Image

മോന്തക്കൊട്ടായി (കവിത: സിജോ ചെമ്മണ്ണൂർ)

Published on 11 June, 2020
മോന്തക്കൊട്ടായി (കവിത: സിജോ ചെമ്മണ്ണൂർ)
വേണം എനിക്കുമൊരു മോന്തക്കൊട്ടായി..
നീലയും, മഞ്ഞയും, ചുമലയും, പച്ചയും നിറങ്ങളിൽ
വർണ്ണശഭളമായ്  വിളങ്ങും
മുഖങ്ങളെ മൂടും, മനസ്സുകളേയും
ഉള്ളിലുയരും  തമോഗർത്തങ്ങളെ
മറച്ചിടാനും, തളച്ചിടാനും..
ഭംഗിയുള്ള നിറകോലങ്ങളിൽ
എന്തിനു ഞാനെന്റെ
കറുപ്പു പൂശണം?
എന്റെ മോന്തക്കൊട്ടായിയിൽ
ഞാൻ ഒരു ചെറുപുഞ്ചിരി വരക്കും
കൊഴിയുന്ന പൂവിനോ, അസ്തമയ സൂര്യനോ
എന്റെ മന്ദഹാസമൊരാശ്വാസമായെങ്കിൽ?
അതിന്റെ മന്ദസ്മിതങ്ങളെൻ
കലുഷിതമാം മനസ്സിൽ ചെറു
കിരണങ്ങൾ വിടർത്തിയെങ്കിൽ
ഹാ! ആത്മാവിനെ തൊട്ടുണർത്തുന്ന
സ്പന്ദനങ്ങൾ നിന്നിലും എന്നിലും ജനിച്ചെങ്കിൽ
നമ്മുടെ പ്രേമചരിതങ്ങൾ മഹാ
കാവ്യങ്ങളായി വളർന്നെങ്കിൽ?
ഞാനും, നീയും ഒന്നെന്ന സത്യം
നമ്മിൽ ഒരുപോലെ ഉരുവായിയെങ്കിൽ?
വേറെന്തു മോക്ഷം? വേറെന്തു സുകൃതം?
വേറേതു വേദം വേദാന്തങ്ങളും?
എനിക്കും വേണം മോന്തക്കൊട്ടായി
ഇന്നലകളെ മറക്കുവാൻ
നാവുകളെ മൂടിക്കെട്ടുവാൻ
കേൾക്കാത്ത ഇളം കാറ്റിനെ കേൾക്കുവാൻ
കാണാത്ത പ്രകൃതിയെ കാണുവാൻ
അലിഞ്ഞുചേരുന്ന ഹൃദയത്തെ സ്പർശ്ശിക്കുവാൻ
ഉള്ളിലുള്ള ഈശ്വരനെ ഒന്നു തൊട്ടുണർത്തുവാൻ
എനിക്കും വേണം ഒരു മോന്തക്കൊട്ടായി..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക