Image

ന്യു യോര്‍ക്കില്‍ ആശുപത്രിയിലായവരില്‍ മൂന്നില്‍ രണ്ടും വീട്ടിലിരുന്നവര്‍: ഗവര്‍ണര്‍ കോമോ

Published on 06 May, 2020
ന്യു യോര്‍ക്കില്‍ ആശുപത്രിയിലായവരില്‍ മൂന്നില്‍ രണ്ടും വീട്ടിലിരുന്നവര്‍: ഗവര്‍ണര്‍ കോമോ
ന്യു യോര്‍ക്ക്: യാത്രയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നവരാണ് കോവിഡ് ബാധിച്ച് ആശുപതിയിലായവരില്‍ മൂന്നില്‍ രണ്ട് പേര്‍. ഇത് അമ്പരപ്പിക്കുന്നു-ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ പതിവ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.

റിട്ടയര്‍ ചെയ്തവരോ ജോലി ഇല്ലാത്തവരോ ആണ് ഇവര്‍. എന്നിട്ടും അവര്‍ക്കു രോഗം വന്നു. ഇവര്‍ ശരാശരി 51 വയസിനു മേല്‍ പ്രയമുള്ളവരാണ്.113 ഹോസ്പിറ്റലുകളില്‍ നിന്നുള്ള വിവരം അപഗ്രഥിച്ചാണു 66 ശതമാനം വീട്ടിലിരുന്നവരാണെന്നു കണ്ടെത്തിയത്. ഇതില്‍ 18 ശതമാനം നഴ്‌സിംഗ് ഹോമുകളിലുള്ളവരാണ്.നാല് ശതമാനം അസിസ്റ്റഡ് ലിവിംഗ് ഫെസിലിറ്റിയില്‍ നിന്നുള്ളവര്‍ ഒരു ശതമാനം ജയിലില്‍.

രോഗം ബാധിച്ചവരില്‍ കൂടുതല്‍ സബ് വേ ട്രെയിനില്‍ യാത്ര ചെയ്തിരുന്നവര്‍ ആയിരുന്നു എന്നാണ് കരുതിയത് അത് ശരിയല്ലെന്നു വ്യക്തമായി-കൊമോ പറഞ്ഞു.

ആശുപതിയിലെത്തുന്ന 46 ശതമാനം ജോലി ഇല്ലാത്തവര്‍. 37 ശതമാനം റിട്ടയര്‍ ചെയ്തവര്‍. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കുന്നവര്‍

ന്യു യോര്‍ക്ക് സിറ്റിയിലും അയല്‍ പ്രദേശങ്ങളിലുമാണ് രോഗബാധ കുടുതലായുണ്ടായത്.

ഇന്നലെയും ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ 232പേര് മരിച്ചു. മുന്ന് ദിവസമായി മരണ സംഖ്യ 230-നു അടുത്തു നില്‍ക്കുന്നു.അത് പോലെ ആശുപത്രിയിലാകുന്നവര്‍ 600ആയി കുറഞ്ഞു.

സ്റ്റേറ്റില്‍ മൊത്തം മരണ സഖ്യ ഇരുപതിനായിരത്തോടടുക്കുന്നു. 320,000-ല്‍ പരം പേര്‍ക്കാണ് രോഗബാധ.

അമേരിക്കയില്‍ കോവിടിന്റെ മുഖ്യകേന്ദ്രമായ ന്യു യോര്‍ക്കില്‍ സ്ഥിതി മെച്ചപ്പെടുമ്പോള്‍ മറ്റു സ്റ്റേറ്റുകളില്‍ മരണ സംഖ്യ കൂടുന്നു. ന്യു ജെഴ്‌സിയില്‍ മരണം 24 മണിക്ക്കൂറില്‍ 308 ആയതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫിസ്റ്റേറ്റിലെ പബ്ലിക് ഹെല്ത്ത് എമെര്‍ജന്‍സി 30 ദിവസത്തേക്കു കൂടി നീട്ടി.

പെന്‍സില്വേണിയയില്‍ മരണം 400-ല്‍ പരമാണ്. മിഷിഗണില്‍ കുറഞ്ഞു.

ഇതേ സമയം ആമസോണ്‍ അടക്കമുള്ള വന്‍കിട റീട്ടെയില്‍ കമ്പനികള്‍ പോസ്റ്റല്‍ സവീസിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങി. പാര്‍സലുകളുടേ ചാര്‍ജ് കൂട്ടി പോസ്റ്റല്‍ സര്‍വീസ് സ്വയം രക്ഷപ്പെടണം എന്ന പ്രസിഡന്റ് ട്രമ്പിന്റെ നിലപാടിനെതിരെയാണു ആംസോണും മറ്റും പരസ്യങ്ങളുമായി രംഗത്ത് വന്നത്.

ഇതിനിടെ ന്യു യോര്‍ക്കില്‍115വര്‍ഷത്തില്‍ ആദ്യമായി സബ് വെ ട്രയിനുകള്‍ രാത്രി 1 മുതല്‍ പുലര്‍ച്ചെ 5 വരെ ഓട്ടം നിര്‍ത്തി. ട്രയിനുകള്‍ അണുവിമുക്തമാക്കുന്നതിനാണിത്.

ന്യു യോര്‍ക്കില്‍ 200-ല്‍ പരം കുട്ടികള്‍ക്ക് അജ്ഞാത രോഗവുമായി ആശുപത്രിയില്‍. കോവിഡ് കുട്ടികളെയും ദോഷമായി ബാധിക്കുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കുട്ടികളൂടെ സ്ഥിതി എന്തായാലും മെച്ചപ്പെടുന്നു. ആരും മരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക