൃത്യു ദേവതേ, നിന്റെ നൂപുരധ്വനി ഞാൻ കേൾക്കുന്നതു സത്യമാണെങ്കിൽ ഈ രണ്ടു ജീവനുകളേയും ഒരേ സമയം, അവരുടെ സ്നേഹവാസനകൾക്കൊപ്പം  കൂടെ കൂട്ടാൻ ദയവുണ്ടാകണേ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക