Image

ദിവാകറും സംഘവും ഇന്ത്യക്കു വേണ്ടി വെന്റിലേറ്ററുകൾ നിർമിക്കുകയാണ് (ഷിബു ഗോപാലകൃഷ്ണൻ)

Published on 29 April, 2020
ദിവാകറും സംഘവും ഇന്ത്യക്കു വേണ്ടി വെന്റിലേറ്ററുകൾ നിർമിക്കുകയാണ് (ഷിബു ഗോപാലകൃഷ്ണൻ)
2016-ൽ ഡൽഹി എയിംസ് ആശുപത്രിയിലെ ന്യൂറോസയൻസ് വാർഡ് സന്ദർശിച്ച, വെന്റിലേറ്റർ ആവശ്യമുള്ളതുകൊണ്ടു മാത്രം അവിടുന്നു ഡിസ്ചാർജ് ചെയ്യാൻ കഴിയാതെ ഐസിയുവിൽ കഴിയുന്ന രോഗികളെ കണ്ട ദിവാകർ വൈശ് എന്ന റോബോട്ടിക് എഞ്ചിനീയർക്ക് തോന്നിയ ഒരു ആശയമായിരുന്നു അത്. ഇത്രയധികം സങ്കീർണവും ചിലവേറിയതും ഐസിയുവിനു പുറത്തേക്കു കൊണ്ടുപോകാൻ കഴിയാത്തതും പരിശീലനം സിദ്ധിച്ച ഡോക്ടർമാരുടെ സഹായമില്ലാതെ പ്രവർത്തിപ്പിക്കാൻ കഴിയാത്തതുമായ വെന്റിലേറ്ററിനെ എങ്ങനെ ലളിതവത്കരിക്കാം?

പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ ആദ്യത്തെ റോബോട്ട് മാനവ്, മനുഷ്യന്റെ തലച്ചോറ് കൊണ്ടുമാത്രം പരിപൂർണമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ആദ്യത്തെ വീൽചെയർ സമർദ്ധ്, ഇതെല്ലാം നിർമിച്ചിട്ടുള്ള ദിവാകർ എയിംസിലെ ന്യൂറോസർജൻ ദീപക് അഗർവാളുമായി ചേർന്ന് പണി തുടങ്ങി.

രണ്ടുവർഷം കഴിഞ്ഞപ്പോൾ ലോകത്തെ ഏറ്റവും വലിപ്പം കുറഞ്ഞ വെന്റിലേറ്റർ ദിവാകർ പുറത്തിറക്കി. വെറും മൂന്നര കിലോഗ്രാം മാത്രം തൂക്കമുള്ള, എവിടെ വേണമെങ്കിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന, ഡോക്ടറുടെ സഹായം ആവശ്യമില്ലാതെ സ്വയം നിർണയിക്കാനും തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന, ഒരു ആൻഡ്രോയ്ഡ് മൊബൈൽ ആപ്പ് ഉപയോഗിച്ചു നിയന്ത്രിക്കാൻ കഴിയുന്ന, അസാധാരണമായ എന്തെങ്കിലും സംഭവിച്ചാൽ മൊബൈലിൽ ഡോക്ടർക്കും നഴ്‌സിനും അലർട്ട് അയക്കുന്ന ഇന്ത്യൻ നിർമിത വെന്റിലേറ്റർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചു രോഗിക്ക് ആവശ്യമായിവരുന്ന ഓക്സിജന്റെ അളവും വേഗവും പ്രഷറും സ്വന്തമായി മനസിലാക്കി ഈ വെന്റിലേറ്റർ പ്രവർത്തിക്കും. ഓക്സിജൻ സിലിണ്ടറും ആവശ്യമില്ല, റൂം എയറിൽ പ്രവർത്തിക്കും. ഇത്തരത്തിലുള്ള 600 വെന്റിലേറ്ററുകൾ ഇപ്പോൾ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഉപയോഗിച്ചു വരുന്നുണ്ട്.

കോവിഡ് പടർന്നുപിടിച്ചപ്പോൾ ലോകം പരക്കം പാഞ്ഞത് വെന്റിലേറ്ററുകൾക്കു പിന്നാലെ ആയിരുന്നു. അതില്ലാത്തതുകൊണ്ടു മാത്രം മരണപ്പെട്ട മനുഷ്യർ. ഉള്ള വെന്റിലേറ്റർ ആർക്കു കൊടുക്കണം എന്നുള്ള തീരുമാനം ജീവിതത്തിന്റെയും മരണത്തിന്റെയും തിരഞ്ഞെടുപ്പായി മാറിയ സന്ദർഭങ്ങൾ. അവിടെയാണ് ഈ വെന്റിലേറ്റർ ഒരു അത്ഭുതമാകുന്നത്, ചിലവ് അഞ്ചിലൊന്നു മാത്രം, നാളെ ഒരു ഹോട്ടലോ ഓഡിറ്റോറിയാമോ ഐസിയു ആക്കിമാറ്റണമെങ്കിൽ വെന്റിലേറ്റർ റെഡി. ഒരു മാസത്തിനുള്ളിൽ 20,000 യൂണിറ്റുകൾ നിർമിച്ചു നൽകാൻ ദിവാകരന്റെ നോയിഡ ആസ്ഥാനമായുള്ള AgVa ഹെൽത്ത്കെയറിനെ സർക്കാർ സമീപിച്ചു കഴിഞ്ഞു.

അന്യരാജ്യങ്ങളിൽ നിന്നും കിട്ടിയ സകല ഓർഡറുകളും റദ്ദാക്കി ദിവാകറും സംഘവും ഇപ്പോൾ ഇന്ത്യക്കു വേണ്ടി വെന്റിലേറ്ററുകൾ നിർമിക്കുകയാണ്.
ദിവാകറും സംഘവും ഇന്ത്യക്കു വേണ്ടി വെന്റിലേറ്ററുകൾ നിർമിക്കുകയാണ് (ഷിബു ഗോപാലകൃഷ്ണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക