Image

നാട്ടുകാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ്‌ ചെയ്‌തു

Published on 28 May, 2012
നാട്ടുകാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ്‌ ചെയ്‌തു
ആലപ്പുഴ: നാട്ടുകാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ്‌ ചെയ്‌തു.
കുമാരപുരം എരിക്കാവ്‌ നല്ലപോച്ചയില്‍ മനേഷി (37)നെ ആണ്‌ നാട്ടുകാര്‍ തടഞ്ഞു വച്ച്‌ പൊലീസിന്‌ ഏല്‍പിച്ചത്‌. റോഡരികില്‍ ഓടയുടെ പണി നടത്തുകയായിരുന്ന തൊഴിലാളിയുടെ ദേഹത്ത്‌ കാര്‍ തട്ടിയിട്ടും നിര്‍ത്താതെ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ മനേഷിന്റെ വാഹനം ആളുകള്‍ തടഞ്ഞു. കാര്‍ തടഞ്ഞവര്‍ക്കു നേരെ തോക്കെടുത്തുവെന്നാണ്‌ കേസ്‌. തോക്കുകൊണ്ട്‌ കുത്തേറ്റും കാര്‍ തട്ടിയും രണ്ടു തൊഴിലാളികള്‍ക്ക്‌ പരുക്കേറ്റു. കുമാരപുരം ഇരട്ടക്കാവില്‍ മുരുകന്‍ (42), പൊത്തപ്പള്ളി പഷണവള്ളില്‍ വിനോദ്‌ (32) എന്നിവര്‍ക്കാണു പരുക്കേറ്റത്‌.

ഹരിപ്പാട്‌ കുമാരപുരം വില്ലേജ്‌ ഓഫിസിന്‌ സമീപം ഇന്നലെ വൈകിട്ട്‌ അഞ്ചരയ്‌ക്കായിരുന്നു സംഭവം. മുരുകന്‍, വിനോദ്‌ എന്നിവര്‍ ഇവിടെ റോഡരികില്‍ ഓടയുടെ നിര്‍മാണജോലികള്‍ നടത്തുകയായിരുന്നു. ഇതുവഴിയെത്തിയ മനേഷിന്റെ കാര്‍ തട്ടി വിനോദ്‌ വീണെങ്കിലും മനേഷ്‌ വണ്ടി നിര്‍ത്തിയില്ല. മുരുകന്‍ കാര്‍ തടഞ്ഞപ്പോള്‍ പുറത്തിറങ്ങിയ മനേഷ്‌ സമീപത്ത്‌ നിന്ന കുമാരപുരം കൂടൂര്‍തെക്കതില്‍ മധുവിന്റെ നെഞ്ചിനു നേരെ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തി.

തുടര്‍ന്ന്‌ തോക്കുകൊണ്ട്‌ മുരുകന്റെ വയറ്റത്ത്‌ കുത്തി. ബഹളംകേട്ട്‌ നാട്ടുകാര്‍ തടിച്ചുകൂടിയപ്പോള്‍ വെടിവയ്‌ക്കുമെന്നു മനേഷ്‌ പലതവണ പറഞ്ഞെങ്കിലും പോകാന്‍ ജനം അനുവദിച്ചില്ല. സമീപത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിലേയ്‌ക്ക്‌ മനേഷിനെ മാറ്റാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സംഭവമറിഞ്ഞ്‌ ഏതാനും പൊലീസുകാര്‍ സ്‌ഥലത്തെത്തിയെങ്കിലും ഉന്നത ഉദ്യോഗസ്‌ഥരെത്താതെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നു നാട്ടുകാര്‍ ശഠിച്ചു.

തുടര്‍ന്ന്‌ എസ്‌ഐ വിജു വി. നായരുടെ നേതൃത്വത്തിലെത്തിയ പൊലീസ്‌ സംഘമാണ്‌ മനേഷിനെ കസ്‌റ്റഡിയിലെടുത്തത്‌. തോക്കും കാറും പിടിച്ചെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക