Image

സുമതിക്കും മറിയത്തിനും ശേഷം വീണ റിയാസ്: രാജധാനിയിൽ അപൂർവ മംഗല്യം (കുര്യൻ പാമ്പാടി)

Published on 15 June, 2020
സുമതിക്കും മറിയത്തിനും ശേഷം വീണ റിയാസ്: രാജധാനിയിൽ അപൂർവ മംഗല്യം (കുര്യൻ പാമ്പാടി)
കെആർ ഗൗരി-ടിവി തോമസ്  വിവാഹത്തിന് ശേഷം നടന്ന ചരിത്ര പ്രധാനമായ ഒരു രാഷ്ട്രീയ വിവാഹത്തിന് കേരള രാജധാനി തിങ്കളാഴ്ച്ച സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കമലയുടെയും ഏകമകൾ വീണാ വിജയൻ,  എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസിനു വരണമാല്യം ചാർത്തിയതോടെ അത് കൊറോണക്കാലത്ത് നടന്ന  അത്യപൂർവ പരിണയമായി.

ഇഎംഎസ് മന്ത്രിസഭയിൽ അംഗങ്ങൾ ആയിരുന്ന ടിവി തോമസും കെആർ  ഗൗരിയമ്മയും പ്രേമിച്ച് വിവാഹം കഴിച്ചത് 1957 ലാണ്. രാജധാനിക്കു  അത്തരമൊരു ചരിത്ര മുഹൂർത്തത്തിനു രംഗവേദിയാകാൻ 63 വർഷം കാത്തിരിക്കേണ്ടി വന്നു. ലളിതമായിരുന്നു ചടങ്ങുകൾ, പക്ഷെ ലോകമലയാളികൾ മുഴുവൻ ആ ഒരു നിമിഷത്തിനു കാതോർത്തിരുന്നു.

മഹാമാരിക്കാലത്ത്  മതസംഹിതകളും മാമൂലുകളും കാറ്റിൽ പറത്തി സ്വന്തം വിശ്വാസപ്രമാണ
ങ്ങൾക്ക് അനുസൃതമായി ഒന്നിച്ച് ജീവിക്കാനുള്ള വീണാ-റിയാസുമാരുടെ തീരുമാനം കേരളീയ സമൂഹത്തിനു ഒന്നടങ്കം മാതൃകയാണെന്ന് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. വത്സൻ തമ്പു കൊച്ചി പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ പ്രകീർത്തിച്ചു.

സുശീല -എകെജി, റോസമ്മ-പുന്നൂസ്, വൃന്ദ-കാരാട്ട്, ആനി--രാജാ തുടങ്ങി നിരവധി പ്രഗൽഭ ദമ്പതിമാർ വെട്ടിത്തുറന്ന മതേതര, മാനുഷിക വഴിത്താരകൾ മലയാളികൾക്ക് കൂട്ടായി രിക്കട്ടെ എന്ന് മറ്റു പലരും ആശംസിച്ചു.

പലവിധത്തിൽ ഈ വിവാഹത്തിന് അപൂർവ ഭംഗി കൈവന്നു. ഒന്ന്  ഇരുവരുടെയും രണ്ടാമത്തെ വിവാഹം ആണിത്. വീണക്ക് ഒരു മകനും റിയാസിന് രണ്ടു മക്കളും ഉണ്ട്. ഈശ്വര വിശ്വാസികൾ അല്ലെങ്കിലും ജനനം കൊണ്ട് ഹൈന്ദവ ആയ വീണയും  മുസ്ലിം ആയ റിയാസും തമ്മിലുള്ള വിവാഹം ഹൈന്ദവശൈലിയിൽ പരസ്പരം വരണമാല്യം  അർപ്പിച്ചാണ് നടന്നത്.

കൊട്ടോ കുരവയോ നാദസ്വരമേളമോ ഒന്നും ഉണ്ടായിരുന്നില്ല. വീണയുടെ പിതാവും മാതാവും സഹോദരൻ വിവേകും ഭാര്യയും എല്ലാവരുടെയും മക്കളും റിയാസിന്റെ പിതാവ് റിട്ട . കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അബ്ദുൽ ഖാദറും ഭാര്യ അയിഷാ ബീവിയും  ഉൾപ്പെടെ അമ്പതോളം പേരെ  സംബന്ധിച്ചുള്ളു. വരൻ കോഴക്കോടു കോട്ടൂളി സ്വദേശിയാണ്.

വധൂവരന്മാർക്കു രാഷ്ട്രീയ നേതാക്കൾക്കൊപ്പം സാമൂഹ്യ സാംസകാരിക രംഗത്തെ പ്രമുഖരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭാവുകങ്ങൾ ആശംസിച്ചു. ഐടി ബിരുദധാരിയായ വീണ ആറു വർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫ്റ്റ് ഇന്റർനാഷണലിൽ പ്രവർത്തിച്ചു. ഇപ്പോൾ  സ്വന്തം സ്ഥാപനം നടത്തുന്നു. റിയാസ് ഫുൾടൈം രാഷ്ട്രീയ പ്രവർത്തനം. സിപിഎം സ്റ്റേറ്റ് കമ്മിറ്റി അംഗം കൂടിയാണ്.

കേരളത്തിൽ മുഖ്യമന്ത്രി പദത്തിൽ ഇരുന്ന ഏഴുപേർ  മക്കളുടെ വിവാഹം നടത്തിയിട്ടുണ്ട്. എന്നാൽ  ക്ലിഫ് ഹൗസിൽ നടക്കുന്ന മൂന്നാമത്തെ വിവാഹം ആണിത്. ആദ്യത്തേത് തിരുകൊച്ചി മുഖ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ മകൾ സുമതിയുടേത്. രണ്ടായിരം പേർക്ക് സദ്യ നൽകി. രണ്ടാമത്തേത് ഉമ്മൻ  ചാണ്ടിയുടെ മകൾ മറിയത്തിന്റേത്. 

തിരുകൊച്ചിസംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി പറവൂർ ടികെ നാരായണപിള്ളയുടെ മകൾ ലീലയുടെ വിവാഹം റോസ് ഹൗസിൽ വച്ചാണ് നടന്നത്. തികച്ചും ലളിതം.  ഓരോ ഓറഞ്ച, ബോണ്ട, പഴം, ബിസ്കറ്റ്,, ശീതളപാനീയം. തീർന്നു.

മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകൾ സതിയുടെ വിവാഹം കനകക്കുന്നു കൊട്ടാരത്തിൽ വച്ചാണ് നടത്തിയത്. അദ്ദേഹത്തിന്റെ സ്വഭാവം പോലെ തീർത്തും ലളിതമായ ചടങ്ങു്. അതിഥികൾക്ക് ഓരോ നാരങ്ങാവെള്ളം നൽകി.

കരുണാകരന്റെ മകൻ മുരളിയുടെ കല്യാണം ഗുരുവായൂർ വച്ചും ഇ.കെ നായനാരുടെ മകൾ ഉഷയുടെ വിവാഹം കോട്ടക്കകത്തും മകൻ വിനോദ്‌കുമാറിന്റെ വിവാഹം തൃശ്ശൂരും കല്യാണ  മണ്ഡപങ്ങളിൽ വച്ചായിരുന്നു.

സുമതിക്കും മറിയത്തിനും ശേഷം വീണ റിയാസ്: രാജധാനിയിൽ അപൂർവ മംഗല്യം (കുര്യൻ പാമ്പാടി)
നവദമ്പതികൾ--മുഹമ്മദ് റിയാസും വീണാ വിജയനും
സുമതിക്കും മറിയത്തിനും ശേഷം വീണ റിയാസ്: രാജധാനിയിൽ അപൂർവ മംഗല്യം (കുര്യൻ പാമ്പാടി)
മിന്നു കെട്ടൽ
സുമതിക്കും മറിയത്തിനും ശേഷം വീണ റിയാസ്: രാജധാനിയിൽ അപൂർവ മംഗല്യം (കുര്യൻ പാമ്പാടി)
അച്ഛനമ്മമാരോടൊപ്പം
സുമതിക്കും മറിയത്തിനും ശേഷം വീണ റിയാസ്: രാജധാനിയിൽ അപൂർവ മംഗല്യം (കുര്യൻ പാമ്പാടി)
ഒന്നിച്ചു പൊതുരംഗത്ത്
സുമതിക്കും മറിയത്തിനും ശേഷം വീണ റിയാസ്: രാജധാനിയിൽ അപൂർവ മംഗല്യം (കുര്യൻ പാമ്പാടി)
കുടുംബചിത്രം
സുമതിക്കും മറിയത്തിനും ശേഷം വീണ റിയാസ്: രാജധാനിയിൽ അപൂർവ മംഗല്യം (കുര്യൻ പാമ്പാടി)
സഹോദരൻ വിവേകിന്റെ വിവാഹവേള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക