Image

സ്വന്തം സ്മാര്‍ട് ഫോണുമായി ഫേസ്ബുക്ക് വരുന്നു

Published on 28 May, 2012
സ്വന്തം സ്മാര്‍ട് ഫോണുമായി ഫേസ്ബുക്ക് വരുന്നു
ന്യൂയോര്‍ക്ക്: ആപ്പിളും സാംസംഗും കൊടികുത്തിവാഴുന്ന സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മത്സരിക്കാനായി ഫേസ്ബുക്കും വരുന്നു. അടുത്തിടെ ഓഹരി വിപണിയിലേക്ക് പ്രവേശിച്ച ഫേസ്ബുക്ക് സ്വന്തമായി സ്മാര്‍ട് ഫോണ്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനായി സ്മാര്‍ട് ഫോണ്‍ വിപണിയിലെ മുമ്പന്‍മാരായ ആപ്പിളിന്റെ നിരവധി സാങ്കേതിക വിദഗ്ധരെ ഫേസ്ബുക്ക് വലവീശി പിടിച്ചിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ആറോളം സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍മാരെയാണ് ഇതിനായി ഫേസ്ബുക്ക് സ്വന്തം കൂടാരത്തില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

2013ല്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്ന ഫേസ്ബുക്കിന്റെ സ്വന്തം സ്മാര്‍ട്‌ഫോണ്‍ 'ബഫി' എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഫേസ്ബുക്ക് സ്വന്തം സ്മാര്‍ട്‌ഫോണ്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ടെക് മാഗസിനുകളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മിച്ചില്ലെങ്കില്‍ ഭാവിയില്‍ സ്മാര്‍ട് ഫോണുകളിലെ വെറുമൊരു അപ്ലിക്കേഷന്‍ മാത്രമായി ഫേസ്ബുക്ക് ഒതുങ്ങിപ്പോകുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഭയക്കുന്നതായി സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നു. 

ഫേസ്ബുക്ക് സൗഹൃദ മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കുന്നതിന് വൊഡാഫോണുമായും എച്ച്ടിസിയുമായും ഫേസ്ബുക് നേരത്തെ ധാരണയിലെത്തിയിരുന്നു. പുതിയ സ്മാര്‍ട് ഫോണിന്റെ രൂപഘടന, ഓപ്പറേറ്റിഗ് സിസ്റ്റം, വില എന്നിവയെല്ലാം ഫേസ്ബുക്ക് രഹസ്യമാക്കിവെച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക