Image

കേന്ദ്ര പാക്കേജ് കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തത്: മുഖ്യമന്ത്രി

Published on 18 May, 2020
കേന്ദ്ര പാക്കേജ് കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പാക്കേജാണ് വേണ്ടിയിരുന്നതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൗജന്യ റേഷന്‍ അടക്കം കൂട്ടിയാല്‍ പോലും സാധാരണക്കാരുടെ കൈയിലേക്ക് പണമായി ഖജനാവില്‍നിന്ന് എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനം വരില്ല. അതേസമയം, കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഉദാരമായി നികുതിയിളവ് നല്‍കി. ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍നിന്ന് ഈ പാക്കേജിന് വേണ്ട അധികചിലവ് ഒന്നര ലക്ഷം കോടി രൂപയായിരിക്കുമെന്ന് ചില അന്താരാഷ്ട്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആര്‍ബിഐ പണനയത്തിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് ലഭ്യമാക്കിയ തുകയും ഈ ബാങ്കുകള്‍ കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും നല്‍കുന്ന തുകയുമാണ് പാക്കേജിന്റെ സിംഹഭാഗവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനം മാത്രമേ കേരളം സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രം എംഎസ്എംഇ മേഖലയില്‍ പ്രഖ്യാപിച്ച വായ്പ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. ഭക്ഷ്യമേഖലയിലെ മൈക്രോ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. സംസ്ഥാനങ്ങളുടെ വായ്പ പരിധി ഉയര്‍ത്തിയ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതിന് ചില നിബന്ധനകളുണ്ട്. കേരളത്തിന് 4500 കോടി രൂപ മാത്രമേ നിബന്ധനയില്ലാതെ വായ്പ ലഭിക്കൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ വായ്പ പരിധി ഉയര്‍ത്തിയാലും പരിമിതമായ ഗുണമേ ലഭിക്കുകയുള്ളൂ. സംസ്ഥാനങ്ങള്‍ കമ്പോളത്തില്‍നിന്ന് വായ്പ എടുത്ത് തിരിച്ചടക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക