Image

കള്ളിന്റെ 'ലോക്ക്' അഴിഞ്ഞെങ്കിലും തികയുന്നില്ല; കുടിയന്മാര്‍ക്ക് നിരാശ (ശ്രീനി)

Published on 14 May, 2020
കള്ളിന്റെ 'ലോക്ക്' അഴിഞ്ഞെങ്കിലും തികയുന്നില്ല; കുടിയന്മാര്‍ക്ക് നിരാശ (ശ്രീനി)
കണ്ണും നട്ട് കാത്തിരുന്നിട്ടും കേരളത്തിലെ കള്ള് സ്‌നേഹികള്‍ക്ക് അത് വയറു നിറയ്ക്കാനുള്ള അളവിനു കിട്ടുന്നില്ല. ലോക്ക് ഡൗണ്‍ കാലത്ത് അടച്ചിട്ട കേരളത്തിലെ കള്ളുഷാപ്പുകള്‍ ഇന്നലെ (മെയ് 13) ആണ് തുറന്നത്. മനസ്സില്‍ നുര പൊന്തിയ സന്തോഷവുമായി ഷാപ്പിന്റെ വാതില്‍ക്കല്‍ എത്തിയ ഭൂരിപക്ഷം പരമ്പരാഗത കുടിയന്മാരും ദീര്‍ഘനിശ്വാസം വിട്ട് നിരാശയോടെ മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. 5500 ഷാപ്പുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 3900 മാത്രമേ ലേലം അനുസരിച്ച് സര്‍ക്കാര്‍ വിറ്റിട്ടുള്ളു. ഫീസടച്ച് ലൈസന്‍സ് നേടിയവര്‍ക്കു മാത്രമേ തുറക്കാന്‍ കഴിഞ്ഞുള്ളു. അതാകട്ടെ വളരെ കുറവും.

കേരളത്തിലെ കള്ള് ഉല്‍പാദനത്തിന്റെ തലസ്ഥാനം പാലക്കാടാണ്. അവിടെ നിന്നുള്ള തെങ്ങിന്‍തോപ്പുകളിലെ കള്ളാണ് കേരളത്തിലെമ്പാടും നുരഞ്ഞ് പതഞ്ഞ് ഒഴുകുന്നത്. രണ്ടു ലക്ഷം ലിറ്റര്‍ കള്ള് പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ പെര്‍മിറ്റുള്ള ചിറ്റൂരിലെ തോപ്പുകളില്‍ നിന്ന് ഇന്നലെ കൊണ്ടുപോയത് 290 പെര്‍മിറ്റുകള്‍ പ്രകാരം 20,000 ലിറ്റര്‍ കള്ളുമാത്രമാണ്. കള്ളുഷാപ്പുകള്‍ തുറന്നെങ്കിലും പലയിടത്തും പെര്‍മിറ്റുകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. ചിറ്റൂര്‍ മേഖലയില്‍ കള്ളിന്റെ ഉത്പാദനം കുറവാണ്. ഇവിടെ കള്ളു ചെത്തുന്നവരില്‍ ഏറിയ പങ്കും തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ്. അവര്‍ സ്വന്തം നാട്ടില്‍ ലോക്ക് ഡൗണില്‍ കുടുങ്ങിക്കിടക്കുകയുമാണ്.

ചിറ്റൂര്‍ മേഖലയില്‍ രണ്ട് ലക്ഷത്തോളം തെങ്ങാണ് ചെത്തുന്നത്. നേരത്തെ ഒരു തെങ്ങില്‍ നിന്ന് പ്രതിദിനം നാലു ലിറ്റര്‍ കള്ളു വരെ ലഭിക്കുമായിരുന്നു. എന്നാല്‍ കടുത്ത വേനലും വെള്ളീച്ചയുടെ ആക്രമണം മൂലവും ഉത്പാദനം പകുതിയായി കുറഞ്ഞിരിക്കുകയാണ്. തെങ്ങിന്‍പൂക്കുലകളിലെ മാട്ടം അഴിച്ച് വിട്ടിട്ടാണ് ലോക്ക് ഡൗണിനു മുമ്പ് ചെത്ത് നിര്‍ത്തിയത്. ഇനി തെങ്ങ് ഒരുക്കേണ്ടതുണ്ട്. ചെത്ത് പൂര്‍വസ്ഥിതിയിലാവാന്‍ ദിവസങ്ങളെടുക്കും എന്നാണ് ചെത്തു തൊഴിലാളികള്‍ പറയുന്നത്.

കടുത്ത വേനല്‍ അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. വേനല്‍ക്കാലത്ത് പുതിയ ചൊട്ടകള്‍ ഉണ്ടാകാത്തതും ആവശ്യത്തിന് മഴ ലഭിക്കാത്തതും കള്ളുത്പാദനം ഗണ്യമായി കുറച്ചു. അതേ സമയം, 2300 ലേറെ തൊഴിലാളികളുള്ള ചിറ്റൂര്‍ മേഖലയില്‍ ഏതാണ് 800 ചെത്തുകാര്‍ മാത്രമേ ഇപ്പോഴുള്ളു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും അറിയാതെയാണ് ഷാപ്പു തുറന്ന ദിവസം കാലേകൂട്ടി ആളുകള്‍ കൂട്ടമായെത്തിയത്. രാവിലെ ഒന്‍പതു മണിക്കാണ് ഷാപ്പുകള്‍ തുറന്നത്. എന്നാല്‍ അപ്പോഴൊന്നും വിതരണം നടന്നില്ല. എക്‌സൈസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുത്തു. മാത്രമല്ല പാലക്കാടന്‍ കള്ള് എത്തിയിരുന്നുമില്ല. അത് ഓണ്‍ ദ വേയിലായിരുന്നു. അങ്ങനെ അഞ്ചു മണിക്കൂറോളം ആഗ്രഹമടക്കി സഹനശക്തിയോടെ പിടിച്ചുനിന്നവര്‍ക്ക് കിട്ടിയത് ഒന്നര ലിറ്റര്‍ വീതം കള്ളു മാത്രം. ഷ്പ്പില്‍ ഉള്ള കള്ളാകട്ടെ പെട്ടെന്ന് വിറ്റു തീരുകയും ചെയ്തു. കിട്ടാത്തവര്‍ നിരാശരായി മടങ്ങി.

കോവിഡ് കാലമായതിനാല്‍ ഷാപ്പുകളിലും സാമൂഹിക അകലം പാലിച്ചായിരുന്നു വില്‍പ്പന. ഒന്നര ലിറ്റര്‍ കള്ളിന്റെ കിറ്റാണ് ഓരോരുത്തര്‍ക്കും കൊടുക്കുക. ഷാപ്പില്‍ ആഹാര സാധനങ്ങള്‍ ഒന്നും പാചകം ചെയ്യരുതെന്നാണ് ഉത്തരവ്. ഷാപ്പിനകത്തിരുന്ന് കുടിക്കാനും പറ്റില്ല. തിരക്കൊഴിവാക്കാന്‍ കൗണ്ടറില്‍ പണമടച്ച് ടോക്കണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പ്രാവശ്യം കള്ള് കിറ്റ് കിട്ടുകയില്ല. ഒരേ സമയം ക്യൂ നില്‍ക്കാന്‍ അഞ്ച് പേര്‍ക്കാണ് അവസരം. കൈ കഴുകാന്‍ സോപ്പും വെള്ളവും ഷാപ്പിനു മുന്നില്‍ വച്ചിരുന്നു. കൈ കഴുകിയ ശേഷമേ കിറ്റു വാങ്ങുവാന്‍ പാടുള്ളു. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഏഴു വരെയാണ് ഷാപ്പുകളുടെ പ്രവര്‍ത്തന സമയം. വരും ദിവസങ്ങളില്‍ ഉത്പാദനം കൂടുന്നതനുസരിച്ചും മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന പ്രകാരവും കൂടുതല്‍ ഷാപ്പുകള്‍ തുറക്കും.

ഇതിനിടെ, വിദേശ മദ്യശാലകള്‍ ഉടന്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇന്ന് വ്യക്തമാക്കുകയുണ്ടായി. കര്‍ശന വ്യവസ്ഥകളോടെ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളും തുറക്കുന്നത് സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. എന്നാല്‍ മദ്യത്തിന് പത്തുമുതല്‍ 35ശതമാനം വരെ എക്‌സൈസ് തീരുവ കൂട്ടിയത് മദ്യപര്‍ക്ക് കനത്ത തിരിച്ചടിയായി. ബാറുകളില്‍ നിന്ന് പാഴസല്‍ ലഭിക്കും. അവിടെ ഇരുന്ന് കഴിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നറിയാന്‍ പോലീസ് നിരീക്ഷണം നടത്തുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ 'കുടി'യൊരു വലിയ കടമ്പയാണ്.

ഇനി ചില കണക്കുകള്‍...കേരളത്തില്‍ കുടിയന്മാര്‍ ജനിക്കുന്നത് 12 വയസ്സിലാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുമ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. മരിക്കുന്നതാകട്ടെ കഴിപ്പിന്റെ അടിസ്ഥാനത്തിലും. അതിനാല്‍ മരണം പ്രവചിക്കാനാവില്ല. എന്നാല്‍ കേരളത്തില്‍ മദ്യപിക്കാനുള്ള പ്രായ പരിധി പിണറായി സര്‍ക്കാര്‍ 2018ല്‍ കൂട്ടുകയുണ്ടായി. 21 വയസില്‍ നിന്ന് 23 ലേക്കാണ് ഉയര്‍ത്തിയത്. ഇടയ്ക്കിടെ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.ഇന്ത്യയിലെ മദ്യവില്‍പ്പനയുടെ 16 ശതമാനവും കേരളത്തിലാണെന്ന് ശ്‌സ്ത്ര സാഹിത്യ പരിശത്ത് നടത്തിയ പഠനത്തില്‍ പറയുന്നു. യുവ മദ്യപാനികളില്‍ 42 ശതമാനവും കടുത്ത മദ്യപാനികളാണ്. 85 ശതമാനം കുടുംബ കലഹത്തിനും കാരണം മദ്യപാനമാണെന്നും പഠനത്തില്‍ പറയുന്നു. റോഡ് ആക്‌സിഡന്റും പീഡനവും വേറെ.

സംസ്ഥാനത്തെ പുരുഷ ജനസംഖ്യയില്‍ 48 ശതമാനത്തോളം മദ്യപിക്കുന്നവരാണ്. അതേസമയം സ്ത്രീകളില്‍ രണ്ടുമുതല്‍ അഞ്ച് ശതമാനം വരെ മദ്യപിക്കുന്നവരാണെന്നാണെന്നതും ശ്രദ്ധേയമാണ്. ഇവരുടെ എണ്ണം ഏതാണ്ട് പത്ത് ലക്ഷത്തിലധികമാണ്. മലയാളികള്‍ ഒരു വര്‍ഷം അരി വാങ്ങാന്‍ ചെലവാക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യം വാങ്ങാനായി ചെലവഴിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂവായിരം കോടി രൂപ അരി വാങ്ങാനായി ചെലവാക്കുമ്പോള്‍ മദ്യത്തിനായി ഒഴുക്കുന്നത് പതിനയ്യായിരം കോടിയോളം രൂപയാണ്.

''ഈ വീട്ടില്‍ അരിയുണ്ടോ...'' എന്ന് ഭാര്യ ചോദിക്കുമ്പോള്‍ ''പയറഞ്ഞാഴി...'' എന്ന് കെട്ടിയോന്‍ പറയും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക