Image

നീലച്ചിറകുള്ള മൂക്കുത്തികൾ -11 സന റബ്സ്

Published on 03 May, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ -11  സന റബ്സ്
റായ് വിദേതന്‍ ചിന്താമഗ്നനായിരുന്നു. നല്ലതും ചീത്തയും തമ്മിലുള്ള വടംവലിയില്‍ എപ്പോഴും തന്‍റെ സ്വാര്‍ത്ഥതകളും ഇഷ്ടങ്ങളുമേ വിജയിച്ചിട്ടുള്ളൂ. ജീവിതത്തിലെ പല കാര്യങ്ങളും കൂടുതല്‍ ചിന്തിക്കാതെ വിട്ടുകളഞ്ഞിട്ടുണ്ട്. എന്നാല്‍ ബിസിനസ്സില്‍ താന്‍ എല്ലാം വെട്ടിപ്പിടിച്ചിട്ടേയുള്ളൂ. ബിസിനസ്സില്‍ ഭ്രമിപ്പിക്കുന്ന വിജയങ്ങള്‍ ജീവിതത്തില്‍ മോഹിപ്പിക്കാത്തത് എന്താണെന്ന് ആലോചിക്കാന്‍ മിനക്കെട്ടിട്ടും ഇല്ല.  നീറ്റലുകള്‍ ഏല്‍ക്കാന്‍ പാകപ്പെടാത്ത മനസ്സാണോ തന്റേത്?

പെട്ടെന്ന് പുറകില്‍ വസ്ത്രമുലഞ്ഞപോലൊരു ശബ്ദം ദാസ്‌ കേട്ടു. അയാള്‍ തിരിഞ്ഞുനോക്കും മുന്നേ കഴുത്തില്‍  മൈത്രേയി ചുറ്റിപ്പിടിച്ചിരുന്നു. “അച്ഛനെ എത്ര നാളായി കണ്ടിട്ട്? എപ്പോഴും തിരക്കായാല്‍ എങ്ങനാ അച്ഛാ...”

അയാള്‍ മകളെ അടുത്തേക്ക് അണച്ചുപിടിച്ചു. “എവിടെ എന്റെ മിത്രക്കുട്ടീ ...... കാണട്ടെ...” അയാള്‍ വാത്സല്യത്തോടെ അവളെ നോക്കി. മിത്ര എന്ന ചെല്ലപ്പേരിലാണ് എപ്പോഴും അവള്‍ വീട്ടില്‍.

“ഒഹ്, കുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടേല്‍ ഇങ്ങനെയാണോ? ഡല്‍ഹിയില്‍ മിക്കപ്പോഴും അച്ഛനില്ലേ. പിന്നെന്താ ഇങ്ങോട്ട് മാത്രം വരാത്തത്?” അവള്‍ പരിഭവം പറഞ്ഞുകൊണ്ടേയിരുന്നു.

ഇരുണ്ട നിറമുള്ള അഴകുള്ള പെണ്‍കുട്ടിയാണ് മൈത്രേയി.  മുംബൈ ഐഐറ്റിയില്‍ ആണ് പഠിക്കുന്നത്. ഈ വര്ഷം കൂടി കഴിഞ്ഞാല്‍ ഡിഗ്രി ചെയ്യാന്‍ അമേരിക്കയിലോ ലണ്ടനിലോ പോകാന്‍ തയ്യാറെടുപ്പിലുമാ ണ്.  ഹോസ്റ്റ്ന്‍  യൂണിവേര്‍സിറ്റിയിലേക്ക് എപ്പോഴും ഒരു കണ്ണുണ്ട് അവള്‍ക്ക്. അച്ഛന്റെ സെലിബ്രിറ്റി ഗ്ലാമര്‍ വളരെയധികം ഉയര്‍ത്തിപ്പിടിക്കുന്ന വിഐ പി  ഭ്രമവും അവള്‍ക്കുണ്ട്.

“എന്‍റെ തിരക്ക് നിനക്കറിയില്ലേ?”

“അച്ഛനിപ്പോള്‍ സിനിമാനടന്‍ കൂടി ആയില്ലേ.  എപ്പോഴാണ് റിലീസ് ആ ഷോര്‍ട്ട് ഫിലിം?”

“അതിന് സമയമെടുക്കും. നിന്‍റെ പഠനം എങ്ങനെ പോകുന്നു?” അയാള്‍ ചോദിച്ചു.

“അച്ഛന്‍ സിനിമാനടന്‍റെ മാത്രമല്ല പുതിയൊരു വേഷം കൂടി ഉടനെ ചെയ്യും.” താരാദേവിയുടെ സ്വരം കേട്ട് രണ്ട്പേരും നോക്കി.

 

“അതെന്താ താരക്കുട്ടീ.....” അവള്‍ കളിയോടെ ചോദിച്ചു.

“അച്ഛന്‍  പറയും. അതല്ലേ നല്ലത്.”

മൈത്രേയി രണ്ടുപേരെയും മാറിമാറി നോക്കി.

ശലഭം പോലെ പറന്നു കിടക്കുന്ന ഒരു വസ്ത്രമായിരുന്നു മൈത്രേയിയുടേത്. അവളത് ഒതുക്കിപ്പിടിച്ച് അച്ഛനടുത്തേക്ക് ചേര്‍ന്നിരുന്നു. “എന്താണ് ബിസിനസ് മാന്‍? പുതിയ എന്തിലെങ്കിലും മകളെ പാര്‍ട്ണര്‍  ആക്കാന്‍ പ്ലാനുണ്ടോ?”

റായ് വിദേതന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.

“മിത്രാ, നിന്റച്ഛന്‍ വിവാഹം കഴിക്കാന്‍ പോകുന്നു. ആളെ നീയറിയും. മോഡലും നടിയുമായ....” താരാദേവി പൂര്‍ത്തിയാക്കും മുന്‍പേ ദാസിന്‍റെ കൈകള്‍ കുടഞ്ഞെറിഞ്ഞു മൈത്രേയി ചാടിയെഴുന്നേറ്റു. അവളുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. 

“വൈ? ഫോര്‍ വാട്ട്‌?”

“അതെന്തു ചോദ്യം? വിവാഹം പാടില്ലേ?”

“മതി, സ്റ്റോപ്പിറ്റ്.”  അവരെ കയ്യുയര്‍ത്തി  തടഞ്ഞുകൊണ്ട്‌ അവള്‍ ചെവി പൊത്തി. “എപ്പോഴും എന്നെ എന്‍റെ ഫ്രണ്ട്സ് കളിയാക്കുന്ന ഒരു കാര്യമാണ് അച്ഛന്റെ ഈ സ്വഭാവം. എപ്പോഴും എപ്പോഴും..” അസഹ്യതയോടെ അവള്‍  അയാളുടെ നേരെ തിരിഞ്ഞു. “എന്നെ കേള്‍ക്കെ പറയുന്നവര്‍ എത്രയുണ്ടെന്നോ. അപ്പോള്‍ കേള്‍ക്കാതെ പറയുന്നവരുടെ വാക്കുകള്‍ എന്തായിരിക്കും?”

“അമേരിക്കയിലെ ഒരു സ്ത്രീയെ അച്ഛന്‍ വിവാഹം കഴിച്ചിരുന്നല്ലോ. എന്താ അവരുടെ പേര്? എനിക്കവരുടെ പേര് പോലും ഓര്‍ക്കാന്‍ പറ്റുന്നില്ല. ഇങ്ങനെ എന്‍റെ അച്ഛന്റെ ഭാര്യമാരുടെ പേരുകള്‍ ഓര്‍ക്കാന്‍ തന്നെ ഞാന്‍ ഒരു മെമ്മറി ഗെയിം നടത്തണം.”

താരാദേവി അര്‍ത്ഥഗര്‍ഭമായി ദാസിനെ  ഒന്ന് നോക്കി “വിവാഹം ഓരോരുത്തരുടെ ഇഷ്ടങ്ങള്‍ അല്ലേ മിത്രാ, നിന്‍റെ അച്ഛനൊരു തുണ വേണമെങ്കില്‍ എന്താ തെറ്റ്?”

“ഐ കാന്റ്റ് ബിലീവ് ദിസ്‌” അവള്‍ നിഷേധാര്‍ത്ഥത്തില്‍ തല വെട്ടിച്ചു. “ഒറ്റക്കാര്യം ചോദിക്കട്ടെ നാനീ , അച്ഛന്റെ അച്ഛന്‍ മരിച്ചപ്പോള്‍ നാനീ  എന്താ വിവാഹം കഴിക്കാഞ്ഞേ? അത് പോട്ടെ, എന്‍റെ അച്ഛന്‍ ഉപേക്ഷിച്ചപ്പോള്‍ എന്താ അമ്മ വേറെ വിവാഹം കഴിക്കാഞ്ഞത്? ഇതൊക്കെ ഒരാള്‍ക്ക്‌ മാത്രം പറഞ്ഞതാണോ?”

“നിന്‍റെ അമ്മയെ ഞാന്‍ ഉപേക്ഷിച്ചതാണെന്ന് നിന്‍റെ അമ്മ നിന്നോട് പറഞ്ഞോ?”

“എന്തിനാ പറയുന്നേ, അച്ഛന്റെ ഈ സ്വഭാവം തന്നെയാണ് അമ്മ പോകാന്‍ കാരണമെന്നു  പറഞ്ഞിട്ട് വേണോ ഞാന്‍ അറിയാന്‍?”

“അതൊക്കെ കഴിഞ്ഞല്ലോ, അതെക്കുറിച്ച് ഡിസ്കഷന്‍ വേണ്ട. നീ താഴെ പോ...” താരാദേവി ഇടപെട്ടു.

മൈത്രേയി ദേഷ്യത്തോടെ വീണ്ടും ദാസിനെ നോക്കി. “അച്ഛന്‍ എന്തിനാണ് രണ്ടാമത്തെ വിവാഹം വേണ്ടെന്നു വെച്ചത്? അതിന്റെ കാരണമെങ്കിലും പറയാമോ?”

“കാരണം ഉണ്ടാവാതെ ഒരാളില്‍ നിന്നും മറ്റൊരാള്‍ വിട്ടുപോകുമോ? എല്ലാം എല്ലാവരോടും വിളിച്ചു പറയാനും പറ്റുമോ?” അയാളുടെ സ്വരത്തില്‍ നീരസമുണ്ടായിരുന്നു.

“അതേ, ഇപ്പോഴും അച്ഛന് ജസ്റ്റിഫിക്കേഷന്‍ ഉണ്ട്. അച്ഛനാണ് ശരി എന്ന തെറ്റിലാണ് അച്ഛന്‍ എപ്പോഴും നില്‍ക്കുന്നതെന്ന്  അറിഞ്ഞാലും അതൊരിക്കലും സമ്മതിക്കരുത്. എന്‍റമ്മ പറഞ്ഞതാണ് ശരി.” മൈത്രേയി ചീറി.

“എന്ത് ശരി? നിനക്ക് നിന്റമ്മ മാത്രമല്ലേ ലോകത്ത് ശരി പറയുന്നതായിട്ടുള്ളൂ. അച്ഛന്‍ തെറ്റും.”

മുന്നോട്ടു പോയ മൈത്രേയി ഇത് കേട്ട് തിരികെ വന്നു. “അതെ എന്റമ്മ പറഞ്ഞതാണ് ശരി. ഈഗോയുടെ ചീഫ് ജഡ്ജ് ആണ് അച്ഛന്‍ എന്ന്.  യു ആര്‍ സെല്‍ഫിഷ് ആള്‍സോ. മറ്റൊരാളുടെ ഫീലിങ്ങ്സ്‌ അച്ഛന് പ്രശ്നമേയല്ല. സ്വന്തം കാര്യവും സുഖവും മാത്രം.”

ദാസിന്‍റെ മുഖം വലിഞ്ഞുമുറുകി. നെറ്റിയിലെ ഞരമ്പുകള്‍ ദേഷ്യം കൊണ്ട് തുള്ളുന്നത്  താരാദേവി  കണ്ടു. അവര്‍ മുന്നോട്ടു വന്നു.

 “യെസ്, അയാം സെല്‍ഫിഷ്. ഓരോരുത്തരുടെ പേര്‍സണല്‍ കാരണങ്ങള്‍ നീയെന്തിനാണ് അന്വേഷിക്കുന്നത്?” ദാസ്‌ അമര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

“നിന്നോടല്ലേ മാറിപ്പോകാന്‍ പറഞ്ഞത് മിത്രാ...” താരാദേവി അടുത്തേക്ക് വന്ന് അവളുടെ കൈയില്‍ പിടിച്ചു.

“ശരിയച്ഛാ .., അച്ഛന്റെ ഒരു കാര്യവും  ഞാനിനി ചോദിക്കില്ല. അതുപോലെ എന്നോടും എന്‍റെ യാതൊരു കാര്യവും  ചോദിച്ചേക്കരുത്.”  വല്ലാത്തൊരു ഭാവത്തോടെ ദാസിനെയും താരാദേവിയെയും നോക്കി  അവള്‍ പടികള്‍ ഓടിയിറങ്ങി താഴേക്ക്‌ പോയി.

ആ പോക്ക് നോക്കിനിന്ന്  താരാദേവി പറഞ്ഞു. “കുട്ടികള്‍ വളരുകയാണ്. മുന്‍പ് അച്ഛനമ്മമാര്‍ പറയുന്നത് അതേപടി  കുട്ടികള്‍ വിഴുങ്ങിയിരുന്നു.  ഇപ്പോള്‍  നമ്മുടെ  തെറ്റുകള്‍ കൂടി തിരുത്തുന്ന ഉയരത്തില്‍ മക്കള്‍ വളരുമ്പോള്‍ അവര്‍ക്കും കുറച്ചു പരിഗണന കൊടുക്കണം. കേട്ടോ നീ, പതിനെട്ട് വയസ്സ് കഴിഞ്ഞ ഒരു പെണ്‍കുട്ടിയാണവള്‍. മറക്കേണ്ട.”

മുറുകിനിന്ന അന്തരീക്ഷത്തില്‍ നിന്നും അവരും  പടികളിറങ്ങി താഴേക്ക്‌ പോയി.

അമ്പലത്തില്‍ പോകാനായി അവര്‍ മൈത്രേയിയെ വിളിച്ചെങ്കിലും പോകാനവള്‍ കൂട്ടാക്കിയില്ല. വാശിയും ദേഷ്യവും മുന്നിട്ടുനില്‍ക്കുന്ന ആ പെണ്‍കുട്ടിയെ എളുപ്പത്തില്‍ വശത്താക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. ചിലപ്പോഴൊക്കെ ദാസിന്‍റെ വാശിയേക്കാള്‍ ഒരുപടികൂടി മുന്നിലാണ് മകളുടെ വാശി എന്നും തോന്നിയിട്ടുണ്ട്.

പക്ഷേ കുറച്ചു കഴിഞ്ഞു മഞ്ഞനിറത്തില്‍ കല്ലുകള്‍ പതിച്ച മനോഹരമായ ദാവണിവേഷത്തില്‍ നെറ്റിയിലെ ഞാത്തില്‍നിന്ന് രണ്ട് ചെവിയിലേക്കും  പടര്‍ന്നു കിടക്കുന്ന ഒരു ചുട്ടിയും ചൂടി മൈത്രേയി വാതില്‍ തുറന്നു പുറത്തേക്കിറങ്ങി വന്നു. താരാദേവി അവളെയൊന്നു നോക്കി.

“എന്താ നോക്കുന്നെ? ദുര്‍ഗാപൂജ കഴിഞ്ഞിരിക്കില്ല, വേണേല്‍ പോകാം.” അലക്ഷ്യമായി പറഞ്ഞുകൊണ്ട് അവളാ സോഫയിലിരുന്നു.

അവരുടെ ചുണ്ടുകളില്‍ ഒരു പുഞ്ചിരിയൂറി. മകനേയും പേരക്കുട്ടിയെയും ഒരേ വഴിയില്‍ കൊണ്ടുപോകുക എളുപ്പമല്ലെന്ന് അവര്‍ക്കറിയാമായിരുന്നു. എങ്കിലും അവര്‍ പിന്‍വാങ്ങിയില്ല. “നീ അച്ഛനോട് വരുന്നോ എന്ന് ചോദിക്ക്.”

“ഇല്ല, എങ്കില്‍ ഞാന്‍ വരുന്നില്ല.” മൈത്രേയി എഴുന്നേറ്റു. നാനിയും അച്ഛനും പൊയ്ക്കോളൂ.” അവള്‍ മുറിയിലേക്ക് തിരികെ പോരാന്‍ തുടങ്ങി.

“മിത്രാ, അവിടെ നില്‍ക്ക്.” കനത്ത ശബ്ദത്തില്‍ താരാദേവി വിളിച്ചത് കേട്ട് അവള്‍ അവിടെത്തന്നെ നിന്നു. പക്ഷെ തിരിഞ്ഞു നോക്കിയില്ല.

താരാദേവി അവളുടെ അടുത്തേക്ക് ചെന്നു.”മോളെ, നിനക്കറിയാമല്ലോ തിരക്കുകളില്‍ നില്‍ക്കുന്ന നിന്‍റെ അച്ഛന് പലപ്പോഴും നമ്മളറിയാത്ത പ്രഷര്‍ ഉണ്ടെന്ന്. അതൊക്കെ ഒരുപാടുണ്ടാകും ചില നേരങ്ങളില്‍. ആ സമയത്തൊക്കെ മകളെ ലാളിക്കുന്ന അച്ഛനാവാനോ അമ്മ ആഗ്രഹിക്കുന്ന മകനാവാനോ അവന് പറ്റിയെന്നു വരില്ല. അത് നീ ഓര്‍ക്കണം. എപ്പോഴെങ്കിലും വീട്ടില്‍ വരുമ്പോള്‍ അല്പം സന്തോഷവും സമാധാനവും ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുമോ?”

അവര്‍ അവളെ പിടിച്ചു തനിക്കു നേരെ നിറുത്തി. “നോക്ക്, നിന്‍റെ അച്ഛന് അമ്പത് കഴിയുന്നു. ചെറുപ്പമാണോ പഴയതുപോലെ എന്ന് ആലോചിക്കൂ. ശരീരം ഇനിയും ചെറുതാകുമോ അതോ വലുതാകുമോ? വളരെയേറെ തിരക്കും അലച്ചിലും ടെന്‍ഷനുമുള്ള അവനെപ്പോലുള്ളവര്‍ വീട്ടില്‍ വന്നു കയറുമ്പോള്‍ അവിടെ കൂടെയിരിക്കാനും ക്ഷീണം പങ്കിടാനും ആരെങ്കിലും ഉണ്ടാകും. അമ്മയോ അച്ഛനോ മകളോ ആരെങ്കിലും. ഇതൊന്നുമില്ലെങ്കില്‍പോലും ഭാര്യ ഉണ്ടായിരുന്നെങ്കില്‍ ഈ റോളുകള്‍ ഭാര്യയുടേതാകുമായിരുന്നു.” അവരൊന്ന് നിര്‍ത്തി മൈത്രേയിയെ നോക്കി.

“വീട്ടില്‍ വരുമ്പോള്‍, അല്ലെങ്കില്‍ സ്വന്തം മുറിയില്‍ വരുമ്പോള്‍ താന്‍ ഒറ്റയ്ക്കാണ് എന്നചിന്ത ഭയാനകമാണ്. തന്‍റെ കിടക്കയുടെ പാതി ശൂന്യമാണ് എന്ന അറിവ് പേടിപ്പെടുത്തുന്നതാണ്. അറിയാമോ നിനക്ക്? ഞാന്‍ ഇനി എത്രനാള്‍ ഈ ലോകത്തുണ്ടാകും? അപ്പോഴും നീയും അച്ഛനും ഉണ്ടാകും. കുറെ കഴിയുമ്പോള്‍ നീ തിരക്കിലേക്ക് ഊളിയിടും, അവന്‍റെ തിരക്കുകള്‍ കുറയും, വളരെയേറെ സെലിബ്രിറ്റി സറൊണ്ടിന്‍ഗില്‍ ജീവിച്ച ആള്‍ക്കാരുടെ ഏകാന്തത വളരെ വിഷമമേറിയതായിരിക്കും.”

മൈത്രേയി ഒന്നും മിണ്ടാതെനിന്നു. താരാദേവി അവളുടെ മുടിയിഴകളില്‍ തലോടി. “നിനക്ക് മനസ്സിലാവുന്നുണ്ടോ ഞാന്‍ പറയുന്നത്? നിനക്കിതിന്റെ ഗൗരവം കുറേക്കൂടി വളര്‍ന്നാലേ മനസ്സിലാവൂ. പോകൂ, പോയി അച്ഛനോടും വരാന്‍ പറ, നമുക്കൊരുമിച്ചു പോകാം. പോയി വിളിക്കൂ..”

മൈത്രേയി കുറേനേരം കൂടെ അവിടെ തറഞ്ഞുനിന്നു. ശേഷം മുകളിലേക്ക് കയറിപ്പോയി. ദാസ്‌ അപ്പോഴും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റിരുന്നില്ല. എന്നാല്‍ മുഖം ശാന്തമായിരുന്നു. അവള്‍ പതുക്കെ അയാളുടെ തൊട്ടരികില്‍ ചെന്ന് നിന്നു. “അച്ഛാ, അയാം സോറി, ദേഷ്യം വന്നപ്പോള്‍...” അവള്‍ നിറുത്തി.

ദാസ്‌ മകളുടെ നേരെ തിരിഞ്ഞു.” ഇറ്റ്‌സ് ഓക്കേ, ലീവ് ഇറ്റ്.”

“എന്നാല്‍ നമുക്ക് പുറത്ത് പോകാം. ഞാന്‍ ആദ്യമേ വിചാരിച്ചതാ അച്ഛനെയും കൂട്ടി പോകാം എന്ന്.”

“എവിടെ?”

“ദുര്‍ഗാപൂജയുണ്ട് ഇന്ന്. അവിടെ.”

“നോ നോ ഡിയര്‍, നീ പോകൂ, നാനിയും ഇല്ലേ, തിരക്കിലേക്ക് പോകാന്‍ ഇപ്പോഴൊരു മനസ്സില്ല. നീ പോകൂ...”

“പ്ലീസ് അച്ഛാ, എപ്പോഴെങ്കിലുമല്ലെ അച്ഛന്‍ വരാറുള്ളൂ. അച്ഛന്‍ വരുമെന്ന് ഞാന് കരുതി. അവിടെ എന്റെ ഫ്രണ്ട്സൊക്കെ വരും. അച്ഛന് എന്‍റെ ഏതെങ്കിലും ഫ്രണ്ടിനെ അറിയുമോ? അവരെയൊന്ന് കണ്ടാല്‍ എന്താണ്?”

ദാസ്‌ ആലോചിച്ചു. പോകാനുള്ള മാനസികാവസ്ഥയില്‍ അല്ലെങ്കിലും അവളുടെ പ്രതീക്ഷ തെറ്റിക്കാന്‍ അയാള്‍ക്ക്‌ മനസ്സ് വന്നില്ല.

“ശരി, വരാം, നീ നടന്നോളൂ, ഒന്ന് ഫ്രഷ്‌ ആവട്ടെ,”

“താങ്ക്സ് അച്ഛാ..” മൈത്രേയി അയാളെ കെട്ടിപ്പിടിച്ചു. പോകുന്നതിനിടയില്‍ അവള്‍ വിളിച്ചു പറഞ്ഞു. “വേഗം വരണേ, ഇപ്പൊള്‍ തന്നെ ലേറ്റ് ആയി.”

കാറില്‍ മൂവരും നിശബ്ദരായിരുന്നു.   മനസ്സുകള്‍ പ്രക്ഷുബ്ദമായിരുന്നതിനാല്‍ മൌനമാണ് അവര്‍ക്കിടയിലെന്നു അവര്‍ തിരിച്ചറിഞ്ഞില്ലയോ?

പൂജ പകുതിയോളം കഴിഞ്ഞിരുന്നു.  ധാരാളം ആളുകള്‍ തങ്ങളുടെ ആകുലതകള്‍ക്കു അഭയംതേടി ദുര്‍ഗാമാതാവിന്റെ ചരണങ്ങളില്‍ സാഷ്ടാംഗം വീഴുന്നുണ്ടായിരുന്നു. ഉള്ളിലേക്ക് കയറാതെ ദാസ് പുറത്ത്തന്നെനിന്നു. “ഞാനിവിടെ ഉണ്ടാകും, നിങ്ങള്‍ പോയിട്ട് വരൂ..” അയാള്‍ അമ്മയോടും മകളോടും പറഞ്ഞു. അയാള്‍ കാറിനരികില്‍ നിന്നും കുറച്ചപ്പുറത്തേക്ക് നടന്നു. ചുറ്റുപാടുകള്‍ വീക്ഷിച്ചുകൊണ്ട് അയാളവിടെ ചുറ്റിനടന്നു.

“വിവാഹാശംസകള്‍...” പരിചയമുള്ള സ്വരം കേട്ട് ദാസ്‌ തിരിഞ്ഞുനോക്കി.

വെള്ളിത്തട്ടില്‍ പൂവും കുങ്കുമവും മഞ്ഞളും മധുരവുമെല്ലാം നിറയെവെച്ചു തൊട്ടുമുന്നില്‍ മേനക!

“അഹ്, യെസ്, താങ്ക് യൂ...”

രണ്ടുപേരും പരസ്പരം അല്‍പസമയം അങ്ങനെ നിന്നു.

“മിലാന്‍ അല്ലെ നായിക?” മേനക ചോദിച്ചു.

“അതെ..”

“നല്ലത്...ആശംസകള്‍...നല്ല കുട്ടിയാണ് മിലാന്‍. എന്‍റെ അഭിനന്ദങ്ങള്‍ അറിയിക്കണം.”

ദാസ് അല്‍പനേരംകൂടി അങ്ങനെനിന്നു. അയാള്‍ ചോദിക്കാന്‍ തുടങ്ങും മുന്‍പേ മേനക ഇങ്ങോട്ട് ചോദിച്ചു. “എന്തെങ്കിലും  പറയാനുണ്ടോ?”

“ഉം, യെസ്, മിത്രയെക്കുറിച്ച്... അവള്‍ക്ക് താല്പര്യമില്ലാത്ത പോലെ തോന്നി.”

മേനകയുടെ ശാന്തമായ കണ്ണുകളില്‍ ആലോചനാഭാവം നിറഞ്ഞു. “ഞാനവളോട് സംസാരിക്കാം. അത് കാര്യമുള്ളതല്ല.”

അവര്‍ സംസാരിക്കുന്നത് കണ്ടുകൊണ്ട്‌ വിശാലമായ മാര്‍ബിള്‍ഹാളിലൂടെ  മൈത്രേയിയും താരാദേവിയും നടന്നുവരുന്നുണ്ടായിരുന്നു. അമ്മയെ കണ്ടപ്പോള്‍ മൈത്രേയി ഓടിയടുത്തു. മഞ്ഞ ദാവണിയിലും പാവാടയിലും മകള്‍ തങ്ങളുടെ നേരെ ഓടിവരുന്നത്‌ രണ്ടുപേരും നോക്കിനിന്നു.

തന്‍റെ കൈയ്യിലെ തട്ടില്‍നിന്നും കുങ്കുമവും ചന്ദനവും നീണ്ട വിരലുകളില്‍ തൊട്ടെടുത്തു മേനക മകളുടെ നെറ്റിയില്‍ തൊട്ടു. മൈത്രേയി റായ് വിദേതന്‍ ദാസിനെ അവരുടെ മുന്നിലേക്ക്‌ നീക്കി നിറുത്തി. നേര്‍ത്ത പുഞ്ചിരിയോടെ മേനക തന്‍റെ വിരലുകളിലെ തണുത്ത സുഗന്ധം അയാളുടെ നെറ്റിയിലേക്കും  നീട്ടി. ഒന്നും പറയാതെ അയാള്‍ തല കുനിച്ചു.

                                     (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ -11  സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക