Image

മൃതദേഹത്തില്‍നിന്ന് കോവിഡ് പകരില്ല: ഡോ. ഷേര്‍ലി വാസു

Published on 11 June, 2020
മൃതദേഹത്തില്‍നിന്ന് കോവിഡ് പകരില്ല: ഡോ. ഷേര്‍ലി വാസു
കോഴിക്കോട്: മൃതദേഹത്തില്‍നിന്ന് കോവിഡ് രോഗം പകരുമെന്ന ഭീതി വേണ്ടെന്ന് ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ലി വാസു. കോവിഡ് മരണം നാട്ടുകാരില്‍ ഭീതിയുണ്ടാക്കുകയും മൃതദേഹം അടക്കം ചെയ്യുന്നത് തടയുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് പലയിടത്തും. മൃതദേഹത്തില്‍നിന്ന് കോവിഡ് വ്യാപിക്കുമെന്ന ഭീതിയാണ് കാരണം.  ജീവനുള്ള കോശങ്ങളിലേ രോഗാണുവിന് രോഗവ്യാപനശേഷിയുണ്ടാവൂ. മരിച്ച് കഴിഞ്ഞ് ആറ് മണിക്കൂറേ കോശങ്ങള്‍ക്ക് ജീവനുണ്ടാകൂ.

അതിനാല്‍, ആ സമയം കഴിഞ്ഞാല്‍ രോഗസാധ്യതയില്ല. മൃതദേഹത്തിന്‍െറ  വസ്ത്രങ്ങളിലോ മറ്റോ രോഗാണുവുണ്ടെങ്കില്‍ മാത്രമേ വ്യാപിക്കുകയുള്ളൂവെന്നും ഡോക്ടര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.മൃതദേഹം അടക്കംചെയ്യുന്നത് പ്രോട്ടോകോള്‍ പ്രകാരം തന്നെയാകണം. 10 അടി താഴ്ചയില്‍ കുഴിയെടുത്താല്‍ പിന്നീട് നായ്ക്കളോ മറ്റോ മൃതദേഹം മാന്തി പുറത്തിടില്ല. കോവിഡ് ബാധിച്ചുണ്ടാകുന്ന മരണങ്ങളില്‍ അണുനശീകരണം കൃത്യമാകാന്‍ സാധ്യത കുറവാണെന്നു കണ്ടാണ് ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ അവസരം നല്‍കാത്തത്. ആ പ്രോട്ടോക്കോള്‍ പാലിക്കുക തന്നെയാണ് രോഗവ്യാപനം തടയാന്‍ നല്ലത്.

ചില മൃതദേഹങ്ങളില്‍നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ദ്രവങ്ങള്‍ ഒഴുകാന്‍ ഇടയുണ്ട്. മൂക്കിലൂടെ ഒഴുകാതിരിക്കാന്‍ ദ്വാരങ്ങളില്‍ കോട്ടണ്‍ വെച്ച് തടയാം. എന്നാല്‍, വായിലൂടെ പുറത്തുവരുന്ന ദ്രവങ്ങള്‍ രോഗം പരത്താന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൃതദേഹം കൈകാര്യം ചെയ്യാന്‍ ഏറ്റവും നല്ലത് മോര്‍ച്ചറി ജീവനക്കാരാണ്. വൈറസ് രോഗങ്ങള്‍ ബാധിച്ച നിരവധി മൃതദേഹങ്ങള്‍ കൈകാര്യം ചെയ്തുള്ള അവരുടെ പരിചയം അതിന് ഉപകാരപ്പെടും. രോഗ സാധ്യത കുറക്കുംവിധം മൃതദേഹം കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ക്കാകും.

എന്നാല്‍, കോവിഡ് അല്ലെങ്കില്‍ മറ്റെന്തെങ്കിലും വൈറസ് രോഗം ബാധിച്ചവര്‍ മരിച്ചാല്‍ ഒരു ദിവസം കഴിഞ്ഞു മാത്രമേ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാവൂ. അത്രയും സമയം കഴിയുമ്പോഴേ രോഗാണു നശിക്കൂ. നമ്മുടെ നാട്ടില്‍ അത് നടക്കാറില്ല. വൈറസ് മരണങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത് ലെവല്‍ ത്രീ മോര്‍ച്ചറിയിലാണ്. കേരളത്തിലെവിടെയും ലെവല്‍ ത്രീ മോര്‍ച്ചറി സൗകര്യമില്ല. കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെര്‍ച്വല്‍ ഓട്ടോപ്‌സി സൗകര്യമോ ലെവല്‍ ത്രീ മോര്‍ച്ചറി സൗകര്യമോ ഒരുക്കണം ഡോ. ഷേര്‍ലി വാസു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക