Image

പ്രായമായ പ്രവാസികളുടെ ഭൂമി കുറഞ്ഞ വിലക്കു കൈവശപ്പെടുത്താന്‍ നീക്കം

Published on 13 June, 2020
പ്രായമായ പ്രവാസികളുടെ ഭൂമി കുറഞ്ഞ വിലക്കു കൈവശപ്പെടുത്താന്‍ നീക്കം
 ക

ചിക്കാഗോ: കൊച്ചി നഗരത്തില്‍ ഒരു സെന്റ് ഭൂമിക്ക് മൂന്നര ലക്ഷം രൂപ മാത്രമേ വിലയുള്ളോ? പ്രവാസികളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള മറ്റൊരു ശ്രമത്തിന്റെ ചുരുള്‍ അഴിയുകയാണ്

ചിക്കാഗോയില്‍ 47 വര്‍ഷമായി താമസിക്കുന്ന 80 വയസ്സുള്ള ഐസക്ക് ചാക്കോ, 75 വയസ്സുള്ള ഭാര്യ സൂസി ചാക്കോ എന്നിവര്‍ തങ്ങളുടെ ഉടമസ്ഥതയില്‍ വൈറ്റിലയ്ക്കടുത്ത് ബണ്ട് റോഡ് ബ്രിഡ്ജിനടുത്തുള്ള 30 സെന്റ് സ്ഥലം സെന്റിനു 3.66 ലക്ഷം രൂപയ്ക്ക് തെറ്റിദ്ധരിപ്പിച്ച് കരാറെഴുതിയതിനെതിരേ ആദ്യം മരട് പോലീസില്‍ പരാതി നല്‍കി.

പ്രായക്കൂടുതലും ഇന്ത്യന്‍ നിയമങ്ങളെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതും ഇത്തരമൊരു അവസ്ഥയില്‍ തങ്ങളെ എത്തിച്ചുവെന്നു ഐസക്ക് ചാക്കോ പറഞ്ഞു.

അകന്ന ബന്ധുവായ വനിതയാണ് ഏജന്റായി പ്രവര്‍ത്തിച്ചത്. അവര്‍ക്ക് രണ്ടോ മൂന്നോ വയസ് പ്രായമുള്ളപ്പോള്‍ കണ്ട പരിചയമേയുള്ളൂ. ഇരുപത്തിമൂന്നര സെന്റ് സ്ഥലവും ആറര സെന്റ് ചതുപ്പുമാണ്. തല്‍സ്ഥിതിയില്‍ സെന്റിനു ഒമ്പതു ലക്ഷം രൂപ നിരക്കില്‍ വില്‍പ്പനയ്ക്കാണ് തീരുമാനിച്ചത്.

ഭൂമിക്ക് 2019-20 ലെ കരം അടച്ചിരുന്നില്ല. അത് പ്രസ്തുത വനിത അടച്ചു. അതടക്കാനായി നേരത്തത്തെ രസീതും വിവരങ്ങളും വാങ്ങി. പക്ഷെ കരമടച്ച രസീത് തന്നില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ഭൂമി വാങ്ങാനായി ഒരാള്‍ വന്നതായി അറിയിച്ചു. നവംബര്‍ എട്ടിനു ഒരു കരാര്‍ അയച്ചു തന്നു. അത് ഒപ്പിട്ടുകൊടുത്തു. കരാറില്‍ പറഞ്ഞതുപോലെ അഡ്വാന്‍സ് ഒരു ലക്ഷം രൂപ എന്നതിനു പകരം 10 ലക്ഷം തന്റെ ബാങ്ക് അക്കൗണ്ടിലിടാന്‍ നിര്‍ദേശിച്ചു.

ഭൂമി വില്‍പ്പനയ്ക്ക് ചുമതലക്കാരനായി അഡ്വ. ജോര്‍ജ് വള്ളിക്കാലിനെ ഐസക് ചാക്കോ ഏര്‍പ്പെടുത്തി. എന്നാല്‍ ഏജന്റായ വനിത അദ്ദേഹവുമായി സഹകരിക്കാന്‍ തയാറായില്ല.

അതിനിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി മാത്രമായി എന്നു പറഞ്ഞ് പവര്‍ ഓഫ് അറ്റോര്‍ണിയും ഏജന്റ് ആവശ്യപ്പെട്ടു.

വാങ്ങുന്നയാള്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുന്നതിനുള്ള ഡ്രാഫ്റ്റ് അയച്ചുതന്നു. അതു കോണ്‍സുലേറ്റില്‍ പോയി ഒപ്പിടുവിച്ചു.

വസ്തുവിന്റെ ആധാരം ഒരു കസിന്റെ പക്കല്‍ ആയിരുന്നു. അതു വാങ്ങാന്‍ ഏജന്റിനു അനുമതി കൊടുക്കുകയും ചെയ്തു. പക്ഷെ ആധാരം തിരിച്ചു കൊടുക്കുകയുണ്ടായില്ല.

വസ്തു രജിസ്‌ട്രേഷനു എല്ലാം റെഡിയായെന്നും ഈ വര്‍ഷം ജനുവരി 5-നു ശേഷം ഏതു ദിവസം വേണമെങ്കിലും വരാനും അറിയിച്ചു. തന്റെ വക്കീല്‍ ജനുവരി 12-നു ശേഷം കേരളത്തിനു പുറത്തു പോകുന്നതിനാല്‍ തിരക്കിട്ട് കൂടിയ ചാര്‍ജില്‍ ടിക്കറ്റ് എടുത്ത് ജനുവരി 6-നു നാട്ടിലെത്തി.

രജിസ്‌ട്രേഷന്‍ അവര്‍ ജനുവരി 14-നാക്കി. തന്റെ വക്കീല്‍ അപ്പോള്‍ സ്ഥലത്തുണ്ടാവില്ലെന്നു അവര്‍ക്ക് അറിയാമായിരുന്നു. നിശ്ചയിച്ചപോലെ മരട് രജിസ്ട്രാര്‍ ഓഫീസില്‍ അന്നു മൂന്നു മണിക്ക് താനും ഭാര്യയും എത്തി. പക്ഷെ ഇന്റര്‍നെറ്റ് ഇല്ലെന്നും വെയിറ്റ് ചെയ്യണമെന്നും അറിയിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചൂട് കാരണം ഭാര്യ അവശയായി. തുടര്‍ന്ന് അടുത്ത് എ.സി ഉള്ള ഹോട്ടലില്‍ പോയി ഇരിക്കാന്‍ പറഞ്ഞു.

അഞ്ചര ആയപ്പോള്‍ ഇന്റര്‍നെറ്റ് ശരിയായെന്നും പെട്ടെന്ന് എത്താനും പറഞ്ഞു. പിന്നെ തിരിക്കിട്ട് പേപ്പറുകളില്‍ ഒപ്പിടുവിക്കുകയായിരുന്നു. ഏജന്റിലുള്ള വിശ്വാസം കൊണ്ടും കാര്യങ്ങള്‍ അറിയാത്തതുകൊണ്ടും വായിക്കാതെ ഒപ്പിട്ടു. രേഖകളുടെ കോപ്പി ഒന്നും നല്കിയില്ല.

വൈകാതെ ബാങ്കില്‍ നിന്നു വന്ന സന്ദേശത്തില്‍ പത്തു ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്തതായി കണ്ടു. ബാക്കി 259 ലക്ഷം രൂപ എവിടെ എന്നു താന്‍ ചോദിച്ചു. (മൊത്തം വില 270 ലക്ഷം. ആദ്യം നല്കിയത് ഒരു ലക്ഷം. ഇപ്പോള്‍ 10 ലക്ഷം. ബാക്കിയാണു 259 ലക്ഷം.)

രണ്ടാഴ്ച കഴിഞ്ഞ് ഒന്നുകൂടി വരണമെന്നും അപ്പോള്‍ പൂര്‍ണമായി രജിസ്‌ട്രേഷന്‍ നടടത്താമെന്നും അറിയിച്ചു. ഏകദേശം 24 ലക്ഷം രൂപ ചെലവിട്ടാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. വീണ്ടും വരുന്നത് ബുദ്ധിമുട്ടാണെന്നു പറഞ്ഞപ്പോള്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് തരാമെന്നായി. ഭാര്യയ്ക്ക് വരാന്‍ പറ്റിയില്ലെങ്കില്‍ അവരുടെ പവര്‍ ഓഫ് അറ്റോര്‍ണി കൊണ്ടുവന്നാലും മതി.

രേഖകളുടെ കോപ്പി ആവശ്യപ്പെട്ടപ്പോള്‍ അതു റെഡിയായില്ലെന്നായിരുന്നു മറുപടി. രണ്ടാഴ്ച കഴിഞ്ഞിട്ടും രേഖകള്‍ കിട്ടിയില്ല. ഈവര്‍ഷം ഫെബ്രുവരി 21-നു തപാലില്‍ കോപ്പി വന്നു.

വസ്തു വില്‍പ്പന കരാര്‍ എന്നാണ് എഴുതിയിരിക്കുന്നതെന്നു കണ്ട് ഞെട്ടിപ്പോയി. ആകെ വില ഒരു കോടി 9 ലക്ഷത്തില്‍പ്പരം. അതായത് സെന്റിനു 3.66 ലക്ഷം എന്നാക്കിയിരിക്കുന്നു. സിംഗിള്‍ ബയര്‍ എന്നു കരുതിയിടത്ത് മൂന്നുപേര്‍. അതിലൊരാള്‍ ഏജന്റ്. ആധാരം തിരിച്ചു കൊണ്ടു പോയി കൊടുക്കാന്‍ ടാക്സി കൂലി ഇല്ലാ എന്നു പറഞ്ഞ ഏജന്റാണു വസ്തു വാങ്ങാന്‍ തയ്യാറായി വന്നത്.

ചിക്കാഗോയില്‍ നിന്ന് 24 ലക്ഷം മുടക്കി കേരളത്തില്‍ പോയത് 10 ലക്ഷം അഡ്വാന്‍ഡ് വാങ്ങാനായിരുന്നോ? ഐസക്ക് ചാക്കോ ചോദിക്കുന്നു

ഈ കരാര്‍ പ്രകാരം അടുത്ത മാസം (ജൂലൈ) 15 നകം ബാക്കി തുക (98 ലക്ഷത്തില്‍പ്പരം) കൈപ്പറ്റി വസ്തു എഴുതിക്കൊടുക്കണം. അല്ലെങ്കില്‍ കോടതിയില്‍ പോയി വില്‍പ്പന നടപ്പാക്കി എടുക്കുമെന്നും പറയുന്നു. പ്രായമുള്ളവരായതിനാല്‍ കോടതിയില്‍ പോയാലും കേസ് നീണ്ട് പൊയ്ക്കൊള്ളുമല്ലൊ.

ഏതായാലും കരാര്‍ കണ്ടു കഴിഞ്ഞശേഷം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇതൊരു സിവില്‍ വ്യവഹാരമെന്ന നിലയിലാണ് പോലീസ്. കാര്യമായ നടപടിയൊന്നുമുണ്ടായില്ല.

അതിനാല്‍ മുഖ്യമന്ത്രി, ഡി.ജി.പി., എറണാകുളം പോലീസ് കമ്മീഷണര്‍, എന്നിവര്‍ക്കും നോര്‍ക്കക്കും പരാതി നല്കിയിരിക്കുകയാണ് ഇരുവരും. വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് അലക്‌സ് കോശി, ഫോമാ നേതാവ് അനിയന്‍ ജോര്‍ജ്, ജോസ് മണക്കാട്ട് എന്നിവരും സഹായവുമായി രംഗത്തുണ്ട്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക