Image

അയര്‍ലന്‍ഡില്‍ കോവിഡ്കാലത്ത് കുന്പസാരത്തിനു പുതുവഴിയുമായി വൈദികന്‍

Published on 10 May, 2020
 അയര്‍ലന്‍ഡില്‍ കോവിഡ്കാലത്ത് കുന്പസാരത്തിനു പുതുവഴിയുമായി വൈദികന്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കുന്പസാരത്തിനു പുതുവഴിയുമായി വൈദികന്‍. തലസ്ഥാനഗരമായ ഡബ്‌ളിനിലാണ് സംഭവം. ഡബ്ലിന്‍ താല സെന്റ് മാര്‍ക്ക്‌സ് ദേവാലയത്തിലെ ഫാ. പാറ്റ് മക്കിന്‍ലിയാണ് തന്റെ ഇടവകയില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കുന്പസാരം ആരംഭിച്ചത്.

രാജ്യത്ത് ദേവാലയങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ സഹവൈദികര്‍ക്കൊപ്പം പള്ളിയുടെ വിശാലമായ കാര്‍ പാര്‍ക്കിംഗ് ഏരിയയാണ് ഇതിനായി തിരഞ്ഞെടുത്തത്.സാമൂഹിക അകലം പാലിച്ചു മുഖാമുഖം ഇരുന്നാണ് കുന്പസാരം.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നിലനില്‍ക്കുന്ന ഇവിടെ കുന്പസാരിക്കാനുള്ള സൗകര്യമൊരുങ്ങിയത് വിശ്വാസികള്‍ക്ക് ഏറെ ആശ്വാസമായി. സോഷ്യല്‍ മീഡിയയില്‍ ഇതിനകം ഈ വിഷയം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.

ആദ്യകുര്‍ബാനസ്വീകരണത്തിനു ശേഷം ഇതുവരെ കുന്പസാരിക്കാത്തവര്‍ പോലും ഈ സൗകര്യം അറിഞ്ഞു തന്റെ അടുത്തെത്തിയതായി ഫാ. മക്കിന്‍ലി പറഞ്ഞു.ദിവസേന ഓരോ മണിക്കൂര്‍ വീതം രണ്ടു തവണ കുന്പസാരത്തിനു സൗകര്യമുണ്ട്. മുഴുവന്‍ സമയവും കുന്പസാരത്തിനു വിശ്വാസികള്‍ എത്തുന്നുണ്ടെന്നു ഫാ. മക്കിന്‍ലി ഒരു റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കുന്പസാരമെന്ന കൂദാശ വഴി വിശ്വാസികളില്‍ ദൈവസാന്നിധ്യമുറപ്പിക്കാനാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ രാജ്യമായ അയര്‍ലന്‍ഡില്‍ ആഗസ്റ്റ് വരെ വിവിധഘട്ടങ്ങളിലായുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും.കഴിഞ്ഞ രണ്ടു മാസത്തോളമായി അയര്‍ലന്‍ഡില്‍ അടച്ചിട്ട ദേവാലയങ്ങളിലാണ് വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.ഇവ തല്‍സമയം പ്രക്ഷേപണം ചെയ്തു വരുന്നു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക