Image

കളി കാര്യമാകുന്ന പോലെ: ആൻസി സാജൻ

Published on 27 April, 2020
കളി കാര്യമാകുന്ന പോലെ: ആൻസി സാജൻ
സുരക്ഷിതമെന്ന് കരുതി ആത്മവിശ്വാസത്തോടെയിരുന്ന കോട്ടയത്ത് ആശങ്കകളുയരുന്ന സാഹചര്യമാണിപ്പോൾ. കൊറോണ ഇവിടേയ്ക്ക് കടക്കില്ലെന്ന ചിന്തയോടെ സന്തോഷിച്ചിരുന്ന ഞങ്ങൾ കോട്ടയംകാർ ഇപ്പോൾ പരിഭ്രമത്തിലാണ്.
ഗ്രീൻ സോണായിരുന്ന കോട്ടയത്ത് ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പടെ കോവിഡ് ബാധിച്ചതോടെ ഭരണകൂടവും ജനങ്ങളും അങ്കലാപ്പിലായി. ഇന്നലെ അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്. ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. മറ്റ് രണ്ടു പേർക്കും സമ്പർക്കം വഴിയും രോഗമായി.
വിജയപുരം, പനച്ചിക്കാട്, തലയോലപ്പറമ്പ് ,വെള്ളൂർ, കിടങ്ങൂർ, അയ്മനം ,മണർകാട് പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ അഞ്ച് വാർഡുകളും തീവ്ര ബാധിത പ്രദേശങ്ങളുടെ പട്ടികയിലുണ്ട്. ഇനി ഇളവുകൾക്കൊന്നും സാധ്യതയില്ല. ആവശ്യ വസ്തുക്കളും മരുന്നും ലഭിക്കുമെന്നറിയുന്നു.
ഇന്നലെ ഞങ്ങളുടെ പ്രദേശമായ ഒളശ്ശയിലെ ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് ഉച്ചകഴിഞ്ഞപ്പോൾ മുതൽ ആശങ്കകളേറി ..എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഫോണിൽ അന്വേഷണങ്ങളായി. വൈകുന്നേരമായപ്പോഴേക്കും വല്ലാത്തൊരു മ്ളാനത പടർന്ന പോലെ.ഇതിനിടെ അയ്മനത്തിന്റെ അതിരുകൾ പൂട്ടിയതായറിഞ്ഞു.ഇനി കോട്ടയത്തേയ്ക്ക് യാത്ര പറ്റില്ല; വീട് വിട്ട് പുറത്തേയ്ക്കൊന്നും പോകാനാവില്ല എന്ന വിചാരം ആശങ്ക വളർത്തി.
രാത്രി കഴിഞ്ഞു കിട്ടിയതും വീണ്ടും അന്വേഷണങ്ങളായി. കടകളിലേയ്ക്ക് ഫോൺ ചെയ്ത് പാൽ ബുക്ക് ചെയ്യലും സാധനങ്ങൾ എല്ലാം ഉണ്ടോ എന്ന അന്വേഷണവും. കുടുംബനാഥൻമാർ കടകളിലേക്ക്. അവിടെയും ആൾത്തിരക്കാണ്.
എന്തായാലും എത്രയൊക്കെയാണ് വാങ്ങി വയ്ക്കുന്നത്.? രാവിലെ
9- മുതൽ 11 വരെ കടകൾ തുറക്കുമെന്നാണ് പറയുന്നത്?
പാൽ ,ചിക്കൻ വണ്ടികൾ ഇന്ന് വന്നു പോയി. പുറത്തിറങ്ങിയവരെല്ലാം മാസ്ക് ധരിച്ചിരുന്നു. (അതൊക്കെ യഥേഷ്ടം കിട്ടും.)
ഞങ്ങളുടെ വീടിന് മുമ്പിലൂടെയാണ് ഒളശ്ശയിലെ രോഗബാധിതൻ യാത്ര ചെയ്തിരുന്നത്. എന്നാൽ പരിചയമില്ല. എന്തായാലും അദ്ദേഹത്തിന് വേഗം അസുഖം ഭേദമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
വളരെ കർശനമായ നിർദ്ദേശങ്ങളാണ് പൊതുജനത്തിന് അധികാരികൾ നൽകിക്കൊണ്ടിരിക്കുന്നത്. പഞ്ചായത്തും ജനപ്രതിനിധികളും എല്ലായിടത്തും എത്തി കാര്യങ്ങൾ വിലയിരുത്തുന്നു.സമൂഹ വ്യാപനമൊന്നും ഉണ്ടാകാതെ സൂക്ഷിക്കാൻ എല്ലാവരും സഹകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
ഞങ്ങളുടെ വീടിനപ്പുറത്ത് ഹൈസ്കൂൾ ജംഗ്ഷനിലെ റോഡിൽ തീവ്ര  ബാധിത പ്രദേശമെന്നറിയിക്കുന്ന ആരംഭ രേഖ വരച്ചിട്ടുണ്ട്.
അങ്ങനെ ഇവിടെയും കോവിഡിനെ ഗൗരവമായി കൈകാര്യം ചെയ്യാനുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.
ancysajans@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക