Image

ഇന്ത്യയിലേയ്ക്കുള്ള ഫ്‌ലൈറ്റ് ഷെഡ്യൂളില്‍ കേരളത്തെയും ഉള്‍പ്പെടുത്തണം: യുക്മ

Published on 07 May, 2020
ഇന്ത്യയിലേയ്ക്കുള്ള ഫ്‌ലൈറ്റ് ഷെഡ്യൂളില്‍ കേരളത്തെയും ഉള്‍പ്പെടുത്തണം: യുക്മ


ലണ്ടന്‍: ലോക്ക് ഡൗണിനെ തുടര്‍ന്നു യുകെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മലയാളികളെ അവഗണിക്കരുതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു.

ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ അനുവദിക്കുന്‌പോള്‍ കേരളത്തെ അവഗണിക്കുന്നത് ശരിയല്ല. കൂടുതല്‍ മലയാളികളുള്ള ഇവിടങ്ങളില്‍നിന്നും കേരളത്തിലേക്കും വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കുകയും അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഘനശ്യാമിനും ഇതുസംബന്ധിച്ചു നിവേദനം നല്‍കിയതായും യുക്മ നേതൃത്വം അറിയിച്ചു.

നിലവില്‍ ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകളില്‍ കേരളത്തിലെ ഒരു വിമാനത്താവളവും ഉള്‍പ്പെട്ടിട്ടില്ല. യുകെയിലുള്ള മക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയിട്ടുള്ള മാതാപിതാക്കളും വിവിധ പരീക്ഷകള്‍ എഴുതാനെത്തിയവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ ഇവിടെ കുടുങ്ങിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ സാധ്യമായില്ലെങ്കില്‍ ഇവരില്‍ പലരുടേയും നാട്ടിലേയ്ക്കുള്ള മടക്കം അനിശ്ചിതത്വത്തിലാവും. ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. നോര്‍ക്കയിലും സംസ്ഥാനസര്‍ക്കാരുമായി ബന്ധപ്പെട്ടതെന്ന് പറഞ്ഞ് രജിസ്റ്റര്‍ മറ്റ് ലിങ്കുകളില്‍ രജിസ്റ്റര്‍ ചെയ്തതെല്ലാം വെറുതെയായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് സാധ്യമായത് ചെയ്യണമെന്നും യുക്മ നേതൃത്വം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക