Image

കല്‍പന (കഥ-ഭാഗം:2 -ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 01 May, 2020
 കല്‍പന (കഥ-ഭാഗം:2 -ജോണ്‍ വേറ്റം)
ആനിയും ബന്നിയും സമാധാനത്തോടെ സന്ദര്‍ശകമുറിയില്‍ ഇരുന്നു. അപകടവും കഷ്ടതയും രോഗവും ഉണ്ടാകുമ്പോള്‍, മനുഷ്യന്‍ ആത്മാവബോധത്തോടെ ചിന്തിക്കും. ആശയോടും ആശങ്കയോടും കൂടെ ഭൂതകാലത്തെ ഓര്‍ക്കും. ആത്മീയ കീര്‍ത്തനം പാടും. സ്നേഹമെന്ന സമാധാനഫലം നല്‍കുന്ന മാനസാന്തരം പ്രാപിക്കും.
അരുണോദയത്തിനു മുമ്പ് നഴ്സ് വന്നു. ആനിയേയും ബെന്നിയേയും വിളിച്ചുണര്‍ത്തി. അവര്‍ റ്റോമിയുടെ മുറിയിലെത്തിയപ്പോള്‍, അവിടെ ഡാക്ടറന്മാര്‍ കൂടിനിന്നു സംസാരിക്കുന്നു. അവരിലൊരാള്‍ ബന്നിയോട് പറഞ്ഞു. 'പെട്ടെന്നുണ്ടായൊരു ഹൃദയസ്തംഭനം! തടയാന്‍ കഴിഞ്ഞില്ല! ഖേദമുണ്ട്! ക്ഷമിക്കണം!' ചലനമറ്റുകിടന്ന റ്റോമിയെ കെട്ടിപ്പിടിച്ച്, അവനെ സ്നേഹിച്ചു വാത്സല്ലിച്ചു വളര്‍ത്തിയ മാതാപിതാക്കള്‍ തേങ്ങിക്കരഞ്ഞു! മനുഷ്യന്‍ എപ്രകാരം ജീവിച്ചാലും, അവന്റെ ഭൗതികമരണം ഒരു തുടര്‍ച്ചയാണെന്നസത്യം മരിക്കുന്നില്ല!

പുത്രധര്‍മ്മത്തിന്റെ വാതില്‍ അടഞ്ഞു. നിത്യസ്നേഹത്തിന്റെ ജീവന്‍ പിടഞ്ഞു! വേര്‍പാടിന്റെ വേദന കണ്ണീരായി ഒഴുക്കിയ ആ ദുര്‍ഘടദിനവും എരിഞ്ഞടങ്ങി! മൂന്നാം നാളില്‍, പകലോന്‍ ആകാശമദ്ധ്യേവന്നനേരത്ത്, ആനിയും ബന്നിയും മകനെ മണ്ണിന് വിട്ടുകൊടുത്തു! ദുഃഖമൂകയിലേക്ക് മടങ്ങി!

ഇരുപത്തിരണ്ട് വര്‍ഷത്തോളം, മാതൃവാത്സല്യത്തില്‍ പ്രവഹിച്ച ആനന്ദത്തിന്റെ  ജീവന്‍ പിടഞ്ഞു! വേര്‍പാടിന്റെ വേദന കണ്ണീരായി ഒഴുക്കിയ ആ ദുര്‍ഘടനദിനവും എരിഞ്ഞടങ്ങി! മൂന്നാം നാളില്‍, പകലോന്‍ ആകാശമദ്ധ്യേവന്നനേരത്ത്, ആനിയും ബന്നിയും മകനെ മണ്ണിന് വിട്ടുകൊടുത്തു! ദുഃഖമൂകതയിലേക്ക് മടങ്ങി!
ഇരുപത്തിരണ്ട് വര്‍ഷത്തോളം, മാതൃവാത്സല്യത്തില്‍ പ്രവഹിച്ച ആനന്ദത്തിന്റെ അനന്തരഗതി നിലച്ചു! ജീവിത ക്രമങ്ങള്‍ ക്രമേണ തെറ്റി! സമാധാനത്തിന്റെ സങ്കേതമായിരുന്ന വാസഗൃഹത്തില്‍ ആത്മപീഡ! ദാമ്പത്യജീവിതത്തില്‍ ചേതനചൊരിയേണ്ട വൈകാരികബന്ധത്തിന് വിരക്തി! ആശ്ലഷത്തിന് വിമുഖത. അവഗണിക്കപ്പെടുന്ന ആവശ്യബോധം. ആകുലീകരിക്കുന്ന രാപകലുകള്‍! ഇണയെ ഇണക്കുന്നസഹകരണം നന്നേ തണുത്തു. അടുക്കുകയും അടുപ്പിക്കുകയും ചെയ്ത വാക്കും വചനവും വറ്റി. ജീവിതം  എങ്ങോട്ട് പോകുന്നുവെന്ന് നിശ്ചയിക്കാനാവാത്തൊരവസ്ഥ.. ഉല്ലാസവേളകള്‍ക്കായി ബന്നി ശ്രമിച്ചു. എന്നിട്ടും, ആനിക്ക് ഉന്മേഷമുണ്ടായില്ല. പ്രത്യാശയുടെ പ്രതീകമായിരുന്ന മകനെക്കുറിച്ചുള്ള വ്യാകുലസ്മരണ! 

നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ഓട്ടം വേണ്ടെന്ന ചിന്ത. വീണ്ടുമൊരു പരീക്ഷണം.
മക്കള്‍ മാതാപിതാക്കളുടെ നിക്ഷേപങ്ങളാകുന്നത് എപ്പോഴാണ്? പുത്രസമ്പത്തുള്ള പിതാവല്ലെ സമ്പന്നര്‍? മാതാപിതാക്കളെ ചാരേചേര്‍ത്തുനിറുത്തി സുഖദുഃഖങ്ങള്‍ അനുഭവിക്കുന്ന മക്കളാണ് ഭാഗ്യമുള്ളവര്‍ക്കുകിട്ടുന്ന ദൈവികദാനമെന്ന് ബന്നിക്കു തോന്നി. അയാളുടെ ഹൃദയത്തിന്റെ ഉള്‍മുറിവുകളെ ഊതിയുണക്കാന്‍, സമയത്തിനും സഹധര്‍മ്മിണിക്കും സാധിച്ചില്ല! സന്തുഷ്ടഭാവി ഹൃദയദൃഷ്ടിയില്‍ തെളിഞ്ഞില്ല! വിവാഹധര്‍മ്മം നിറവേറ്റേണ്ട ഭാര്യയുടെ സമീപനത്തിന് കാന്തിയും കാന്തശക്തിയുമില്ല! അവളുടെ മന്ദഹാസത്തിലും വിഷാദം! ദാമ്പത്യജീവിതത്തില്‍ ധാര്‍മ്മികതവേണമെന്ന നിര്‍ബന്ധം അയഞ്ഞു. അസംതൃപ്തിയുടെ വാക്കുകള്‍ ധ്വനിച്ചു. കോപിപ്പിക്കുന്ന പെരുമാറ്റം. സംശയമുളവാക്കുന്ന മൗനം. വിഷാദരോഗമുണ്ടെന്ന പരാതി. പരസ്പരം വിചാരണചെയ്യാനുള്ള മുന്നേറ്റം. വേരില്ലാത്ത ഊഹങ്ങള്‍. മുള്ള് പോലെ ഉള്ളില്‍കൊള്ളുന്ന കുത്തുമൊഴികള്‍! മൗഢ്യതര്‍ക്കങ്ങള്‍. അവയിലൂടെ കുടുംബസമാധാനം ചോര്‍ന്നു!

റ്റോമിയുടെ ഒന്നാം ചരമവാര്‍ഷികത്തിന്റെ പിറ്റേ ആഴ്ചയിലായിരുന്നു ആനിയുടെ സഹോദരപുത്രന്റെ വിവാഹം. പുതുമണവാളനെയും മണവാട്ടിയെയും കണ്ടപ്പോള്‍ ബന്നിയുടെ മനസ്സ്, ആനന്ദിച്ചില്ല, വേദനിച്ചു! നഷ്ടബോധവും നിരാശയും വീണ്ടും പൊങ്ങിവന്നു. വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, കാരണം കൂടാത്തൊരു കോപം. അരസികതയോടെ ആനിയോട് പറഞ്ഞു: ഞാനൊരുഭാഗ്യദോഷിയാ. തളര്‍ന്നുവീഴുമ്പോള്‍ താങ്ങാനൊരു സന്തതിയില്ല! അതൊരു പരാതിയായി. തര്‍ക്കത്തിന് തുടക്കമായി. അന്ന്, അവര്‍ അത്താഴമുണ്ടില്ല. പരസ്പരം അകലുന്ന ദുരവസ്ഥ! കാര്യക്ഷമതയുടെ അഭാവം!

അന്ന്, ജോലികഴിഞ്ഞ് പതിവ്സമയത്തിന്, വീട്ടിലെത്താന്‍ ആനിക്ക് സാധിച്ചില്ല. അതിന്റെ കാരണമെന്തെന്ന് ബന്നി ചോദിച്ചു. ഭര്‍ത്താവ് തന്നെ സംശയിക്കുന്നതുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന് ആനിക്ക് തോന്നി. തര്‍ക്കുത്തരം പറഞ്ഞു. അന്നും ഇരുവരും ഒന്നിച്ചിരുന്ന ഭക്ഷിച്ചില്ല. ആനി അവളുടെ സ്വകാര്യമുറിയില്‍ ഉറങ്ങി. പിറ്റേന്ന്, പരസ്പരം സംസാരിച്ചില്ല. ബന്നിയുടെ ചിന്തഊഷ്മളമായി. തനിക്കൊരു സമര്‍പ്പിതഭാര്യയില്ലെന്ന ധാരണ. അവളെ നയിക്കാനും നിയന്ത്രിക്കാനും മറ്റാരോ ഉണ്ടെന്ന സംശയം. അത് മനസ്സില്‍ നീറ്റലായി. വളരുന്നവെറുപ്പായി. ദാമ്പത്യവിശുദ്ധി നഷ്ടപ്പെട്ടുവെന്ന വിശ്വാസം. എങ്കിലും, പകയും പോരും പാടില്ലെന്ന് സ്വയം പറഞ്ഞു. അക്കാരണത്താല്‍, അവരുടെ അകല്‍ച്ചയും ഭിന്നതയും രഹസ്യമായി.

അന്ന് ജോലികഴിഞ്ഞു ബന്നി വീട്ടിലെത്തിയപ്പോള്‍, ആനിയെ കണ്ടില്ല. അത്താഴത്തിന്റെ നേരമായിട്ടും അവള്‍ വന്നില്ല. കാരണമറിയാതെ അയാള്‍ കുഴങ്ങി. അക്ഷമനായപ്പോള്‍ ഭാര്യയെ ടെലിഫോണില്‍ വിളിച്ചു. മറുപടി കിട്ടിയില്ല. അയാളുടെ സംശയം പലവഴിക്കും പടര്‍ന്നു. ദേഷ്യത്തോടെ വീണ്ടും വീണ്ടും വിളിച്ചു. അപ്പോള്‍, ആനി ടെലിഫോണ്‍ എടുത്തു. ബന്നി ശകാരം നിറുത്തിയപ്പോള്‍ അവള്‍ പറഞ്ഞു: 'എനിക്ക് ജീവിക്കണം. അതുകൊണ്ട് വീട്ടിലേക്ക് വരുന്നില്ല. വീണ്ടും വിളിക്കരുത്.' ബന്നി വിസ്മയിച്ചു. നിര്‍ണ്ണായക പരീക്ഷണം. ദാമ്പത്യബന്ധം വിച്ഛേദിച്ചിട്ട് ഭാര്യ വീട് വിട്ടുപോയിരിക്കുന്നു. എന്തിന്? അയാളുടെ മനസ്സ് പതറി! ഒരു വഞ്ചനാത്മകഭാവം ഒരിക്കലും അവളില്‍ കണ്ടില്ല. സത്യസന്ധതയുടെ സഹകരണമാണ് തന്നിട്ടുള്ളത്. നിഷ്‌കങ്കസ്നേഹത്തിന്റെ സ്വനമാണ് കേട്ടിട്ടുള്ളത്. അതെല്ലാം വിശ്വാസവഞ്ചനയുടെ വശങ്ങളായിരുന്നുവെന്ന് കരുതാമോ? തീര്‍ച്ചയായും അവളെ ആരോ നിയന്ത്രിക്കുന്നുണ്ട്. അത് ആരാണ്. അവളുടെ അവിഹിതബന്ധം എപ്പോള്‍ ആരംഭിച്ചു? വിവാഹത്തിന് മുമ്പോ അഥവാ അടുത്തകാലത്തോ?' സംശയത്തിന്റെ നോവുകളെ തടയാന്‍ കഴിഞ്ഞില്ല. തളര്‍ന്നു കിടന്നു. അപ്പോള്‍, ആനിയുടെ അകല്‍ച്ച ഒരു വെല്ലുവിളിയാണെന്നു തോന്നി. വെറുപ്പും വിദ്വേഷവും ചിന്തയില്‍ ചേര്‍ന്നു. ഒറ്റപ്പെട്ടാലും ഇരുട്ടില്‍ ഇടറിവീണാലും അവളെ മറക്കാന്‍ കഴിയാഞ്ഞൊരു മനസ്സാണഅ തനിക്കുള്ളതെന്ന് വിളിച്ചുപറയണമെന്ന് തോന്നി. എങ്കിലും അഭിമാനം തടഞ്ഞു.

പിറ്റേന്ന് ബന്നി ജോലിക്ക് പോയില്ല. പത്ത് ദിവസത്തേക്കുള്ള അവധി വാങ്ങി. എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ മനസ്സ് പറയുന്നില്ല. ഏകാന്തത ചിന്തകള്‍ക്ക് മൂര്‍ച്ച കൂട്ടി. ഭൂതകാലത്തേക്ക് നോക്കി. ആത്മപരിശോധന നടത്തി. അപ്പോള്‍ കണ്ണ് നിറഞ്ഞൊഴുകി. വീണ്ടും സ്വയം ചോദിച്ചു: പെട്ടെന്ന് വെട്ടിമുറിച്ചു വേര്‍പെടുത്താവുന്നതാണോ, എന്റെ ദാമ്പത്യജീവിതം? ഇഷ്ടപ്പെടാത്തപ്പോള്‍ ഇട്ടേച്ചുപോകാവുന്നതാണോ ഭാര്യാധര്‍മ്മം? വിവാഹമോചനത്തിന്റെ മുന്നറിയിപ്പല്ലെ. ആനിയുടെ മാറിത്താമസം?  അവളെ എന്റെ ജീവിതത്തിലെ ഇടര്‍ച്ചക്കല്ലാക്കി മാററിയതാരാണ്? ആ നീതികെട്ടവഞ്ചന എവിടെ മറഞ്ഞുനില്‍ക്കുന്നു? ജീവിതത്തെ വ്യര്‍ത്ഥമാക്കുന്ന ആകസ്മിക അനുഭവങ്ങളെ എങ്ങനെ ഒഴിവാക്കാമെന്നുചിന്തിച്ചുകൊണ്ട് സ്വീകരണമുറിയില്‍ ഉലാത്തി. പത്താംമണിനേരം. വാതില്‍മണിയുടെ ശബ്ദം കേട്ടു കതക് തുറന്നപ്പോള്‍, ഇടവകവികാരി ആന്റണി അച്ചന്‍ മുന്നില്‍ നില്‍ക്കുന്നു.
(തുടരും...)

 കല്‍പന (കഥ-ഭാഗം:2 -ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക