Image

പാടി..പാടി ജോസ് ചെറിയാനും പുത്തനാം യെരുശലേമിലേക്ക്..(അനുസ്മരണം: കെ സി ജോൺസൻ)

Published on 09 June, 2020
പാടി..പാടി ജോസ് ചെറിയാനും പുത്തനാം യെരുശലേമിലേക്ക്..(അനുസ്മരണം: കെ സി ജോൺസൻ)
ഡാളസ്: അനുഗ്രഹീത മലയാള ക്രൈസ്തവ ഗാന രചയിതാവായിരുന്ന പരേതനായ എം. ഇ. ചെറിയാൻ സാറിന്റെ  ഇളയമകൻ ജോസ് ചെറിയാൻ(61) ഡാളസിൽ  ജൂൺ 8 നു ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ചു .

ഒരിക്കലും   കേൾക്കാൻ ഇഷ്ടമില്ലാത്ത ഒരു വാർത്തയും ആയിട്ടാണ് ജൂൺ ഒമ്പതിന് പ്രഭാതം പൊട്ടി വിടർന്നത്.  പ്രിയപ്പെട്ട ജോസ് ചെറിയാൻ നമ്മെ വിട്ടുപിരിഞ്ഞു എന്ന വാർത്തയുമായി ഡാളസ്സിൽ നിന്നും ബെൻസനും ഫാമിലിയും എന്നെ വിളിച്ചു. അത് ഉൾക്കൊള്ളുവാൻ ആ നിമിഷങ്ങളിൽ കഴിഞ്ഞില്ല.  പിന്നീട് USA യിലുള്ള പലരും ആയി ബന്ധപ്പെട്ട് വാർത്ത സ്ഥിരീകരിച്ചപ്പോഴേക്കും എന്തെന്നില്ലാത്ത ഒരു വേദനയും ദുഃഖവും ഹൃദയത്തെ ഭരിച്ചു.

ഒരുപാട് മധുരിക്കുന്ന ഓർമ്മകൾ ബാക്കിവെച്ചാണ് പ്രിയപ്പെട്ട ജോസ് യാത്രയായത്.1973ൽ ചരൽകുന്നിൽ നടന്ന എസ് ബി എസ് ക്യാമ്പിൽ വച്ചാണ് ആദ്യമായി ജോസിനെ പരിചയപ്പെടുന്നത്.  തന്റെ പിതാവ് എം ഇ ചെറിയാൻ സാർ മധുരയിൽ നിന്നും വരുമ്പോൾ മക്കളെയും കൂട്ടി ആണ് ക്യാമ്പുകളിൽ പങ്കെടുത്തിരുന്നത്.

സമപ്രായക്കാർ ആയിരുന്നതിനാൽ ജോസുമായി കൂടുതൽ അടുത്ത് ഇടപെട്ടു.  അല്പം കുസൃതിയും തമിഴ് ഭാഷ കലർന്ന മലയാളവും എന്നെ കൂടുതൽ ആകർഷിച്ചു.  അന്നു തുടങ്ങിയ ബന്ധം ഇന്നലെ വരെയും തുടരുവാൻ കഴിഞ്ഞു.

ജോസ് തെരഞ്ഞെടുത്തതിനേക്കാൾ ഉപരിയായി ദൈവം തന്നെ അമേരിക്കയിലേക്ക് അയച്ചതാണ് എന്നുള്ളതിനു യാതൊരു സംശയവുമില്ല.  FIBA  പോലെയുള്ള വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ ദൈവം തന്നെ ഉപയോഗിച്ചു.

അമേരിക്കൻ കോൺഫ്രൻസ്കളിലും ഇന്ത്യയിലും എം ഇ സിയുടെ ഗാനങ്ങൾ പാടി കേൾക്കുവാനും കൂടെ പാടുവാനും നമുക്ക് അവസരമൊരുക്കിയത് ജോസിന്റെ ടീമാണ്.

ജോസും ടീമും അമേരിക്കൻ കോൺഫറൻസുകളിൽ സംഗീതത്തിന്റെ അലയാഴികളിൽ കൂടി ഒരു സ്വർഗ്ഗീയ അനുഭൂതി ഉളവാക്കി എന്നുള്ളതിനു സംശയമില്ല.  സമാപനഗാനം ആയി പാടാറുള്ള "പുത്തനാം യരുശലേമിൽ എത്തും കാലം ഓർക്കുമ്പോൾ"എന്ന ഗാനം എത്ര ആവേശത്തോടെ കൂടിയാണ് പാടി അവസാനിപ്പിക്കാറുള്ളത്‌. സോഷ്യൽ മീഡിയയിൽ കൂടി ആ ഗാനങ്ങൾ ഇന്ന് വീണ്ടും കേട്ടപ്പോൾ ആ പാട്ടുകൾക്ക് ജീവൻ ഉള്ളതുപോലെ തോന്നി. പാട്ടിന് മുഖവുര പറഞ്ഞ് വീണ്ടും വീണ്ടും ആ ഗാനം പാടാൻ പറയുമ്പോൾ സ്വർഗ്ഗത്തിൽ എത്തുന്ന ഒരു അനുഭൂതിയാണ് നമ്മുടെ ഹൃദയങ്ങളിൽ ഉളവാക്കിയത്.

തന്റെ പിതാവ് ചെറിയാൻ സാർ എഴുതിയ 'പുത്തനാം യെരുശലേമിൽ' എന്ന ഗാനം കൈയടിച്ചു പാടണം എന്ന് പറഞ്ഞപ്പോൾ അത് എല്ലാവരും അക്ഷരാർത്ഥത്തിൽ ഉൾക്കൊള്ളുകയും അതൊരു സംഗീതസദസ് ആയി മാറുകയും ചെയ്തിട്ടുണ്ട്.  ശോകം രോഗം യുദ്ധം.. ഇവ ഇല്ലാത്ത നാട്ടിലേക്ക്

ഉല്ലാസഘോഷമായി... ജോസ് ഇത്രവേഗം നമ്മെ വിട്ടുപിരിഞ്ഞ പോകുമെന്ന് നാം കരുതിയിരുന്നില്ല.

എന്റെ യുഎസ് സന്ദർശനവേളകളിൽ ജോസ് നോടും ഞങ്ങളുടെ കുമ്പനാട്ടുകാരിയായ തന്റെ ഭാര്യ ജോമോൾ, മകൾ Joana  എന്നിവരോടൊപ്പം ചെലവഴിച്ച മണിക്കൂറുകൾ ഒരിക്കലും ഹൃദയത്തിൽ നിന്നും മാഞ്ഞു പോകുന്നില്ല.

ജോസിനോടൊപ്പം രാത്രികാലങ്ങളിൽ പാടി സമയം ചെലവഴിച്ച പലരും ഇന്ന് വിളിച്ച് നല്ല ഓർമ്മകൾ പങ്കുവെക്കുകയുണ്ടായി.

ആരുടെയും എന്തൊരു ആവശ്യത്തിനും ഓടിച്ചെന്ന് സഹായഹസ്തം നീട്ടാൻ മനസ്സുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ജോസ്.

ആർക്കുവേണ്ടിയും എത്ര മൈലുകൾ വേണമെങ്കിലും വണ്ടി ഓടിച്ചു സഹായിക്കുവാൻ താൻ എപ്പോഴും മുമ്പിലായിരുന്നു.

ഈ വാർത്ത അറിഞ്ഞു ജോസിന്റെ സഹോദരന്മാരായ ജെയിംസ്,  ജോൺസ്,  ടൈറ്റസ്,  സഹോദരപുത്രന്മാർ എന്നിവരോടൊക്കെ സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ് "ജോസ് യാത്രയ്ക്ക് വേണ്ടി ഒരുങ്ങുകയായിരുന്നു...  ചില ആഴ്ചകൾക്ക് മുമ്പ് ജോസ് മുൻകൈയെടുത്ത് MEC ഫാമിലിയുടെ ഒരു ZOOM Get together  സംഘടിപ്പിച്ചു.  അന്ന് എല്ലാവരോടും സൗഹൃദം പങ്കുവെച്ചു. അതൊരു അവസാന മീറ്റിംഗ് ആകും എന്ന് ആരും കരുതിയിരുന്നില്ല.

മരിക്കുന്നതിന് ചില മണിക്കൂറുകൾ മുമ്പ് വരെയും താൻ കർമ്മനിരതൻ ആയിരുന്നു. ഒരു ഫാമിലി directory പ്രസിദ്ധീകരിക്കുന്ന കാര്യത്തെക്കുറിച്ച് ടൈറ്റസിനോടും ജോൺസിന്റെ മകൻ സാമിനോടും വളരെ ദീർഘമായി സംസാരിച്ചു.  ഡയറക്ടറി പൂർത്തീകരിക്കുന്നതിന് മുമ്പ് MEC  പാടിയതുപോലെ ജോസ് കൂടുവിട്ട് പോയി...

ഇത്രയധികം മിഷനറിമാരെ സംഭാവന ചെയ്ത മറ്റൊരു കുടുംബം നമ്മുടെ സമൂഹത്തിൽ ഉണ്ടോ എന്ന് സംശയിക്കുന്നു. കുമ്പനാട് N M ഹൈസ്കൂളിൽ നിന്നും അധ്യാപകവൃത്തി രാജിവെച്ച് ആദ്യമായി കേരളത്തിനു പുറത്തേക്ക് പോയ മിഷനറി ആണ് MEC..പിന്നീട് എത്രയോ പേർ ആ പാത പിന്തുടർന്നു.

MEC യുടെ ഏഴ് മക്കളും അവരുടെ കുടുംബങ്ങളും... ഏഴ് കൊച്ചുമക്കളും അവരുടെ കുടുംബങ്ങളും... ഇന്ന് പൂർണസമയ സുവിശേഷവേലയിൽ ഉള്ളവരാണ്.  അങ്ങനെ 14 കുടുംബങ്ങൾ.. എത്രയോ അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബം.  അവരെ ഓർത്തു നമുക്ക് ദൈവത്തെ സ്തുതിക്കാം. അവരുടെ നിലനിൽപ്പിനായി പ്രാർത്ഥിക്കാം

വ്യക്തിപരമായി പറഞ്ഞാൽ MEC എന്നെ ഒരു മകനെപ്പോലെ സ്നേഹിക്കുകയും ശുശ്രൂഷാ രംഗത്ത് പ്രോത്സാഹനം നൽകുകയും ചെയ്തിട്ടുണ്ട്.  തിരക്കുകളുടെ മധ്യത്തിലും ഓടിവന്ന്‌  ഞങ്ങളുടെ വിവാഹം നടത്തി തന്നതും MEC ആണ്.  സാറിന്റെ കുടുംബവുമായി അത്രമാത്രം അടുത്തിടപെടുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.  ജോസിനോടും വളരെ ഹൃദ്യമായ ബന്ധം നിലനിർത്തുവാൻ ഇതുവരെയും കഴിഞ്ഞിരുന്നു.

ജോസിന്റെ വേർപാട് നമുക്ക് വേദന ഉളവാക്കുന്നതാണ് പ്രത്യേകിച്ച് ജോമോൾക്കും ജോവാനക്കും.

നമുക്ക് ലഭിച്ചിരിക്കുന്ന ഭാഗ്യകരമായ പ്രത്യാശക്കായി ദൈവത്തിനു സ്തോത്രം.

ജോസ് നമുക്കിനിയും പുത്തനാം യെരുശലേമിൽ കണ്ടുമുട്ടാം.

വാര്‍ത്ത അയച്ചത്: പി പി ചെറിയാൻ
പാടി..പാടി ജോസ് ചെറിയാനും പുത്തനാം യെരുശലേമിലേക്ക്..(അനുസ്മരണം: കെ സി ജോൺസൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക