Image

ഓങ് സാന്‍ സ്യൂ കിയുമായി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തി

Published on 29 May, 2012
ഓങ് സാന്‍ സ്യൂ കിയുമായി  മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തി
നയ്പിറ്റോ: മ്യാന്‍മര്‍ പ്രതിപക്ഷ നേതാവും നൊബേല്‍ പുരസ്‌കാര ജേത്രിയുമായ ഓങ് സാന്‍ സ്യൂ കിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തി. ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ പ്രഭാഷണം നടത്താനായി സ്യൂ കിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ക്ഷണക്കത്ത് പ്രധാനമന്ത്രി സ്യൂ കിക്ക് കൈമാറി.

ക്ഷണക്കത്ത് സ്വീകരിച്ച സ്യൂ കി വൈകാതെ ഇന്ത്യയിലെത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. നെഹ്‌റുവുമായുള്ള തന്റെ മാതാപിതാക്കളുടെ ബന്ധം കൂടിക്കാഴ്ചയില്‍ സ്യൂ കി അനുസ്മരിച്ചു. യാങ്കോണിലെ സെഡോണിയ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു.

മ്യാന്‍മറില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ മന്‍മോഹന്‍ സിംഗ് ഇന്നലെ പ്രസിഡന്റ് തെയിന്‍ സീനുമായി ചര്‍ച്ച നടത്തിയിരുന്നു. കാല്‍നൂറ്റാണ്ടിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മ്യാന്‍മറിലെത്തുന്നത്. വാണിജ്യ ഊര്‍ജ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും 15 കരാറുകള്‍ ഒപ്പിട്ടു. ഇതില്‍ മൂന്നെണ്ണം സ്വകാര്യമേഖലയുമായി ബന്ധപ്പെട്ടതാണ്.

തെയിന്‍സീനുമായുള്ള ചര്‍ച്ചയില്‍ സുരക്ഷാപ്രശ്‌നങ്ങളും ഉന്നയിക്കപ്പെട്ടെന്ന് വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി വ്യക്തമാക്കി. ഇന്ത്യയെ ലക്ഷ്യമിട്ട് മ്യാന്‍മറിന്റെ മണ്ണില്‍ ഒരുതരത്തിലുള്ള ഭീകരപ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് മ്യാന്‍മര്‍ പ്രസിഡന്റ് ഉറപ്പുനല്‍കി.ഇതിനിടെ ഇന്ത്യയില്‍നിന്നുള്ള ബിസിനസ് പ്രമുഖരും പ്രസിഡന്റ് തെയിന്‍സീനുമായി കൂടിക്കാഴ്ച നടത്തി. വിവിധമേഖലകളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ ബിസിനസുകാരെ തെയിന്‍സീന്‍ ക്ഷണിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക