Image

നമ്മൾ കാര്യങ്ങൾ കൈവിട്ടുപോകുന്നതിന്റെ മുനമ്പത്താണ് (ഷിബു ഗോപാലകൃഷ്ണൻ)

Published on 07 June, 2020
നമ്മൾ കാര്യങ്ങൾ കൈവിട്ടുപോകുന്നതിന്റെ മുനമ്പത്താണ് (ഷിബു ഗോപാലകൃഷ്ണൻ)

കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ ചർച്ചകളിൽ ഉണ്ടായിരുന്ന രാജ്യങ്ങളൊക്കെ ഇപ്പോൾ പിന്നിലായിരിക്കുന്നു. ഇറ്റലി, ജർമനി, ഫ്രാൻസ്, ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ വ്യാപനത്തിന്റെ കാര്യത്തിൽ ആറാം സ്ഥാനത്തായി കുതിച്ചെത്തിയിരിക്കുന്നു. ഒരുദിവസം പതിനായിരത്തിലധികം പുതിയ രോഗികൾ ഉണ്ടാവുന്ന മൂന്നുരാജ്യങ്ങൾ മാത്രമേ ഇപ്പോൾ ഉള്ളൂ, അത് അമേരിക്കയും ബ്രസീലും ഇന്ത്യയുമാണ്.

ഇന്ത്യക്കു മുന്നിൽ നിൽക്കുന്ന യുകെയെയും സ്പെയിനെയും നമ്മൾ ദിവസങ്ങൾക്കുള്ളിൽ മറികടക്കും, അങ്ങനെ നാലാം സ്ഥാനത്തെത്തുന്ന ഇന്ത്യ, ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കിൽ ഒരു മാസത്തിനുള്ളിൽ റഷ്യയെയും മറികടന്നു മൂന്നാം സ്ഥാനം പിടിക്കും. ലോക്ക്ഡൗൺ ഇളവുകൾ ഇക്കാര്യത്തിൽ നമ്മളെ കൈയയച്ചു സഹായിക്കും. കണ്ണടച്ചു കളയുന്ന ഓരോ മുൻകരുതലുകളും നമ്മളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും.

മരണനിരക്ക് കുറവാണ് എന്നുള്ളതാണ് നമ്മളെ ഇപ്പോഴും സാന്ത്വനിപ്പിക്കുന്ന കാര്യം. കാരണം, രോഗബാധിതർക്കു ഇപ്പോഴും ആശുപത്രിചികിത്സ നൽകാൻ നമുക്ക് കഴിയുന്നുണ്ട്. ഐസിയു വേണ്ടവർക്ക് അതും, വെന്റിലേറ്റർ വേണ്ടവർക്ക് അതും നൽകാൻ നമുക്ക് കഴിയുന്നുണ്ട്. ആശുപത്രികൾ നിറഞ്ഞുകവിയാതെ പിടിച്ചു നിർത്താൻ നമുക്ക് കഴിയുന്നുണ്ട്. എന്നാൽ ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ രോഗം സ്ഥിരീകരിച്ചവരോട് വീട്ടിൽ തന്നെ കഴിയാൻ നിർദേശിക്കേണ്ടിവരും, ഐസിയുവും വെന്റിലേറ്ററും മതിയാകാതെ വരും, അപ്പോൾ മരണസംഖ്യ നമ്മൾ കരുതുന്നതുപോലെ പിടിച്ചുനിർത്താൻ കഴിയുമോ എന്നുള്ളതാണ് ഇപ്പോഴത്തെ മില്യൺ ഡോളർ ആശങ്ക.

സ്വയം കരുതുക, അതുവഴി മറ്റുള്ളവരുടെയും കരുതൽ ഉറപ്പാക്കുക. കോവിഡിനൊപ്പമുള്ള സാമൂഹികജീവിതത്തെ പിഴവുകളില്ലാതെ പരിപാലിക്കുക, മറ്റുമാർഗങ്ങളൊന്നുമില്ല. അതിൽ വരുത്തുന്ന ഓരോ വിട്ടുവീഴ്ചയും നമ്മളെ കൊണ്ടുച്ചെന്നെത്തിക്കുന്നത് എളുപ്പത്തിൽ തിരിച്ചിറങ്ങാനാവാത്ത കയറ്റങ്ങളിൽ ആയിരിക്കും. അത്യാവശ്യമല്ലാത്തതെല്ലാം മാറ്റിവയ്ക്കുക, നമ്മൾ കാര്യങ്ങൾ കൈവിട്ടുപോകുന്നതിന്റെ മുനമ്പത്താണ്.

അപ്രിയസത്യങ്ങൾ പറയരുത് എന്നാണ്, എന്നാലും ഇതുവായിച്ചു ഒരാളെങ്കിലും മറിച്ചുചിന്തിച്ചാലോ എന്നുകരുതിയാണ്

Join WhatsApp News
വക്രദൃഷ്ടി 2020-06-07 23:38:56
ഞങ്ങൾ ഇതൊക്കെ നേരത്തെ കണ്ടിരുന്നു.. .കാരണം ഞങ്ങൾ മനുഷ്യർക്കൊപ്പമാണ് ..മനുഷ്യ സ്നേഹികളാണ് . വോട്ട് കൊതിയന്മാരല്ല ....അമേരിക്കയിൽ മരണ നിരക്ക് കൂടിയപ്പോൾ ചിലമോഡൽ കൊണ്ട് നടന്ന് ശവത്തിൽ കുത്തി സന്തോഷിച്ചവരല്ല . കാര്യങ്ങൾ കൈ വിട്ടു പോകുമ്പോൾ "ഇന്ത്യ" നന്നാവുമ്പോൾ കേരളം ..മലയാളത്തിൽ ഒരു ചൊല്ല് കേട്ടിട്ടുണ്ട് "കളി നന്നായാൽ അളിയൻ അല്ലെങ്കിൽ തെക്ക് നിന്ന് വന്ന മുളയൻ "..ഈ ചീഞ്ഞ രാഷ്ട്രീയ മനസ്സാണ് ഒന്നാന്തരം വൈറസ് . കേരളത്തിൽ ഇപ്പോൾ എന്താണാവോ അവസ്ഥ. ലേഖകൻ ഒന്നന്വേഷിക്കുന്നത് നല്ലതാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക