Image

ഒരു വൈറസ് ഉണ്ടെങ്കിൽ ഒരു വാക്സിൻ വരും എന്ന പ്രതീക്ഷ ( ജെ.എസ്.അടൂർ)

Published on 28 April, 2020
ഒരു വൈറസ് ഉണ്ടെങ്കിൽ ഒരു വാക്സിൻ വരും എന്ന പ്രതീക്ഷ ( ജെ.എസ്.അടൂർ)
സ്വപ്‌നങ്ങളും പ്രത്യാശകളും പ്രതീക്ഷകളുമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. മരണവും സ്വപ്‌നങ്ങളുംമാണ് മനുഷ്യനെ ബാധിക്കുന്ന രണ്ടു പ്രഥമ വിചാര -വികാരങ്ങൾ.

പലപ്പോഴും സ്വപ്‌നങ്ങൾ നമ്മെ മുന്നോട്ട് പ്രതീക്ഷയോടെ പ്രത്യാശയുടെ ആത്മ വിശ്വാസത്തോടെ പോകുവാൻ പ്രേരിപ്പിക്കുമ്പോൾ, മരണ ആശങ്കളും ഭയ വിചാരങ്ങളും മനുഷ്യന്റയുള്ളിൽ ഓർമ്മകൾ ഉളവാകുമ്പോൾ തുടങ്ങും.

ഓരോ മനുഷ്യനും മറക്കാൻ ആകാത്തത് പ്രിയപ്പെട്ടവരുടെ മരണമാണ്. അത് ഓർമ്മകളുടെ അകത്തളങ്ങളിൽ സജീവമായി ഓരോരുത്തരും മരിക്കുന്നത് വരെ കൂടെക്കാണും. എന്റെ അച്ഛൻ മരിച്ചിട്ട് ഇരുപത്തി അഞ്ചു കൊല്ലമാകുന്നു. പക്ഷെ ഓർമ്മകളുടെ അകത്തളങ്ങളിൽ എന്നോട് ഒപ്പം ജീവിക്കുന്നു. ഓർമ്മകൾ ഇല്ലെങ്കിൽ ജീവിതം തീരുന്നു. ഓർമ്മകൾ ഇല്ലെങ്കിൽ മനുഷ്യർ ഇല്ല.

Human beings are driven by dreams and death.

മനുഷ്യനു മരണത്തിന് മുൻപും പിൻപുമുള്ള സ്വപ്‌നങ്ങൾ കാണുവാനുള്ള കഴിവുണ്ട്. സ്വപ്‌നങ്ങൾ ഒരു തലത്തിൽ അബോധ മനസ്സിലെ ഓർമ്മകളുടെ ഓളങ്ങളാണ്. തലച്ചോറിൽ എവിടെയൊക്കെ ഓർമ്മകൾ ആയി കൂടെ കൂടിയ ആകാംഷകളും ആഗ്രഹങ്ങളും ഭയ വിചാരങ്ങളും അബോധ മനസ്സിലെ ഓർമ്മകളുടെ ഓളങ്ങളായി നമ്മൾ ഉറങ്ങുമ്പോൾ സജീവമാകും. ചിലപ്പോൾ അത് ഇളകാറ്റുപോലെ നമ്മെ തഴുകി ഉറക്കും. ചിലപ്പോൾ അത് വേലിയേറ്റവും കൊടുംകാറ്റുമായി നമ്മളെ ഭീതിപെടുത്തും

പക്ഷെ ഉണർന്നിരിക്കുമ്പോൾ ഉള്ള സ്വപ്‌നങ്ങൾ നമ്മുടെ ഭാവനയിൽ തെളിയുന്ന ആഗ്രഹ- ആശയ- ആശകളുടെ പ്രത്യാശയും പ്രതീക്ഷകളാണ്. മനുഷ്യൻ ആമാശയം കൊണ്ടു മാത്രമല്ല ജീവിക്കുന്നത് ആശയങ്ങൾകൊണ്ടും ആശകൾകൊണ്ട് കൂടിയാണ്

തീർച്ചയായും പരാജയപ്പെടും എന്നറിഞ്ഞിട്ടും മനുഷ്യൻ മരണത്തെ ജയിക്കുവാൻ ഉള്ള നിരന്തര ശ്രമങ്ങളിലാണ് ജീവിക്കുന്നത്. അതാണ് ശാസ്ത്രത്തിനും സാഹിത്യത്തിനും അധികാര കൊട്ടകൾക്കും, കൊട്ടാരങ്ങൾക്കും സ്മാരകങ്ങൾക്കും സ്മാരക ശിലകൾക്കും ആധാരം.

മരണം ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. കാരണം ഒരു വലിയ പരിധി വരെ മരണത്തെ മറികടക്കാനുള്ള അദമ്യ ആഗ്രഹങ്ങളാണ് മനുഷ്യ സർഗാത്മകതക്ക് നിദാനം. മനുഷ്യൻ മരണത്തെ മറികടക്കുവാൻ ശ്രമിക്കുന്നത് ഭാവനകൊണ്ടാണ്.

ഭാവനയെന്ന് മസ്തിഷ്ക വ്യവഹാരത്തിന് ഇടനഅൽകുന്നത് ഓർമ്മകളും അത് പറയാനുള്ളത് ഭാഷയുമാണ്. ഓർമ്മകളും ഭാവനയും ഭാഷയുമാണ് മനുഷ്യ മസ്തിഷ്കത്തിന്റ പ്രധാന വ്യവഹാരം.

ഓർമ്മകളിലൂടെയും ഭാവനകളിലൂടെയും ഭാഷയിൽ കൂടെയുമാണ് ആശയങ്ങളും ആശകളും കൊണ്ടു മനുഷ്യൻ ജീവിക്കുന്നത്. ഭാഷയിലൂടെ ആശയങ്ങളും ആശകളും കൂട്ടി ഇണക്കിയാണ് മനുഷ്യൻ ഉണർന്നിരിക്കുമ്പോൾ സ്വപ്‌നങ്ങൾ കാണുന്നത്.

ഭാവനയും ഭാഷയും ആശയങ്ങളും ആശകളുമാണ് എല്ലാം ശാസ്ത്രത്തിനും സാങ്കേതിക വളർച്ചക്കും സാഹിത്യത്തിനും നിദാനം. ഭാവനയിൽ ഭാഷയെയും ആശകളെയും ആശങ്കകളെയും ഇണചേർത്താണ് മനുഷ്യൻ സൃഷ്ട്ടികൾ നടത്തുന്നത്.

മനുഷ്യൻ മരണത്തെ തോൽപ്പിക്കാൻ പലപ്പോഴും ശ്രമിക്കുന്നത് സൃഷ്ടി നടത്തിയാണ്. അത് പ്രതുല്പാദന ചോദന മാത്രമല്ല. മനുഷ്യൻ പലപ്പോഴും സ്വതന്ത്രനാവുവാൻ ശ്രമിക്കുന്നത് ഭാവനയിലൂട ഭാഷകൊണ്ടുള്ള സൃഷ്ടികളിൽ കൂടെയാണ്.

തോൽക്കും എന്നറിഞ്ഞിട്ടും മനുഷ്യൻ മരണത്തെ അതിജീവിക്കുവാൻ ശ്രമിക്കുന്നത് ഭാവന കൊണ്ടും ഭാഷകൊണ്ടും അതിൽ നിന്നുളവായ പ്രത്യാശകൾ കൊണ്ടുമാണ്. അത് കൊണ്ടാണ് കവി മരിച്ചാലും കവിത മറ്റു പലരുടെയും ഭാഷ ഓർമ്മകളായി നിലനിൽക്കുന്നത്. അതു കൊണ്ടാണ് താജ്മഹൽ മരണത്തിന്റെയും ജീവിതത്തിന്റെയും മനോഹരമായ ഓർമ്മപെടുതലായി നിൽക്കുന്നത്

അത് കൊണ്ടാണ് ശാസ്ത്രജ്ഞൻ മരിച്ചിട്ടും ശാസ്ത്രം ആശയങ്ങളായി മനുഷ്യ മസ്തിഷ്കങ്ങളിൽ കുടിയേറുന്നത്.

ആയിരം വാക്കുകളും ചില ഭാഷ പ്രയോഗങ്ങളും കൂട്ടി യോജിപ്പിച്ചു ആശയങ്ങളിലുടെ മനുഷ്യനു കോടാനുകോടി പദങ്ങൾ അനന്തമായി സൃഷ്ട്ടിക്കാൻ കഴിയുമെന്നതാണ് മനുഷ്യനെ മറ്റു മൃഗങ്ങളിൽ വ്യത്യസ്ഥമാക്കുന്നത്. അതാണ് എല്ലാ മനുഷ്യ സൃഷ്ട്ടികളുടെയും ആധാരം. മനുഷ്യൻ ഭാഷയിലൂടെയുള്ള പ്രവർത്തികളിലൂടെയാണ് കർത്താവും കർമ്മവും ക്രിയയുമായി ജീവിക്കുന്നത്.


ഭാവനയിൽ ഭാഷയുടെ സൃഷ്ടികളിൽ കൂടെയാണ് മനുഷ്യൻ സൃഷ്ടിയും ശക്തിയും സ്ഥിതിയും സംഹാരവുമൊക്കെയായ മരണത്തിനു അപ്പുറമുള്ള മഹാ ഭാവനകളെ ഭാഷയിലൂടെ നിലനിർത്തുന്നത്.

കാരണം ജനനം മുതലുള്ള മനുഷ്യന്റ അരക്ഷിത ബോധത്തിന് സുരക്ഷയുടെ തണൽ എന്ന തോന്നൽ ഉണ്ടാക്കുന്നത് മഹാഭാവനയെന്ന് ഗ്രാൻഡ് നരേട്ടിവാണു. അങ്ങനയുള്ള മഹാഭാവനയുടെ തണലിലുള്ള വിശ്വാസ -പ്രത്യാശ -സ്നേഹത്തിലാണ് മനുഷ്യൻ ജീവിക്കുന്നത്. വിശ്വാസവും പ്രത്യാശകളും കൊണ്ടാണ് മനുഷ്യൻ മറ്റൊരു മനുഷ്യനെ സ്നേഹിക്കുന്നത്പോലും.

മരണത്തിന് അപ്പുറമുള്ള ആശങ്ക -ആശ പ്രത്യാശകളുടെ സുരക്ഷിതം ഉറപ്പാക്കിയാണ് മത അധികാരം വിശ്വാസ പ്രമാണ ആചാര അനുഷ്ട്ടാന്തങ്ങളിൽ കൂടി നിലനിൽക്കുന്നത്. മരണ ഭയവും അതിന് അപ്പുറമുള്ള പ്രത്യാശ സ്വപ്ന വാഗ്‌ദാനങ്ങളിൽ കൂടിയാണ് ചരിത്രതോടൊപ്പം മതങ്ങൾ നില നിന്നത്..

മരണത്തിന്റെ മുന്നിലുള്ള പട്ടിണിയിൽ നിന്നും മഹാമാരിയിൽ നിന്നും യുദ്ധങ്ങളിൽ നിന്നും യുദ്ധ ശ്രൂതികളിൽ നിന്നും സുരക്ഷ വാഗ്ദാനം ചെയ്താണ് മഹാഭാവന എന്ന ഗ്രാൻഡ് നരേറ്റിവിലൂടെ രാഷ്ട്രീയ അധികാരം നിലനിർത്തുന്നത്.

മതങ്ങൾ മരണത്തിന് ശേഷമുള്ള സുരക്ഷ പ്രത്യാശകൾ വ്യാപാരം ചെയ്യുമ്പോൾ രാഷ്ട്രീയ അധികാരം മരണത്തിന് മുമ്പുള്ള സുരക്ഷ ഉറപ്പ് നൽകിയാണ് നമ്മളെ ഭരിക്കുന്നത്. മതങ്ങൾ മരിച്ചു കഴിഞ്ഞുള്ള സ്വാതന്ത്ര്യം വാഗ്ദാനം എന്ന ഉറപ്പുനൽകി മനുഷ്യനെ ആചാരങ്ങളിൽ പിടിച്ചു കെട്ടും.

രാഷ്ട്രീയ അധികാരം മരിക്കുന്നതിന് മുൻപുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു നിയമങ്ങളുടെ ചിട്ടയിൽ ഭീതി കൊണ്ടു ചിട്ടപെടുത്തും. രണ്ടു വ്യവസ്ഥാപനങ്ങളും മനുഷ്യന്റ അധ്വാനത്തിന്റെ പങ്കു സുരക്ഷ വാഗ്ദാനം ചെയ്തു വാങ്ങും.

ഒന്നിനും വഴിപാട് എന്നും മറ്റതിന് നികുതി എന്ന് പറയും. ദൈവത്തിന് ഉള്ളത് ദൈവത്തിനും സീസറിന് ഉള്ളത് സീസറിനും എന്ന പഴയ സോഷ്യൽ കോണ്ട്രാക്റ്റ് ഇന്നും നിലനിൽക്കുന്നു

പുരോഹിതന്മാരും അധികാരികളും അവരുടെ വ്യാപാരി വ്യവസായികളും ലോകം ഭരിക്കുന്നത് വാക്കുകൾ കൊണ്ടും, വാള് കൊണ്ടും കാശു കൊണ്ടുമാണ്.

അങ്ങനെയുള്ള ഗ്രാൻഡ് നരേട്ടിവിൽ കൂടെയാണ് മതങ്ങളും രാഷ്ട്രീയ അധികാരങ്ങളും മനുഷ്യനു സുരക്ഷയും സ്വാതന്ത്ര്യവും പ്രത്യാശയും വാഗ്ദാനം ചെയ്തു സാമൂഹിക വ്യവഹാരങ്ങളുടെ നടത്തിപ്പുകരാകുന്നത്.

മനുഷ്യന്റ ശാരീരിക ചോദനായ ലൈഗീകതയെയും ഭക്ഷണത്തെയും ശാരീരിക -മസ്തിഷ്ക ചോദനായ ഭാഷയെയും നിയന്ത്രിച്ചാണ് മത അധികാരങ്ങൾ ആചാരം കൊണ്ടും രാഷ്ട്രീയ അധികാരം നിയമങ്ങൾ കൊണ്ടും മനുഷ്യനെ നിയന്ത്രിക്കുന്നത്.

ഇത് രണ്ടും സാധ്യമാകുന്നത് കുടുംബം എന്ന ആണും പെണ്ണും ചേർന്ന ഇണ -തുണ ഉടമ്പടി സഖ്യത്തെ ക്രമപ്പെടുത്തിയാണ്. മനുഷ്യ ശാരീരിക -മസ്തിഷ്ക ചോദനകളും ആവശ്യങ്ങളുമായ ലൈംഗീകത, ഭക്ഷണം ഭാഷ എന്നിവയുടെ നിയന്ത്രണ രേഖകളായി കുടുംബത്തെ നിലനിർത്തുന്നത് മത ആചാരങ്ങളും രാഷ്ട്രീയ അധികാര നിയമങ്ങളുമാണ്. ലൈംഗികതെയും പ്രതുല്പാദനത്തെയും നിയന്ത്രിച്ചാണ് കുടുംബം എന്ന ഇണ -തുണ -തണൽ എന്ന അടിസ്ഥാന വ്യവസ്ഥയെ നിലനിർത്തുന്നത്. അതിന്റ മുകളിലാണ് ബാക്കിയുള്ള സ്ഥാപനം സാമ്പത്തിക സാമൂഹിക രാഷ്ട്രീയ വ്യവസ്‌ഥകൾ എല്ലാം.

പക്ഷെ എവിടെയൊക്കെ നിയന്ത്രണ രേഖകളുണ്ടോ അതിനെ മറികടക്കാൻ മനുഷ്യൻ ശ്രമിച്ചു കൊണ്ടേയിരിക്കും. അത് ലൈംഗികതയുടെ കാര്യത്തിലാണെങ്കിലും ഭക്ഷണത്തിന്റ കാര്യത്തിലാണ് എങ്കിലും ഭാഷയുടെ കാര്യത്തിലാണ് എങ്കിലും. വേലികൾ ചാടി അധികാര സ്വരൂപങ്ങളിൽ നിന്ന് ഓരോ മനുഷ്യരും സ്വതന്ത്രരാകാൻ ശ്രമിക്കും.

അത് ഏദൻ തോട്ടത്തിലാണെങ്കിളിലും. ദൈവം തമ്പുരാൻ പറഞ്ഞാലും ഓരോ മനുഷ്യനും കിട്ടാക്കനിയോട് ഉള്ളിന്റെ ഉള്ളിൽ ആഗ്രഹങ്ങളുണ്ട്. ഓരോ മനുഷ്യരും മരണത്തിന് മുൻപ് അവരുടെ സ്വാതന്ത്ര്യം ആഘോഷിച്ചാണ് ജീവിതം കൊണ്ടു മരണത്തിന് ഇപ്പുറം സ്വാതന്ത്ര്യം ലൈഗീകതയിലൂടെയും ഭാവനയിലൂടയും ഭാഷയിലൂടയും നേടാൻ ശ്രമിക്കുന്നത്.

എന്നാൽ മഹാമാരിയും യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും വരുമ്പോൾ മനുഷ്യൻ നിയന്ത്രണ രേഖകകളുടെ സുരക്ഷിതത്വത്തിൽ അതിജീവിക്കുവാൻ ശ്രമിക്കുമ്പോൾ അവർ സ്വാതന്ത്ര്യത്തിന് അവധികൊടുക്കും.

ആശങ്ക -അരക്ഷിത അവസരങ്ങളിൽ ആയുധ അധികാര ബലമുഉള്ളവർ ഫറവോ മാരെപ്പോലെ മനുഷ്യരുടെ ഉടയ തമ്പുരാൻമാരായി തോന്നും . അവർ വിഗ്രഹൽക്കരിക്കപ്പെടും. അവർ അമാനുഷരാകുവാൻ അധികാരത്തിന്റെ അടയാളങ്ങളായി പിരമിഡുകളും മഹാ മതിലുകളും പണിയും. അവർ മമ്മികളും പ്രതിമകളുമായി മരണത്തെ മറി കടന്നു മനുഷ്യരുടെ ഓർമകളുടെ അധികാരികളാകാൻ ശ്രമിക്കും. പക്ഷെ ഫറവോൻമാര് പോലും തീർന്നു.

യുദ്ധ രൂപകങ്ങളും ശത്രു ഭയങ്ങളും ഉളവാക്കി നിങ്ങൾക്ക് സുരക്ഷ നൽകാം എന്ന ഉറപ്പിലാണ് മിക്കവാറും ഭരണ -അധികാര ഏകാധിപത്യ വാസനകൾ സാധുതനേടുന്നത്. സുരക്ഷക്ക് വേണ്ടി സ്വാതന്ത്ര്യം കുറക്കണം എന്ന സോഷ്യൽ കോൺസൻസ് കോമൺ സെൻസ് ആക്കിയാണ് 'കരുതൽ ' ഉള്ളവർ കാവലാളായി നിലയുറപ്പിക്കുന്നത്. അവരെ വിമർശിക്കുന്നവരെ കോമാളികളോ രാജ്യദ്രോഹികളോയാക്കും.

മനുഷ്യൻ ദൈവമാകാൻ ശ്രമിക്കുന്നത് സംഹാര ഭയങ്ങൾ മാനേജ് ചെയ്താണ്. യുദ്ധഭയങ്ങളും യുദ്ധ ശ്രൂതികളും അതിന് ആയുധ ബലവും ന്യൂക്ളിയർ ബോംബുകളും ഒരുക്കി സംഹാരഭയം ഈ തലമുറകളുടെ കൂടെ കിടപ്പുകളാണ്.

ഏറ്റവും സുരക്ഷയുള്ള മനുഷ്യനും അരക്ഷിതരാണ്. ഒരു നാൾ ഇന്റർനെറ്റും സൈബർ ലോകവും പോയാൽ മനുഷ്യൻ പൊക്കികെട്ടിയ ബാബേൽ ഗോപുരങ്ങൾ പോലെയാകും കാര്യങ്ങൾ.

ആഗോളവൽക്കരണത്തിൽ അഭിരമിച്ചു ലോകം മുഴുവൻ പോയ മനുഷ്യർക്ക് സ്വന്തം വീട് വിട്ടു പോകുവാൻ ഇന്ന് അനുമതിവേണം. ലോകമേ തറവാട് എന്ന മനുഷ്യനു റോഡിൽ ഇറങ്ങാൻ ഭയമാണ്.

നാട് വിട്ടു മരുപ്പച്ചകളും അക്കരപ്പച്ച തേടിയ മനുഷ്യനു സുരക്ഷ തോന്നുന്നത് സ്വന്തം തോന്നുന്നത് സ്വന്തം എന്ന് ധരിച്ചു വച്ചിരിക്കുന്ന നാട്ടിലും വീട്ടിലുമാണ്. കാരണം അവരുടെ ഓർമ്മകൾ ജീവിക്കുന്നത് ജനിച്ചു വളർന്ന സാഹചര്യങ്ങളിലാണ്.

മനുഷ്യൻ വിചിത്ര ജീവിയാണ് ഭയഭാവനയുടെയും സ്വാതന്ത്ര്യ ബോധത്തിനും ഇടയിൽ ജീവിതം കൊണ്ടു ഉഞ്ഞാലാടുന്നവർ.

ഏറ്റവും സുരക്ഷയിൽ അരക്ഷിതത്വം കൂടെ കൊണ്ടു നടക്കുന്നവർ. നിയന്ത്രണ രേഖകളുടെ സുരക്ഷിതത്വം കൊണ്ടു ജീവിക്കുവാൻ ശ്രമിക്കുമ്പോഴും നിയന്ത്രണ രേഖ ചാടി രഹസ്യ സ്വാതന്ത്ര്യത്തിൽ അഭിരമിക്കുവാൻ ശ്രമിക്കുന്നവർ.

എല്ലാമുണ്ടായിട്ടും ഒന്നും ഇല്ലാത്ത മനുഷ്യൻ. മരണത്തെ നിരന്തരം അതിജീവിക്കാൻ ശ്രമിച്ചു വെറുതെ മരിച്ചു വെറുതെ പോയി വെറും മണ്ണും ചാരവുമാകുന്ന മനുഷ്യൻ. കൊട്ടാരങ്ങളും കൊത്തളങ്ങളുമുണ്ടായിട്ടും മരണത്തിന് കീഴടങ്ങുന്ന മനുഷ്യൻ.

ഇതൊക്കെയാണെങ്കിലും " We shall over come, " എന്ന പ്രത്യാശയാണ് മനുഷ്യന്റ ചാലക ശക്തി.
ഒരു വൈറസ് ഉണ്ടെങ്കിൽ ഒരു വാക്സിൻ വരും എന്ന പ്രതീക്ഷ. എല്ലാം എന്നെങ്കിലും ശരിയാകും എന്ന സ്വപ്നം.

Human beings are driven by dreams and death.
മനുഷ്യർ വിചിത്ര ജീവികളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക