Image

ഈയാഴ്ച ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് 50 വിമാനങ്ങള്‍ സര്‍വീസ് നടത്തും

Published on 25 May, 2020
ഈയാഴ്ച ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് 50 വിമാനങ്ങള്‍ സര്‍വീസ് നടത്തും
ന്യൂഡല്‍ഹി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഈയാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് 50 വിമാനങ്ങള്‍ സര്‍വീസ് നടത്തും.

ദിവസം ആറേഴു വിമാനങ്ങള്‍ വീതം ഗള്‍ഫിലെ ആറ്് രാജ്യങ്ങളില്‍ നിന്നായി കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ എത്തുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ മാതൃഭൂമിയോടു പറഞ്ഞു. നഴ്‌സുമാരടക്കം മലയാളികള്‍ കുടുങ്ങിക്കിടക്കുന്ന ഇസ്രയേലില്‍നിന്ന് ചൊവ്വാഴ്ച ഡല്‍ഹി വഴി കൊച്ചിയിലേക്ക് വിമാനമെത്തും.

ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ, നൈജീരിയ, ഇസ്രയേല്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, റഷ്യ, അമേരിക്ക, യുൈക്രന്‍, താജികിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഈയാഴ്ച കേരളത്തിലെത്തുന്നുണ്ട്. മലയാളികളടക്കം നൂറിലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്ന മൊറോക്കോയില്‍നിന്ന് ഡല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എയര്‍ഇന്ത്യ എക്‌സ്പ്രസ് അടുത്തമാസം മൂന്നുവരെ നടത്തുന്ന സര്‍വീസിന്റെ ഷെഡ്യൂളില്‍ കേരളത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 84 വിമാനങ്ങളാണുള്ളത്. ദുബായില്‍നിന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ദിവസവും ഒന്നില്‍ കൂടുതല്‍ സര്‍വീസുകളുണ്ട്. ഇന്‍ഡിഗോ ഉള്‍പ്പടെയുള്ള സ്വകാര്യ വിമാനക്കമ്പനികളും ഈയാഴ്ച മുതല്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി സര്‍വീസ് നടത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക