Image

നൂറ്റാണ്‌ടുകള്‍ പഴക്കമുള്ള ഗണിതശാസ്‌ത്ര പ്രശ്‌നം ഇന്ത്യന്‍ വിദ്യാര്‍ഥി പരിഹരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 28 May, 2012
നൂറ്റാണ്‌ടുകള്‍ പഴക്കമുള്ള ഗണിതശാസ്‌ത്ര പ്രശ്‌നം ഇന്ത്യന്‍ വിദ്യാര്‍ഥി പരിഹരിച്ചു
ബര്‍ലിന്‍: നൂറ്റാണ്‌ടുകളായി ലോകമെങ്ങുമുള്ള ഗണിത ശാസ്‌ത്രജ്ഞരെ വട്ടം കറക്കുന്ന പ്രശ്‌നം ഇന്ത്യന്‍ വംശജനായ പതിനാറുകാരന്‍ പരിഹരിച്ചു. ഇന്ത്യയില്‍ നിന്നു മാതാപിതാക്കള്‍ക്കൊപ്പം പന്ത്രണ്‌ടാം വയസില്‍ ജര്‍മനിയിലേക്കു കുടിയേറിയ ശൗര്യ റേ ആണ്‌ ഈ മിടുക്കന്‍.

ഇവന്‍ പരിഹരിച്ചിരിക്കുന്ന വിഷയം 350 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സാക്ഷാല്‍ സര്‍ ഐസക്‌ ന്യൂട്ടന്‍ ഉന്നയിച്ചതാണ്‌.

രണ്‌ട്‌ ഫണ്‌ടമെന്റല്‍ ഡൈനമിക്‌സ്‌ പ്രോബ്ലങ്ങളാണിവ. ഇതു സോള്‍വ്‌ ചെയ്‌തതോടെ, ഒരു പന്തിന്റെ യാത്ര പഥം മാത്രമല്ല, ഒരു മതിലില്‍ ഇടിച്ചാല്‍ അതെങ്ങനെ ബൗണ്‍സ്‌ ചെയ്യും എന്നു കൂടി മുന്‍കൂട്ടി കണ്‌ടെത്താന്‍ കഴിയും. മുന്‍പ്‌ കംപ്യൂട്ടര്‍ ഉപയോഗിച്ച്‌ ഇത്‌ എസ്റ്റിമേറ്റ്‌ ചെയ്യാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ.

പതിനൊന്നാം ക്ലാസിലെ റിസര്‍ച്ച്‌ പ്രോജക്‌റ്റുമായി ബന്ധപ്പെട്ടാണ്‌ റേ ഈ പ്രശ്‌നത്തെ പരിചയപ്പെടുന്നത്‌. ഇപ്പോഴത്തെ രീതികളില്‍ കൃത്യമായ കണക്കുകൂട്ടല്‍ സാധ്യമാകുന്നില്ലെന്നു മനസിലാക്കിയ റേ അതിനു പുതിയ വഴി കണ്‌ടെത്താനുള്ള ശ്രമം തുടങ്ങുകയും അതില്‍ വിജയിക്കുകയുമായിരുന്നു.

ആറാം വയസു മുതല്‍ മകന്‌ ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൊടുക്കുന്ന എന്‍ജിനീയറായ അച്ഛനാണ്‌ റേയുടെ ഗണിതശാസ്‌ത്ര പാണ്‌ഡിത്യത്തിനു പിന്നില്‍. നാലു വര്‍ഷം മുന്‍പ്‌ കോല്‍ക്കത്തയില്‍ നിന്നു ജര്‍മനിയിലെ ഡ്രെസ്‌ഡനില്‍ വരുമ്പോള്‍ ജര്‍മന്‍ ഭാഷയിലെ ഒരു വാക്കു പോലും സംസാരിക്കാന്‍ കഴിയാതിരുന്ന റേ ഇപ്പോള്‍ ഒഴുക്കോടെ ജര്‍മന്‍ ഭാഷ പറയും.
നൂറ്റാണ്‌ടുകള്‍ പഴക്കമുള്ള ഗണിതശാസ്‌ത്ര പ്രശ്‌നം ഇന്ത്യന്‍ വിദ്യാര്‍ഥി പരിഹരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക