Image

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം, കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല മുഖ്യമന്ത്രി

Published on 20 May, 2020
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം, കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല മുഖ്യമന്ത്രി
തിരുവനന്തപുരം: പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുണ്ടായെന്നും അതുകൊണ്ടാണ് രാവിലെ പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനിച്ചതും പിന്നീട് തീരുമാനം മാറ്റിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി ഒരു തര്‍ക്കത്തിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍  ഉദ്ദേശിക്കുന്നില്ല. അതേസമയം, ചില കാര്യങ്ങളില്‍ തര്‍ക്കം വേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാവിലെ പരീക്ഷ മാറ്റിവെക്കാനുള്ള തീരുമാനം വന്നത് എന്തു കൊണ്ടാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപറിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ തന്നെ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വൈകിയാണ് ലഭിച്ചത്. ഇതുസംബന്ധിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ഒരു ഏറ്റുമുട്ടലിനും സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നില്ല.' മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. എന്തെല്ലാം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്താന്‍ പറ്റുമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു പ്രതിപക്ഷം. ഈ ഘട്ടത്തിലാണ് പരീക്ഷ വരുന്നത്. അപ്പോള്‍ അവര്‍ അതെടുത്ത് ഉപയോഗിച്ചു എന്നുമാത്രമേയുള്ളൂ.

പരീക്ഷ അതിന്റെ കാലത്ത് തന്നെ നടക്കണം. വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ അതിന്റേതായ സമയത്ത് നടത്തിക്കൊണ്ടു പോകുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുള്ള ക്രമീകരണം ഉണ്ടാക്കേണ്ടതുണ്ട്. പരീക്ഷ നടത്താനുള്ള എല്ലാ സജ്ജീകരണം ഒരുങ്ങിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പരീക്ഷകളും കൃത്യമായി നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്കൂളുകളില്‍ വെച്ച് നല്‍കാനാവില്ല. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കുന്നത് ആലോചനയിലാണ്. ഓണ്‍ലൈന്‍ പഠനം നല്ല രീതിയില്‍ വിജയിപ്പിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക