Image

പിയാനോയിലൊരുവള്‍(കവിത: ശ്രീജ സുശീല)

ശ്രീജ സുശീല Published on 02 May, 2020
 പിയാനോയിലൊരുവള്‍(കവിത: ശ്രീജ സുശീല)
കൊഴിഞ്ഞുപോയ ഇന്നലെകളിലെന്നോ-
നിന്നൊരുവള്‍
പെട്ടന്നുണര്‍ന്നെണീറ്റ്
പിയാനോ വായിക്കാനൊരുമ്പെടുന്നു.
കീറീപ്പറിഞ്ഞ വിരിപ്പുകള്‍ക്കിടയില്‍
പൊടിമൂടിക്കിടന്ന പ്രണയം പിയാനോയിലേ-
ക്കുള്ള വഴി ചോദിക്കുന്നു.
നട്ടുച്ചകള്‍ ജനലഴികളില്‍ ഒട്ടിപ്പിടിക്കുന്നു.

പിയാനോയിലവള്‍ തിരഞ്ഞു  കൊണ്ടേയിരിക്കുന്നു...
'സ്‌നേഹം'എന്നുവായിച്ച പുഴ,
'ദാഹം' എന്നുരുചിച്ചകാറ്റ്,
' മോഹ'മെന്നുനനഞ്ഞ രാപകലുകള്‍....
പിയാനോ മൗനമാകുന്നു......
ഉരഞ്ഞുരഞ്ഞടര്‍ന്ന
കിളിചുണ്ടില്‍ അനാഥസായന്തന-
ത്തിന്റെ ചുവപ്പുപടരുന്നു.

വീശിവന്ന ഒരുകൊടുങ്കാറ്റ് അവളുടെ
 പൊക്കിള്‍ചുഴിയില്‍ മുങ്ങി മരിക്കുന്നു.
കാണാതെരുവുകളില്‍
 ഉപേക്ഷിച്ചതൊക്കെയും മടങ്ങിവരുന്നു.
സൂര്യന്‍ അവളുടെ 
തുടയിടുക്കിലേക്ക് അസ്തമിക്കുന്നു.
ഭ്രാന്തിന്റെ കൂടുകളില്‍ തപസ്സിരുന്ന  
ദാഹത്തിന്റെ തേനീച്ചകളെ
 നട്ടപ്പാതിരകള്‍ പൂചൂടിക്കുന്നു.
ഋതുപച്ചകളിലവളെകിടത്തി കാറ്റ്
ഉണക്കമരങ്ങളെ ഭോഗിക്കുന്നു.

പിയാനോയിലൊരുവള്‍ ഇപ്പോഴും
പാടിക്കൊണ്ടേയിരിക്കുന്നു... 

 പിയാനോയിലൊരുവള്‍(കവിത: ശ്രീജ സുശീല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക