Image

അരീക്കോട് ദുരഭിമാന കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു

Published on 26 May, 2020
അരീക്കോട് ദുരഭിമാന കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
മലപ്പുറം : അരീക്കോട് ദുരഭിമാന കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു. മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസിലാണ് അച്ഛന്‍ രാജനെ മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി വെറുതെ വിട്ടത്. ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം കഴിക്കാനൊരുങ്ങിയ മകളെ രാജന്‍ കൊലപ്പെടുത്തുകയായിരുന്നു. 2018 മാര്‍ച്ച് മാസത്തിലായിരുന്നു സംഭവം.

വിവാഹ തലേന്ന് മകളെ കൊല്ലാന്‍ പിതാവിനെ പ്രേരിപ്പിച്ചത് കടുത്ത ജാതീയ ചിന്തയെന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അരീക്കോട് പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര (21)യെയാണ് അച്ഛന്‍ രാജന്‍ കത്തി ഉപയോഗിച്ച്‌ വയറ്റില്‍കുത്തി കൊലപ്പെടുത്തിയത്. തിയ്യ വിഭാഗത്തില്‍പെട്ട മകള്‍ സ്നേഹിച്ചതു താഴ്ന്ന ജാതിക്കാരനായത് പ്രതിക്ക് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.

എന്നാല്‍ ഭാര്യയും മറ്റുമക്കളും എല്ലാവരും വിവാഹത്തിന് അനുകൂല നിലപാടെടുത്തതോടെ പ്രതിയുടെ എതിര്‍പ്പ് പരസ്യമാക്കിയില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ടെക്നീഷ്യ ആയി ജോലിചെയ്തുവരുന്ന ആതിര കോഴിക്കോട് സ്വദേശി മിലിട്ടറിയില്‍ ജോലിചെയ്ത് വരുന്ന ബ്രിഗേഷിനെയാണ് സ്നേഹിച്ചിരുന്നത്. ബന്ധം പിതാവ് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരും രജിസ്റ്റര്‍ മാരേജിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് അരീക്കോട് പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ബന്ധുക്കളുടെയും മധ്യസ്ഥന്മാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണു ഗത്യന്തരമില്ലാതെ പ്രതി വിവാഹം നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചത്. തുടര്‍ന്നു മകളെ പൂവത്തികണ്ടിയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നാണു പ്രതി മകളെ കൊലപ്പെടുത്തിയത്.

ഇടക്ക് മൃഗവേട്ടക്ക് പോകുന്നയാളാണ് രാജന്‍. മൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന തന്ത്രമാണ് മകളെ കുത്തി കൊല്ലുന്നതിലും അച്ചന്‍ പ്രയോഗിച്ചത് . ഇടത് നെഞ്ചിന്റെ അടിയിലായി ഹൃദയത്തിലേക്ക് തറക്കുന്ന മുറിവാണ് മരണത്തിന് കാരണമായത്. കൊല നടത്തി  നാട്ടുകാരോട് ആരും രക്ഷിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല എന്ന് പറയുകയും ചെയ്തെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക