Image

എല്ലാരംഗത്തും പരാജയപ്പെട്ട സര്‍ക്കാര്‍; അഴിമതിയും ഭരണപരാജയവും ധൂര്‍ത്തും കൊവിഡിന്റെ മറവില്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു: ചെന്നിത്തല

Published on 25 May, 2020
 എല്ലാരംഗത്തും പരാജയപ്പെട്ട സര്‍ക്കാര്‍; അഴിമതിയും ഭരണപരാജയവും ധൂര്‍ത്തും കൊവിഡിന്റെ മറവില്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു: ചെന്നിത്തല



തിരുവനന്തപുരം: പുതിയ കേരളത്തിന്റെ നിര്‍മ്മാണത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവകേരള നിര്‍മ്മതിയെ കുറിച്ച് രണ്ടു വര്‍ഷമായി കേള്‍ക്കുന്നു. ഇപ്പോഴും സര്‍ക്കാര്‍ അതുതന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. റീബില്‍ഡ് കേരള നക്ഷത്ര ഹോട്ടലിലെ സെമിനാറില്‍ ഒതുങ്ങി. പ്രളയത്തില്‍ തകര്‍ന്നവരെ സഹായിച്ചത് സന്നദ്ധ സംഘടനകളാണ്. വീടുകള്‍ വച്ചുനല്‍കിയതും സംഘടനകളാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാരാണിത്. അഴിമതിയും ഭരണപരാജയവും ധൂര്‍ത്തും കൊവിഡിന്റെ മറവില്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രകുതിക്ഷോഭങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം എന്നും തയ്യാറായിട്ടുണ്ട്. കൊവിഡ് പ്രതിരോധം ജനങ്ങളുടെ നേട്ടമാണ്. കേരളത്തിന്റെ നേട്ടം ഈ ഒരു സര്‍ക്കാരിന്റെ മാത്രമായി കാണുന്നത് ശരിയല്ല. കാലാകാലങ്ങളായുള്ള സര്‍ക്കാരുകളുടെ നേട്ടമാണ്. രാജഭരണ കാലത്തുമുതല്‍ പല രംഗത്തും നമ്മള്‍ മുന്നില്‍ തന്നെയാണ്. 

കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഏതെങ്കിലും ഒരു വന്‍കിട വികസന പദ്ധതി  തുടങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞോ. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ എന്നിവ യുഡിഎഫിന്റെ നേട്ടമാണ്. വിഴിഞ്ഞം പദ്ധതി എവിടെയെത്തിയെന്ന് സര്‍ക്കാരിനോ അദാനിക്കോ പറയാന്‍ കഴിയുന്നില്ല. ഗെയില്‍ പദ്ധതിയും ലൈറ്റ് മെട്രോയും അട്ടിമറിച്ചവര്‍ തന്നെ അതിന്റെ വക്താവായി മാറിയിരിക്കുകയാണ്. ബജറ്റില്‍ വന്‍കിട പദ്ധതികള്‍ക്ക് മാറ്റിവച്ച തുക ചെലവഴിച്ചിട്ടില്ല. ലോകബാങ്കില്‍ നിന്ന് ലഭിച്ച വായ്പകളും വിനിയോഗിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക