Image

ന്യൂജേഴ്‌സിയിയിലെ ജനജീവിതം സാധാരണ നിലയിലേക്ക്...

അനിൽ പുത്തൻചിറ Published on 13 May, 2020
ന്യൂജേഴ്‌സിയിയിലെ ജനജീവിതം സാധാരണ നിലയിലേക്ക്...
അടുത്ത ഊഴം തന്റെയോ തന്റെ വേണ്ടപെട്ടവരുടേയോ എന്ന ആശങ്കക്ക് ഏകദേശ വിരാമം കുറിച്ചു കൊണ്ട്, ന്യൂജേഴ്‌സി സാധാരണ നിലയിലേക്ക് നീങ്ങുന്ന മനോഹരമായ കാഴ്ചയാണ് എവിടേയും കാണുന്നത്.

ആശുപത്രികളിലേക്ക് പുതിയതായി വരുന്ന രോഗികളുടെ എണ്ണം വളരെയധികം കുറഞ്ഞത്, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വലിയ തോതില്‍ ഫലവത്തായതിന്റെ തെളിവായി.

അടുത്ത തിങ്കളാഴ്ച മുതല്‍- മെയ് 18- ഉപാധികളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അവശ്യ സര്‍വീസ് അല്ലാത്ത ബിസിനസ്സുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കി. കടക്കുള്ളില്‍ കയറാന്‍ പറ്റില്ല. പുറത്തു നിന്നു വാങ്ങാം

നിശ്ചയിച്ച സമയത്തിനും മുന്‍പേ ഷട്ടര്‍ ഇട്ടിരുന്ന കടകള്‍ക്ക് മുന്നിലെ തിരക്ക് ഇല്ലാതായി എന്നുതന്നെ പറയാം.

മാസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ലെങ്കില്‍ പോലും ഭക്ഷണത്തിന് വേണ്ട അരി, ഉണങ്ങിയ പയറുവര്‍ഗ്ഗങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവ മലയാളികള്‍ വീട്ടില്‍ സംഭരിച്ചിട്ടുണ്ട്.

നിയമങ്ങളും ഉത്തരവുകളും അനുസരിക്കാനുള്ളതാണെന്ന് പ്രബുദ്ധരായ പ്രവാസികള്‍ക്കറിയാം, അതിലുമുപരിയായി ആജ്ഞകള്‍ അനുസരിക്കാനുള്ള, ആരാധന നിറഞ്ഞ അഭിനിവേശം മലയാളികളുടെ കൂടെപ്പിറപ്പാണ്! ഉര്‍വശി ശാപം ഉപകാരമായി, പേടി ഒരു അനുഗ്രഹമായി ഗവര്‍ണ്ണറുടെ ഒരു ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു, ഒരു മലയാളി മുഖം പോലും കടകളില്‍ കാണുന്നില്ല.

ഇരുന്ന് കഴിക്കാന്‍ അനുവാദമില്ലെങ്കിലും, ഒട്ടുമിക്ക ഭക്ഷണശാലകളുടെ മുന്നിലും 'ഓപ്പണ്‍' സൈന്‍ കാറ്റില്‍ ഇളകിയാടുന്നു.

ഒരു കാലത്ത് ഇടവില്ലാതെ തലങ്ങും വിലങ്ങും കാറുകള്‍ പാഞ്ഞിരുന്ന റോഡുകള്‍, കുറച്ച് കാലത്തേക്കെങ്കിലും ശൂന്യസമമായിരുന്നു, മോട്ടോര്‍ സൈക്കിളുകളും കൂറ്റന്‍ ലോറികളും വിരളമായിരുന്നു. വിശാലമായ വീഥികളിലൂടെ വാഹനത്തിന്റെ പരമാവധി ശക്തി പരിശോധിക്കാനെന്നവണ്ണം അതിവേഗതയില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഇഷ്ടപെടുന്നവര്‍ പോലും, രാത്രികളില്‍ ശ്മശാന മൂകത തളം കെട്ടിനിന്ന, ശാന്തമെങ്കിലും ഭീതി ജനിപ്പിക്കുന്ന വിചന വീഥികളില്‍ ഏക സഞ്ചാരിയാകാന്‍ വിമുഖരായി!

അതിനെല്ലാം അറുതി വരുത്തിക്കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുന്ന റോഡുകളില്‍ വീണ്ടും വാഹനങ്ങള്‍ കണ്ടുതുടങ്ങി. എവിടെ തിരിഞ്ഞാലും നിറയെ സാധങ്ങളുമായി വിതരണത്തിന് പോകുന്ന UPS/Fedex ട്രക്കുകള്‍.

വഴിയോരത്തെ വെട്ടി ഒതുക്കിയ വൃക്ഷങ്ങളിലെ, വസന്തപുഷ്പങ്ങളുടെ വര്‍ണ്ണ വൈവിധ്യങ്ങള്‍. കണ്ണിന് കുളിര്‍മ്മ പകരുന്ന ഈ കാഴ്ചകള്‍ ആസ്വദിച്ച്, വിസ്മയഭരിതരായി മനം നിറയുന്ന റോഡുമാര്‍ഗമുള്ള ഒരു യാത്ര. ഈ വര്‍ഷം അങ്ങനെ ഒരു യാത്ര സാധ്യമായില്ലെങ്കിലും, പൂക്കള്‍ പൊഴിഞ്ഞ വൃക്ഷങ്ങളില്‍, പുതു നാമ്പുകള്‍ വന്ന്, പച്ച ഇലകളാല്‍ മൂടിയ പരിസരപ്രദേശം കാണാന്‍ ജീവന്‍ ഇപ്പോഴും ബാക്കിയുണ്ട് എന്നതാണ് വലിയ കാര്യം.

നിയന്ത്രണ വിധേയമായ കൊറോണ കെട്ട് പൊട്ടിച്ച് വീണ്ടും വന്നില്ലെങ്കില്‍, ഇനി ആഹ്ളാദത്തിന്റെ നാളുകള്‍

ഇതേ സമയം ന്യു ജെഴ്‌സിയില്‍ കോവിഡ് രോഗബാധിതരുടെയും മരിക്കുന്നവരുടേയും എണ്ണം ഗണ്യമായി കുറഞ്ഞു. ആകെ 9702 പേര്‍ മരിച്ചു. ഇന്നലെ 197 പേര്‍. (അത് ന്യു യോര്‍ക്കിലേക്കാള്‍ കൂടുതലാണ്.)

ന്യു ജെഴ്‌സിയില്‍ 141,000 പേര്‍ക്ക് കോവിഡുണ്ട്. 4226 പേര്‍ ആശുപത്രിയില്‍.
ന്യൂജേഴ്‌സിയിയിലെ ജനജീവിതം സാധാരണ നിലയിലേക്ക്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക