Image

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ അര്‍ത്ഥവത്തായ വെര്‍ച്വല്‍ നഴ്‌സസ് ഡേ

പോള്‍ ഡി പനയ്ക്കല്‍ Published on 08 June, 2020
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ അര്‍ത്ഥവത്തായ വെര്‍ച്വല്‍ നഴ്‌സസ് ഡേ
കോവിഡ് 19, സ്റ്റേ അറ്റ് ഹോം കാരമുള്ള സാമ്പത്തിക പ്രതിസന്ധി, 'ബ്ലാക് ലൈവ്‌സ് മാറ്റര്‍' എന്ന പൗര -രാഷ്ട്രീയ ചലനം എന്നിവ രാജ്യശ്രദ്ധയേയും ലോക ശ്രദ്ധയേയും ആകമാനം അപഹരിച്ചപ്പോഴും ആരോഗ്യമേഖലാ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നു എന്നതിന്റെ തെളിവായിരുന്നു ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ -ന്യൂയോര്‍ക്ക് (INANY) നടത്തിയ നഴ്‌സസ് ഡേ ആഘോഷം. രോഗ സംക്രമണം തടയുന്നതിനായി സമ്മേളനം നടത്തിയത് 'വെര്‍ച്വല്‍' ആയിട്ടായിരുന്നുവെങ്കിലും പങ്കെടുത്തവരുടെ സംഖ്യ അഭൂതപൂര്‍വ്വമായിരുന്നു.

ലോകാരോഗ്യസംഘടന ആഗോളമായി നഴ്‌സുമാരുടെ വര്‍ഷമായി 2020-നെ ആചരിക്കുമ്പോള്‍ ലോകം ഒരിക്കലും കണ്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലം നഴ്‌സുമാരില്‍ ആകമാനം പ്രകടമായിരുന്നു. എമി തോമസിന്റെ പ്രാര്‍ത്ഥനാ ഗാനമായിരുന്നു തുടക്കം. നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് താരാ ഷാജന്‍ അധ്യക്ഷ പ്രസംഗം നടത്തി. കോവിഡ് 19 മഹാമാരിയില്‍ അഭിമാനപൂര്‍വ്വം, നിര്‍ഭയത്തോടെ, അനുകമ്പയോടെ, സാമര്‍ത്ഥ്യത്തോടെ രോഗബാധിതരെ ദിവസം മുഴുവന്‍ ശുശ്രൂഷിക്കുകയും ചികിത്സിക്കുകയും ചെയ്തവരാണ്, ചെയ്തുകൊണ്ടിരിക്കുന്നവരാണ് നഴ്‌സുമാര്‍. താരാ ഷാജന്‍ നഴ്‌സുമാരെ വിലമതിക്കുകയും അനുമോദിക്കുകയും ചെയ്തു.

സെന്‍ട്രല്‍ ഇന്ത്യാനയിലെ ഫ്രാന്‍സിസ്കന്‍ ഹെല്‍ത്ത് വൈസ് പ്രസിഡന്റും, ചീഫ് നഴ്‌സിംഗ് ഓഫീസറുമായ ഡോ. ആഗ്‌നസ് തേരാടി ആയിരുന്നു മുഖ്യ പ്രഭാഷക. നഴ്‌സിംഗ് പ്രൊഫഷന്‍ സ്വയവും മറ്റുള്ളവരിലും നല്‍കുന്ന മാനുഷികതയും വൈകാരികതയും മറ്റൊരു ജോലിയിലും ലഭിക്കാത്തതാണെന്ന് ആഗ്നസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കംപ്യൂട്ടര്‍ സ്ക്രീനില്‍ ഓരോരുത്തരായി മെഴുകുതിരി തെളിയിച്ചത് ആകര്‍ഷകമായ കാഴ്ചയായിരുന്നു. നഴ്‌സുമാരുടെ പ്രതിജ്ഞയായി അറിയപ്പെടുന്ന "ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പ്ലെഡ്ജ്' എല്ലാവരും പുനര്‍പ്രതിജ്ഞ ചെയ്തു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററും, ന്യൂയോര്‍ക്ക് നഴ്‌സസ് അസോസിയേഷന്റെ ഫൗണ്ടിംഗ് ലീഡറുമായ ഡോ. ആനി പോള്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന മെഡിക്കല്‍ വിദഗ്ധന്‍ ഡോ. തോമസ് മാത്യു, വിദ്യാഭ്യാസ ചര്‍ച്ച നയിച്ചു. കോവിഡ് 19-നു ശേഷമുള്ള ആരോഗ്യ പരിപാലന മേഖലയിലെ രൂപാന്തരണമായിരുന്നു ചര്‍ച്ചാവിഷയം. സാര്‍വത്രികമായി എല്ലാവര്‍ക്കും വിധേയമായ ഈ വിഷയം വളരെ സജീവവും താത്പര്യകരവും അറിവ് നല്‍കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും വേദിയൊരുക്കി. കോവിഡ് രോഗികള്‍ നിറഞ്ഞ മെഡിക്കല്‍ ഫ്‌ളോറിലും, ഇന്റന്‍സീവ് കെയര്‍ യൂണീറ്റിലും ജോലി ചെയ്ത പല  നഴ്‌സുമാരും ഈ ചര്‍ച്ചയില്‍ അവരുടെ ജോലി സംബന്ധവും, വ്യക്തി/കുടുംബ സംബന്ധവുമായ അനേകം അനുഭവങ്ങള്‍ പങ്കുവെച്ചു. ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഭീതകരമായ പകര്‍ച്ചവ്യാധി പ്രതിസന്ധിയില്‍ മുന്‍നിരയില്‍ നിന്നു സേവനം ചെയ്ത ഇന്ത്യന്‍ നഴ്‌സുമാരിടെ പ്രതിബദ്ധതയും സമര്‍പ്പണവും ത്യാഗവും ചര്‍ച്ചാ മധ്യേ വിശദമായി.

ഇന്ത്യന്‍ നഴ്‌സുമാരുടെ സേവന സംഭാവനകളെ പ്രതിഫലിപ്പിക്കുന്ന ഒരു വീഡിയോ നഴ്‌സസ് അസോസിയേഷന്‍ ട്രഷറര്‍ ലൈസി അലക്‌സ് സംഗ്രഹിച്ചുത്പാദിപ്പിച്ചത് സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

എറണാകുളത്ത് നിന്നും കോളജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ ഡോ. ബിന്‍സി രമേഷ് പങ്കെടുത്തിരുന്നു. കേരളത്തില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതില്‍ പ്രയോഗിക്കുന്ന പ്രോട്ടോക്കോളിനെപ്പറ്റി ഡോ. ബിന്‍സി വിശദീകരിക്കുകയും ഇത്തരം ഒരു വെര്‍ച്വല്‍ നഴ്‌സസ് ഡേ സംഘടിപ്പിച്ച ഇന്ത്യന്‍ നഴ്‌സസ് അസോസയേഷനെ പ്രശംസിക്കുകയും ചെയ്തു.

നോയല്‍ മണലില്‍ നടത്തിയ സാക്‌സോഫോണ്‍ സമ്മേളനത്തിന് മൃദുലത നല്‍കി. ഡോളമ്മ പണിക്കര്‍, ഗ്രേസ് അലക്‌സാണ്ടര്‍ എന്നിവര്‍ 2019- 20 വര്‍ഷത്തെ നഴ്‌സിംഗ് ഗ്രാജ്വേറ്റ്‌സിനെ പരിചയപ്പെടുത്തി. നഴ്‌സസ് അസോസിയേഷന്റെ അവാര്‍ഡ്‌സ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് ചെയര്‍ ഡോ. സോളിമോള്‍ കുരുവിള ഓരോ പുതിയ നഴ്‌സുമാരേയും അഭിനന്ദിക്കുകയും ആശംസിക്കുകയും ചെയ്തു.

കോവിഡ് 19 സമൂഹത്തിലും വ്യക്തികളിലും ഏല്‍പ്പിക്കുകയും ഏല്‍പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന മാനസീക ഭവിഷ്യത്തുകളെകുറിച്ചായിരുന്നു ഡോ. ഗീതാ മേനോന്‍ സംസാരിച്ചത്. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ആന്റോ പോള്‍ കൃതജ്ഞത പ്രകടിപ്പിക്കുന്നതിനു മുമ്പ് ഡോ. ഷൈലാ റോഷന്‍ നഴ്‌സസ് അസോസിയേഷന്റെ 2019- 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആകര്‍ഷകമായ വീഡിയോ അവതരിപ്പിച്ചു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍- ന്യൂയോര്‍ക്കിന്റെ ആദ്യത്തെ വെര്‍ച്വല്‍ നഴ്‌സസ് ഡേ വിജയകരമാക്കുന്നതിനു പിന്നില്‍ ഹോസ്റ്ററും മോഡറേറ്ററുമായി പ്രവര്‍ത്തിച്ചത് ഡോ. അന്നാ ജോര്‍ജ് ആയിരുന്നു. കോ- ഹോസ്റ്റിംഗും കോ- മോഡറേറ്ററും കമ്യൂണിക്കേഷന്‍ കമ്മിറ്റി ചെയര്‍ ജിന്‍സി ചാക്കോയും, കമ്യൂണിക്കേഷന്‍ കമ്മിറ്റി മെമ്പര്‍ ഡോ. ഷൈലാ റോഷനുമായിരുന്നു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ അര്‍ത്ഥവത്തായ വെര്‍ച്വല്‍ നഴ്‌സസ് ഡേ
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ അര്‍ത്ഥവത്തായ വെര്‍ച്വല്‍ നഴ്‌സസ് ഡേ
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കിന്റെ അര്‍ത്ഥവത്തായ വെര്‍ച്വല്‍ നഴ്‌സസ് ഡേ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക