Image

മുഖം മൂടികൾ ഇല്ലാതെ - കഥ: പുഷ്പമ്മ ചാണ്ടി

Published on 28 April, 2020
മുഖം മൂടികൾ ഇല്ലാതെ - കഥ: പുഷ്പമ്മ ചാണ്ടി


മാസങ്ങൾക്ക് ശേഷം അയാൾ അവളെ തേടിയെത്തി . ഇത്രയും നാൾ നിങ്ങൾ എവിടെയായിരുന്നു എന്ന്  അവൾ‌  ചോദിച്ചില്ല.

അവളുടെ  നെറ്റിയിലെ വലിയ പൊട്ടിന്റെ തിളക്കം  ആ  കണ്ണുകളിലും  ആ പ്രകാശം അരണ്ട വെളിച്ചം ഉള്ള ആ മുറിയിലും വെട്ടം  പരത്തി. 

 "അകത്തേക്ക് വരട്ടെ? 

 "കണ്ട സന്തോഷത്തിൽ അങ്ങനെ നിന്നുപോയി.. "

"ഒന്നു വിളിച്ചിട്ടു വരാമായിരുന്നു " 

"നീ മറ്റു ആരെയെങ്കിലും പ്രതീക്ഷിച്ചു ഇരിക്കുകയാണോ?"

 "അതല്ല എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി വെച്ചേനേ "

"ഒന്നും വേണ്ട. കടുപ്പത്തിൽ ഒരു ചായ മതി നിന്റെ ഇഞ്ചി ചായ."
അടുക്കളയിലേക്ക് പോയ അവളുടെ കൂടെ അയാളും ചെന്നു. 

"സുഖമാണോ നിനക്ക് ?"

"എല്ലാം നന്നായിരിക്കുന്നു സാർ"

 അവളിൽ അയാൾ കണ്ട ഏറ്റവും നല്ല ഗുണം അതാണ്. എപ്പോൾ ചോദിച്ചാലും പറയും. നന്നായിരിക്കുന്നു എന്ന്.  കൂടെ ഒരു തെളിഞ്ഞ ചിരിയും. പത്തു വർഷമായി കൗസല്യയെ അയാൾക്ക് അറിയാം. തിരക്ക് പിടിച്ച പകലുകൾ...അയാൾക്ക് ശ്വസിക്കാൻ പറ്റാതെ വരുമ്പോൾ..
ഇവളുടെ മേനിയിലെ ചുവന്നുള്ളിയുടെയും കുട്ടികൂറ പൗഡറിന്‍റെയും ഒരു സമിശ്രഗന്ധത്തിൽ എല്ലാം മറക്കുവാൻ  , ഒന്ന് ഓടി വരും.
 ആ മുടിയിഴയിൽ തലോടി കെട്ടിപ്പിടിക്കാൻ തോന്നുമെങ്കിലും ചെയ്യില്ല. ഒരു തരം ഭയം..അതൊക്കെ മൃദുല വികാരങ്ങളിൽ പെട്ടതല്ലെ? അത്രയ്ക്കങ്ങ് അടുക്കാൻ പാടില്ല...എന്റെ വിരസതക്ക് , ശരീരത്തിന്റെ ആവശ്യത്തിന്... 
 അതിനു മാത്രം.

ചായ ഊതി കുടിച്ചു അവളെ ശ്രദ്ധിച്ചു...അവൾക്കും വയസ്സായി.
കൗസല്യ  ഒരിക്കലും കണക്ക് പറഞ്ഞിട്ടില്ല...പോകുമ്പോൾ തലയിണക്ക് കീഴെ കൈയ്യിൽ കിട്ടുന്നത് വെച്ച് മുറി വിടുമ്പോൾ.. അവൾ ചിരിക്കും.
മാസങ്ങളായി അവളെ കണ്ടിട്ട്. 
 മകുളുടെ വിവാഹം അമ്മയുടെ മരണം...  എല്ലാംകൊണ്ടും തിരക്കായി പോയി ..  " മോളുടെ വിവാഹം ഒക്കെ ഭംഗി ആയി നടന്നു ഇല്ലെ? ഫോട്ടോ ഞാൻ പത്രത്തിൽ കണ്ടൂ. 
മോളും മരുമകനും സന്തോഷം ആയി  ഇരിക്കുന്നുവോ? "
"അവരു കല്യാണം കഴിഞ്ഞ് ഉടനെ തന്നെ സിംഗപ്പൂർ പോയി"

"ഭാര്യയോ?" 
"സുഖം  മോളു പോയതിന്റെ വിഷമം ഉണ്ട്." 
"നിന്റെ മകളോ?" "ബാംഗളൂരിൽ... 
ഹൗസ് സർജൻസി ചെയ്യുന്നു. കൂടെ പി.ജി.  എൻട്രൻസ്"
" അത് നന്നായി കുറച്ചു ദിവസമായി നിന്നെ ഒന്ന് കാണണം എന്ന് ഒരു തോന്നൽ,  മനസ്സിന് വല്ലാത്ത ഒരു ഭാരം , ടെൻഷൻ ..." 

"അതിരിക്കട്ടെ നിന്റെ വിശേഷം പറയൂ...കേൾക്കട്ടെ..."

എത്ര ആളുകൾ വരുന്നു പോകുന്നു ആരും അവളോട് ഇങ്ങനെ ചോദിക്കാറില്ല .അവളും ചോദിക്കാറില്ല.

അവൾ അവരുടെ സന്തോഷത്തിനുള്ള ഒരു ഉപകരണം മാത്രം. അവൾക്കും ഇതൊരു ജോലി...ആരോടും അടുപ്പമില്ല..ഇഷ്ടവുമില്ല.മുഖംമൂടി എടുത്തു മാറ്റാൻ താൽപര്യവും  ഇല്ല..അത് കാണാൻ ആർക്കും സമയം ഇല്ല...
പക്ഷേ വിശ്വനാഥൻ മുതലാളി അങ്ങനെയല്ല..ചെറിയ കുശലങ്ങൾ... സന്തോഷങ്ങൾ.... 
വല്ലപ്പോഴും ഒരു സാരി ചില ദിവസങ്ങളിൽ രണ്ട് മുഴം മുല്ല പൂവ് ..
ഇടയ്ക്ക് ഒരു ഫോൺ വിളി... അയാൾക്ക് ഇഷ്ടമുള്ള പച്ചരി ചോറും , ആട്ടിറച്ചി കറിയും അവള് വെച്ചാൽ നല്ല  സ്വാദ് ആണെന്ന്   പറയും..അയാളുടെ അമ്മയുടെ കൈകൊണ്ട് വെച്ച പോലെ തോന്നുന്നു എന്നൊക്കെ... 
ഭാര്യയെ പറ്റി ഒരിക്കലും കുറ്റം പറയാത്ത ഓരാൾ.. ചിലർക്ക് തന്നെ പ്രാപിക്കുന്നതിലും ഇഷ്ടം ഭാര്യയെ തള്ളി പറയുന്നതിൽ ആണ് . വിശ്വനാഥൻ അങ്ങനെയല്ല..
ഭാര്യ നല്ല സ്ത്രീയാണ്.
പക്ഷേ എന്നെ സന്തോഷിപ്പിക്കാൻ അറിയില്ല എന്ത് ചെയ്യാൻ . എന്നൊരിക്കൽ പറഞ്ഞു. "കൗസല്യ എന്താ ആലോചിക്കുന്നത് ?
 നമുക്ക് കിടന്നാലോ?"

ഫോൺ സൈലന്റ് വെച്ച് അവളും അയാളോട് ചേർന്ന് കിടന്നു . അയാളുടെ തടിച്ച കൈത്തലം മെല്ലെ തലോടി .അയാളോടൊപ്പം സമയം ചിലവഴിക്കുമ്പോൾ തിരിച്ചു വരും എന്നു പറഞ്ഞിട്ട് , ഇരുപത്തിരണ്ട് വർഷം മുൻപേ പോയ ഭർത്താവിനെ അവൾക്ക് ഓർമ വരും. പതുക്കെ പതുക്കെ 
അവൾ അയാളിലെ അഗ്നിയെ ജ്വലിപ്പിച്ചു ..അയാളിലേക്ക് പടർന്നു കയറാൻ ശ്രമിച്ചപ്പോൾ ഒരു കിതപ്പോടെ അയാൾ പറഞ്ഞു . 
"കൗസല്യ എനിക്ക് എന്തോ സംഭവിച്ചു..ഒന്നും പറ്റുന്നില്ല ഞാൻ കരുതി നിനക്കെങ്കിലും എന്നിലെ പുരുഷനെ ഉണർത്താൻ സാധിക്കുമെന്നാണ് .." അപ്പോൾ യുദ്ധത്തിൽ തോറ്റ ഒരു യോദ്ധാവിന്റെ മുഖമായിരിന്നു അയാൾക്ക് .
അയാളെ ആശ്വസിപ്പിക്കാൻ അവൾ പറഞ്ഞു . 
"ചിലപ്പോൾ അങ്ങേനെയാണ് .. കുഴപ്പം ഒന്നും കാണില്ല ." "വയസ്സാകുന്നു എന്ന് ശരീരം പറയുന്നൂ "

 "മനസ്സിനല്ലേ സാർ വയസ്സ് ?"
"മനസ്സിനും വയസായി . എൻ്റെ ഭാര്യയെക്കാൾ നിന്നിലേ പെണ്ണിനെ  ആണ് ഞാൻ അനുഭവിച്ചത്‌ ആസ്വദിച്ചത്."

 "എന്നോട് പറഞ്ഞിട്ടുണ്ടല്ലോ ."

അന്ന് രാത്രി വിശ്വനാഥൻ അവളോടൊപ്പം ചിലവഴിച്ചു . അവള് ഉണ്ടാക്കിയ പച്ചരി ചോറും സാമ്പാറും രുചിയോടെ കഴിച്ചു. അയാൾ ആദ്യമായി അവളുടെ ചായം തേക്കാത്ത തടിച്ച ചുണ്ടിൽ അമർത്തി ചുംബിച്ചു. , മുടിയിൽ കൈ ഓടിച്ചു ഒന്നിനും അല്ലാതെ അവളെ കെട്ടി പിടിച്ചു , വിരലിൽ ഉമ്മ വെച്ചു . പിറ്റേ ദിവസം യാത്ര 
പറഞ്ഞപ്പോൾ കൗസല്യ പറഞ്ഞു.
"സാർ ഞാൻ ഇവിടം വിടുകയാണ് "
"എന്താ പെട്ടെന്ന്?"
"പെട്ടെന്നല്ല സാർ, കുറെ നാളായി ആലോചിച്ചാണ്, മോളുടെ പഠിത്തം തീർന്നു.ഒരു പയ്യന് അവളെ ഇഷ്ടം ആണ് , എന്റെ കാര്യം ഒക്കെ അറിഞ്ഞു  എന്നിട്ടും അവൻ അവളെ വിവാഹം കഴിക്കും എന്നു വാക്ക് കൊടുത്തിട്ടുണ്ട്, 
തേനിയിയിൽ അമ്മ എന്റെ പേരിൽ അവരുടെ സ്ഥലം ഒരു 10 ഏക്കർ എഴുതി വെച്ചു. കഴിഞ്ഞ വർഷം അമ്മ മരിച്ചു. എനിക്ക് വേറെ ആരും ഇല്ല.   ഇൗ ജോലി ചെയ്യുന്നത് അറിഞ്ഞ ദിവസം അമ്മ എന്നെ ഉപേഷിച്ചതാണ്. പിന്നെ അവർ മരിക്കാൻ കിടന്നപ്പോഴാണ് കാണുന്നത്..അമ്മയുടെ അമ്മ കൊടുത്ത സ്ഥലമാണ് . അത് വിറ്റ് കളയരുത് എന്നു പറഞ്ഞു അതിനോട് ചേർന്ന് ഉള്ള ഒരു 5 ഏക്കർ ഞാനും വാങ്ങി , അങ്ങനെ  പതിനഞ്ചു  ഏക്കർ ഭൂമി....
സാറിന് അറിയാമല്ലോ ,മോളുടെ പഠിപ്പിനാണ് ഞാൻ ഈ പണി തുടങ്ങിയത്... ആ ചുമതല  കഴിഞ്ഞ്.
ഇനി  ആ സ്ഥലത്ത് വല്ലതും  വച്ചു പിടിപ്പിക്കണം, ഭൂമിയിൽ നടക്കണം, മഴയിൽ നനഞ്ഞ് പണിയെടുക്കണം,....കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ഇരുൾ നിറഞ്ഞ മുറിയിൽ അല്ലെ ഞാൻ കഴിഞ്ഞത്, ഇനി രാത്രികൾ  പകൽ ആക്കാൻ വയ്യാ... രാത്രിയിൽ ഉറങ്ങി , പകൽ സമയം പണി എടുക്കണം
 വെട്ടവും, വെളിച്ചവും, മനുഷ്യരും , മൃഗങ്ങളും, ആകാശവും, മേഘവും ഒക്കെ എനിക്ക് കാണണം..പൗഡറും , ലിപ്സ്റ്റിക്കും ഒന്നും ഇല്ലാതെ  നടക്കണം.."

" പോകാൻ തന്നെ ഉറപ്പിച്ചു ?"
" അതേ സാർ "
" എനിക്കും അവിടെ കുറച്ച് സ്ഥലം കിട്ടുമോ?
ഞാനും വരട്ടെ നിന്റെ ഗ്രാമത്തിലേക്ക്?
നിന്റെ കൂടെ? "

"സാർ തമാശ പറയുകയാണോ?
" അല്ല കൗസല്യ, ഞാനും മടുത്തു , ഈ ഓട്ടം, ബിസിനസ്, എല്ലാം, ... നിന്നെ പോലെ തന്നെ, ഒരു നല്ല പ്രഭാതം കണ്ടിട്ട് എത്ര നാളായി, ഒരു ചെടി വെച്ച് പിടിച്ചിട്ടു, അത് പൂവിടുന്നത് കണ്ടിട്ട്,...മകളുടെ കല്യാണം കഴിഞ്ഞു, മകൻ ബിസിനസ്സ് നോക്കും...ഭാര്യ അവളോട് ഞാൻ പറയും, ഇഷ്ടം ആണെങ്കിൽ കൂടെ വരട്ടെ...അല്ലെങ്കിൽ ഞാൻ അവളെ കാണാൻ മാസത്തിൽ ഒന്ന് വന്നാൽ പോരേ?
നിന്റെ ഗ്രാമത്തിൽ എനിക്കും കുറച്ചു ഇടം?"

" നോക്കാം സാർ , കിട്ടും." അന്വേഷിക്കാം."

" നമ്മുക്ക് അവിടെ തേനീച്ച വളർത്തണം, പച്ചകറി നടണം, ഞാൻ ഓടിക്കുന്ന ട്രാക്ടർ അതിൽ നീ ,,, എന്താ സമ്മതം അല്ലേ?

"തമാശ പറയുക അല്ലല്ലോ?
" തമാശയല്ല കൗസല്യ , എനിക്കും ഭൂമിയെ അറിയണം, മണ്ണിന്റെ മണം അറിയണം..."

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു...

ഒരു മാസത്തിനു ശേഷം  കൗസല്യ കയറിയ ബസിൽ  അയാളും ഒപ്പം ഉണ്ടായിരുന്നു, ഭൂമിയെ അറിയാനുള്ള യാത്ര അവിടെ ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക