Image

രണ്ട് വാക്കുകൾ ( കവിത: ഡോ.ഗംഗ.എസ്)

Published on 01 May, 2020
രണ്ട് വാക്കുകൾ ( കവിത: ഡോ.ഗംഗ.എസ്)
രണ്ട് വാക്കുകൾ അടുത്തടുത്തിരിയ്ക്കുമ്പോൾ
ഒരു ക്ലാസ് മുറി ഓർമ്മ നടുക്ക് വരും !
പരസ്പരം തൊടാതെ ഒരേ ബഞ്ചിൽ ഇരുന്ന്
രണ്ട് ലോകത്ത് സഞ്ചരിച്ചവർ !

വൈകിട്ട് കഞ്ഞിയ്ക്കു അരിയില്ലെങ്കിലും
പാറ്റ മണം നിറഞ്ഞ വാക്കിന്റെ
ഓട്ടക്കലത്തിൽ ഭൂതകാലത്തിന്റേതായ
ഒരു ഭാഷ കുടുങ്ങി കിടക്കും !

മറ്റേ വാക്കോ കാക്ക പുരീഷം കൊണ്ടലങ്കരിച്ച
പ്രീമിയർ പദ്മിനിയുടെ പിന്സീറ്റിലിരുന്ന്
മുൻകണ്ണാടിയിലൂടെ
ഓടി മറയുന്ന സമൃദ്ധമായ
പൂക്കാലം കാണും !

രണ്ടു വാക്കുകൾ അടുത്തടുത്തിരിയ്ക്കുമ്പോൾ
പൊടുന്നനെ ഒരു വാക്കിന്റെ
വക്കു മുറിഞ്ഞു ചോര പൊടിയും !

പ്രണയം ഉപചാരം ചൊല്ലി
പിരിയുന്നതിന്റെ നിശബ്ദ താണ്ഡവത്തിൽ
ഒരു വാക്ക് കരളിൽ നിന്ന്
വേദന തുടച്ചു കളയും !

മറ്റേ വാക്കോ ഏതോ സ്വപ്നത്തിൽ നടന്ന
മനസമ്മതത്തിനു ധരിച്ച
തൂ വെള്ള കുപ്പായത്തിൽ,
ചെഞ്ചുവപ്പ് ഹൃദയത്തിനു മീതെ
കണ്ണീരിൽ കുതിരാൻ
ഒരിടവും ബാക്കിയില്ലാത്തത്ര ചുളിഞ്ഞ
തൂവാല കൂടി വയ്ക്കാമായിരുന്നു എന്നോർക്കും !

രണ്ട് വാക്കുകൾ ചേർത്തു വയ്ക്കുമ്പോൾ
വൈരാഗ്യം പട്ടുനൂൽ പുഴുവിനെപ്പോൽ പുളയ്ക്കും !

തണുത്ത സായാഹ്നത്തിൽ
മൾബറി മരച്ചുവട്ടിൽ അകന്നിരുന്നു
പരസ്പരം കണ്ണുകളിൽ നോക്കി നോക്കി
ആറിത്തണുപ്പിച്ച ദാമ്പത്യം ഊതി ഊതി
തൊണ്ട പൊള്ളും വരെ വിഴുങ്ങും !

മറ്റേ വാക്കോ അരികു ചെത്തിക്കൂർപ്പിച്ച
മുനയുള്ളൊരു തെറി ഒച്ച
കത്തിച്ചാരമായ സ്നേഹത്തിൽ നിന്ന്
യർന്നു വന്നു ജീവിതകാലം മുഴുവനും
കുത്തി മുറിച്ചതോർത്തു തുടരെ നടുങ്ങും !

രണ്ട് വാക്കുകൾ ചേർത്ത് വയ്ക്കുമ്പോൾ
മൂന്നാമതൊരു അർഥത്തിന്റെ
മുള പൊട്ടി ചിണർത്തു വരും !

ഒരു വാക്ക്,അന്യോന്യം മിണ്ടാതെ
ഉരിയാടാതെ രണ്ട് കിളികൾ
ചേക്കേറുന്ന ഒറ്റ മരത്തിന്റെ
ഇലയറ്റ കൊമ്പിൽ അനാഥത്വത്തിന്റെ
വേനലിലേയ്ക്ക് തല വയ്ക്കും !

മറ്റേ വാക്കോ അനർഥത്തിന്റെ
വിഷ പൂമ്പൊടി പാറുന്നതും
മുൾ പൂവ് കായാവുന്നതും
കണ്ട് കൊണ്ട് ഒരു പാഴ് ഋതു
എവിടുന്നോ കാലം തെറ്റി
പാഞ്ഞു വരുന്നുവെന്ന് തെറ്റിദ്ധരിയ്ക്കും !

രണ്ട് വാക്കുകൾ ചേർത്ത് വയ്ക്കുമ്പോൾ
ഏഴ് തീക്കടലുകളും മുങ്ങിപ്പോയിട്ട്
ഒരു പെൺ ഭൂഖണ്ഡം പൊങ്ങി വരും !

പുക നനവുള്ള അടുക്കളയിൽ നിന്ന്
ആൾക്കൂട്ട ഭേരി മുഴങ്ങുന്ന പൂമുഖത്തേയ്ക്ക്
നോക്കിയാൽ കാണാവുന്നത്ര അകലത്തിൽ
മദ്ധ്യം കരിഞ്ഞു പോയ
ചപ്പാത്തി പോൽ വാക്കിന്റെ നാവ്
തണുത്തു മരവിച്ചു കിടക്കും !

ആ അജ്ഞാത വാക്കിന്റെ താഴ്‌വാരങ്ങൾ
ഉടലും ഉയിരും വേർപെട്ട മൗനത്തിന്റെ
അസ്തമയത്തിൽ ഒതുങ്ങും !
വിളുമ്പുകളിൽ ചില വേവുകാലങ്ങൾ
വയൽ ഗന്ധങ്ങൾ പരത്തും !

ദേശാടനം ചെയ്യാൻ തയ്യാറായ
വിവിധ നിറങ്ങൾ ചേർത്ത് തുന്നിയ
മറ്റേ വാക്കിന്റെ മനസ്സപ്പോൾ
ഊണ് മുറിയിൽ ഉപേക്ഷിയ്ക്കപ്പെട്ട
തയ്യൽ മെഷീന്റെ ചക്രത്തിൽ
ശ്വാസം കുരുങ്ങി മരണ വാറണ്ടും
കാത്തു കിടക്കും !

രണ്ട് വാക്കുകൾ അടുത്തടുത്ത് ഇരിയ്ക്കുമ്പോൾ
മദ്ധ്യേ ഒരു കൊടുങ്കാറ്റ്
കരച്ചിലിന്റെ ഈറനും ചുമന്നു
മുടന്തി കടന്ന് പോകും !

ഏതോ വഴിയരികിലെ
പാതി നരച്ച മുളങ്കാട്ടിൽ നിന്ന്
വാത്സല്യ വാക്കിനകത്തു
ഒളിച്ചു കടന്ന തുറുകണ്ണൻ കാമം
വായ് പൊത്തി ഒപ്പിയെടുത്ത ബാല്യത്തിന്റെ
പശിമ മാറാത്ത കണ്ണീരിനു
മഴവിൽ വളവുകൾ ഉണ്ടാവും !

മറ്റേ വാക്കോ ദാരിദ്ര്യത്തിന്റെ
പെൺ മുതുകിൽ കൈത്തരിപ്പ്
തീർക്കുന്നതും തീരുന്നതും കാത്തു
കുഞ്ഞു കൈകളാൽ ദുരിതകാലത്തിന്റെ
കാല്പാദങ്ങളിൽ തലോടും
നിഴൽ രേഖകളിൽ ജന്മം കരാറെഴുതും !

ഉറക്കം വയറും മനവും
നിറയ്ക്കും വരെ മാത്രം
കുപ്പിച്ചില്ല് ഇരുട്ട് കൂട്ടിരിയ്ക്കും !

രണ്ട് വാക്കുകൾ അടുത്തടുത്ത് ഇരിയ്ക്കുമ്പോൾ
മൂന്നാമതൊരു അത്ഭുത വാക്ക് പിറവിയെടുക്കും !

പെൺ വാക്കിൽ നിന്ന്
ആൺ വാക്കിലേയ്ക്ക്
ഒരു മരഞ്ചാടിയെ പോൽ ചാഞ്ചാടാൻ
പോന്ന ഒരു ഭിന്ന ലിംഗ വാക്ക്
ഉയർന്നെഴുന്നേൽക്കും !

വിയർപ്പിൽ നിന്ന് രക്തത്തിലേക്ക്
ഊളിയിട്ട ചാവ് ഭ്രുണം പോൽ
അത് കാലത്തിൽ നിന്ന്
അകാലത്തിലേയ്ക്ക് സഞ്ചരിയ്ക്കും !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക