Image

വൈറസ് (കവിത: ബ്ലെസി വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 08 May, 2020
വൈറസ് (കവിത: ബ്ലെസി വര്‍ഗീസ്, ന്യൂയോര്‍ക്ക്)
മന്ദാരം പൂക്കുന്ന സന്ധ്യാതീരങ്ങളില്‍
നീഹാരമായ് വിടരും നീള്‍മിഴിപ്പൂവേ
നനഞ്ഞു കുതിരുന്ന മഴമേഘമായെന്‍
ഹൃദയാന്തരാളങ്ങളില്‍ പെയ്തുനിറയുക;
പൂവായ് വിരിയുക; പുഴയായൊഴുകുക

മരണം ചുവപ്പിച്ച വ്യഥതന്‍ തീരങ്ങളില്‍
കഠിനയാതനകളുടെ കനലാഴങ്ങളില്‍
ഇരുളുപൂക്കുന്ന തമോഗര്‍ത്തസീമയില്‍
പ്രതീക്ഷതന്‍ പൂരയെന്റെ ജീവനില്‍ നിറയുക-
വഴിയും പൊരുളും വഴിവിളക്കുമാവുക
ഭീതിയും, ഭ്രമരവും, മരണവും നിറയുന്ന
മിഴിതോരാത്ത ഇടവപ്പാതികളില്‍
പ്രത്യാശതന്‍ പുല്‍നാമ്പായ് പൊട്ടിവിടരുക
അതിജീവനത്തിന്റെ ആകാശമാവുക.

ജീവിതപ്പൊലികളിലെവിടെയോ
മരണം വെള്ളപൂശുന്നു-
പാതിയടര്‍ന്ന സ്വപ്നങ്ങളില്‍,
മരവിച്ച മുഖങ്ങളില്‍
ജീവന്റെ നനവാര്‍ന്നൊരു
തുടിപ്പു തേടുന്നു ഞാന്‍
ജനിമൃതികളുടെ ചക്രവാളങ്ങളില്‍
വിടപറയാതെ പോയവര്‍....
പാതിവഴിയെ പിരിഞ്ഞവര്‍....

മിഴിനീര്‍പ്പുഴയൊഴുകുന്നു; നെഞ്ചിന്‍കൂടിളകുന്നു
"മാസ്കി'നടിയിലെന്റെ മുഖം പഴുക്കുന്നു
കനല്‍ച്ചൂടേറ്റെന്റെ ഹൃത്തടം വേവുന്നു
ശ്വാസകോശങ്ങള്‍ മുങ്ങിത്താഴുന്നു
പ്രാണനിലാകവെ കരിനീലിമ പടരുന്നു
വൃക്കകള്‍ തകരുന്നു, ഹൃദയമിടിപ്പ് നിലയ്ക്കുന്നു
ധമനികളില്‍ രക്തക്കട്ടകള്‍ നിറയുന്നു
മോണിറ്ററിന്റെ അലര്‍ച്ചകളിലൊന്നിലെവിടെയോ
പാതിവഴിയിലെന്‍ നിദ്ര മുറിയുന്നു
പരശതം ജനങ്ങളില്‍ പനി പടരുന്നു
ഉടലുവിറയ്ക്കുന്നു; പ്രാണന്‍ ചുമച്ചുവീഴുന്നു
രാത്രിയാമങ്ങളില്‍ മൃതിതന്‍ കാറ്റുവീശുന്നു
മരണം പെയ്യുന്നു; മാനം ചുവക്കുന്നു.

എവിടെ ഇലച്ചാര്‍ത്തുകള്‍; കാര്‍ത്തികദീപങ്ങള്‍?
എവിടെ പുതുജീവന്റെ പരാഗരേണുകള്‍?
എവിടെ ചന്ദനം മണക്കുന്ന മഞ്ജീരസന്ധ്യകള്‍?

തൊട്ടുകൂടായ്ക നാം; അടുത്തുപോവേണ്ടിനി
കൂട്ടംകൂടേണ്ട; ആലിംഗനങ്ങള്‍ വേണ്ട,
ആറടിത്താഴങ്ങളില്‍ ചെന്നണയാതിരിക്കാനായ്
ആറടി ദൂരമെങ്കിലും പരസ്പരം സൂക്ഷിക്കാം.
ഈ ജൈവരണഭൂമിയില്‍ "മാസ്ക'ല്ലോ ആയുധം.
അദൃശ്യനാമീ ഉഗ്രവൈരിയോടുനാം
അലിവേതുമില്ലാതെ യുദ്ധം ചെയ്തിടാം.

ഇരുളുകനക്കുന്ന താഴ്‌വാരങ്ങളിലാകവെ
പൂമഴ പെയ്യട്ടെ, പ്രഭതന്‍ കിരണം പരക്കട്ടെ
ജീവന്റെ പുതുസൂര്യന്‍ കത്തിജ്വലിക്കട്ടെ!!


വൈറസ് (കവിത: ബ്ലെസി വര്‍ഗീസ്, ന്യൂയോര്‍ക്ക്)
ബ്ലെസി വര്‍ഗീസ്, ന്യൂയോര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക